റായ്പൂര്‍: മെഡിക്കല്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ഫ്രാന്‍സിസ് അസീസി ഇന്ത്യയില്‍ സാന്നിധ്യമറിയിച്ചതിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു. ഇന്ത്യയില്‍ ആദ്യമായി ഭവനം സ്ഥാപിച്ച ഛത്തീസ്ഘഡിലെ റായ്പൂര്‍ അതിരൂപതയിലുള്ള പിതോറയിലായിരുന്നു ആഘോഷ പരിപാടികള്‍. ഇവരുടെ സാന്നിധ്യം മൂലം ഇവിടെ സഭയ്ക്കും സഭാസമൂഹത്തിനുമുണ്ടായ വളര്‍ച്ച വളരെ വലിയതാണെന്ന് ആഘോഷ പരിപാടിക്ക് നേതൃത്വം നല്‍കിയ റായ്പൂര്‍ ആര്‍ച്ചുബിഷപ് വിക്ടര്‍ ഹെന്റി താക്കൂര്‍ പറഞ്ഞു.
ഇന്ത്യയില്‍ തങ്ങളുടെ സന്യാസഭവനത്തിന് മൂലക്കല്ലിടുവാന്‍ സാധിച്ചത് ഇവിടുത്തെ സുമനസുള്ള അനേകരുടെ സഹായത്തിന്റെ ഫലമായിട്ടായിരുന്നുവെന്ന് മദര്‍ ജനറാള്‍ മാര്‍ഗരറ്റ് ഉലാഗര്‍ പറഞ്ഞു. പൂര്‍വ്വികര്‍ സഭയെ പടുത്തുയര്‍ത്തുന്നതിന് വളരെയധികം പരിശ്രമച്ചുവെന്നും അതെല്ലാം പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളാണെന്നും മദര്‍ കൂട്ടിച്ചേര്‍ത്തു. ആഘോഷത്തില്‍ അതിരൂപതയില്‍ നിന്നും പുറത്തുനിന്നും ഉള്ള നിരവധി വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും പങ്കെടുത്തു.
ജര്‍മ്മനിയിലെ മൂണ്‍സ്റ്ററില്‍ 1844 ലാണ് ഈ സന്യാസസമൂഹം സ്ഥാപിതമായത്. ഫ്രാന്‍സിസ്‌കന്‍ വൈദികനായ ഫാ. ക്രിസ്റ്റഫര്‍ ബെണ്‍സ്‌മെയറായിരുന്നു സ്ഥാപകന്‍. റായ്പൂരിലെ ആദ്യത്തെ പ്രിഫെക്ട് അപ്പസ്‌തോലിക് ആയിരുന്ന ജര്‍മ്മന്‍ മോണ്‍സിഞ്ഞോര്‍ ജോണ്‍ വെയ്ഡനറുടെ അഭ്യര്‍ത്ഥനപ്രകാരമായിരുന്നു അവര്‍ ഇന്ത്യയിലെത്തിയത്. പള്ളോട്ടിന്‍ വൈദികര്‍ക്കായിരുന്നു അന്ന് രൂപതയുടെ ഇന്‍ചാര്‍ജ്. 1973 ലാണ് ആദ്യത്തെ ജര്‍മ്മന് സിസ്റ്റര്‍ വുല്‍മാര ഹനോവാര്‍ ഇന്ത്യയിലെത്തിയത്. ഇന്ന് കോണ്‍ഗ്രിഗേഷനില്‍ ഇന്ത്യയില്‍ നിന്നുള്ള 95 കന്യാസ്ത്രികളുണ്ട്. വിവിധ മേഖലകളില്‍ സിസ്റ്റേഴ്‌സിന് സഭ വേണ്ട പരിശീലനം നല്‍കിവരുന്നു. ഇന്ത്യയില്‍ 17 സെന്ററുകളില്‍ അവര്‍ സേവനം ചെയ്യുന്നു.
അതില്‍ 10 എണ്ണം റായ്പൂര്‍ രൂപതയില്‍ തന്നെയാണ്. കൂടാതെ ജബല്‍പൂര്‍, നാഗ്പൂര്‍, ലക്‌നൗ, ബരെലി, റാഞ്ചി, ഹസാരി ബാഗ്, തിരുവനന്തപുരം, താമരശേരി, എറണാകുളം -അങ്കമാലി എന്നീ രൂപതകളിലും അവര്‍ക്ക് മഠങ്ങളുണ്ട്.
‘ഹീലിംഗ് പ്രസന്‍സ്’ എന്നതാണ് സഭയുടെ മോട്ടോ. ക്രിസ്തുവിന്റെ സൗഖ്യസാന്നിധ്യം അവര്‍ അവശരിലേക്കും സാധാരണക്കാരിലേക്കും എത്തിക്കുന്നു. സ്‌കൂളുകളും ഹെല്‍ത്ത് സെന്ററുകളും കുഷ്ഠരോഗാശുപത്രികളും നടത്തുന്നുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *