വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ ആഗമനത്തോടെ മംഗോളിയയിൽ പ്രഥമ പേപ്പൽ പര്യടനം സാധ്യമാകുമ്പോൾ യാഥാർത്ഥ്യമായത് വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ആഗ്രഹം! ഫ്രാൻസിസ് പാപ്പയുടെ മംഗോളിയൻ പര്യടനത്തിന്റെ പശ്ചാത്തലത്തിൽ, ജനതകളുടെ സുവിശേഷീകരണ തിരുസംഘം മുൻ അധ്യക്ഷൻ കർദിനാൾ ക്രെസെൻസിയോ സെപ്പെ ‘വത്തിക്കാൻ ന്യൂസി’ന് നൽകിയ അഭിമുഖത്തിലാണ് മംഗോളിയ സന്ദർശിക്കാനുള്ള വിശുദ്ധ ജോൺ പോളിന്റെ ആഗ്രഹം പങ്കുവെച്ചത്.
വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ പ്രത്യേക ദൂതനായി 2002- 03 കാലഘട്ടത്തിൽ മംഗോളിയ സന്ദർശിച്ച വ്യക്തികൂടിയാണ് കർദിനാൾ ക്രെസെൻസിയോ സെപ്പെ. പതിറ്റാണ്ടുകൾ നീണ്ടുനിന്ന കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് സഭയെ പടുത്തുയർത്താൻ പരിശുദ്ധ മാതാവിന് രാജ്യം സമർപ്പിച്ച കാര്യം അനുസ്മരിച്ചുകൊണ്ടാണ് ഇക്കാര്യം അദ്ദേഹം പങ്കുവെച്ചത്.
‘മംഗോളിയ സുവിശേഷവത്ക്കരണത്തിന്റെ ഒരു യഥാർത്ഥ അതിർത്തിയെ പ്രതിനിധീകരിക്കുന്നുവെന്ന് ജോൺ പോൾ രണ്ടാമൻ പാപ്പയ്ക്ക് ഉത്തമ ബോധ്യം ഉണ്ടായിരുന്നു. തദ്ദേശീയരെ കത്തോലിക്കാ വിശ്വാസത്തിലേക്ക് സ്വീകരിക്കുകയും അവർക്കായി മിഷൻ സ്റ്റേഷനുകളും ദൈവാലയങ്ങളും സ്ഥാപിച്ച, വിദ്യാഭ്യാസ- ഉപജീവന പദ്ധതികൾവഴി അവരെ ആത്മീയമായും ഭൗതികമായും ഉന്നതിയിലേക്ക് നയിച്ച ആദ്യകാല മിഷനറിമാരെയും മംഗോളിയൻ ജനതയെയും നേരിൽ കാണാൻ ജോൺ പോൾ രണ്ടാമൻ പാപ്പ അതിയായി ആഗ്രഹിച്ചിരുന്നു.’
2003ൽ അതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചെങ്കിലും ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് യാത്ര ഒഴിവാക്കുകയായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഫാൻസിസ് പാപ്പയുടെ ഇപ്പോഴത്തെ മംഗോളിയ സന്ദർശനത്തിന് ആശംസകൾ നേർന്ന കർദിനാൾ സെപ്പെ, ഇത് ഭാവിയിലേക്കുള്ള നിർണായകമായ ചുവടുവെപ്പായിരിക്കുമെന്നും കൂട്ടിച്ചേർത്തു. ‘1500ൽ താഴെ മാത്രം വരുന്ന മംഗോളിയൻ കത്തോലിക്കാ സമൂഹത്തിന് അദ്ദേഹം ഒരു അജപാലകന്റെ കരുതലും സ്‌നേഹവും നൽകുമെന്നുമുള്ള പ്രത്യാശയും അദ്ദേഹം പങ്കുവെച്ചു.
മംഗോളിയയിലെ കത്തോലിക്കാ സമൂഹത്തോടുള്ള സ്‌നേഹവും കരുതലും പ്രകടിപ്പിക്കാൻ രണ്ട് തവണ കർദിനാൾ സെപ്പയെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ തന്റെ പ്രതിനിധിയായി അവിടേക്ക് അയച്ചിരുന്നു. വത്തിക്കാനുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായി മംഗോളിയൻ പ്രസിഡന്റ് ഉലാൻബാതറിൽ നൽകിയ സ്ഥലത്ത് നിർമിച്ച സെന്റ് പീറ്റർ ആൻഡ് പോൾ കത്തീഡ്രലിന്റെ കൂദാശാ കർമം, മംഗോളിയയിലെ ആദ്യത്തെ അപ്പസ്‌തോലിക് പ്രീഫെക്റ്റായി ബിഷപ്പ് വെൻസെസ്ലാവോ പാഡില്ലയുടെ നിയമനം എന്നീ അവസരങ്ങളിലാണ് പേപ്പൽ പ്രതിനിധിയായി അദ്ദേഹം മംഗോളിയയിൽ എത്തിയത്.
Leave a Comment
Your email address will not be published. Required fields are marked with *