Follow Us On

04

May

2024

Saturday

ഓരോ മാസവും ആയിരത്തിലധികം വിശ്വാസികള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്ന രൂപത

ഓരോ മാസവും ആയിരത്തിലധികം  വിശ്വാസികള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്ന രൂപത

 പ്ലാത്തോട്ടം മാത്യു

രാജ്യാതിര്‍ത്തികള്‍ക്കപ്പുറം വിദൂരദേശത്ത് ഭാഷയും സംസ്‌കാരവുമെല്ലാം വ്യത്യസ്തമായ ജനങ്ങളുടെയിടയില്‍ സുവിശേഷം ജീവിച്ചും പ്രഘോഷിച്ചുമുള്ള ആത്മീയ ശുശ്രൂഷയിലാണ് ആര്‍ച്ചുബിഷപ് ഡോ. അലക്‌സ് തോമസ് കാളിയാനി. കോട്ടയം ജില്ലയിലെ വള്ളിച്ചിറ സ്വദേശിയായ പിതാവ് സിംബാവേയിലെ ബുലവായോ അതിരൂപതയുടെ അധ്യക്ഷനാണ്. വിദ്യാഭ്യാസം, ജീവിതനിലവാരം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാല്‍ ആധുനികമെന്ന് വിശേഷിപ്പിക്കാന്‍ കഴിയാത്തവരാണ് ആഫ്രിക്കയിലെ പല ജനസമൂഹങ്ങളും. പക്ഷേ അവരുടെ സാമൂഹ്യബന്ധങ്ങളും കൂട്ടായ്മയും മഹത്തരമാണ്. ആദിമ സഭയിലെ കൂട്ടായ്മയും പങ്കുവയ്ക്കലും അനുസ്മരിപ്പിക്കുന്നതാണ് അവരുടെ ജീവിതം. വിശ്വാസികള്‍ ആഴത്തിലുള്ള ദൈവവിശ്വാസം കാത്തുസൂക്ഷിക്കുന്നതിനൊപ്പം, വലിയ ക്രൈസ്തവസാക്ഷ്യംകൂടി നല്‍കുന്നു. ക്രൈസ്തവ സഭ ഇവിടെ ആരംഭിച്ചിട്ട് ഒന്നര നൂറ്റാണ്ടേ ആയിട്ടുള്ളൂ. സുവിശേഷ സന്ദേശവുമായി ആദ്യകാലത്തെത്തിയ മിഷനറിമാര്‍ ജീവന്‍ പണയപ്പെടുത്തിയായിരുന്നു ശുശ്രൂഷ ചെയ്തിരുന്നത്. ഭാഷ പഠിച്ചും പ്രാദേശിക ഭാഷകളിലേക്ക് സുവിശേഷം വിവര്‍ത്തനം ചെയ്തും അവര്‍ വിശ്വാസം പകര്‍ന്നു നല്‍കി. ഇപ്പോള്‍ പ്രാദേശിക ഭാഷകളില്‍ ബൈബിള്‍ ലഭ്യമാണ്. ഇവരുടെ ജീവിതത്തിലെ വിലപ്പെട്ട സ്വത്തായി വിശുദ്ധ ഗ്രന്ഥം മാറിക്കഴിഞ്ഞു. വായിച്ചും ധ്യാനിച്ചും വചനങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയാണ് അവര്‍; ആര്‍ച്ചുബിഷപ് ഡോ. അലക്‌സ് തോമസ് കാളിയാനി പറഞ്ഞു.

ആഫ്രിക്കയിലേക്ക്
എസ്‌വിഡി സഭാംഗമായ ബിഷപ് കാളിയാനി പൗരോഹിത്യസ്വീകരണത്തിനുശേഷമാണ് വിദൂരനാട്ടില്‍ മിഷനറിയായി പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം മേലധികാരികളെ അറിയിച്ചത്. അങ്ങനെയാണ് ആഫ്രിക്കയിലെ ബുലവായോ അതിരൂപതയില്‍ ശുശ്രൂഷയ്ക്കായി എത്തുന്നത്. ഇക്കൊല്ലത്തെ അവധിക്കാലത്ത് ജന്മനാട് സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ആലക്കോട്, കരുണാപുരത്തെ സെന്റ് ജൂഡ്‌സ് തീര്‍ത്ഥാടന ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് വചനസന്ദേശം നല്‍കുകയും ചെയ്തിരുന്നു. ആഫ്രിക്കയിലെ സഭയെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ഇവിടെയുള്ള മൂത്ത സഹോദരിയെ സന്ദര്‍ശിക്കുവാന്‍ എത്തിയ പിതാവ് സിംബാവേയിലെ സഭയുടെയും വിശ്വാസികളുടെയും പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. പ്രാര്‍ത്ഥനകളിലും ശുശ്രൂഷകളിലും ആളുകള്‍ സജീവമായി പങ്കാളികളാകും. സുവിശേഷം വായിക്കുകയും പഠിക്കുകയും ധ്യാനിക്കുകയും ചെയ്താണ് ഓരോ ദിവസവും ജീവിക്കുക. അതിരൂപതാപ്രദേശത്തെ സവിശേഷതകള്‍, ജനങ്ങളുടെ മനോഭാവം തുടങ്ങി നിരവധി അനുഭവങ്ങള്‍ ആര്‍ച്ചുബിഷപ് പങ്കുവച്ചു. സിംബാവേയിലെത്തി വളരെ വേഗം പ്രാദേശിക ഭാഷകള്‍ പഠിച്ചതുനിമിത്തം പ്രാദേശികഭാഷയില്‍ പ്രസംഗിക്കാനും എഴുതാനും വായിക്കാനുമുള്ള കഴിവ് നേടി. ഇത് ശുശ്രൂഷകളെ കാര്യക്ഷമമാക്കി. തദ്ദേശീയരുമായി ഇഴുകിചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മിഷനറിമാര്‍ പ്രത്യേകം ശ്രദ്ധിക്കുന്നതായി ആര്‍ച്ചുബിഷപ് പറഞ്ഞു.

അവധി അഞ്ചുവര്‍ഷത്തിലൊരിക്കല്‍
1989-ലാണ് ബുലവായോ അതിരൂപതയിലെ ശുശ്രൂഷകള്‍ അന്ന് വൈദികനായിരുന്ന അലക്‌സ് തോമസ് ആരംഭിക്കുന്നത്. അതിരൂപതയില്‍ നിരവധി ഉത്തരവാദിത്വങ്ങള്‍ വഹിച്ചു. എല്ലാ ചുമതലകളും ആത്മാര്‍ത്ഥമായി നിര്‍വഹിക്കാന്‍ ശ്രദ്ധിച്ചിരുന്നു. 2009 -ല്‍ ബുലവായോ അതിരൂപത ആര്‍ച്ചുബിഷപ്പായി. സാധാരണ ഗതിയില്‍ അഞ്ചുവര്‍ഷത്തിലൊരിക്കലാണ് നാട്ടില്‍ വരിക.
ബുലവായോ അതിരൂപതയില്‍ 15 ലക്ഷമാണ് ജനസംഖ്യ. 61,000-ത്തിലധികം കത്തോലിക്കരുണ്ട്. 49 ഇടവകകളും 104 ഇടവക വൈദികരുമുണ്ട്. സഭയുടെ അനുദിന ശുശ്രൂഷകളെ സഹായിക്കുന്ന 460 ഉപദേശികള്‍ (പാസ്റ്റര്‍ വര്‍ക്കേഴ്‌സ്) ഉണ്ട്. മതബോധനം, വിശ്വാസജീവിതം, സുവിശേഷപ്രഘോഷണം തുടങ്ങിയ ശുശ്രൂഷകളില്‍ ഇവരുടെ സേവനങ്ങള്‍ വലുതാണ്. പ്രാദേശിക പ്രാര്‍ത്ഥനാകൂട്ടായ്മകളില്‍ വലിയ സഹായമാണ് പാസ്റ്റര്‍ വര്‍ക്കര്‍മാര്‍ ചെയ്യുന്നത്. ഓരോ ആഴ്ചയും 300-400 ആളുകള്‍ മാമോദീസ സ്വീകരിച്ച് വിശ്വാസത്തിലേക്ക് വരുന്നു.

ആഹ്ലാദം പകരുന്ന
സന്ദര്‍ശനങ്ങള്‍
1931-ലാണ് ബുലവായോ അതിരൂപത സ്ഥാപിതമായത്. ജനസംഖ്യയില്‍ 2.8 ശതമാനമാണ് കത്തോലിക്കര്‍. 66,956 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതമായ അതിരൂപതയില്‍ വിദ്യാലയങ്ങള്‍, ആതുരശുശ്രൂഷാ സ്ഥാപനങ്ങള്‍, മറ്റ് സേവനകേന്ദ്രങ്ങള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ സഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു. 1887-ല്‍ ആദ്യമായി കത്തോലിക്കാ വിശ്വാസം എത്തിയ സിംബാവേയില്‍ ഇന്ന് സഭാവിശ്വാസികള്‍ എല്ലാ തലത്തിലും നിര്‍ണായക സ്ഥാനങ്ങള്‍ വഹിച്ചുവരുന്നു. അതിരൂപതയുടെ കീഴില്‍ നാല് രൂപതകള്‍ ഉണ്ട്. ഈശോസഭാ വൈദികര്‍ ഉള്‍പ്പെടെ പല രാജ്യങ്ങളില്‍നിന്നുള്ള വൈദികരും കന്യാസ്ത്രീകളും ശുശ്രൂഷ ചെയ്തുവരുന്നു. മതബോധനരംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
ഒരു ഇടവകയില്‍നിന്നും അടുത്ത സ്ഥലത്തേക്ക് മണിക്കൂറുകള്‍ വാഹനത്തില്‍ യാത്ര ചെയ്തുവേണം എത്തിച്ചേരാന്‍. നഗരപ്രദേശങ്ങളില്‍ നിലവാരമുള്ള റോഡുകളുണ്ടെങ്കിലും ഉള്‍പ്രദേശങ്ങളില്‍ വാഹനയാത്ര ദുഷ്‌കരമാണ്. എങ്കിലും രൂപതാധ്യക്ഷന്‍ എന്ന നിലയില്‍ പരമാവധി ഇടവകകളില്‍ സന്ദര്‍ശിക്കുവാനും ഇടവകജനങ്ങളുമായി വ്യക്തിബന്ധം സ്ഥാപിക്കുവാനും ശ്രദ്ധിക്കുന്നു. ഇടവകയില്‍ ആര്‍ച്ചുബിഷപ് എത്തുന്നത് ജനങ്ങള്‍ക്ക് വലിയ സന്തോഷമുള്ള കാര്യമാണ്. ഇതര മതസ്ഥരും ദൈവാലയത്തില്‍ എത്തി, പിതാവുമായി സംസാരിച്ച് ആഹ്ലാദം പങ്കിടും. ദിവ്യബലിയിലും തിരുക്കര്‍മങ്ങളിലും വിശ്വാസികള്‍ സജീവമായി പങ്കെടുക്കും. സിംബാവേയില്‍ എട്ട് രൂപതകളാണുള്ളത്. എല്ലായിടത്തും ജീവിതനിലവാരവും ജീവിതരീതികളും സമാനമാണ്. സ്‌കൂളുകളിലും മതബോധനക്ലാസുകളുണ്ട്. വൈദികരുടെയും ബിഷപ്പിന്റെയും അഭാവത്തില്‍ പാസ്റ്റര്‍ വര്‍ക്കര്‍മാര്‍ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം വഹിക്കുമെന്ന് ആര്‍ച്ചുബിഷപ് ഡോ. അലക്‌സ് തോമസ് കാളിയാനി പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?