Follow Us On

15

January

2025

Wednesday

പ്രതീക്ഷ നല്‍കുന്ന വിധികള്‍…

പ്രതീക്ഷ നല്‍കുന്ന  വിധികള്‍…

ജപമാലരാജ്ഞിയായ പരിശുദ്ധ മറിയത്തിന് പ്രത്യേകമായി പ്രതിഷ്ഠിക്കപ്പെട്ട ഒക്‌ടോബര്‍ മാസത്തില്‍ ഇന്ത്യയുടെ പരമോന്നത നീതിപീഠം പുറപ്പെടുവിച്ച സുപ്രധാനമായ രണ്ട് വിധികളില്‍ പ്രത്യേകമായ വിധത്തിലുള്ള ദൈവിക ഇടപെടല്‍ ദൃശ്യമായിരുന്നു. സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയില്ല എന്ന ചരിത്രപ്രാധാന്യമുള്ള സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധിയും 26 ആഴ്ചയെത്തിയ ഗര്‍ഭം നശിപ്പിക്കാന്‍ അനുമതി തേടി രണ്ടുകുട്ടികളുടെ അമ്മയായ സ്ത്രീ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടുള്ള വിധിയും ക്രൈസ്തവര്‍ക്ക് മാത്രമല്ല, ദൈവവിശ്വാസികളായ എല്ലാവര്‍ക്കും വലിയ പ്രതീക്ഷ നല്‍കുന്നു. രാജ്യത്തും ലോകത്തും യുദ്ധവും അശാന്തിയും നടമാടുന്ന ഈ സമയത്ത് ധാര്‍മികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും ദൈവികസംവിധാനങ്ങളെ അംഗീകരിച്ചുകൊണ്ടും സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്ന വിധി മനുഷ്യകുലത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന തിന്മകള്‍ക്കെതിരായ പോരാട്ടത്തിലെ നിര്‍ണായക വിജയമാണ്.

പലവിധകാരണങ്ങളാല്‍ വിയോജിപ്പിലായിരിക്കുന്ന ഹിന്ദു – മുസ്ലീം-ക്രൈസ്തവ മതവിഭാഗങ്ങള്‍ക്ക് ഈ വിഷയങ്ങളിലുള്ള അഭിപ്രായ ഐക്യം, യോജിച്ച് പ്രവര്‍ത്തിക്കാനുള്ള ഒരു അവസരം കൂടിയാണ് സംജാതമാക്കിയിരിക്കുന്നത്. അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കെ തന്നെ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാവുന്ന മേഖലകള്‍ കണ്ടെത്തി യോജിച്ച് പ്രവര്‍ത്തിച്ച് തുടങ്ങുന്നതിലൂടെ കൂട്ടായ്മയും തുറന്ന സംവാദവും സാധ്യമാകുമെന്ന് സ്വജീവിതത്തിലൂടെ കാണിച്ചു തന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാതൃക പിന്തുടരാന്‍ സാധിച്ചാല്‍ അത് മതാന്തരകൂട്ടായ്മയുടെ മേഖലയില്‍ പുതിയ നാഴികക്കല്ലാവും. കഴിഞ്ഞ കുറെ നാളുകളായി വിവിധ നിയമനിര്‍മാണങ്ങളിലൂടെയും ഉത്തരവുകളിലൂടെയും നടപടികളിലൂടെയും സ്വേച്ഛാധിപത്യപരമായ രീതിയില്‍ ജനങ്ങളുടെ, പ്രത്യേകിച്ചും ക്രൈസ്തവരടക്കമുള്ള ന്യൂനപക്ഷങ്ങളുടെ ജീവിതം ദുസ്സഹമാക്കിയ ഗവണ്‍മെന്റ,് ഈ ഇരുവിഷയങ്ങളിലും ധാര്‍മികമായ നിലപാടാണ് കോടതിയില്‍ സ്വീകരിച്ചതെന്നുള്ളതും പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നു. അതുകൊണ്ടുതന്നെ ഭാവിയില്‍ ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട നിയമനിര്‍മാണങ്ങള്‍ പാര്‍ലമെന്റില്‍ ഉണ്ടായാല്‍തന്നെയും ധാര്‍മികതക്ക് എതിരായ നിലപാടുകള്‍ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന് ന്യായമായും പ്രതീക്ഷിക്കാം. ഏതായാലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട നിലപാടുകള്‍ പരസ്യമാക്കുവാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തയാറാകണം.

രാജ്യത്തെ നിയമങ്ങളോടും നിയമസംവിധാനങ്ങളോടും അങ്ങേയറ്റം വിധേയത്വവും ബഹുമാനവും പുലര്‍ത്തുന്നവരും പുലര്‍ത്താന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നവരുമാണ് ഇവിടുത്തെ ക്രൈസ്തവ വിശ്വാസികള്‍. എന്നിരുന്നാലും ദൈവികനിയമങ്ങള്‍ക്ക് എതിരായ കരിനിയമങ്ങള്‍ ഉണ്ടാക്കിയാല്‍ അത് അനുസരിക്കാതിരിക്കേണ്ടി വരുന്നതിന്റെ ഫലമായി സമാധാനപരമായ ജീവിതം ഇവിടെ അസാധ്യമായി തീരും. അതുകൊണ്ടുതന്നെ ധാര്‍മികബോധത്തിന് വിരുദ്ധമായ ആശയങ്ങള്‍ വച്ചുപുലര്‍ത്തുന്ന രാഷ്ട്രീയ നേതാക്കളെയും പാര്‍ട്ടികളെയും അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തുവാന്‍ സമാനമായ ആശയങ്ങള്‍ പുലര്‍ത്തുന്നവരുമായി സഹകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കാന്‍ ക്രൈസ്തവര്‍ മുന്നിട്ടിറങ്ങേണ്ട സമയംകൂടിയാണിത്.
സ്വവര്‍ഗവിവാഹം നിയമവിധേയമാക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് നിയമനിര്‍മാണസഭയായ പാര്‍ലമെന്റാണ് എന്ന അഭിപ്രായമാണ് അഞ്ചംഗ ബഞ്ചിന്റെ വിധിയില്‍ പറഞ്ഞിരിക്കുന്നത്. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകാന്‍ അനുവാദമില്ലെങ്കിലും സ്വര്‍വഗപങ്കാളികള്‍ക്ക് ഒരുമിച്ച് താമസിക്കാനും കുട്ടികളെ ദത്തെടുക്കാനുമുള്ള അവകാശമുണ്ടെന്നാണ് ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചത്.

അതേസമയം അഞ്ചംഗ ബഞ്ചിലെ ഭൂരിപക്ഷവും എതിരായതിനാല്‍ അത് വിധിയുടെ ഭാഗമായില്ല. പ്രകൃതിവിരുദ്ധമായ ഈ ബന്ധത്തില്‍ ഏര്‍പ്പെടുന്ന പങ്കാളികളുടെ പക്കല്‍ ദത്ത് ലഭിക്കുന്ന കുട്ടികള്‍ നേരിടേണ്ടി വരുന്ന മാനസികവും വൈകാരികവും ഒരുപക്ഷേ ശാരീരികവുമായ പീഡനങ്ങളാണ് ഇത്തരം ബന്ധങ്ങളിലെ ഏറ്റവും വലിയ ഒരു അപകടം എന്നത് മറക്കാവുന്ന കാര്യമല്ല. സ്വവര്‍ഗവിവാഹം നിയമവിധേയമാക്കിയ രാജ്യങ്ങളില്‍ ഇപ്രകാരം ദത്ത് നല്‍കപ്പെട്ട കുട്ടികള്‍ ദുരുപയോഗിക്കപ്പെട്ട നിരവധി ഉദാഹരണങ്ങള്‍ നിലവിലുണ്ട്. ഇങ്ങനെ ദത്ത് നല്‍കപ്പെട്ട കുട്ടികളില്‍ 90 ശതമാനത്തിലധികം കുട്ടികള്‍ ദുരുപയോഗിക്കപ്പെട്ടതായി ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ സ്വവര്‍ഗാഭിമുഖ്യം പുലര്‍ത്തുന്നവരും മറ്റ് പ്രകൃതിവിരുദ്ധ ലൈംഗിക ചായ്‌വുകള്‍ പ്രകടിപ്പിക്കുന്നവരുമായവരെ പരിരക്ഷിക്കുന്നതിനായി പ്രബലരമായ എല്‍ജിബിറ്റിക്യു+ ലോബികള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇത്തരം പഠന റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കപ്പെടാതെ പോവുകയാണ് ചെയ്യുന്നത്.

നമ്മുടെ കുട്ടികളുടെ ഇടയിലും നമ്മുടെ ദേശത്തും ഇത്തരം പ്രവണതകള്‍ വ്യാപകമല്ലെങ്കിലും ഈ തിന്മകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും പ്രാര്‍ത്ഥനയുടെ കോട്ടകള്‍ തീര്‍ക്കണമെന്നും ലോകത്തിന്റെ ഇന്നത്തെ അവസ്ഥ നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു. മറ്റേതൊരു വൈകല്യമുള്ള വ്യക്തിയെപ്പോലെയോ പാപാവസ്ഥയില്‍ അകപ്പെട്ട വ്യക്തിയെപ്പോലെയോ ഭിന്ന ലൈംഗിക ആഭിമുഖ്യങ്ങളില്‍ അകപ്പെട്ടവരെയും ഉള്‍ക്കൊള്ളേണ്ടതുണ്ട് എന്ന് സഭ നമ്മെ പഠിപ്പിക്കുന്നു. എന്നാല്‍ ഇത്തരം വ്യക്തികളെ അംഗീകരിക്കുമ്പോള്‍ തന്നെ അവര്‍ ഏര്‍െപ്പടാന്‍ സാധ്യതയുള്ള പ്രകൃതിവിരുദ്ധമായ പ്രവര്‍ത്തനങ്ങളും ബന്ധങ്ങളും ദൈവതിരുമുമ്പില്‍ വലിയ ശിക്ഷ വിളിച്ചു വരുത്തുന്ന പാപങ്ങളാണെന്ന് വ്യക്തമാക്കുന്നതില്‍ നിന്ന് ക്രൈസ്തവര്‍ക്ക് ഒരിക്കലും ഒളിച്ചോടാനാവില്ല. സമാനമായ വിധത്തില്‍ രാജ്യത്തിന്റെ നിയമപ്രകാരം ഗര്‍ഭധാരണത്തിന്റെ ഒരു കാലഘട്ടം വരെ ഭ്രൂണഹത്യ അനുവദനീയമാണെങ്കിലും ദൈവതിരുമുമ്പില്‍ അത് ഒരു ഘട്ടത്തിലും അനുവദനീയമല്ലെന്നും വലിയ പ്രത്യാഘാതം വിളിച്ചു വരുത്തുന്ന തിന്മയാണെന്നും അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പഠിപ്പിക്കുവാന്‍ നമുക്ക് കടമയുണ്ടെന്ന കാര്യം മറക്കരുത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?