Follow Us On

21

November

2024

Thursday

കട്ടുപറിച്ച പൂവ്‌

കട്ടുപറിച്ച പൂവ്‌

 

കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ സ്പര്‍ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം വായിച്ചുകൊണ്ടിരുന്നപ്പോഴും വായിച്ചു കഴിഞ്ഞപ്പോഴും എനിക്ക് തോന്നിയ പ്രധാന വികാരം ഇതാണ്: നമ്മള്‍ എത്രയോ കൂടുതല്‍ ആത്മീയ മനുഷ്യര്‍ ആകേണ്ടിയിരിക്കുന്നു; നമ്മുടെ ശുശ്രൂഷകള്‍ എത്രയോ കൂടുതല്‍ കൃപകള്‍ നിറഞ്ഞത് ആകേണ്ടിയിരിക്കുന്നു.

നിരവധി പ്രമേയങ്ങള്‍ ഈ പുസ്തകത്തില്‍ വിശകലനം ചെയ്യപ്പെടുന്നുണ്ട്. വൈദികര്‍, സിസ്റ്റര്‍മാര്‍, അല്മായരായ ശുശ്രൂഷകര്‍ തുടങ്ങിയവരുടെ വാക്കുകളും പ്രവൃത്തികളും സമീപനങ്ങളും, വിശ്വാസികളെയും മറ്റുള്ളവരെയും നന്മയിലേക്കോ തിന്മയിലേക്കോ വളര്‍ത്തുന്നതിന് വലിയ പങ്കുവഹിക്കുന്നു എന്ന് അനുഭവ സാക്ഷ്യത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. പള്ളിയിലെ മാതാവിന്റെ രൂപത്തിങ്കല്‍ വെക്കാനായി മഠത്തിലെ പൂന്തോട്ടത്തില്‍ നിന്നും ഒരു റോസാപൂവ് കുഞ്ഞുനാളില്‍ സ്റ്റെല്ല ബെന്നി കട്ടുപറിച്ചതും അത് പിടിക്കപ്പെട്ടതും അത് അറിഞ്ഞ മഠത്തിലെ സിസ്റ്റര്‍ സമാധാനിപ്പിച്ചതും ഈ റോസാപൂവ് പോലെയാകണം നിന്റെ ജീവിതം എന്ന് പറഞ്ഞ് പ്രചോദിപ്പിച്ചതും തന്റെ ആത്മീയ വളര്‍ച്ചയിലും സമര്‍പ്പിതരോടുള്ള സമീപനത്തിലും വലിയ സ്വാധീനം ചെലുത്തിയതായി വിവരിക്കുന്നുണ്ട്. നന്മയുടെ രൂപത്തില്‍ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്ന് നശിപ്പിക്കുന്ന കള്ള പൂച്ചകളെ കരുതിയിരിക്കണം എന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ വിവരിക്കുന്നുണ്ട്.

കുറുക്കനപ്പാപ്പന്റെ ദൈവശാസ്ത്രം വിവരിച്ചുകൊണ്ട്, നമ്മുടെ അറിവുകുറഞ്ഞതും സ്വാര്‍ത്ഥപരവുമായ പല ദൈവശാസ്ത്ര ചിന്തകളാണ് ഇന്ന് സഭയില്‍ കാണുന്ന ഒരുപാട് തര്‍ക്കങ്ങള്‍ക്കും തകര്‍ച്ചകള്‍ക്കും കാരണം എന്ന് വിശദമാക്കുന്നുണ്ട്. അതിരുവിട്ട പാരമ്പര്യ വാദം, റീത്ത് വാദം, ശുദ്ധരക്തവാദം, കുരിശു വിവാദം തുടങ്ങിയ പലതും കുറുക്കനപ്പാപ്പന്റെ അപക്വവും സങ്കുചിതവുമായ ദൈവശാസ്ത്രംപോലെ സങ്കുചിതം എന്ന് വ്യക്തമാകുന്നുണ്ട്. സഭാമക്കള്‍ ഒന്നിച്ചു നിന്നിരുന്നെങ്കില്‍ ശത്രുക്കള്‍ക്ക് സഭയെ ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല എന്ന സങ്കടവും പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നു.
മരിയഭക്തി, ദിവ്യകാരുണ്യഭക്തി, വിശുദ്ധരോടുള്ള ഭക്തി, പരിശുദ്ധാത്മാവിന്റെ അഭിഷേകം തുടങ്ങിയവ ആത്മീയ വളര്‍ച്ചയ്ക്ക് എത്രമാത്രം വിലപ്പെട്ടതാണ് എന്ന് ഈ പുസ്തകം സമര്‍ത്ഥിക്കുന്നു. ഗ്രന്ഥകര്‍ത്താവിന്റെ ആത്മീയ ജീവിതത്തിന്റെ ആഴവും ലോകമോഹങ്ങളോടുള്ള വിരക്തിയും ഒരു രക്തസാക്ഷിയായി മരിക്കാനുള്ള ദാഹവുമെല്ലാം പുസ്തകം വായിക്കുമ്പോള്‍ വായനക്കാര്‍ക്ക് വ്യക്തമാകും.

എല്ലാ വൈദികരും എല്ലാ സിസ്റ്റര്‍മാരും എല്ലാ അല്മായ ശുശ്രൂഷകരും സഭാധികാരികളും നിശ്ചയമായും വായിച്ചിരിക്കേണ്ട പുസ്തകമാണിത്. ഇത് വായിക്കുമ്പോള്‍, ഇതിലെ വാക്കുകളിലൂടെ പരിശുദ്ധാത്മാവ് വായനക്കാരെ സ്പര്‍ശിക്കും; ആത്മീയ ഉണര്‍വ്വിനും കൂടുതല്‍ ഫലപ്രദമായ ആത്മീയ ശുശ്രൂഷകള്‍ക്കും വേണ്ടിയുള്ള ദാഹവും പരിശ്രമവും അവരില്‍ പരിശുദ്ധാത്മാവ് ജനിപ്പിക്കും. അതിനാല്‍ ഈ പുസ്തകം അനേകര്‍ വായിക്കാനും ഉണര്‍വ്വ് നേടാനും ഇടവരട്ടെ എന്ന് ആഗ്രഹിച്ച് പ്രാര്‍ത്ഥിക്കുന്നു. പരിശുദ്ധാത്മാവ് സ്റ്റെല്ല ബെന്നിയിലൂടെ ഇനിയും നല്ല പുസ്തകങ്ങള്‍ എഴുതിക്കട്ടെ!
കോപ്പികള്‍ക്ക്: സോഫിയാ ബുക്‌സ്, പെരുവണ്ണാമൂഴി, കോഴിക്കോട്-673528, ഫോണ്‍: 0496 2961333, 9605770005. http://www.sophiabuy.com

 ഫാ. ജോസഫ് വയലില്‍ CMI

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?