Follow Us On

04

January

2025

Saturday

സുവിശേഷം എത്തുംമുമ്പേ മംഗോളിയയിലെത്തിയ അത്ഭുത മാതാവ്!

റോയ് അഗസ്റ്റിൻ

സുവിശേഷം എത്തുംമുമ്പേ മംഗോളിയയിലെത്തിയ അത്ഭുത മാതാവ്!

വടക്കൻ മംഗോളിയയിലെ ഡാർഖൻ എന്ന വിദൂര ഗ്രാമം. യാതൊരു പ്രത്യേകതയുമില്ലാത്തൊരു പ്രഭാതം. കുടിലിൽ വിശന്നു കരയുന്ന കുഞ്ഞുങ്ങൾക്ക് ഒരു നേരമെങ്കിലും ആഹാരത്തിനുള്ള വക കണ്ടെത്തണം. സെറ്റ്സെജി എന്ന മംഗോളിയൻ സ്ത്രീ തന്റെ കൂരയിൽ നിന്നിറങ്ങിയപ്പോൾ ചിന്തിച്ചത് ഇക്കാര്യമൊന്നു മാത്രം. മറ്റൊന്നും അവളുടെ മനസിലുണ്ടായിരുന്നില്ല.

അസ്ഥികളിലേക്കെത്തുന്ന രാത്രിയിലെ കൊടും തണുപ്പിന്റെ മരവിപ്പ് അപ്പോഴും അവളുടെ ശരീരത്തെ വിറകൊള്ളിച്ചുകൊണ്ടിരുന്നു. പതിവുപോലെ അവൾ മാലിന്യക്കൂനകൾക്കിടയിൽ തിരച്ചിലാരംഭിച്ചു. പക്ഷേ ഏറെ നേരം പിന്നിട്ടിട്ടും യാതൊന്നും കിട്ടാത്തതിന്റെ നിരാശയോടെ ഓരോ സ്ഥലത്തുനിന്ന് പിന്തിരിയുമ്പോഴും കൺമുമ്പിലേക്കെത്തുന്നത് വിശന്നുകരഞ്ഞുറങ്ങുന്ന കുഞ്ഞുങ്ങളുടെ മുഖം. ഒടുവിലവൾ ആ ചവറുകൂനയുടെ അടുത്തെത്തി.തുണിയിൽ പൊതിഞ്ഞ വലിയൊരു ഭാണ്ഡക്കെട്ട്!

ആവേശത്തോടെ അതവൾ കൈക്കലാക്കി. എന്താണെന്നുപോലും നോക്കിയില്ല, ആരെങ്കിലും ശ്രദ്ധിച്ചാലോ? നടന്നും ഓടിയും അവൾ ഒരുവിധത്തിൽ തന്റെ കുടിലിലെത്തി. ശ്രദ്ധാപൂർവം അവൾ ആ ഭാണ്ഡക്കെട്ടഴിക്കാനാനാരംഭിച്ചു.തടിയിൽ കൊത്തിയെടുത്ത ഒരു സ്ത്രീരൂപമായിരുന്നു അതിനുള്ളിൽ. അതെന്താണെന്നോ ആരാണെന്നോ സെറ്റ്സെജിയെന്ന ആ നാടോടി സ്ത്രീക്ക് മനസിലായില്ല. എങ്കിലും കാണാൻ വളരെ മനോഹരമായ ആ രൂപം അവൾ തന്റെ കുടിലിലെ ഏറ്റവും പ്രധാനപെട്ടൊരിടത്തിൽ കൊണ്ടുവെച്ചു! അവൾക്കൊന്നു മനസിലായി തന്റെ ഹൃദയത്തിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം നിറയുന്നു.

പരിശുദ്ധ കന്യകാമറിയത്തിന്റേതായിരുന്നു തടിയിൽ കടഞ്ഞെടുത്ത ആ തിരുരൂപം. മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെത്തിയ മേരിയുടെ തിരുരൂപം എവിടെ നിന്നാണ് വന്നതെന്ന് ഇന്നും ആർക്കും അറിയില്ല എന്നതാണ് കൗതുകകരമായ കാര്യം. മംഗോളിയയുടെ വടക്കൻ പ്രവിശ്യയിലുൾപ്പെടുന്ന ദർഖാനിൽ അക്കാലത്ത് ക്രൈസ്തവരുടെ സാന്നിദ്ധ്യം പേരിനുപോലുമില്ലായിരുന്നു! ഈ രൂപം കണ്ടെത്തി ഏതാനും വർഷങ്ങൾക്കു ശേഷമാണ് പ്രദേശത്തേക്കാദ്യമായി സലേഷ്യൻ മിഷനറിമാരെത്തിയത്.

2013ൽ ഒരു സലേഷ്യൻ കന്യാസ്ത്രീ വളരെ അവിചാരിതമായി ഈ തിരുരൂപം സെറ്റ്സെജിയുടെ കുടിലിൽ കണ്ടെത്തി. പിന്നീടത് ദർഖാനിലുള്ള ഒരു ചെറിയ ദൈവാലയത്തിലേക്ക് കൊണ്ടുപോയി. തുടർന്നത് മംഗോളിയൻ തലസ്ഥാനമായ ഉലാൻബത്താറിലെത്തിച്ചു. അവിടെ വിശുദ്ധ പത്രോസ്- പൗലോസ് ശ്ലീഹന്മാരുടെ നാമധേയത്തിലുള്ള കത്തീഡ്രലിൽ 2022 ഡിസംബർ 18ന് പ്രസ്തുത തിരുരൂപം പരസ്യ വണക്കത്തിനായി പ്രതിഷ്ഠിക്കുകയായിരുന്നു.

കർദിനാൾ ജോർജിയോ മാരെങ്കോയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിമധ്യേ മംഗോളിയയിലെ അന്നത്തെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ്പ് ആൽബർട്ട് ഷുറേബാണ് തിരുരൂപ പ്രതിഷ്ഠ നിർവഹിച്ചത്. ഇതിനകംതന്നെ മംഗോളിയയിലെ കത്തോലിക്കാ സഭയിൽ മാതാവിന്റെ സാന്നിധ്യത്തിന്റെ അടയാളമായി ഈ രൂപം മാറിക്കഴിഞ്ഞു.

‘സുവിശേഷ പ്രചാരണത്തിനായി ആരുമെത്തുന്നതിനു മുമ്പേ മറിയം ഇവിടെ എത്തി. പരിശുദ്ധ അമ്മ ഇവിടെ സുവിശേഷത്തിനുവേണ്ടി നിലമൊരുക്കി. മാതാവിന്റെ കൃപയാലാണ് ഇന്നിവിടെയുള്ള എല്ലാക്കാര്യങ്ങളും നിവർത്തിയായിരിക്കുന്നത്,’ മംഗോളിയയിലുള്ള ഒരു സലേഷ്യൻ മിഷനറി പറഞ്ഞു. ‘ദിവ്യ മാതാവ് മേരി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ തിരുരൂപത്തിനു മുമ്പിൽ ഫ്രാൻസിസ് പാപ്പ പ്രത്യേക പ്രാർത്ഥനകൾ നടത്തുമെന്ന് കർദിനാൾ മരങ്കൊ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?