Follow Us On

15

January

2025

Wednesday

തടവുകാരുടെ മാലാഖ വിടവാങ്ങി

തടവുകാരുടെ മാലാഖ വിടവാങ്ങി

മുംബൈ: ഇന്ത്യന്‍ കത്തോലിക്ക സഭയില്‍ ജയില്‍ മിനിസ്ട്രിക്ക് തുടക്കംകുറിച്ച സിസ്റ്റര്‍ റോസിറ്റ ഗോമസ് തന്റെ 94-ാമത്തെ വയസില്‍ വിടവാങ്ങി. മുംബൈയിലെ ഫ്രാന്‍സിസ്‌കന്‍ ഹോസ്പിറ്റലര്‍ സിസ്റ്റേഴ്‌സ് ഓഫ് ദ ഇമാക്കുലേറ്റ് കണ്‍സപ്ഷന്‍ സഭാംഗമായിരുന്ന സിസ്റ്റര്‍ തടവുകാരുടെ മാലാഖ എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ബാന്ദ്രയിലെ കന്യാസ്ത്രിമഠത്തിലായിരുന്ന അന്ത്യം. സമൂഹത്തിലെ പാവപ്പെട്ടവരുടെയും പതിതരുടെയും ഇടയിലായിരുന്ന സസ്റ്ററിന്റെ പ്രവര്‍ത്തനം മുഴുവനും. 1967 ല്‍ അനേകം കുഷ്ഠരോഗികള്‍ക്ക് സിസ്റ്ററിന്റെ ഇടപെടലിലൂടെ ഭവനങ്ങള്‍ നിര്‍മ്മിച്ചുനല്‍കി. എന്നാല്‍ ജയില്‍ മിനിസ്ട്രിയുടെ പേരിലാണ് സിസ്റ്റര്‍ റോസിറ്റ കൂടുതല്‍ അറിയപ്പെടുന്നത്.

കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ജയില്‍ മിനിസ്ട്രി ആരംഭിക്കുന്നതിനുമുമ്പുതന്നെ 1980 കളില്‍ സിസ്റ്റര്‍ റോസിറ്റ തടവറയിലുള്ളവരുടെ കത്തുകള്‍ അവരുടെ വീട്ടുകാര്‍ക്കും വീട്ടുകാരുടെ കത്തുകള്‍ തടവറയിലുള്ളവര്‍ക്കും എത്തിച്ചുകൊടുത്തിരുന്നു. എല്ലാ ആഴ്ചയിലും ജുവൈനല്‍ ജയില്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തിയിരുന്നു. ഒരിക്കല്‍ ഒരു തടവുകാരനെ സന്ദര്‍ശിക്കുവാന്‍ സിസ്റ്റര്‍ റോസിറ്റ ജയിലില്‍ പോയത് ദൈവനിയോഗമായി മാറുകയായിരുന്നു. അവിടെ മനഃപൂര്‍വ്വമല്ലാതെ ഭാര്യയെ കൊന്ന തടവുപുള്ളിയുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് സിസ്റ്റര്‍ ആ വ്യക്തിയെ നിരന്തരം സന്ദര്‍ശിക്കുകയും അദ്ദേഹത്തിന്റെ കത്തുകള്‍ അവരുടെ മക്കള്‍ക്ക് എത്തിച്ചുകൊടുത്ത് അവരുമായുള്ള ബന്ധം നിലനിര്‍ത്തുവാന്‍ സഹായിച്ചു. പിന്നീട് അവിടെ 21 ഓളം ക്രൈസ്തവരായ തടവുപുള്ളികളെ കണ്ടെത്തി. അവരും വീടുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിന് സിസ്റ്റര്‍ ഉപകരണമായി. ജൂവൈനാല്‍ പ്രിസണില്‍ മയക്കുമരുന്നിന് അടിമകളായിരുന്ന 43 കുട്ടികളെ സിസ്‌ററര്‍ രക്ഷപ്പെടുത്തി നല്ല ജീവിതം കണ്ടെത്തുവാന്‍ സഹായിച്ചു. ”ഞാന്‍ തടവറയിലായിരുന്നു.

നീ എന്ന സന്ദര്‍ശിച്ചു” എന്ന ദൈവ വചനമായിരുന്നു സിസ്റ്ററിന്റെ മുദ്രാവാക്യം. ബാന്ദ്രയിലെ ജയിലിലും സമീപത്തുള്ള ഉമര്‍ഗാഡി ജുവൈനാല്‍ ഹോമിലും സിസ്റ്റര്‍ 1983 മുതല്‍ സ്ഥിരമായി ദിവ്യബലിയും കള്‍ച്ചറല്‍ പ്രോഗ്രാമുകളും സംഘടിപ്പിച്ചിരുന്നു. പ്രായത്തിന്റെ അവശതകളെല്ലാം അവഗണിച്ചുകൊണ്ട് അടുത്തകാലം വരെ ജയിലിലുള്ളവര്‍ക്ക് ഭക്ഷണവും സമ്മാനപൊതികളുമായി സിസ്റ്റര്‍ എത്തുമായിരുന്നു. പ്രത്യേകിച്ചും ക്രിസ്മസിനും ഈസ്റ്ററിനും സിസ്റ്ററുടെ സഭയുടെ സ്ഥാപകനായ മാക്‌സ്മില്യന്‍ കോള്‍ബെയുടെ തിരുനാളിലും. ജയിലധികാരികളോടെ അനുവാദം വാങ്ങി തന്നെ സഹായിക്കുവാന്‍ പുറമെ നിന്നുള്ള സുമനസുകളെയും കൂട്ടിയിരുന്നു സിസ്റ്റര്‍ ജയില്‍ സന്ദര്‍ശനം നടത്തിയിരുന്നത്. കുരിശിന്റെ വഴിയുടെ മധ്യസ്ഥയുമായിരുന്നു സിസ്റ്റര്‍ റോസിറ്റ. ബാന്ദ്രായിലെ തെരുവുകളിലൂടെ സിസ്‌ററര്‍ റോസിറ്റ എല്ലാ നോമ്പുകാലങ്ങളിലെ വെള്ളയാഴ്ചകളിലും കുരിശിന്റെ വഴി നടത്താറുണ്ടായിരുന്നു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?