Follow Us On

05

December

2023

Tuesday

ആഗോള സിനഡ് ഒരു വിലയിരുത്തല്‍

ആഗോള സിനഡ് ഒരു വിലയിരുത്തല്‍

റവ. ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍
(ലേഖകന്‍ വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിലെ പ്രഫസറാണ്.)

ജനകീയനായ ഫ്രാന്‍സിസ് പാപ്പയുടെ നേതൃത്വത്തില്‍ മെത്രാന്മാരുടെ സിനഡു സമ്മേളനം ഒക്‌ടോബര്‍ നാലുമുതല്‍ 28 വരെ റോമില്‍ നടന്നു. 29-ന് ഫ്രാന്‍സിസ് പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെയാണ് സിനഡ് സമാപിച്ചത്. മെത്രാന്മാരുടെ സിനഡു സമ്മേളനം എന്നാണ് പറയുന്നതെങ്കിലും സമര്‍പ്പിതരും അല്മായരും ഇതില്‍ പങ്കെടുത്തു. സിനഡില്‍ പങ്കെടുത്ത 446 പേരില്‍ 364 പേര്‍ക്ക് വോട്ടവകാശമുണ്ടായിരുന്നു. ‘സിനഡാത്മക സഭ: കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതത്വം’ എന്നതായിരുന്നു സിനഡിന്റെ മുഖ്യചര്‍ച്ചാവിഷയം. ‘സിന്‍’, ‘ഓദോസ്’ എന്നീ രണ്ടു പദങ്ങള്‍ ചേര്‍ന്നാണ് സിനഡ് എന്ന ഗ്രീക്കുപദം രൂപപ്പെട്ടത്. ‘സിന്‍’ എന്നതിന് ‘ഒരുമിച്ച്’ എന്നും ‘ഓദോസ്’ എന്നതിന് ‘വഴി’ എന്നുമാണര്‍ത്ഥം. ‘ഒരുമിച്ച്~ഒരേ വഴിയില്‍’ എന്നാണ് സിനഡ് എന്ന വാക്കിന്റെ അര്‍ത്ഥം.

മുന്നൊരുക്കങ്ങള്‍
സിനഡാത്മകതയ്ക്ക് സമാനമായ പ്രവര്‍ത്തനശൈലി ഈശോ ശിഷ്യന്മാരെ പ്രേഷിതപ്രവര്‍ത്തനത്തിന് അയക്കുന്നതില്‍ കാണാന്‍ കഴിയും. സംഘാതമായ പ്രവര്‍ത്തനശൈലിയാണ് അവിടുന്ന് 72 ശ്ലീഹന്മാരെ അയക്കുമ്പോഴും സ്വീകരിക്കുന്നത്. ആദിമസഭയിലും സിനഡാത്മകതയുടെ മാനങ്ങള്‍ ദര്‍ശിക്കാന്‍ സാധിക്കും. അതുകൊണ്ടാണ് ”അവര്‍ അപ്പസ്‌തോലന്മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കല്‍, പ്രാര്‍ത്ഥന എന്നിവയില്‍ സദാ താല്‍പര്യപൂര്‍വം പങ്കുചേര്‍ന്നത്” (അപ്പ. 2:42). അപ്പസ്‌തോലന്മാരുടെ പിന്‍ഗാമികളായ മെത്രാന്മാര്‍ തങ്ങള്‍ക്കു ലഭിച്ച ആധ്യാത്മിക നാണയങ്ങള്‍ കൈവയ്പുശുശ്രൂഷയിലൂടെ സിനഡാത്മകരീതിയില്‍ സഹവൈദികര്‍ക്ക് കൈമാറുന്നു.

സിനഡാത്മക സഭയെ വിഭാവനം ചെയ്തുകൊണ്ടുള്ള സിനഡിന് മുന്നൊരുക്കങ്ങള്‍ വളരെയധികമുണ്ടായിരുന്നു. 2021 മുതല്‍ സഭയുടെ വിവിധ തലങ്ങളില്‍ ധാരാളം ചര്‍ച്ചകളും പഠനങ്ങളും നടക്കുകയുണ്ടായി. രൂപതാ, വ്യക്തിഗതസഭകള്‍, രാജ്യങ്ങള്‍, ഭൂഖണ്ഡങ്ങള്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ തലങ്ങളില്‍ മീറ്റിംഗുകളും സംവാദങ്ങളും സംഘടിപ്പിക്കപ്പെട്ടു. ഇപ്രകാരമുള്ള വിശാലമായ പഠനങ്ങളില്‍നിന്നും വിലയിരുത്തലുകളില്‍നിന്നും ഉരുത്തിരിഞ്ഞ ആശയങ്ങളും കണ്ടെത്തലുകളുമാണ് ആഗോള സിനഡുസമ്മേളനത്തില്‍ ചര്‍ച്ച ചെയ്തത്.

എല്ലാവരും തുല്യര്‍
ഉപഭോഗസംസ്‌കാരവും അഴിമതിയും ധാര്‍മികച്യുതിയും കൊടികുത്തിവാഴുന്ന ആധുനിക സംസ്‌കൃതിയില്‍ യുദ്ധങ്ങളും യുദ്ധഭീഷണികളും ലോകത്തെ പരിതാപാവസ്ഥയിലാക്കുന്നു. പട്ടിണിയും ദാരിദ്ര്യവുംമൂലം അനേകര്‍ കുടിയേറ്റത്തിന്റെയും പ്രവാസത്തിന്റെയും ഭാണ്ഡക്കെട്ടുമായി വഴിയറിയാതെ നടന്നുനീങ്ങുന്ന കാഴ്ചകള്‍ മനസിനെ ഉലയ്ക്കുന്നതാണ്. പാരിസ്ഥിതികപ്രശ്‌നങ്ങളും കാലാവസ്ഥ വ്യതിയാനവും വലിയ ഭീഷണികളായി നമ്മുടെ മുമ്പിലുണ്ട്. ഇങ്ങനെയുള്ള പ്രതിസന്ധികളെക്കുറിച്ച് മുന്നറിയിപ്പുകളോടൊപ്പം പരിഹാരമാര്‍ഗങ്ങളും ഫ്രാന്‍സിസ് പാപ്പ പുറത്തിറക്കിയ ‘ദൈവത്തെ സ്തുതിക്കുക’ (ലൗദാത്തേ ദേവും) എന്ന അപ്പസ്‌തോലിക ലേഖനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് പാപ്പ അസന്നിഗ്ധമായി ഇതില്‍ പ്രഖ്യാപിക്കുന്നു.

ദൈവവചനശ്രവണവും പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനവും സിനഡുസമ്മേളനത്തെ സമ്പുഷ്ടവും ദൈവികചൈതന്യമുള്ളതുമാക്കിത്തീര്‍ത്തു. പാശ്ചാത്യ-പൗരസ്ത്യ സഭകളുടെ പ്രതിനിധികളോടൊപ്പം ഇതരസഭകളില്‍നിന്നും സഭാസമൂഹങ്ങളില്‍നിന്നും പ്രതിനിധികള്‍ സിനഡില്‍ പങ്കെടുത്തത് ചര്‍ച്ചകളെ സമ്പന്നമാക്കിയെന്നതിന് സംശയമില്ല. സിനഡില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങളുടെയും തീരുമാനങ്ങളുടെയും വെളിച്ചത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ സഭയില്‍ ഉണ്ടാകണം. അതിനുതകുന്ന രീതിയില്‍ സഭാസംവിധാനങ്ങളില്‍ പങ്കാളിത്തമനോഭാവം രൂപപ്പെട്ടുവരണം. മാമോദീസ സ്വീകരിക്കുന്ന എല്ലാവര്‍ക്കും സഭയില്‍ ഒരേ സ്ഥാനമാണുള്ളത്. സഭയില്‍ ആരും വലുതോ ആരും ചെറുതോ അല്ല; എല്ലാവരും തുല്യരാണെന്ന ക്രിസ്തീയ കാഴ്ചപ്പാടിലൂന്നിയ പങ്കാളിത്ത ദര്‍ശനമാണ് സഭാമക്കളെ നയിക്കേണ്ടത്. സഭയുടെ ശുശ്രൂഷകളില്‍ അല്മായര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ഉണ്ടാകണം. സ്ത്രീകള്‍ക്കും അര്‍ഹമായ പരിഗണന സഭയുടെ സംവിധാനങ്ങളില്‍ ലഭിക്കണം. എല്ലാവരെയും പരിഗണിക്കാനും ഉള്‍ക്കൊള്ളാനുമുള്ള ഈശോയുടെ മനോഭാവം സഭയാകുന്ന ഭവനത്തിലും സംജാതമാകണം.

പ്രേഷിതദൗത്യം
പങ്കാളിത്ത മനോഭാവത്തില്‍നിന്നു മാത്രമേ കൂട്ടായ്മയുടെ ഫലങ്ങള്‍ സഭയില്‍ പുഷ്പിക്കുകയുള്ളൂ. ഓരോരുത്തര്‍ക്കുമുള്ള ക്രിസ്തീയദൗത്യങ്ങള്‍ കൂട്ടായ്മയുടെ അവബോധത്തോടെ നിര്‍വഹിക്കാന്‍ ദൈവജനം സന്നദ്ധരാകണം. പതിതരെയും പാവപ്പെട്ടവരെയും പരിഗണിക്കാനും മുറിവേറ്റവരെ പരിചരിക്കാനും ഒറ്റപ്പെട്ടുപോയവരെ ശ്രവിക്കാനും അകന്നുപോയവരെ അടുപ്പിക്കാനും പരിശ്രമിക്കുമ്പോഴാണ് കൂട്ടായ്മ സഭയില്‍ ശക്തിപ്പെടുന്നത്. ആധികാരികമായ ശ്രവണവും സംവാദവും മുറിവുകളെ ഉണക്കാനും തെറ്റിദ്ധാരണകളെ ഇല്ലാതാക്കാനും സഹായകരമാണ്. കുടുംബബന്ധങ്ങളെ ഊട്ടിയുറപ്പിക്കാനും കുടുംബാംഗങ്ങളെ വിശ്വാസത്തില്‍ വളര്‍ത്താനും അജപാലകര്‍ മുന്നിട്ടിറങ്ങണം. ദൈവജനത്തിന്റെ സജീവപങ്കാളിത്തത്തിലൂടെ മാത്രമേ സഭാപ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടുപോകുകയുള്ളൂ.

കൂട്ടായ്മയും പങ്കാളിത്തവുമുള്ള സഭയില്‍ പ്രേഷിതചൈതന്യം സ്വഭാവികമായി രൂപപ്പെട്ടുവരുമെന്നത് അവിതര്‍ക്കമാണ്. ഓരോ ക്രൈസ്തവനും മിശിഹായുടെ പ്രേഷിതനാണ്. സുവിശേഷപ്രഘോഷണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന തിരിച്ചറിവ് ദൈവജനത്തിന്റെ ഇടയില്‍ രൂഢമൂലമാകണം. സഭയുടെ പ്രേഷിതദൗത്യത്തില്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്വമുണ്ട്. തന്മൂലം, സുവിശേഷപ്രഘോഷണം ജീവിതദൗത്യമായി ഏവരും സ്വീകരിക്കണം. ഇപ്രകാരം പങ്കാളിത്തത്തിലും കൂട്ടായ്മയിലും പ്രേഷിതചൈതന്യത്തിലും അധിഷ്ഠിതമായ സിനഡാത്മക ശൈലിയാണ് ആഗോള സിനഡുസമ്മേളനം വിഭാവനം ചെയ്യുന്നത്.

വിശുദ്ധ ഗ്രന്ഥത്തില്‍ വേരൂന്നിയതും സഭാപാരമ്പര്യത്തില്‍ അധിഷ്ഠിതവും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ മുന്നോട്ടുവച്ചതുമായ സിനഡാത്മകശൈലി ഫ്രാന്‍സിസ് പാപ്പയുടെ നേതൃത്വത്തില്‍ കത്തോലിക്കാസഭയില്‍ നടപ്പില്‍ വരുത്താനാണ് ആഗോള സിനഡുസമ്മേളനം പരിശ്രമിക്കുന്നത്. അതിന്, വൈദിക പരിശീലനത്തിലും ദൈവശാസ്ത്രത്തിലും കാനോനിക നിയമങ്ങളിലും സിനഡാത്മകദര്‍ശനം വളര്‍ന്നുവരണം. ആധ്യാത്മികമായ മാനസാന്തരം കൈവരിച്ച് സ്വര്‍ഗത്തെ ലക്ഷ്യമാക്കി എല്ലാവരും ഒരുമയോടെ നടന്നുനീങ്ങണം. പ്രാദേശികസഭകളിലും വ്യക്തഗത സഭകളിലും സാര്‍വത്രികസഭയിലും കൂട്ടുത്തരവാദിത്വത്തോടെയുള്ള സിനഡാത്മകസംസ്‌കാരം നടപ്പിലാകുമ്പോഴാണ് ഭൂമിയില്‍ ദൈവരാജ്യം സംസ്ഥാപിതമാകുന്നത്. 2024 ഒക്‌ടോബറില്‍ നടക്കുന്ന സിനഡുസമ്മേളനം ഇതിനു വഴികാട്ടിയായിത്തീരുമെന്ന് പ്രത്യാശിക്കാം.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?