Follow Us On

21

December

2024

Saturday

ഏക കര്‍ത്താവ്‌

ഏക കര്‍ത്താവ്‌

റവ. ഡോ. മൈക്കിള്‍ കാരിമറ്റം

”ഇതാണ് ഒന്നാമത്തെ കല്പന: ഇസ്രായേലേ കേള്‍ക്കുക: നമ്മുടെ ദൈവമായ കര്‍ത്താവാണ് ഏകകര്‍ത്താവ്. നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണ മനസോടും പൂര്‍ണ ശക്തിയോടുംകൂടെ സ്‌നേഹിക്കുക. രണ്ടാമത്തെ കല്പന: നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക. ഇവയെക്കാള്‍ വലിയ കല്പനയൊന്നുമില്ല” (മര്‍ക്കോ. 12:29-31).

യേശുവിനെ വാക്കില്‍ കുടുക്കാന്‍ ശ്രമിച്ച്, നേതാക്കളില്‍ ഒരാള്‍ ഉന്നയിച്ച ഏറ്റവും പ്രധാനപ്പെട്ട കല്പനയെക്കുറിച്ചുള്ള ചോദ്യത്തിന് യേശുവിന്റെ മറുപടിയായിരുന്നു ഇത്. ഇവിടെ യേശു നല്‍കുന്ന ഉത്തരത്തിന്റെ ആദ്യഭാഗം ഒരു പ്രസ്താവനയും രണ്ടാമത്തേത് ഒരു കല്പനയുമാണ്. എന്താണ് ഈ പ്രസ്താവനയുടെ പ്രത്യേകത എന്നു ചോദിക്കാം. അതോടൊപ്പം ആരാണ് കര്‍ത്താവ്, എന്താണ് കര്‍ത്താവ് എന്ന പദംകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന ചോദ്യങ്ങളും പ്രസക്തമാണ്. ഉത്തരം കിട്ടാന്‍ മൂലഭാഷയിലേക്കു പോകണം. ചര്‍ച്ചാവിഷയമായ പ്രസ്താവന മൂലഭാഷയില്‍ ആറു വാക്കുകള്‍ ഉള്‍ക്കൊള്ളുന്നു. ‘ഷ്മാ ഇസ്രായേല്‍ യാഹ്‌വേ എലോഹെനൂ യാഹ്‌വേ ഏഹാദ്’ ഇതാണ് ഹീബ്രുമൂലം. ഇതിന്റെ അക്ഷരാര്‍ത്ഥത്തിലുള്ള വിവര്‍ത്തനം ‘കേള്‍ക്കുക ഇസ്രായേല്‍ യാഹ്‌വേ നമ്മുടെ ദൈവം യാഹ്‌വേ ഒരുവന്‍.’ (നിയമാവര്‍ത്തനം 6/4)ആദ്യത്തെ രണ്ടു വാക്കുകള്‍ക്ക് ഒരു വിശദീകരണവും ആവശ്യമില്ല. ദൈവത്തിന്റെ വചനം ശ്രവിക്കാനും അനുവര്‍ത്തിക്കാനുമുള്ള ആഹ്വാനമാണത്. ‘കേള്‍ക്കുക’ എന്നാല്‍ കാതുകള്‍കൊണ്ട് യാന്ത്രികമായി കേള്‍ക്കുക മാത്രമല്ല, ഹൃദയംകൊണ്ട് ശ്രവിക്കുക, അതനുസരിച്ച് പ്രവര്‍ത്തിക്കുക, ജീവിക്കുക എന്നൊക്കെ ധ്വനികളുണ്ട്. അടുത്ത നാലു വാക്കുകളും അവ തമ്മിലുള്ള പരസ്പര ബന്ധവുമാണ് സുപ്രധാനം.

യാഹ്‌വേ-ദൈവത്തിന്റെ പേര്

ഹോറെബ് മലയില്‍, എരിയുന്ന മുള്‍പ്പടര്‍പ്പില്‍നിന്ന് തന്നെ വിളിച്ച്, ഈജിപ്തില്‍ അടിമകളായി കഴിയുന്ന ഇസ്രായേല്‍ജനത്തെ മോചിപ്പിക്കുക എന്ന ദൗത്യം ഏല്‍പിച്ചപ്പോള്‍ മോശ ചോദിച്ചു: ”അവിടുത്തെ പേരെന്താണെന്ന് അവര്‍ ചോദിച്ചാല്‍ ഞാന്‍ എന്തുപറയണം?” (പുറ. 3:……13-14). അതിനുള്ള ഉത്തരമായാണ് ദൈവം തന്റെ പേര് വെളിപ്പെടുത്തിയത്: ”ഞാന്‍ ഞാന്‍തന്നെ” (പുറ.3:15). തികച്ചും വിചിത്രവും അവിശ്വസനീയവുമായി തോന്നാം ഈ ഉത്തരം. ‘ഞാന്‍’ എന്നത് എങ്ങനെ പേരാകും? ഇതിന്റെ അര്‍ത്ഥം എന്തെന്നറിയണമെങ്കില്‍ ദൈവം ആരെന്നറിയണം. അതിന് ദൈവത്തിന്റെ പ്രവൃത്തികള്‍ നിരീക്ഷിക്കണം, അനുഭവിച്ചറിയണം. ദൈവത്തിന്റെ വാക്കു കേള്‍ക്കണം, അനുസരിക്കണം, അനുഗമിക്കണം. പ്രവൃത്തിയിലും സ്വയം വെളിപ്പെടുത്തുന്നവനാണ് ‘ഞാന്‍’ എന്ന ദൈവം. ”അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ പുറത്തു കൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ യാഹ്‌വേ” (പുറ. 20:2). പേരിന്റെ അര്‍ത്ഥത്തെ സംബന്ധിച്ച് സംശയം അവശേഷിപ്പിക്കാത്തതാണ് ഈ നിര്‍വചനം. സ്വന്തം ജീവിതാനുഭവങ്ങളാണ് ഇസ്രായേല്‍ജനത്തെ ഈ അറിവിലേക്ക് നയിച്ചത്.

നമ്മുടെ ദൈവം
‘ഏലോഹേ’ എന്ന ഏകവചനവും ‘ഏലോഹിം’ എന്ന ബഹുവചനവും ‘ദൈവം’ എന്നു വിവര്‍ത്തനം ചെയ്യുന്നു. ബൈബിള്‍ തുടങ്ങുന്നതുതന്നെ ഈ വാക്കുകൊണ്ടാണ്. ”ദൈവം ആദിയില്‍ ആകാശവും ഭൂമിയും സൃഷ്ടിച്ചു” (ഉല്‍പത്തി 1:1). ‘ഏലോഹിം’ എന്ന ബഹുവചനമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നതെങ്കിലും ആദരവു സൂചിപ്പിക്കുന്ന പൂജക ബഹുവചനമായി ഇതിനെ കാണണം. ആയിരക്കണക്കിന് ദൈവസങ്കല്പങ്ങള്‍ നിലവിലിരുന്ന സാഹചര്യത്തിലാണ് ”നിങ്ങളുടെ ദൈവം” എന്ന വിശേഷണവുമായി യാഹ്‌വേ പ്രത്യക്ഷപ്പെടുന്നത്. നിന്റെ ദൈവം, നിങ്ങളുടെ ദൈവം, നമ്മുടെ ദൈവം എന്നിങ്ങനെയുള്ള വിശേഷണങ്ങളെല്ലാം ഒരു പ്രത്യേക തിരഞ്ഞെടുപ്പിലേക്കും തീരുമാനത്തിലേക്കും ശ്രദ്ധ ക്ഷണിക്കുന്നു. ഓരോ ജനതകള്‍ക്കും അവരവരുടേതായ ദൈവങ്ങളുണ്ടാകാം. എന്നാല്‍ ഇസ്രായേല്‍ ജനത്തിന്റെ ദൈവം യാഹ്‌വേയാണ്.

യാഹ്‌വേ ഏഹാദ്

വിശ്വാസപ്രഖ്യാപനത്തില്‍ അവശേഷിക്കുന്ന വാക്കാണ് ‘ഏഹാദ്.’ നമുക്കു പരിചിതമായ ‘ഏകം’ എന്ന പദത്തിന് തുല്യമായ ഹീബ്രുവിലെ പദമാണ് ഏഹാദ്. ‘ഏകം’ എന്നാല്‍ ‘ഒന്ന്’ എന്നു മാത്രമല്ല, ‘മാത്രം’ എന്നും അര്‍ത്ഥസൂചനയുണ്ടല്ലോ. ഏഹാദ് എന്ന പദം ‘മാത്രം’ എന്നു വിവര്‍ത്തനം ചെയ്താല്‍ വിശ്വാസപ്രഖ്യാപനത്തിന്റെ അര്‍ത്ഥം വ്യക്തമാകും. ‘ഇസ്രായേലേ കേള്‍ക്കുക: യാഹ്‌വേയാണു നമ്മുടെ ദൈവം. യാഹ്‌വേ മാത്രം.’

ഏകദൈവവിശ്വാസത്തിലേക്ക്

ദൈവത്തെക്കുറിച്ചുള്ള അറിവിന്റെ വെളിപ്പെടുത്തലില്‍ ബൈബിളില്‍ത്തന്നെ പടിപടിയായ ഒരു വളര്‍ച്ച കാണാം. മോശയുടെ വിളിയും ഇസ്രായേലിന്റെ മോചനവുമായി ബന്ധപ്പെടുത്തി ദൈവം ‘യാഹ്‌വേ’ എന്ന തന്റെ പേരു വെളിപ്പെടുത്തുന്നു. യാഹ്‌വേയാണ് ഇസ്രായേല്‍ക്കാരുടെ ദൈവം, ഇസ്രായേല്‍ യാഹ്‌വേയുടെ സ്വന്തം ജനവും. യാഹ്‌വേ മറ്റെല്ലാ ദൈവങ്ങളെയുംകാള്‍ ശക്തനാണ്. കാലക്രമത്തില്‍ കുറച്ചുകൂടി വ്യക്തമായ ഒരു വിശ്വാസം കടന്നുവന്നു. ”യാഹ്‌വേ മാത്രമാണ് ദൈവം.” ബാബിലോണ്‍ പ്രവാസകാലമായപ്പോള്‍ (ബി.സി 587-538) കൂടുതല്‍ വ്യക്തമായൊരു വിശ്വാസം കടന്നുവന്നു. ”ദൈവം ഒരുവന്‍മാത്രം.” യാഹ്‌വേ മാത്രമാണ് ദൈവം. ഇസ്രായേല്‍ മാത്രമല്ല, എല്ലാ ജനതകളും യാഹ്‌വേയ്ക്ക് പ്രിയപ്പെട്ടവര്‍. ആരും അന്യരല്ല. എല്ലാ ജനതകളെയും ഈ വിശ്വാസത്തിലേക്കും യാഹ്‌വേയുടെ ജനം എന്ന പദവിയിലേക്കും നയിക്കാന്‍വേണ്ടിയാണ് യാഹ്‌വേ ഇസ്രായേല്‍ ജനത്തെ പ്രത്യേകം തിരഞ്ഞെടുത്തു നിയോഗിച്ചത്. ”ഞാന്‍ നിന്നെ ജനത്തിന് ഉടമ്പടിയും ജനതകള്‍ക്കു പ്രകാശവുമായി നല്‍കിയിരിക്കുന്നു” (ഏശയ്യാ 42:7). രണ്ടാം ഏശയ്യാ (ഏശയ്യാ 40:55) എന്നറിയപ്പെടുന്ന ബൈബിള്‍ ഭാഗത്താണ് ഈ സത്യം ഏറെ പ്രകടമാകുന്നത്.

യാഹ്‌വേ – ത്രിയേക ദൈവം

പ്രപഞ്ച സ്രഷ്ടാവും ലോകനിയന്താവും വിമോചകനും നിയമദാതാവുമാണ് ദൈവം. ഇസ്രായേല്‍ ജനം ഏക സത്യദൈവത്തിന്റെ സാക്ഷികളായിരിക്കണം. ഈ വിശ്വാസം അതിന്റെ പൂര്‍ണതയില്‍ എത്തുന്നത് പുതിയ നിയമത്തിലാണ്. എന്നും ദൈവത്തോടൊന്നിച്ച്, ദൈവമായിരുന്ന വചനം മാംസം ധരിച്ച്, മനുഷ്യനായി അവതരിച്ച്, നസ്രത്തില്‍ തച്ചനായി ജീവിച്ച്, ദൈവരാജ്യത്തിന്റെ സുവിശേഷം പ്രഘോഷിച്ച്, അവസാനം കുരിശില്‍ മരിച്ച്, ഉയിര്‍ത്തെഴുന്നേറ്റ്, മഹത്വത്തിലേക്ക് പ്രവേശിച്ച യേശുക്രിസ്തുവില്‍ ദൈവത്തിന്റെ ചിത്രം കൂടുതല്‍ വ്യക്തതയാര്‍ജിക്കുന്നു. ദൈവത്തോട് തുല്യത അവകാശപ്പെടുന്നതായിരുന്നു യേശുവിന്റെ ജീവിതവും പ്രവൃത്തികളും. യഹൂദരുടെ സമുന്നത കോടതിയായ സാന്‍ഹദ്രീന്‍സംഘം യേശുവിന് വധശിക്ഷ വിധിക്കാന്‍ കാരണവും അതുതന്നെ ആയിരുന്നു (യോഹന്നാന്‍ 10:33; മത്തായി 26:63-66). യാഹ്‌വേ മാത്രമാണ് ദൈവം എന്നു നിരന്തരം ഉദ്‌ഘോഷിച്ചിരുന്ന ഇസ്രായേല്‍ജനത്തിന് സ്വീകരിക്കാന്‍ എളുപ്പമായിരുന്നില്ല യേശുവിന്റെ ഈ സ്വയം വെളിപ്പെടുത്തല്‍ – ദൈവത്തോടുള്ള തുല്യത. കര്‍ത്താവെന്ന ഏക ദൈവത്തില്‍ ഒരു ബഹുത്വമോ? എന്നാല്‍, ഇതുമല്ല ദൈവികവെളിപാടിന്റെ അവസാനം.

തനിക്കുശേഷം വരാനിരിക്കുന്ന ഒരു സഹായകനെക്കുറിച്ച് യേശു പലതവണ ശിഷ്യന്മാരോടു പറഞ്ഞിരുന്നു. ദൈവപുത്രന്റെ മനുഷ്യാവതാരത്തിന്റെ തുടക്കം മുതല്‍ മറ്റൊരു ദൈവികവ്യക്തിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ കാണാം. മരിച്ച്, ഉയിര്‍ത്തെഴുന്നേറ്റ്, സ്വര്‍ഗാരോഹണം ചെയ്യുകയും അതേസമയം ശിഷ്യന്മാരോടുകൂടെ എന്നും വസിക്കുകയും ചെയ്യുന്ന ദൈവപുത്രനും ആ ദൈവപുത്രന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും നിര്‍ണായക പങ്കുവഹിക്കുകയും യേശുവിന്റെ മഹത്വീകരണത്തിനുശേഷം ശിഷ്യന്മാരില്‍ ആവസിച്ച് അവരെ നിരന്തരം നയിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവും ദൈവമാണെന്നു പുതിയ നിയമം പഠിപ്പിക്കുന്നു. ”യാഹ്‌വേ മാത്രം ദൈവം” എന്ന വിശ്വാസപ്രഖ്യാപനത്തിന്റെ പുതിയൊരു മാനം ഇവിടെ വെളിപ്പെടുന്നു.
ഏകദൈവമായ യാഹ്‌വേ, അഥവാ കര്‍ത്താവ് പിതാവും പുത്രനും പരിശുദ്ധാത്മാവും എന്ന മൂന്നാളുകളുടെ കൂട്ടായ്മയാണ്. ഒരു ദൈവം, മൂന്നാളുകള്‍. മനുഷ്യബുദ്ധിക്ക് അഗ്രാഹ്യവും യുക്തിക്കു സ്വീകരിക്കാന്‍ പ്രയാസമുള്ളതുമായ ഒരു വിശ്വാസം – ഇതാണ് ദൈവത്തെ സംബന്ധിച്ച് ബൈബിളിലൂടെ ലഭിക്കുന്ന ആത്യന്തികമായ വെളിപ്പെടുത്തല്‍.

യാഹ്‌വേ എന്ന പേരില്‍ മോശയ്ക്കു സ്വയം വെളിപ്പെടുത്തിയ ദൈവം എല്ലാറ്റിന്റെയും സ്രഷ്ടാവായ പിതാവാണ്; രക്ഷകനായ പുത്രനാണ്; സകലതും നവീകരിക്കുകയും പവിത്രീകരിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവാണ്. ത്രിയേകദൈവം എന്ന ദൈവികരഹസ്യവും വിശ്വാസസത്യവും പടിപടിയായി വെളിപ്പെടുത്തപ്പെടുന്നതിന്റെ ആദ്യത്തെ പടിയാണ് സീനായ് (ഹോറെബ്) മലയില്‍വച്ച് മോശയ്ക്ക് ലഭിച്ച വെളിപാട്.
ദൈവജനമായ ഇസ്രായേല്‍ നൂറ്റാണ്ടുകളായി ഉരുവിടുന്നു: ”ഷ്മാ ഇസ്രായേല്‍ യാഹ്‌വേ ഏലോഹേനൂ യാഹ്‌വേ ഏഹാദ്.” നമുക്കും വിശ്വസിച്ച് ഏറ്റുപറയാം: ”കേള്‍ക്കുക: യാഹ്‌വേയാണു നമ്മുടെ ദൈവം. യാഹ്‌വേമാത്രം.” ഇത് അല്പംകൂടി വിശദീകരിച്ച്, സ്വാംശീകരിച്ചാല്‍ ഇപ്രകാരമായിരിക്കും നമ്മുടെ വിശ്വാസപ്രഖ്യാപനം: ”കേള്‍ക്കുക. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ കര്‍ത്താവു മാത്രമാണ് നമ്മുടെ ദൈവം.”

അരെയോപ്പാഗസില്‍വച്ച് ആഥന്‍സു നിവാസികളോട് പൗലോസ് പറഞ്ഞത് ഇവിടെ പ്രസക്തമാകുന്നു: ”നിങ്ങള്‍ ആരാധിക്കുന്ന ആ അജ്ഞാതനെക്കുറിച്ചാണ് ഞാന്‍ നിങ്ങളോടു പ്രസംഗിക്കുന്നത്” (അപ്പ.പ്രവ. 17:23). എല്ലാ മതവിശ്വാസങ്ങളും അറിഞ്ഞോ അറിയാതെയോ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നത് ഒരേ ദൈവത്തെയാണ്. കാരണം ദൈവം ഒരുവന്‍ മാത്രമേയുള്ളൂ. രക്ഷാചരിത്രത്തിലൂടെ പടിപടിയായി സ്വയം വെളിപ്പെടുത്തിയ ഏകദൈവമാണ് പിതാവും പുത്രനും പരിശുദ്ധാത്മാവുമായ കര്‍ത്താവ്. കര്‍ത്താവാണ് ദൈവം. കര്‍ത്താവുമാത്രം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?