Follow Us On

06

May

2024

Monday

അപൂര്‍വ ഗുരുദക്ഷിണകള്‍

അപൂര്‍വ ഗുരുദക്ഷിണകള്‍

ജോസഫ് മൈക്കിള്‍

ശാലോം ടി.വിയുടെ ചെയര്‍മാനും സണ്‍ഡേ ശാലോം പത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററുമായ ഫാ. ജോസഫ് വയലില്‍ സിഎംഐ സന്യാസ വ്രതവാഗ്ദാനത്തിന്റെ സുവര്‍ണ ജൂബിലി നിറവില്‍… സിഎംഐ കോഴിക്കോട് സെന്റ് തോമസ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍, കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജ് പ്രിന്‍സിപ്പല്‍, കല്‍പ്പറ്റ ഫാത്തിമ മാതാ മിഷന്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുള്ള വയലിലച്ചന്റെ ജീവിതത്തിലൂടെ ഒരു സഞ്ചാരം.

പഴയൊരു പ്രീ-ഡിഗ്രി ക്ലാസാണ് രംഗം. പാഠങ്ങള്‍ക്കൊപ്പം കുട്ടികളെ മോട്ടീവേറ്റു ചെയ്യേണ്ടതു ഉത്തരവാദിത്വമായി കണ്ടിരുന്ന അധ്യാപകനായിരുന്നു ക്ലാസില്‍. ‘പോക്കറ്റില്‍ പണം ഇല്ലാത്തവനല്ല, മനസില്‍ സ്വപ്‌നങ്ങള്‍ ഇല്ലാത്തവനാണ് യഥാര്‍ത്ഥ ദരിദ്രന്‍’ എന്നായിരുന്നു അധ്യാപകന്‍ അന്ന് വിദ്യാര്‍ത്ഥികളെ ഓര്‍മിപ്പിച്ചത്. പലരും തമാശ രൂപേണ അതു കേട്ടപ്പോള്‍ ഒരു വിദ്യാര്‍ത്ഥിയുടെ ഹൃദയത്തിലാണ് വാക്കുകള്‍ ചെന്നുപതിച്ചത്. സാമ്പത്തിക പ്രയാസം മൂലം പഠനം നിര്‍ത്താന്‍ തീരുമാനിച്ചിരുന്ന അവന്‍ ഇങ്ങനെ ചിന്തിച്ചു, എനിക്കു പണം മാത്രമല്ലേ കുറവുള്ളൂ, സ്വപ്‌നങ്ങള്‍ ഉണ്ടല്ലോ. ഭാവിയെക്കുറിച്ച് വീണ്ടും സ്വപ്‌നങ്ങള്‍ കാണാന്‍ ആ വാക്കുകള്‍ അവനെ പ്രേരിപ്പിച്ചു. ശനിയും ഞായറും കൂലിപ്പണിക്കുപോയി പഠനത്തിനുള്ള പണം കണ്ടെത്തി. പീ-ഡ്രിഗ്രി കഴിഞ്ഞ് ഡിഗ്രിയും അതേ കോളജില്‍നിന്നും പാസായി. മറ്റാരും ഇതൊന്നും അറിഞ്ഞിരുന്നില്ല. തുടര്‍ന്നുണ്ടായത് ഒരു സിനിമക്കഥയെ വെല്ലുന്ന സംഭവമായിരുന്നു. അതിലേക്ക് പിന്നീടു വരാം.

സാരമില്ലെന്ന് അമ്മയോട് പറയാമോ?

കോളജില്‍ പരീക്ഷയ്ക്ക് കോപ്പിയടിച്ച ഒരു വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ പിടികൂടി. പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥിയുടെ അച്ഛനെ വിളിച്ചുവരുത്തി. സംഭവം സര്‍വകലാശാലയ്ക്ക് റിപ്പോര്‍ട്ടു ചെയ്യാന്‍ തീരുമാനിച്ചു. എല്ലാവരും അവനെ കുറ്റപ്പെടുത്തി. കരഞ്ഞു തളര്‍ന്ന് അവന്‍ വരാന്തയില്‍ നില്ക്കുകയാണ്. ഇതിനിടയില്‍ അതുവഴിവന്ന ഒരു അധ്യാപകന്‍ അവന്റെ തോളില്‍ തട്ടിയിട്ടു പറഞ്ഞു, ”സാരമില്ല, പോട്ടെടാ. നീ ചെയ്തത് തെറ്റായിപ്പോയി. ഒരുപക്ഷേ പരീക്ഷയില്‍നിന്നും ഡീബാര്‍ ചെയ്‌തേക്കാം. അങ്ങനെ ഉണ്ടാകണമെന്നും നിര്‍ബന്ധമില്ല. അങ്ങനെ സംഭവിച്ചാലും നിന്റെ ജീവിതമൊന്നും തീര്‍ന്നിട്ടില്ലല്ലോ. തലയൊന്നും പോകില്ലല്ലോ. ഇനിയും അവസരമുണ്ട്, വിഷമിക്കാതെ.” അവന് പിടിച്ചുനില്ക്കാന്‍ ആ വാക്കുകള്‍ മതിയായിരുന്നു.

രാത്രിയില്‍ അധ്യാപകനെ അന്വേഷിച്ച് വിദ്യാര്‍ത്ഥി വീണ്ടും എത്തി. എന്നോടു പറഞ്ഞ ‘സാരമില്ല’ എന്ന വാക്ക് അമ്മയോടുകൂടി ഒന്നു പറയാമോ എന്നൊരു അപേക്ഷയുമായിട്ടായിരുന്നു അവന്റെ വരവ്. രാത്രിയില്‍ വീട്ടില്‍ച്ചെല്ലാനുള്ള ബുദ്ധിമുട്ടുകള്‍ പറഞ്ഞപ്പോള്‍ അവന്‍ അധ്യാപകന്റെ കാലില്‍ പിടിച്ചിട്ടു പറഞ്ഞു, ”അവസ്ഥ അത്രയും മോശമായതുകൊണ്ടാണ് വന്നത്. എന്റെ അമ്മ ഒരു ഹൃദ്‌രോഗിയാണ്. സംഭവംഅറിഞ്ഞതു മുതല്‍ കരച്ചിലാണ്. നീണ്ടുപോയാല്‍ അമ്മയ്ക്ക് ബോധക്കേട് ഉണ്ടാകും. ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതായി വരും. അങ്ങനെ വന്നാല്‍ വീട്ടില്‍ എല്ലാവരുടെയും കുറ്റപ്പെടുത്തല്‍ താങ്ങാന്‍ എനിക്ക് കഴിയില്ല. അമ്മ ബോധംകെടുന്നതിന് മുമ്പ് വീട്ടില്‍വന്ന് അമ്മയെ ആശ്വസിപ്പിക്കണം.”

മനസലിവു തോന്നിയ അധ്യാപകന്‍ രാത്രിയില്‍ അവനോടൊപ്പം രണ്ട് കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്കു നടന്നു. പിതാവിന്റെ ദേഷ്യം അപ്പോഴും മാറിയിരുന്നില്ല. അദ്ദേഹത്തെ ആശ്വസിപ്പിച്ചിട്ട് അമ്മയോടു പറഞ്ഞു, ഒരു ഗ്ലാസ് കടുംകാപ്പി താ. അന്തരീക്ഷം തണുപ്പിക്കുന്നതിനുവേണ്ടി പറഞ്ഞതായിരുന്നു. കടുംകാപ്പിയും കുടിച്ച് രംഗം ശാന്തമാക്കി അധ്യാപകന്‍ മടങ്ങി. പിന്നീട് ആ കുടുംബവുമായി ഒരുവിധത്തിലുള്ള ബന്ധവും ഉണ്ടായിട്ടില്ല. നാല് വര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഒരു കത്തു ലഭിച്ചു. അതില്‍ ഇങ്ങനെ കുറിച്ചിരുന്നു: ”എങ്ങും അന്ധകാരം വ്യാപിച്ചപ്പോള്‍ എവിടെനിന്നോ പ്രത്യാശയായി ഒരു പ്രകാശരശ്മി കടന്നുവന്നു. അത് അങ്ങു പറഞ്ഞ സാരമില്ല എന്ന വാക്കായിരുന്നു.” സാരമില്ല, എന്നൊരു വാക്കിന് ഇത്രയും ശക്തിയുണ്ടെന്ന് ആ അധ്യാപകന്‍ തിരിച്ചറിഞ്ഞത് അന്നായിരുന്നു.

നന്ദി, സ്വപ്‌നങ്ങള്‍ നല്‍കിയതിന്

ഈ രണ്ടു സംഭവങ്ങളും നടന്നത് കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജിലായിരുന്നു. വിദ്യാര്‍ത്ഥിയെ മോട്ടീവേറ്റുചെയ്ത അധ്യാപകനും കോപ്പിയടിയില്‍ പിടിക്കപ്പെട്ട വിദ്യാര്‍ത്ഥിയെ ആശ്വസിപ്പിച്ച അധ്യാപകനും ഒരാള്‍ത്തന്നെയായിരുന്നു. അന്നത്തെ അധ്യാപകന്റെ പേര് ഫാ. ജോസഫ് വയലില്‍ സിഎംഐ എന്നാണ്. ഹോസ്റ്റല്‍ വാര്‍ഡന്‍, ബര്‍സാര്‍, അധ്യാപകന്‍, പ്രിന്‍സിപ്പല്‍ എന്നീ പദവികള്‍ വഹിച്ച അച്ചന്‍ ദേവഗിരി സെന്റ് ജോസഫ് കോളജ് പ്രിന്‍സിപ്പലായി 2007 മെയ് 31-ന് റിട്ടയര്‍ ചെയ്തു.

ദേവഗിരി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജര്‍, ദേവഗിരി ആശാ കിരണ്‍ സ്‌കൂള്‍ മാനേജര്‍, പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍, കല്‍പ്പറ്റ ഫാത്തിമ മാതാ മിഷന്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍, സിഎംഐ കോഴിക്കോട് സെന്റ് തോമസ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍, കേരള പ്രൈവറ്റ് നേഴ്‌സിംഗ് സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ്, കോണ്‍ഫ്രന്‍സ് ഓഫ് റിലീജിയസ് ഓഫ് ഇന്ത്യ (സിആര്‍ഐ) വയനാട് ചാപ്റ്റര്‍ പ്രസിഡന്റ്, കോഴിക്കോട് സര്‍വകലാശാലയില്‍ 12-ഓളം കമ്മറ്റികളില്‍ അംഗം, നാക് (The National Assessment and Accreditation Council) പിയര്‍ ടീം അംഗം എന്നീ ഉത്തരവാദിത്വങ്ങളും വഹിച്ചു.
സണ്‍ഡേ ശാലോം, ശാലോ ടൈംസ് എന്നീ പ്രസിദ്ധീകരണങ്ങളിലായി 1500-ഓളം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യൂത്ത് സെമിനാറുകള്‍, അധ്യാപകര്‍ക്കുള്ള ക്ലാസുകള്‍, ഇന്ത്യയിലും വിദേശത്തുമായി ധ്യാനങ്ങള്‍ തുടങ്ങിയവയ്ക്കു നേതൃത്വം നല്‍കി. ഇപ്പോള്‍ പേരാമ്പ്ര മദര്‍ തെരേസ ബിഎഡ് കോളജിന്റെ മാനേജര്‍ പദവിക്കൊപ്പം ശാലോം ടി.വിയുടെ ചെയര്‍മാനും സണ്‍ഡേ ശാലോമിന്റെ അസോസിയേറ്റ് എഡിറ്ററുമാണ്. വ്രതവാഗ്ദാനത്തിന്റെ സുവര്‍ണ ജൂബിലി നിറവിലാണ് ഫാ. ജോസഫ് വയലില്‍.

ഇനി ആദ്യത്തെ സംഭവത്തിലേക്കു തിരികെ വരാം. ഫാ. ജോസഫ് വയലില്‍ കല്‍പ്പറ്റ ഫാത്തിമ മാതാ ഹോസ്പിറ്റലിന്റെ ഡയറക്ടര്‍ ആയിരിക്കുന്ന സമയം. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അച്ചനെ അന്വേഷിച്ച് എത്തി. സാമ്പത്തിക പ്രയാസം മൂലം പഠിപ്പുനിര്‍ത്താനൊരുങ്ങിയ പഴയ പ്രീ-ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നത്. ‘പോക്കറ്റില്‍ പണം ഇല്ലാത്തവനല്ല, മനസില്‍ സ്വപനങ്ങള്‍ ഇല്ലാത്തവനാണ് ദരിദ്രന്‍’ എന്ന അച്ചന്റെ വാക്കുകളാണ് തന്നെ ഇവിടെവരെ എത്തിച്ചതെന്നായിരുന്നു ആ പോലീസുകാരന്‍ പറഞ്ഞത്. അങ്ങനെയൊരു കാര്യം പറഞ്ഞത് അച്ചന്റെ ഓര്‍മയില്‍ ഉണ്ടായിരുന്നില്ല. അച്ചന്‍ മറന്നെങ്കിലും അവനതു മറക്കാന്‍ കഴിയുമായിരുന്നില്ല. ആ വാക്കുകളില്‍നിന്നും ലഭിച്ച ആത്മവിശ്വാസത്തിന്റെ പുറത്താണവന്‍ ജീവിതം കെട്ടിയുയര്‍ത്തിയത്. ഭാര്യ അധ്യാപികയാണെന്നും സ്ഥലം വാങ്ങി വീടുവച്ച് സുഖമായി കഴിയുന്നു എന്നുകൂടി കൂട്ടിച്ചേര്‍ത്തപ്പോള്‍ അച്ചന്‍ ദൈവത്തിന് നന്ദി പറഞ്ഞു.

ആശ്വസിപ്പിച്ച കത്തുകള്‍

മറ്റുള്ളവരിലെ സാധ്യതകളും നന്മയും കണ്ടെത്താനും അവരെ ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്താനും കഴിയുന്ന അസാധാരണമായൊരു കൃപ ദൈവം ഈ വൈദികനില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നു തീര്‍ച്ച. ഇങ്ങനെയുള്ള നിരവധി അനുഭവങ്ങള്‍ അച്ചന് പറയാനുണ്ട്. ഏതു മേഖലയില്‍ പ്രവര്‍ത്തിച്ചാലും വൈദികന് അവിടെ ഒരുപാടു സാധ്യതകളുണ്ടെന്ന് പറയുന്ന വയലിലച്ചന്‍ ജീവിതംകൊണ്ടാണ് അതു സാക്ഷ്യപ്പെടുത്തുന്നത്. അപ്രാപ്യമെന്നു കരുതിയിരുന്ന മേഖലകളിലേക്ക് അനേകം വിദ്യാര്‍ത്ഥികളെ എത്തിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യം അച്ചനുണ്ട്. പ്രത്യേകിച്ച്, പിന്നാക്ക സാഹചര്യങ്ങളില്‍നിന്നും വന്ന, ഒരു സാധ്യതയും ആരും കല്പിക്കാതിരുന്ന നിരവധി വിദ്യാ ര്‍ത്ഥികളെ. ആശുപത്രിയുടെ ഡയറക്ടര്‍ ആയിരുന്നപ്പോള്‍ നിരവധി രോഗികള്‍ക്ക് ആശ്വാസമായി മാറി. ഏതു മേഖലയില്‍ പ്രവര്‍ത്തിച്ചാലും സഹായം ആവശ്യമുള്ള ചിലരെ ദൈവം അടുത്തേക്കു കൊണ്ടുവരുമെന്നതാണ് വയലിലച്ചന്റെ അനുഭവം.

തിരക്കുപിടിച്ച ജീവിതത്തിലും അനേകരെ കേള്‍ക്കാനും ആശ്വസിപ്പിക്കാനും കഴിഞ്ഞു. അവരില്‍ മിക്കവരുമായി മുന്‍പരിചയം ഉള്ളവര്‍ ആയിരുന്നില്ല. അച്ചന്റെ ധ്യാനം കൂടിയവര്‍, ലേഖനങ്ങള്‍ വായിച്ചവര്‍, പ്രസംഗങ്ങള്‍ കേട്ടവര്‍, പരിചയക്കാര്‍, സംസാരിച്ച് ആശ്വാസം ലഭിച്ചവര്‍ തുടങ്ങിയവര്‍ പറഞ്ഞുകേട്ടാണ് പലരും അച്ചനെ തേടി എത്തിയത്. ആദ്യകാലങ്ങളില്‍ കത്തുകളിലൂടെയായിരുന്നു അനേകര്‍ പ്രശ്‌നപരിഹാരം തേടിയിരുന്നത്. അതിനെല്ലാം മറുപടി നല്‍കാന്‍ അച്ചന്‍ സമയം കണ്ടെത്തി. നിരവധി ആത്മീയ പുസ്തകങ്ങള്‍ക്കൊപ്പം പ്രീഡിഗ്രിക്കുള്ള സാമ്പത്തിക ശാസ്ത്രത്തിന്റെ പുസ്തകവും എഴുതിയിട്ടുണ്ട്. കോളജ് അധ്യാപകനും പ്രിന്‍സിപ്പലുമൊക്കെ ആയിരിക്കുമ്പോഴും ധ്യാനങ്ങള്‍ക്കും മറ്റ് ആത്മീയ ശുശ്രൂഷകള്‍ക്ക് സമയം കണ്ടെത്തി. അതെല്ലാം സ്വയം ഏറ്റെടുത്ത ‘എക്‌സ്ട്രാ മൈല്‍’ ശുശ്രൂഷകളായിരുന്നു.

ആത്മഹത്യയ്ക്ക് ഒരുങ്ങിയ വിദ്യാര്‍ത്ഥിനി

ഒരിക്കല്‍ കോളജില്‍നിന്നും ഊണുകഴിക്കുന്നതിനായി ആശ്രമത്തിലെത്തുമ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിനി അച്ചനെ കാത്തിരിപ്പുണ്ടായിരുന്നു. ജീവിതം മടുത്തതിന്റെ അനുഭവങ്ങളായിരുന്നു പറയാന്‍ ഉണ്ടായിരുന്നത്. ആത്മഹത്യയുടെ തീരത്തുകൂടെയാണ് അവള്‍ സഞ്ചരിക്കുന്നതെന്ന് ആ വാക്കുകളില്‍നിന്നും അച്ചന്‍ വായിച്ചെടുത്തു. ഉച്ചകഴിഞ്ഞ് കോളജില്‍ എത്തേണ്ട അത്യാവശ്യവും വയലിലച്ചന് ഉണ്ടായിരുന്നു. കുറഞ്ഞ സമയംകൊണ്ട് നിരാശയില്‍ അവളെ കരകയറ്റി. വൈകുന്നേരം കാണാമെന്നു പറഞ്ഞാണ് മടക്കിയച്ചത്. പിറ്റേന്നവള്‍ വന്നു. ആ പെണ്‍കുട്ടി ഇപ്പോള്‍ മികച്ച ഒരു ഡോക്ടറാണെന്നു അച്ചന്‍ കൂട്ടിച്ചേര്‍ക്കുന്നു.

മെഡിക്കല്‍ കോളജില്‍ രോഗികള്‍ക്ക് വിശുദ്ധ കുര്‍ബാന കൊടുക്കാന്‍ പോകുമായിരുന്നു. ഒരു വാര്‍ഡിലെ അവസാനത്തെ രോഗിക്ക് വിശുദ്ധ കുര്‍ബാന കൊടുക്കാന്‍ പോകുമ്പോള്‍ പിറകില്‍നിന്നൊരു ശബ്ദം കേട്ടു. തിരിഞ്ഞുനോക്കുമ്പോള്‍, നിലത്തു കിടന്നിരുന്നൊരാള്‍ കൈകൊണ്ട് അടുത്തേക്കു വരാന്‍ ആംഗ്യം കാണിക്കുന്നു. വിശുദ്ധ കുര്‍ബാന കയ്യില്‍ വച്ചുകൊണ്ട് എങ്ങനെയാണ് സംസാരിക്കുന്നതെന്നോര്‍ത്തു. ഒരാള്‍ക്കുകൂടിയെ വിശുദ്ധ കുര്‍ബാന സ്വീകരിക്കാനും ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ വരാമെന്നു കൈകൊണ്ടു കാണിച്ചിട്ടു അച്ചന്‍ ആദ്യത്തെ രോഗിയുടെ അടുത്തേക്കു പോയി. പക്ഷേ, തിരിച്ചുവരുമ്പോള്‍ മനുഷ്യന്‍ മരിച്ചിരുന്നു. ആരും കൂടെ ഇല്ലാതിരുന്ന മനുഷ്യനെ സഹായിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖം ഇപ്പോഴും അച്ചനുണ്ട്. അതിനുശേഷം, ഫോണ്‍ ചെയ്യുന്നവരെയും കാണാന്‍ എത്തുന്നവരെയും മറ്റുതിരക്കുകള്‍ മാറ്റിവച്ച് അവര്‍ക്കായി സമയം ചെലവഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും വയലിലച്ചന്‍ പറയുന്നു.

ഞായറാഴ്ചയിലും എന്‍ട്രന്‍സ് ക്ലാസോ?

ഒരു സമുദായത്തിന് രാജ്യത്ത് സ്വാധീനം ഉണ്ടാകുന്നത് നാലു കാര്യങ്ങളെ അടിസ്ഥാനമാക്കിയാണെന്നു വയലിലച്ചന്‍ പറയുന്നു. ജനസംഖ്യ, രാഷ്ട്രീയ നേതാക്കളുടെ എണ്ണം, ഉദ്യോഗസ്ഥ തലത്തിലുള്ള അവരുടെ സംഖ്യ, സാമ്പത്തികം. ഇവയില്‍ സ്വാധീനം ഉള്ളവരുടെ ആശയങ്ങള്‍ക്കായിരിക്കും എപ്പോഴും മുന്‍തൂക്കം. ഇത്തരം കാര്യങ്ങളില്‍ ക്രൈസ്തവ സമൂഹം കുറച്ചുകൂടി ബോധവാന്മാരകണമെന്ന് ഫാ. വയലില്‍ പറയുന്നു. കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തിനും മാറ്റങ്ങള്‍ ആവശ്യമാണ്. സമൂഹത്തെ സ്വാധീനിക്കാന്‍ പറ്റുന്ന വ്യക്തികളുടെ ഇടയിലേക്ക് പുതുതായി ഇറങ്ങിച്ചെല്ലുന്നില്ല. നവീകരണം സാധാരണക്കാരുടെ ഇടയിലേക്ക് ചുരുങ്ങുകയാണ്. നവീകരണ മുന്നേറ്റം കൂടുതല്‍ ശക്തിപ്പെടണമെന്നാണ് വയലിലച്ചന്റെ അഭിപ്രായം. തലശേരി അതിരൂപതയിലെ പൈസക്കിരി ഇടവകയിലെ പരേതരായ വയലില്‍ തോമസ്-ഏലിയാമ്മ ദമ്പതികളുടെ ഒമ്പതുമക്കളില്‍ ഇളയമകനാണ് ഫാ. ജോസഫ് വയലില്‍.

സഭ യുവജനങ്ങളുടെ രൂപീകരണത്തില്‍ കുറച്ചുകൂടി ശ്രദ്ധ നല്‍കണമെന്നാണ് ദീര്‍ഘകാലം യുവജനങ്ങളുമായി ഏറെ അടുത്തു പ്രവര്‍ത്തിച്ച അച്ചന്‍ പറയുന്നത്. ഞായറാഴ്ച എന്‍ട്രന്‍സ് പരിശീലനങ്ങള്‍ സജീവമാകുന്ന കാലമാണിത്. ആ ദിവസം പരിശീലനത്തിനു പോകരുതെന്നു പറയുന്നതിനു പകരം കോച്ചിംഗ് സെന്ററുകളുമായി സഹകരിച്ച് വിശുദ്ധ കുര്‍ബാനയ്ക്ക് സൗകര്യം ഏര്‍പ്പെടുത്തണമെന്നാണ് വയലിലച്ചന്റെ പക്ഷം. പുതിയ തലമുറയുടെ യൂറോപ്പിലേക്കുള്ള കുടിയേറ്റത്തെ മുന്‍നിര്‍ത്തി ചില യാഥാര്‍ത്ഥ്യങ്ങള്‍ ഓര്‍മിപ്പിക്കാനും അച്ചന്‍ മറക്കുന്നില്ല. കുടിയേറ്റം എന്നും ശാശ്വതമായിരിക്കില്ല. വിദേശത്തേക്കു പോകുന്നവര്‍ നാട്ടിലെ ഭൂമിയും വസ്തുവകകളും വില്ക്കരുതെന്നും അതു നിക്ഷേപമായി നിലനിര്‍ത്തണമെന്നും ഫാ. വയലില്‍ പറയുന്നു.

ബോസ്റ്റണ്‍ മാതൃക

അമേരിക്കയിലെ ബോസ്റ്റണില്‍ ചെന്നപ്പോള്‍ തന്നെ ഏറെ അമ്പരപ്പിച്ച ഒരുകാഴ്ചയെക്കുറിച്ച് വയലിലച്ചന്‍ പങ്കുവച്ചു. വിശ്വാസികള്‍ ദൈവാലയത്തില്‍ വരുന്നത് കുറഞ്ഞ സമയത്ത് പുതുതായി അവിടെ നിര്‍മിച്ച വലിയ ഷോപ്പിംഗ് മാളിന്റെ ഗ്രൗണ്ട് ഫ്‌ളോര്‍ അവിടുത്തെ ബിഷപ് വാടകയ്ക്ക് എടുത്തു. ഒരു ചാപ്പല്‍, രാവിലെയും വൈകുന്നേരവും വിശുദ്ധ കുര്‍ബാന, മുഴുവന്‍ സമയ ആരാധന, കുമ്പസാരത്തിനുള്ള സൗകര്യം, ക്രിസ്ത്യന്‍ ബുക്സ്റ്റാള്‍ തുടങ്ങിയവ ആരംഭിച്ചു. എപ്പോഴും ആളുകള്‍ വരുകയും പോകുകയും ചെയ്യുന്നു. അതില്‍ ധാരാളം യുജനങ്ങളുമുണ്ട്. ഈ സെന്റര്‍ ആരംഭിക്കുന്നതിന് ബിഷപ് നല്‍കിയ വിശദീകരണം ഇങ്ങനെയായിരുന്നു: If the market is not coming to the church, church will go to the market. ദൈവാലയത്തിലേക്ക് വരാത്തവരെ തേടി ഇടയന്‍മാന്‍ അവരുടെ അടുത്തേക്ക് ചെല്ലേണ്ട കാലമാണിതെന്നാണ് വയലിലച്ചനും അനുഭവങ്ങളുടെ വെളിച്ചത്തില്‍ നിന്നും പറയുന്നത്.

 

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?