Follow Us On

22

January

2025

Wednesday

‘ഇങ്ങനെയും ഉണ്ടോ മനുഷ്യര്‍! ‘

‘ഇങ്ങനെയും ഉണ്ടോ മനുഷ്യര്‍! ‘

 മാത്യൂ സൈമണ്‍

ഭാഗ്യം ചെയ്ത മാതാപിതാക്കള്‍ എന്ന് കേട്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിനുള്ള കാരണം അവരുടെ മക്കളായിരിക്കും. ഇതിന് ഉദാഹരണമാണ് നാലുവര്‍ഷത്തോളമായി കിടപ്പുരോഗിയായ ഭാര്യാമാതാവിനെ പരിചരിക്കാന്‍ സ്വന്തം ജോലി ഉപേക്ഷിച്ച കണ്ണൂര്‍ താഴെചൊവ്വ സ്വദേശി റോസ് യേശുദാസ്.
തലശേരി സെന്റ് ജോസഫ്‌സ് സ്‌കൂള്‍ അധ്യാപികയായ അദ്ദേഹത്തിന്റെ ഭാര്യ ബിന്ദു മെര്‍ലിന്‍ എല്ലാസഹായവുമായി കൂടെയുണ്ട്. എങ്കിലും ഭാര്യ ജോലിക്ക് പോയിക്കഴിഞ്ഞാല്‍ മുഴുവന്‍ സമയവും ഇദ്ദേഹം അമ്മയ്‌ക്കൊപ്പമാണ്. 80 വയസ് കഴിഞ്ഞ അമ്മയുടെകൂടെ എപ്പോഴും ഒരാള്‍ വേണം. കാരണം അമ്മയ്ക്ക് തനിയെ ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. ഭക്ഷണം വാരിക്കൊടുക്കണം. അമ്മയുടെ വിസര്‍ജ്യങ്ങള്‍ മാറ്റി ശുചിയാക്കുന്നതും വസ്ത്രം മാറ്റി വേറെ ധരിപ്പിക്കുന്നതുമെല്ലാം ഇദ്ദേഹം തന്നെ. ഒരുമടിയുമില്ലാതെ കുഞ്ഞുങ്ങളെ ശുശ്രൂഷിക്കുന്നതുപോലെ ശ്രദ്ധയോടും ആദരവോടെയുമായാണ് യേശുദാസ് ഇവയൊക്കെ നിര്‍വഹിക്കുന്നത്. കാരണം ജീവിതത്തിലെ രണ്ടാമത്തെ കുട്ടിക്കാലമാണ് വാര്‍ധക്യമെന്നും, കൊച്ചു കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ ചെയ്യുന്നതുതന്നെയാണ് വാര്‍ധക്യത്തിലും മനുഷ്യര്‍ ചെയ്യുന്നതെന്ന ബോധ്യം ഇദ്ദേഹത്തിനുണ്ട്.
കുട്ടിക്കാലത്ത് മാതാപിതാക്കള്‍ കൊച്ചുകുട്ടികളെ കൈവെള്ളയില്‍ വച്ചാണ് കൊണ്ടുനടക്കുന്നത്. അതിനാല്‍ ആ സ്‌നേഹവും പരിചരണവും മാതാപിതാക്കള്‍ക്ക് തിരികെ നല്‍കേണ്ട കടമ മക്കള്‍ക്കുണ്ടെന്ന ബോധ്യമാണ് ഇദ്ദേഹത്തെ മുന്നോട്ട് നയിക്കുന്നത്. മനുഷ്യന്‍ തന്നിലേക്ക് മാത്രം ചുരുങ്ങിയ ഈ കാലത്ത് ഈ മനുഷ്യന്‍ നല്‍കുന്ന മാതൃക എത്രയോ വലുതാണ്.

2012-ല്‍ മരിച്ച സ്വന്തം അമ്മയെയും റോസ് യേശുദാസ് തന്നെയാണ് ശുശ്രൂഷിച്ചത്. പ്രമേഹരോഗിയായ അമ്മ കിടപ്പിലായപ്പോള്‍ അമ്മയുടെ കാര്യങ്ങള്‍ നോക്കാന്‍വേണ്ടിയാണ് അദ്ദേഹമന്ന് ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. 2008 ലാണ് കണ്ണൂരിലെ ഇലക്ട്രിക്കല്‍ ബിസിനസ് അവസാനിപ്പിച്ചത്. ആ സമയത്ത് അമ്മയെ നോക്കാന്‍ ഒരു ഹോംനഴ്‌സ് ഉണ്ടായിരുന്നുവെങ്കിലും അമ്മയെ കുളിപ്പിക്കുന്നതെല്ലാം ഇദ്ദേഹം തന്നെയായിരുന്നു. അമ്മയ്ക്ക് കല്യാണം കഴിക്കാത്ത രണ്ടു സഹോദരിമാര്‍ ഉണ്ടായിരുന്നു. അവര്‍ വയ്യാതെ ആയപ്പോള്‍ അവരെ പരിചരിച്ചതും ശുശ്രൂഷിച്ചതുമെല്ലാം ഇദ്ദേഹം തന്നെയാണ്.
”എന്റെ അമ്മ മരിക്കുന്നതിനുമുമ്പേതന്നെ ഭാര്യയുടെ അമ്മ ഞങ്ങളുടെകൂടെ താമസിക്കാന്‍ തുടങ്ങിയിരുന്നു. എന്റെ അമ്മ എന്നെ നോക്കിയതുപോലെ, കൊച്ചുകുട്ടിയെ എന്നപോലെ അമ്മയെ നോക്കാന്‍ ഒരു മകന് ദൈവം തന്ന അവസരമാണ് ഇതെല്ലാം” റോസ് യേശുദാസ് പറയുന്നു. ”ഇങ്ങനെയൊരു ചിന്ത എന്റെ മനസില്‍ ഉള്ളതുകൊണ്ടാണ് ഭാര്യയുടെ അമ്മയെയും ഒരുമടുപ്പും കൂടാതെ നോക്കാന്‍ എനിക്ക് സാധിക്കുന്നത്. എന്റെ അമ്മ കിടപ്പിലായപ്പോള്‍ അമ്മയെ ശുശ്രൂഷിക്കുന്നതില്‍ ഭാര്യാമാതാവും എന്നെ സഹായിക്കുമായിരുന്നു. ഇപ്പോള്‍ ഭാര്യയുടെ അമ്മയ്ക്ക് വയ്യാതായപ്പോള്‍ ഈ അമ്മയെയും എനിക്കുതന്നെ നോക്കണം എന്ന ചിന്തയുണ്ടായി” റോസ് യേശുദാസ് പങ്കുവയ്ക്കുന്നു.

”2011-ലാണ് ഭാര്യാമാതാവ് ഞങ്ങളോടൊപ്പം താമസംതുടങ്ങിയത്. അന്ന് അമ്മ നല്ല ആരോഗ്യവതിയായിരുന്നു. പിന്നീട് കോവിഡ് ബാധിച്ചതോടെയാണ് തീരെ നടക്കാന്‍ പറ്റാതെയായത്. അമ്മയ്ക്ക് ഓര്‍മക്കുറവുണ്ട്. ചോദിക്കുന്ന കാര്യത്തിന് കൃത്യമായ മറുപടി പറയാന്‍ കഴിയില്ല. ജോലിക്ക് പോകേണ്ടതിനാല്‍ ഭാര്യ വെളുപ്പിന് മൂന്നര മണിക്ക് എഴുന്നേറ്റ് ഭക്ഷണകാര്യങ്ങളെല്ലാം ചെയ്യും. ശേഷം, അമ്മയുടെ പ്രാഥമിക കാര്യങ്ങളും കുളിപ്പിക്കലുമെല്ലാം ഞങ്ങള്‍ ഒരുമിച്ചുചെയ്യും. ഭാര്യ സ്‌കൂളില്‍ പോയിക്കഴിഞ്ഞുള്ള സമയങ്ങളില്‍ അമ്മയുടെ ആവശ്യങ്ങളെല്ലാം നിര്‍വഹിക്കുന്നത് ഞാനാണ്. വൈകുന്നേരം ഭാര്യ വന്നുകഴിയുമ്പോള്‍ ഞങ്ങള്‍ രണ്ടുപേരുംകൂടി അമ്മയെ ശുശ്രൂഷിക്കും,” യേശുദാസ് അഭിമാനത്തോടെ പറഞ്ഞു.
കുട്ടികളില്ലാത്ത തങ്ങള്‍ക്ക് ദൈവം തന്ന ഒരു കുട്ടിയെന്ന രീതിയിലാണ് ഇദ്ദേഹം ഈ മാതാവിനെ പരിചരിക്കുന്നത്. ലോകം നശിച്ചു പോകാതെ നിലനില്കുന്നതുതന്നെ ഇത്തരം ചില നന്മനിറഞ്ഞവരും ഉള്ളതുകൊണ്ടാണെന്ന് തോന്നിപ്പോകും. മറ്റുള്ളവരോട് നന്മപറയാന്‍ പലര്‍ക്കുമാവും. എന്നാല്‍ സ്വയം നന്മനിറഞ്ഞ പ്രവര്‍ത്തികള്‍ ചെയ്ത് എല്ലാവര്‍ക്കും മാതൃകയാവുന്ന ഇവരുടെ വലിയ മനസിന്റെ മുമ്പില്‍ കൂപ്പുകൈയോടെ നില്‍ക്കാനേ നമുക്കാവൂ…

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?