ഫാ. മാത്യു ആശാരിപറമ്പില്‍
കഴിഞ്ഞ ദിവസം എന്റെ സുഹൃത്ത് സണ്ണിയച്ചന്‍ എനിക്കൊരു പുതിയ ഷര്‍ട്ട് സമ്മാനമായി തന്നു. അച്ചന് പാകമല്ലാത്തതിനാല്‍ ആരോ കൊടുത്ത സമ്മാനം എനിക്കായി സ്‌നേഹപൂര്‍വം മാറ്റിവച്ചതാണ്. ആ ഷര്‍ട്ട് ധരിച്ച് യാത്ര ചെയ്യവേ കൂടെ ഉണ്ടായിരുന്ന യുവാവ് ‘അച്ചന്‍ വലിയ പണക്കാരനായല്ലോ ഇപ്പോള്‍’ എന്ന് കമന്റടിച്ചു. എന്താടാ അങ്ങനെ പറഞ്ഞത്’ എന്ന് ചോദിച്ചപ്പോള്‍ അവന്റെ ഉത്തരം ‘നല്ല വിലയുള്ള ബ്രാന്റ് ഷര്‍ട്ട് ഇട്ട് അടിപൊളിയാണല്ലോ’ എന്നായിരുന്നു. സണ്ണിയച്ചന്‍ തന്ന ഷര്‍ട്ട് അപ്പോഴാണ് കാര്യമായി ശ്രദ്ധിച്ചത്. നല്ല ഭംഗിയുള്ളതുകൊണ്ടും പാകമായതുകൊണ്ടുമാണ് ആ ഷര്‍ട്ട് സ്വീകരിച്ചത്. അതിന്റെ വിലയെക്കുറിച്ച് അന്വേഷിച്ചില്ല. എന്നാല്‍ ഷര്‍ട്ടിന്റെ പോക്കറ്റിന്റെ മുകളില്‍ കലമാനിന്റെ ഉയര്‍ന്നു നില്‍ക്കുന്ന കൊമ്പിന്റെ പടം കണ്ടപ്പോള്‍ അത് ഉയര്‍ന്ന വിലയുടെ ഷര്‍ട്ടാണെന്ന് (രണ്ടായിരം രൂപയ്ക്ക് മുകളില്‍) അവന്‍ തിരിച്ചറിഞ്ഞു. ബ്രാന്റിന്റെ അടയാളം ആ ഷര്‍ട്ടിന്റെ മൂല്യമുയര്‍ത്തി. അതാണ് ബ്രാന്റിന്റെ വിജയരഹസ്യം. തുണിയുടെ മികവോ കളര്‍, ഡിസൈന്‍, തയ്യല്‍ ഇവയുടെ ശ്രേഷ്ഠതയോ നോക്കാതെ ഈ അടയാളം സാധാരണ ഷര്‍ട്ടിന്റെ നാലിരട്ടി വിലയിലേക്ക് ഈ ഷര്‍ട്ടിനെ എടുത്തുയര്‍ത്തി. പുറം അടയാളത്തിന്റെ പേരില്‍, ബാഹ്യമോടിയുടെ പേരില്‍ വ്യക്തിയെയും വസ്തുവിനെയും വിലമതിക്കുന്ന സമ്പ്രദായത്തിലേക്ക് സമൂഹം മാറിക്കൊണ്ടിരിക്കുകയാണ്.
ഒരിക്കല്‍ യാത്ര ചെയ്യുമ്പോള്‍ എതിരെ വരുന്ന കാറിന്റെ മുഖമുദ്ര കണ്ട് അവയുടെ വിലകളും പ്രത്യേകതകളും ഡ്രൈവര്‍ എനിക്ക് വിശദീകരിച്ചുതന്നു. മാരുതിക്കും ഹോണ്ടക്കും കീയാക്കും ടെയോട്ടക്കുമൊക്കെ അടയാളമുദ്രകളുണ്ട്. ആഢംബരവാഹനങ്ങളായ ഔഡിയും സ്‌കോഡയും ഇന്നോവയും ലെകസുസും ജാഗ്വറുമൊക്കെ തങ്ങളുടെ അടയാളം പ്രദര്‍ശിപ്പിക്കുന്നതിലൂടെ നമ്മുടെ ശ്രദ്ധ പ്രത്യേകം ആകര്‍ഷിക്കുന്നു. അവയൊക്കെ ബ്രാന്റ് വാഹനങ്ങളായി മാറുന്നു. അതിനാല്‍തന്നെ അത് ഉപയോഗിക്കുന്നവന്‍ കൂടുതല്‍ പണമുള്ളവരും മഹത്വമുള്ളവരുമായി മാറുന്ന അത്ഭുത പ്രതിഭാസം സംഭവിക്കുകയാണ്. ഉള്‍ഭാഗങ്ങളിലും യന്ത്രനിര്‍മിതിയിലും എന്തൊക്കെ ശ്രേഷ്ഠതയും വ്യത്യാസവുമുണ്ട് എന്നൊന്നും പഠിക്കാന്‍ ആരും ശ്രമിക്കുന്നില്ല. ആ അടയാളത്തിന്റെ വശ്യതയില്‍ വസ്തുവിന്റെ വിപണനമൂല്യം മൂന്നിരട്ടിയും നാലിരട്ടിയുമാകുന്നു. അതുകൊണ്ടുതന്നെ ആന്തരിക അവസ്ഥ വികലമാണെങ്കിലും ബ്രാന്റ് അടയാളം പുറത്തുണ്ടെങ്കില്‍ ആ വസ്തുവാകട്ടെ, വാഹനമാകട്ടെ അത് ശ്രേഷ്ഠമെന്ന് വിശ്വസിക്കുവാന്‍ നമ്മുടെ മനസുകള്‍ വശീകരിക്കപ്പെട്ടിരിക്കുന്നു. അനന്തരഫലമെന്നോണം അത് ഉപയോഗിക്കുന്നവരും ഒരുപടി ഉയര്‍ന്നവരാണെന്ന് വ്യാഖ്യാനിക്കപ്പെടുകയാണ്.
ഒരു ധ്യാനവേളയില്‍ സാമ്പത്തിക വിഷമത അനുഭവിക്കുന്ന ഒരു ബിസിനസുകാരന്‍ പ്രാര്‍ത്ഥിക്കുവാന്‍ സമീപിച്ചു. അമ്പതുലക്ഷം രൂപ ബാങ്കുലോണിന് അപേക്ഷിച്ചിട്ടുണ്ട്. തടസങ്ങളൊന്നുമില്ലാതെ ലോണ്‍ ലഭിക്കുന്നതിനാണ് പ്രാര്‍ത്ഥിക്കുന്നത്. പ്രാര്‍ത്ഥന കഴിഞ്ഞ് തിരിച്ച് പോകുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു. ഇന്നോവ കാറിലാണ് അയാള്‍ അവിടെ വന്നിരിക്കുന്നത്. അധികം പഴക്കമില്ലാത്ത ആ കാര്‍ വിറ്റാല്‍ത്തന്നെ പതിനഞ്ചുലക്ഷം രൂപയെങ്കിലും ലഭിക്കും. അത്രയും കടം കുറയില്ലേ. ഈ വിഷമഘട്ടത്തില്‍ ഇത്രയും ആഢംബരകാര്‍ വേണോ? ഞാന്‍ അന്വേഷിച്ചു. അയാളുടെ മറുപടി വിചിത്രമായിരുന്നു. ‘അച്ചാ ഞാന്‍ ഒരു മാരുതി ഓള്‍ട്ടോയും ഓടിച്ച് ചെന്നാല്‍ ബാങ്ക് മാനേജര്‍ ഒരുലക്ഷംരൂപപോലും ലോണ്‍ തരില്ല. മൈന്‍ഡ് ചെയ്യില്ല! ഇന്നോവയില്‍ ഒക്കെ ചെന്നാല്‍ ഒന്ന് ശ്രദ്ധിക്കും. കാര്യങ്ങളൊക്കെ വേഗത്തിലും ഭംഗിയായും നടക്കും.’
അതായത് ഈ ദിനങ്ങളില്‍ ഒരാള്‍ക്ക് വിലയിടുന്നത് ബാഹ്യമായ അടയാളങ്ങളുടെയും അലങ്കാരങ്ങളുടെയും തെളിച്ചത്തിലാണ്. വീടും വാഹനവും വസ്ത്രവും ചെരിപ്പുപോലും നോക്കി ഒരാളുടെ സാമ്പത്തികസ്ഥിതിയും സാമൂഹ്യസ്ഥാനവും തീരുമാനിക്കുന്ന പുറംപൂച്ച് സംസ്‌കാരം വളര്‍ന്നുവരികയാണ്. ഒരാളുടെ ഉള്‍നന്മയും ജന്മപുണ്യങ്ങളും സിദ്ധികളും മനോഭാവങ്ങളുമൊന്നും പ്രത്യക്ഷത്തില്‍ കാണാത്തതിനാല്‍ അവയൊന്നും മാര്‍ക്ക് നിശ്ചയിക്കുന്ന മാനദണ്ഡമാകുന്നില്ല.
അതുകൊണ്ട് മറ്റുള്ളവന്റെ കണ്ണുകളില്‍ ഔന്നത്യം നേടിയെടുക്കണമെങ്കില്‍ ഉള്‍ക്കാമ്പില്ലെങ്കിലും മികച്ച അലങ്കാരങ്ങളും ആടയാഭരണങ്ങളും അണിഞ്ഞാല്‍ മതിയെന്നൊരു തട്ടിപ്പ് വ്യാപകമാകുന്നു. സമൂഹത്തില്‍ മാന്യത നേടിയെടുക്കുവാന്‍ ബാഹ്യ ആഢംബരം അനിവാര്യമായി മാറുമ്പോള്‍ കാലത്തിനൊത്ത് വേഷംകെട്ടി വിഡ്ഢിവിദൂഷകരായി ചിലര്‍ മാറുന്നു. കടം വാങ്ങിച്ച് വമ്പന്‍ വീട് പണിതിട്ട് വലിയവനായി സ്വയം പ്രഖ്യാപിക്കുന്നവന്‍, ആറുമാസത്തിനുള്ളില്‍ത്തന്നെ ലോണ്‍ അടക്കാന്‍ മാര്‍ഗമില്ലാതെ വീട് വിറ്റവന്‍, ഈ കൂട്ടയോട്ടത്തില്‍ വീണുപോയവന്റെ ദുരന്തചിത്രമാണ്. കല്യാണം, ജന്മദിനം, മാമോദീസ, മൃതസംസ്‌കാരംപോലും ആര്‍ഭാടമാക്കി, അവസാനം സാമ്പത്തികമായി തകരുന്നവര്‍ നമ്മുടെ ചുറ്റിലും കാണുന്ന അനവധിപേരുടെ ഉദാഹരണമാണ്.
ബ്രാന്റ് ഉത്പന്നങ്ങള്‍മാത്രമാണ് മികച്ചതെന്ന ബോധ്യത്തിലേക്കാണ് ബിസിനസ് പാരമ്പര്യങ്ങള്‍ നമ്മെ എത്തിച്ചിരിക്കുന്നത്. ഒരുതരം മസ്തിഷ്‌ക പ്രക്ഷാളനമാണ്. ബ്രാന്റുള്ളത് മേടിച്ചാല്‍ മാത്രമേ നല്ലതു കിട്ടുകയുള്ളൂ എന്ന പരസ്യം ബിസിനസ് വര്‍ധിപ്പിക്കുവാനും വരുമാനം അധികരിക്കുവാനുമുള്ള തന്ത്രമാണ്.
ഒരു സുഹൃത്തിനുവേണ്ടി ഒരു ഡൈനിംഗ് മേശ വാങ്ങിക്കുവാന്‍ നഗരത്തിലൂടെ കറങ്ങി. പരസ്യംകൊണ്ട് പ്രശസ്തമായ ഒരു കടയില്‍ചെന്ന് വില അന്വേഷിച്ചു. എട്ട് കസേരകള്‍ക്കും മേശയ്ക്കുംകൂടി ഏകദേശം അമ്പതിനായിരം രൂപയാണ് പറഞ്ഞത്. ഒത്തിരി കടകളുണ്ടല്ലോ, നമുക്ക് കുറച്ചുകൂടി അന്വേഷിക്കാം എന്ന് തീരുമാനിച്ചു. ഓരോ കടയിലും വില വ്യത്യസ്തമാണ്. നഗരത്തിന്റെ അരികുചേര്‍ന്ന് പഴയൊരു ഫര്‍ണിച്ചര്‍ കടയില്‍ അന്വേഷിച്ചപ്പോള്‍ അത്ഭുതപ്പെട്ടുപോയി. മുന്‍പ് പറഞ്ഞതിന്റെ പകുതി വിലയ്ക്ക് അതേ സാധനം കിട്ടും… ഇതെങ്ങനെ സാധിക്കുന്നുവെന്ന് ചോദിച്ചപ്പോള്‍ പഴയ തലമുറയുടെ പ്രതിനിധിയായ ആ കടക്കാരന്‍ പറഞ്ഞു, ‘ഇവിടെ ഞാന്‍ ഒരാള് മാത്രമാണ് സ്റ്റാഫ്. വലിയ കടകളില്‍ നിരവധി സ്റ്റാഫിന്റെ ശമ്പളവും എ.സി ഉപയോഗിക്കുന്ന വൈദ്യുതി ചാര്‍ജും റൂമിന്റെ വാടകയും വരും.
പരസ്യച്ചെലവും സ്റ്റാഫിന്റെ യൂണിഫോം ചെലവ് വരെ കണക്ക് കൂട്ടുമ്പോള്‍ ഇരട്ടി വില ഇട്ടാലേ മുതലാകുകയുള്ളൂ.’ ഈ വില്പനശാലകളിലേക്കെല്ലാം ഫര്‍ണിച്ചറുകള്‍ ഒരേ വിലക്ക് നിര്‍മിച്ച് വിതരണം ചെയ്യുന്നത് കോഴിക്കോട് അടുത്തുള്ള ഒരു ഉത്പാദന ഫാക്ടറിയില്‍നിന്നാണ് എന്നതാണ് ഏറ്റവും വിചിത്രമായ സത്യം. ഓരോരുത്തരും അവന്റെ പരസ്യത്തിന്റെ പേരിന്റെ പിന്‍ബലത്തില്‍ വിലകള്‍ നിശ്ചയിക്കുന്നു. ബ്രാന്റ്മൂല്യം പുറമെ നല്‍കുന്ന പരസ്യത്തിന്റെ മുദ്രാവാക്യം മാത്രമാണ്! ബ്രാന്റ് ഉത്പന്നങ്ങള്‍ മോശമാണെന്നോ അവ വേണ്ടെന്നോ അല്ല ഞാന്‍ വിവക്ഷിക്കുന്നത്.
അവ മാത്രമാണ് ശ്രേഷ്ഠമെന്നും അവ ധരിച്ചാല്‍ മാത്രമേ അംഗീകാരം കിട്ടുകയുള്ളൂ എന്നുമുള്ള തെറ്റിദ്ധാരണയാണ് അപകടം. ആ പ്രലോഭനം ആര്‍ഭാടത്തിലേക്കും പൊങ്ങച്ചത്തിലേക്കും നമ്മെ വഴിതെറ്റിക്കും.
ഇല്ലാത്ത പണം എങ്ങനെയും സ്വരുക്കൂട്ടി ബാഹ്യമോടി പ്രദര്‍ശിപ്പിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ചിലരെങ്കിലും കടക്കെണിയിലും സാമ്പത്തിക തട്ടിപ്പുകളിലും കുടുങ്ങിയേക്കാം. ഈ ദിനങ്ങളില്‍ നേരിട്ടും ഗെയിമുകളിലും ഓണ്‍ലൈന്‍ ഇടപാടുകളിലുംപെട്ട് പലരും കബളിപ്പിക്കപ്പെടുന്നതും നാം വായിച്ചറിയുന്നു. പണത്തോടുള്ള ആര്‍ത്തിയും ആഢംബരഭ്രമവുമാണ് ഇത്തരം ചതിക്കുഴികളിലേക്ക് പലരെയും നയിക്കുന്നത്. മുന്‍പില്‍ കാണുന്നവന്റെ കണ്ണില്‍ വിസ്മയവും അവന്റെ മുഖത്ത് അടുപ്പവും തോന്നത്തക്കവിധത്തില്‍ ആകര്‍ഷണീയമായി പ്രത്യക്ഷപ്പെടാനാണ് പലരും ശ്രമിക്കുന്നത്. ഉള്‍ക്കമ്പികള്‍ തുരുമ്പു പിടിച്ച് ബലക്ഷയം നേരിടുമ്പോഴും നല്ല പെയിന്റടിച്ച് വീടിനെ സുന്ദരമായി പ്രഖ്യാപിക്കുവാന്‍ ശ്രമിക്കുന്ന അല്പന്റെ അവതാരങ്ങള്‍!
ഈ ശൈലി സമൂഹത്തിലേക്ക് വ്യാപിച്ച് കഴിയുമ്പോള്‍ തെറ്റായ മൂന്ന് ജീവിതദര്‍ശനങ്ങള്‍ രൂപപ്പെടും. ഒന്നാമതായി പുറമേ കാണുന്നതാണ് പ്രധാനം. അതു ആകര്‍ഷണീയമായിരിക്കണം. അതുമാത്രം ശ്രദ്ധിച്ചാല്‍ മതി. രണ്ടാമതായി പുറമേ കാണുന്നതുമാത്രമാണ് നല്ലതും ശരിയെന്നും തെറ്റിദ്ധരിക്കുമ്പോള്‍ തുടര്‍യാത്രയില്‍ അപകടങ്ങളും തകര്‍ച്ചകളും സംഭവിക്കുകതന്നെ ചെയ്യും. മൂന്നാമതായി ആന്തരികനന്മകളും വിശുദ്ധിയും ബലികഴിച്ചുള്ള ഈ പ്രയാണം മനുഷ്യനെ മുഖമൂടിയണിയിക്കുന്ന കപട ജീവിതശൈലിയിലേക്ക് നയിക്കും.
‘വെള്ളയടിച്ച കുഴിമാടങ്ങളെ’ എന്ന കര്‍ത്താവ് വിലപിക്കുന്നത് ഇത്തരം ജീവിതക്രമങ്ങളെയാണ്. പുറമേ കാണുന്നതു മാത്രമാണ് സത്യമെന്നും സുന്ദരമെന്നും തെറ്റിദ്ധരിച്ച്, യുവാവിന്റെ മുടിയും താടിയും ഷര്‍ട്ടും ബൈക്കുംമാത്രം കണ്ട പെണ്‍കുട്ടി പ്രണയപ്പുഴ നീന്തി അഗാധഗര്‍ത്തങ്ങളില്‍ മുങ്ങിച്ചാകുന്നു. ആയിരക്കണക്കിന് പെണ്‍ജന്മങ്ങള്‍ ബാഹ്യമോടിയുടെയും മധുരവാക്കുകളുടെയും വശീകരണത്തില്‍പെട്ട് ദുരിതത്തില്‍പെടുന്നത് നാം കാണുന്നില്ലേ?
ബ്രാന്റ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതും ബ്രാന്റ് വസ്ത്രങ്ങള്‍ ധരിക്കുന്നതുമെല്ലാം തങ്ങളുടെ വ്യക്തിത്വത്തെ മഹത്തരവല്‍ക്കരിക്കുന്നതിന് അത്യാവശ്യമാണെന്ന് മന്ത്രിമാരും താരരാജാക്കന്മാരും കരുതുന്നു. പ്രധാനമന്ത്രി മോദി ധരിക്കുന്ന ജാക്കറ്റിന്റെയും കെട്ടുന്ന വാച്ചിന്റെയും ഉപയോഗിക്കുന്ന പേനയുടെയുമൊക്കെ വില നാം പത്രങ്ങളില്‍നിന്ന് മനസിലാക്കുന്നുണ്ടല്ലോ. ഒരു മുണ്ട് ഉടുത്ത് രണ്ടാം മുണ്ട് പുതച്ച ഗാന്ധിജിയൊക്കെ ഇന്നത്തെ കമ്പോളത്തില്‍ നിസാരവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു.
ലാളിത്യത്തിനും മിതത്വമാര്‍ന്ന ജീവിതസൗകര്യങ്ങള്‍ക്കും പ്രസക്തിയുണ്ട് എന്ന് ഓര്‍മിപ്പിക്കുവാന്‍ മാത്രമാണ് ഈ കുറിപ്പ്. പുറംമോടികളെ മാത്രം നോക്കി ഒരാളെ വിലമതിക്കുകയോ ചേര്‍ത്തുനിര്‍ത്തുകയോ തള്ളിക്കളയുകയോ അരുത്…. നിത്യമായി നിലനില്‍ക്കുന്ന ആകര്‍ഷണമൂല്യം ഒരുവന്റെ ജീവിതനന്മ മാത്രമാണ്.
Leave a Comment
Your email address will not be published. Required fields are marked with *