Follow Us On

23

November

2024

Saturday

ഫ്രാൻസിസ് പാപ്പയുടെ പര്യടനം ലോക സമാധാനത്തിനായുള്ള പേപ്പൽ ദർശനത്തിന്റെ അടയാളം: മുൻ മംഗോളിയൻ പ്രസിഡന്റ്‌

ഫ്രാൻസിസ് പാപ്പയുടെ പര്യടനം ലോക സമാധാനത്തിനായുള്ള പേപ്പൽ ദർശനത്തിന്റെ അടയാളം: മുൻ മംഗോളിയൻ പ്രസിഡന്റ്‌

ഉലാൻബത്താർ: ഫ്രാൻസിസ് പാപ്പയുടെ മംഗോളിയ സന്ദർശനം ചരിത്രപരവും വളരെ പ്രധാനപ്പെട്ടതുമാണന്ന് മംഗോളിയയുടെ മുൻ പ്രസിഡന്റും മംഗോളിയൻ ചക്രവർത്തിയായിരുന്ന ചെങ്കിസ് ഖാന്റെ ചെറുമകനുമായ നമ്പാരിൻ എൻഖ്ബയാർ. 1990കളിൽ ആരംഭിച്ച ജനാധിപത്യ പരിഷ്‌കാരങ്ങളുടെ പശ്ചാത്തലത്തിൽ മതപരമായ ബഹുസ്വരതയെ ആശ്ലേഷിക്കുന്നത് മംഗോളിയ തുടരുന്നതിനാലാണ് ഫ്രാൻസിസ് പാപ്പ ബുദ്ധമത ഭൂരിപക്ഷ രാഷ്ട്രം സന്ദർശിക്കുന്നതെന്നും മുൻ പ്രസിഡന്റ്‌ പറഞ്ഞു.

2005 മുതൽ 2009വരെ പ്രസിഡന്റായും 2000 മുതൽ 2004വരെ പ്രധാനമന്ത്രിയായും 2004 മുതൽ 2005വരെ പാർലമെന്റിന്റെ സ്പീക്കറുമായിരുന്നു എൻഖ്ബയാർ. അടുത്തിടെ വത്തിക്കാനിലെത്തി ഫ്രാൻസിസ് പാപ്പയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

പാപ്പയുടെ സന്ദർശനം ലോകസമാധാനത്തിനായുള്ള അദ്ദേഹത്തിന്റെ ദർശനത്തിന്റെ സാക്ഷ്യമായിരിക്കുമെന്ന് പറഞ്ഞ അദ്ദേഹം ചൈനയ്ക്കും റഷ്യയ്ക്കും ഇടയിലുള്ള മംഗോളിയയുടെ സവിശേഷമായ സ്ഥാനത്തിന്റെ പ്രാധാന്യം കാരണം ഈ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യം കൂടിയുണ്ടെന്നും വ്യക്തമാക്കി. ‘അതെ സമയം സമീപഭാവിയിൽ ഫ്രാൻസിസ് പാപ്പയുടെ ചൈനാ സന്ദർശനം ഉണ്ടാകുമെന്നു താൻ കരുതുന്നില്ല.’

മംഗോളിയൻ ഭരണകൂടവും കത്തോലിക്കാ സഭയും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രം നിരവധി നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. നിരവധി കാലഘട്ടങ്ങളിലെ ഭരണകൂടങ്ങളുടെ ഇടപെടലും അടിച്ചമർത്തലുകളും മൂലം സഭയുടെ സാന്നിധ്യം മംഗോളിയയിൽ ഇല്ലാതെയായി.

എന്നാൽ 1992ൽ ജനാധിപത്യ ഭരണകൂടം നിലവിൽ വന്നതോടെ ഇരുരാജ്യങ്ങളും തമ്മിൽ നിലവിൽ വന്ന നയതന്ത്ര ബന്ധത്തിന്റെ 30-ാം വാർഷികത്തിൽ വത്തിക്കാൻ രാഷ്ട്രത്തലവൻ എന്ന നിലയിലും കത്തോലിക്കാ സഭയുടെ തലവനെന്ന നിലയിലും ഫ്രാൻസിസ് പാപ്പ നടത്തുന്ന സന്ദർശനത്തെ ഏറെ താൽപ്പര്യത്തോടെയാണ് താൻ കാത്തിരിക്കുന്നത്.

കാരണം, ചെറിയ രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതത്തോട് ഫ്രാൻസിസ് പാപ്പ പുലർത്തുന്ന സവിശേഷ ശ്രദ്ധ പ്രശംസനീയമാണ്. വർത്തമാനകാല ലോകത്തിൽ നിലനിൽക്കുന്ന വിവിധ പ്രതികൂല സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ അക്കാര്യത്തിൽ ചെറിയ രാജ്യങ്ങളുടെ സ്ഥാനവും പങ്കും വ്യക്തമാക്കിക്കൊണ്ട് പാപ്പ പ്രത്യേക പ്രസ്താവന നടത്തുമെന്ന് താൻ പ്രതീക്ഷിക്കുന്നു.

നിരപരാധികളായ കുട്ടികൾ, സ്ത്രീകൾ, വൃദ്ധർ എന്നിവരും ദശലക്ഷക്കണക്കിന് ആളുകളും കൊല്ലപ്പെടുന്ന സ്ഥലങ്ങളിൽ സമാധാനം സ്ഥാപിക്കേണ്ടതിന്റെ അടിയന്തിര ആവശ്യത്തെക്കുറിച്ചും കത്തോലിക്കാ സഭയുടെ തലവൻ വ്യക്തതയോടെ ലോകത്തോട് സംസാരിക്കുമെന്നും തനിക്ക് പ്രതീക്ഷയുണ്ട്. അതോടൊപ്പം, പാപ്പയുടെ സന്ദർശനം അന്താരാഷ്ട്ര ശ്രദ്ധ മംഗോളിയയിലേക്ക് ആകർഷിക്കുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവെച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?