ഡോ. സിബി മാത്യൂസ്
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു 1939 മുതല്‍ 1945 വരെ നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധം. ആറുവര്‍ഷം നീണ്ടുനിന്ന ആ മഹായുദ്ധത്തില്‍ നാലു കോടിയിലധികം മനുഷ്യര്‍ കൊല്ലപ്പെട്ടു. യൂറോപ്പിലെ വന്‍നഗരങ്ങള്‍, വെറും കരിങ്കല്‍ കൂമ്പാരങ്ങളായി മാറി. ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി മുതലായ വന്‍ശക്തികള്‍ യുദ്ധാനന്തരം വലിയ സാമ്പത്തിക തകര്‍ച്ചയെ നേരിടേണ്ടിവന്നു. സര്‍വരാജ്യങ്ങളും പിടിച്ചടക്കുവാന്‍ വെമ്പിയ ഹിറ്റ്‌ലര്‍ എന്ന ഭരണാധികാരിയുടെ ഒടുങ്ങാത്ത സാമ്രാജ്യമോഹം വരുത്തിവച്ച ദുരന്തം, അവസാനിച്ചത് 1945 ഓഗസ്റ്റില്‍ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ അണുബോംബുകള്‍ വര്‍ഷിച്ചതോടെയാണ്.
ശീതയുദ്ധം
തുറന്ന യുദ്ധം അവസാനിച്ചുവെങ്കിലും അമേരിക്കയുടെ നേതൃത്വത്തില്‍ പാശ്ചാത്യരാജ്യങ്ങളും സോവ്യറ്റ് റഷ്യയുടെ നേതൃത്വത്തില്‍ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും രണ്ടു ശാക്തികചേരികളായി നിലകൊണ്ടു. ഇരുപക്ഷവും അത്യന്താധുനികമായ ആയുധങ്ങള്‍ ശേഖരിച്ച് ശക്തി പരീക്ഷണത്തിനായി തയാറെടുത്തുകൊണ്ടിരുന്നു. ഈ അവസ്ഥ ‘ശീതയുദ്ധം’ എന്നാണ് അറിയപ്പെടുന്നത്. 1950-53 കാലയളവില്‍ കൊറിയന്‍ യുദ്ധം ഉണ്ടായെങ്കിലും അത് മറ്റു രാജ്യങ്ങളിലേക്ക് വ്യാപിക്കാതെ യുഎന്‍ഒയുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പായി.
1961-62 വര്‍ഷങ്ങളില്‍ ക്യൂബയില്‍ ഉണ്ടായ സംഭവവികാസങ്ങള്‍ ലോകരാഷ്ട്രങ്ങളെ വീണ്ടുമൊരു മഹായുദ്ധത്തിന്റെ ഭീതിയിലാഴ്ത്തി. ഫിദെല്‍ കാസ്‌ട്രോയുടെ നേതൃത്വത്തില്‍ 1959-ല്‍ ക്യൂബയില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത് അമേരിക്കയെ ഞെട്ടിച്ചു. അമേരിക്കന്‍ വന്‍കരയില്‍നിന്ന് വെറും 150 കിലോമീറ്റര്‍മാത്രം ദൂരത്തുള്ള ക്യൂബയില്‍ സോവ്യറ്റ് റഷ്യയുടെ സ്വാധീനം വളര്‍ന്നുവന്നതില്‍ അമേരിക്കയിലെ ഭരണാധികാരികള്‍ വളരെയേറെ ആശങ്കപ്പെട്ടു. അമേരിക്കന്‍ ചാരസംഘടനയായ സിഐഎ പരിശീലനം നല്‍കി, ക്യൂബയില്‍ ആക്രമണം നടത്തുവാന്‍ അയച്ച ക്യൂബന്‍ ജനാധിപത്യവാദികളുടെ സൈന്യം കാസ്‌ട്രോയുടെ സായുധസേനയുടെ മുന്നില്‍ നിശേഷം പരാജയപ്പെട്ടു.
ഉടന്‍ കീഴടങ്ങുക
1961 ഏപ്രില്‍മാസം നടന്ന ഈ സംഭവം ‘ ആമ്യ ീള ജശഴ’െ ആക്രമണം എന്നാണ് അറിയപ്പെടുന്നത്. അമേരിക്കയുടെ പിന്‍തുണയോടെ ഉണ്ടായ ഈ സൈനിക ഇടപെടലില്‍ പ്രകോപിതനായ റഷ്യന്‍ പ്രധാനമന്ത്രി നികിതാ ക്രൂഷ്‌ചേവ്, ക്യൂബന്‍ ദ്വീപില്‍ പലയിടങ്ങളിലായി അനേകം മിസൈലുകള്‍ സ്ഥാപിച്ചു. ”അമേരിക്കയെ ഞങ്ങള്‍ പാഠം പഠിപ്പിക്കും.” ക്രുദ്ധനായി നികിതാ ക്രൂഷ്‌ചേവ് പത്രസമ്മേളനത്തില്‍ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോണ്‍ എഫ്. കെന്നഡിയും പ്രത്യാക്രമണത്തിന് തയാറെടുത്തു. മൂന്നാം ലോകമഹായുദ്ധം ഏതു നിമിഷവും പൊട്ടിപ്പുറപ്പെടാം. ലോകരാഷ്ട്രങ്ങളില്‍ ആശങ്ക പടര്‍ന്നു.
റഷ്യന്‍ നാവികസേനയുടെ ഒരു വലിയ മുങ്ങിക്കപ്പല്‍ ക്യൂബന്‍ തീരത്തുവന്നു, അടുത്ത ഉത്തരവിനായി കാത്തിരുന്നു. അവരെ നിരായുധരാക്കുവാന്‍ അമേരിക്കന്‍ നാവികസേനയുടെ വിമാനവാഹിനിക്കപ്പലും നിരവധി യുദ്ധവിമാനങ്ങളും അവിടെയെത്തി. ”ഉടന്‍ കീഴടങ്ങുക” റഷ്യന്‍ അന്തര്‍വാഹിനിക്ക് താക്കീതായി സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരുന്നു. ബി-54 വിഭാഗത്തില്‍പെടുന്ന റഷ്യന്‍ അന്തര്‍വാഹിനിയില്‍ 120 നാവികരും 14 ഓഫീസര്‍മാരും ഉണ്ടായിരുന്നു. ക്യാപ്റ്റന്‍ വാലന്റിന്‍ സാവിറ്റ്‌സ്‌ക്കി പറഞ്ഞു: ”നാം ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ടുകഴിഞ്ഞു, നമുക്ക് രക്ഷപ്പെടുവാനാവില്ല. ഒരിക്കലും അമേരിക്കയുടെ മുന്നില്‍ കീഴടങ്ങിക്കൂടാ. അണ്വായുധം ഘടിപ്പിച്ച നമ്മുടെ ടോര്‍പിഡോ അമേരിക്കയുടെ വിമാനവാഹിനിക്കുനേരെ അയക്കൂ. അവരെ തകര്‍ക്കൂ. എന്നിട്ട് നമുക്കും അഭിമാനത്തോടെ മരിക്കാം.”
റഷ്യന്‍ തീരത്തേക്കുള്ള മടക്കം
എന്നാല്‍ വൈസ് ക്യാപ്റ്റനായിരുന്ന വാസിലി അര്‍ഖിപോവ് പറഞ്ഞു, ”പാടില്ല, ഞാന്‍ ഇതിനു സമ്മതിക്കുകയില്ല. നാം ഏറെ ദിവസങ്ങളായി കടലിന്റെ അടിയിലാണ്. പുറംലോകത്ത് എന്തു നടക്കുന്നു, നമുക്ക് അറിഞ്ഞുകൂടാ. അമേരിക്കന്‍ നാവികസേനയെ ആക്രമിക്കൂ എന്ന ഉത്തരവ് മോസ്‌ക്കോയില്‍ ലഭിച്ചിട്ടുമില്ല.” റഷ്യന്‍ നാവികസേനയുടെ പ്രോട്ടോകോള്‍പ്രകാരം, ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും മൂന്നാമത്തെ മുതിര്‍ന്ന ഓഫീസറുംകൂടെ ഐകകണ്‌ഠ്യേന തീരുമാനമെടുത്താല്‍ മാത്രമേ വന്‍ നശീകരണശേഷിയുള്ളതും അണ്വായുധം ഘടിപ്പിച്ചതുമായ ടോര്‍പിഡോ ശത്രുസേനയുടെനേരെ വിക്ഷേപിക്കുവാന്‍ പാടുള്ളൂ. വാസിലി അര്‍ഖിപോവിന്റെ എതിര്‍പ്പുമൂലം ആ ടോര്‍പിഡോ വിക്ഷേപിക്കപ്പെട്ടില്ല. പകരം, അവര്‍ സമുദ്രോപരിതലത്തിലേക്കു വന്നു. ”ഞങ്ങള്‍ റഷ്യന്‍ തീരത്തേക്കു മടങ്ങുന്നു” എന്ന സന്ദേശം മോസ്‌കോയിലെ നാവികസേനാ കേന്ദ്രത്തിലേക്ക് അയച്ചശേഷം അവര്‍ റഷ്യന്‍ സ്വാധീനമേഖലയിലേക്കു മടങ്ങി. അമേരിക്കന്‍ വിമാനവാഹിനിക്കപ്പലും യുദ്ധവിമാനങ്ങളും അവരുടെ താവളങ്ങളിലേക്കും മടങ്ങി. റഷ്യന്‍ പ്രധാനമന്ത്രിയാകട്ടെ ക്യൂബയില്‍ സ്ഥാപിച്ചിരുന്ന മിസൈലുകള്‍ നീക്കം ചെയ്ത് തിരികെ റഷ്യയിലേക്കു കൊണ്ടുപോയി. ഇതെല്ലാം സംഭവിച്ചത് 1962 ഒക്‌ടോബര്‍ 27-നായിരുന്നു.
അന്ന് അമേരിക്കന്‍ വിമാനവാഹിനിക്കപ്പലിനുനേരെ അണ്വായുധം ഘടിപ്പിച്ച ടോര്‍പിഡോ വിക്ഷേപിച്ചിരുന്നെങ്കില്‍, അത്യന്തം വിനാശകരമായ ഒരു ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുമായിരുന്നു. വാസിലി അര്‍ഖിപോവ് തുടര്‍ന്നും റഷ്യന്‍ നാവികസേനയില്‍ സേവനം ചെയ്തു. റിയര്‍ അഡ്മിറല്‍ റാങ്കിലെത്തി വിരമിച്ചു. ആരാലും അറിയപ്പെടാതെ 1998-ല്‍ അദ്ദേഹം നിര്യാതനായി. ക്യൂബന്‍ തീരത്ത് 1962-ലുണ്ടായ സംഭവം ബാഹ്യലോകം അറിയരുതെന്ന് റഷ്യന്‍ ഭരണാധികാരികള്‍ ആഗ്രഹിച്ചിരുന്നു.
2002-ല്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരിലൂടെയാണ് പാശ്ചാത്യലോകം ഈ സംഭവം അറിയുവാനിടയായത്. ‘മൂന്നാം ലോകമഹായുദ്ധത്തില്‍നിന്നും ലോകത്തെ രക്ഷിച്ച വ്യക്തി’ എന്നാണ് ഇപ്പോള്‍ അദ്ദേഹം അറിയപ്പെടുന്നത്. 2017-ല്‍ ‘ഫ്യൂച്ചര്‍ ഓഫ് ലൈഫ്’ അവാര്‍ഡ് അദ്ദേഹത്തിന്റെ കുടുംബത്തിന് സമ്മാനിക്കപ്പെട്ടു. വാസ്തവത്തില്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം അദ്ദേഹത്തിന് നല്‍കേണ്ടതായിരുന്നില്ലേ?
Leave a Comment
Your email address will not be published. Required fields are marked with *