ജോസഫ് മൈക്കിള്‍
josephmichael71@gmail.com
പാവപ്പെട്ടവര്‍ക്ക് വീടു നിര്‍മിച്ചു നല്‍കുന്നത് ദൈവനിയോഗമായി എടുത്തിരിക്കുകയാണ് ഫാ. ജോര്‍ജ് കണ്ണന്താനം എന്ന ക്ലരീഷ്യന്‍ വൈദികന്‍. സ്വന്തമായി ഭവനം ഇല്ലാത്തതിന്റെ നൊമ്പരങ്ങളില്‍ കഴിയുന്നവര്‍ക്ക് വീടുകള്‍ നല്‍കുന്നതില്‍ ഒതുങ്ങിനില്ക്കുന്നതല്ല ഈ വൈദികന്റെ പ്രവര്‍ത്തന മേഖല. ലോകത്തിന്റെ ഏതു കോണില്‍ മനുഷ്യര്‍ വേദനിച്ചാലും അവരുടെ കണ്ണീരൊപ്പാനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ ഫാ. കണ്ണന്താനം ഉണ്ടാകും. 2004 ഡിസംബര്‍ 26-ന് ലോകത്തെ ഞെട്ടിച്ച സുനാമിയില്‍നിന്നു തുടങ്ങി ടര്‍ക്കിയില്‍ സമീപ കാലത്ത് ഭൂകമ്പം ഉണ്ടായപ്പോള്‍ അവിടേക്കുവരെ സഹായം എത്തിക്കുന്നതിന് ഈ വൈദികന്‍ മുമ്പിലുണ്ടായിരുന്നു. ശ്രീലങ്കയില്‍ ക്ഷാമം ഉണ്ടായപ്പോള്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു. മണിപ്പൂരിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് ആഹാരവും വസ്ത്രവും മരുന്നുമടക്കമുള്ള സാധനങ്ങള്‍ എത്തിച്ചിരുന്നു.
2015-ലെ ഭൂമികുലുക്കത്തില്‍ തകര്‍ന്നടിഞ്ഞ നേപ്പാളിലേക്ക് ആദ്യം എത്തിയ സന്നദ്ധപ്രവര്‍ത്തകരിലൊരാള്‍ ഫാ. ജോര്‍ജ് കണ്ണന്താനമായിരുന്നു. വിമാനടിക്കറ്റിന് പണം ഇല്ലാതിരുന്നതിനാല്‍ സുഹൃത്തിനോട് കടംവാങ്ങിയ പണംകൊണ്ട് ടിക്കറ്റെടുത്തുപോയ ആള്‍ മൂന്നു വര്‍ഷംകൊണ്ട് 10 കോടിയുടെ പ്രവര്‍ത്തനങ്ങളാണ് അവിടെ നടത്തിയത്. 600 താല്ക്കാലിക വീടുകളും 60 പെര്‍മനന്റ് വീടുകളും ഉയര്‍ന്നു. 2018-ല്‍ കേരളത്തില്‍ ഉണ്ടായ പ്രളയത്തെപ്പറ്റിയും പ്രകൃതിദുരന്തത്തെക്കുറിച്ചും അറിഞ്ഞ് ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് തിരിക്കുമ്പോള്‍ അക്കൗണ്ടിലെ ബാലന്‍സ് 2800 രൂപയായിരുന്നു. എന്നാല്‍, അഞ്ച് കോടി രൂപയാണ് ദുരന്തത്തില്‍ നിന്നും കരകയറ്റുന്നതിനായി വയനാട്ടില്‍ ചെലവഴിച്ചത്. വയനാട്ടില്‍ 25 വീടുകള്‍ ഉയര്‍ന്നു. അതില്‍നിന്നെല്ലാം വ്യത്യസ്തമായി വിപ്ലവകരമായ ഒരു ആശയത്തിനാണ് ‘പ്രൊജക്ട് ഷെല്‍ട്ടര്‍’ എന്നു പേരു നല്‍കിയിരിക്കുന്ന ഭവനനിര്‍മാണ പദ്ധതിയിലൂടെ ഇപ്പോള്‍ തുടക്കംകുറിച്ചിരിക്കുന്നത്.
ബംഗളൂരുവില്‍ ആദ്യത്തെ വീടിന്റെ നിര്‍മാണം തുടങ്ങിക്കഴിഞ്ഞു. ഒരു വീടിനു പകരം ആറ് വീടുകളാണ് അവിടെ ഉയരുന്നത്. ആകെയുള്ള മൂന്നു സെന്റ് സ്ഥലത്തുനിന്നും ഒന്നര സെന്റ് സംഭാവന ചെയ്യാന്‍ തയാറായ ആ കുടുംബത്തിന്റെ അസാധാരണമായ പങ്കുവയ്ക്കലാണ് മറ്റ് അഞ്ച് കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്നത്തിലേക്കുള്ള വഴി തുറന്നത്. സെറിബ്രല്‍ പാള്‍സി ബാധിച്ച 19 വയുകാരനായ മകനുള്ള കുടുംബമാണവരുടേത്.
ദിവസം ഒരു വീട്
മാസത്തില്‍ ഒരു വീട്, ഭാവിയില്‍ ദിവസത്തില്‍ ഒരു വീട് എന്നതാണ് പ്രൊജക്ട് ഷെല്‍ട്ടര്‍ എന്നു പേരിട്ടിരിക്കുന്ന പുതിയ പദ്ധതി. ബംഗളൂരുവില്‍ ആദ്യത്തെ വീടിന്റെ നിര്‍മാണം തുടങ്ങിക്കഴിഞ്ഞു. ഒരു വീടിനു പകരം ആറ് വീടുകളാണ് അവിടെ ഉയരുന്നതെന്നുമാത്രം. ദിവസം ഒരു വീട് എന്നു കേള്‍ക്കുമ്പോള്‍ അസാധ്യമെന്ന് തോന്നുന്നുണ്ടെങ്കില്‍ ഈ വൈദികന്റെ ഇന്നലെകള്‍ പരിശോധിച്ചാല്‍ സംശയം നീങ്ങും. പട്ടം സ്വീകരിച്ചിട്ട് 31 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഫാ. ജോര്‍ജ് കണ്ണന്താനം നിര്‍മിച്ചു നല്‍കിയ വീടുകളുടെ എണ്ണം 1500ല്‍ എത്തിയിരിക്കുന്നു. കുഷ്ഠരോഗം മാറിയവര്‍ക്കായി 300, സുനാമി ബാധിതര്‍ക്ക്-150, പ്രകൃതിക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട കര്‍ണാടകയില്‍-16, എച്ച്‌ഐവി ബാധിതര്‍ക്ക്-16, നേപ്പാളില്‍ ഷെല്‍ട്ടര്‍ ഹൗസുകള്‍-600, നേപ്പാളിലെ സ്ഥിരമായ വീടുകള്‍-60, വയനാട്ടില്‍ നിര്‍മിച്ച ഷെല്‍ട്ടര്‍ ഹൗസുകള്‍-328, സ്ഥിരമായ വീടുകള്‍ 25. മഴയേയും തണുപ്പിനെയും അതിജീവിക്കാന്‍ കഴിയുന്ന മിലിട്ടറി രീതിയില്‍ ടിന്‍ റൂഫുകളുള്ള ഷെല്‍ട്ടര്‍ ഹൗസുകള്‍ വിദേശ രാജ്യങ്ങളില്‍നിന്ന് എത്തിയ സന്നദ്ധ സംഘടനകളെവരെ അത്ഭുതപ്പെടുത്തിയിരുന്നു.
31 വര്‍ഷങ്ങള്‍കൊണ്ട് 100 കോടിയോളം രൂപയാണ് സാമൂഹ്യസേവനപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചിരിക്കുന്നത്. വിശ്വാസത്തിലുള്ള എടുത്തുചാട്ടങ്ങളായിരുന്നു ഫാ. കണ്ണന്താനത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം. ഒപ്പം, മനുഷ്യന്റെ നന്മയിലുള്ള ഉറച്ച ബോധ്യവും. ഒരു മാസം 1,000 പേര്‍ 1,000 രൂപാ വീതം നല്‍കിയാല്‍ ഒരു വീട് നിര്‍മിക്കാന്‍ കഴിയുമെന്നാണ് ഫാ. ജോര്‍ജ് കണ്ണന്താനം പറയുന്നത്. സഹകരിക്കുന്നവരുടെ എണ്ണം കൂടുന്നതനുസരിച്ച് വീടുകളുടെ എണ്ണവും ഉയരും. 10 ലക്ഷം രൂപ ചെലവു വരുന്ന വീടുകളാണ് നിര്‍മിക്കുന്നത്. ഓരോരുത്തരുടെയും വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുമ്പോള്‍ മിനിമം സൗകര്യങ്ങള്‍ വേണമെന്ന കാര്യത്തില്‍ അച്ചന്‍ വീട്ടുവീഴ്ചയ്ക്ക് ഒരുക്കമല്ല.
വീടുകള്‍ നല്‍കിയ വാര്‍ത്തകള്‍ കണ്ട് നിരവധി പേരാണ് ദിവസവും വിളിക്കുന്നത്. ഓരോ ഫോണ്‍കോളിലും സ്വന്തം വീട്ടില്‍ ഒരു ദിവസമെങ്കിലും ഉറങ്ങിയിട്ട് മരിക്കാന്‍ കഴിയുമോ എന്ന് സന്ദേഹപ്പെടുന്നവരുടെ സങ്കടങ്ങളും സ്വപ്‌നങ്ങളുമുണ്ട്. അതാണ് പുതിയ പദ്ധതിയിലേക്ക് തന്നെ നയിച്ചതെന്ന് ഫാ. കണ്ണന്താനം പറയുന്നു. പദ്ധതി പ്രഖ്യാപിച്ച് ഒരു മാസത്തിനകം ആറ് വീടുകള്‍ നിര്‍മിക്കാനുള്ള പണം ലഭിച്ചു.
ഈ പങ്കുവയ്ക്കല്‍ അസാധാരണം
ഒരു കുടുംബത്തിന്റെ അസാധാരണമായ പങ്കുവയ്ക്കലാണ് അഞ്ച് കുടുംബങ്ങള്‍ക്കുകൂടി വീട് എന്ന സ്വപ്നത്തിലേക്കുള്ള വഴി തുറന്നത്. സെറിബ്രല്‍ പാള്‍സി ബാധിച്ച 19 വയസുകാരനായ മകനുള്ള കുടുംബമാണവരുടേത്. കുടുംബനാഥന്‍ തയ്യല്‍ത്തൊഴിലാളിയും. മകന്റെ രോഗാവസ്ഥ കാരണം അമ്മയ്ക്ക് ജോലിക്ക് പോകാനും കഴിയില്ല. ഇതേ രോഗംമൂലമായിരുന്നു മൂത്തമകന്‍ മരിച്ചതും. സ്വന്തമായുള്ള മൂന്നു സെന്റ് സ്ഥലത്തിന്റെ പകുതിയില്‍ വീടു പണിതുതന്നാല്‍ മതി, ബാക്കി വീടില്ലാത്ത മറ്റാര്‍ക്ക് എങ്കിലും നല്‍കിക്കോളൂ എന്നായിരുന്നു ആ കുടുംബം പറഞ്ഞത്. വീടില്ലാത്തവരുടെ വേദനകള്‍ അറിയുന്ന അവര്‍ ആകെയുള്ള മൂന്നു സെന്റ് സ്ഥലത്തുനിന്നും ഒന്നര സെന്റ് സംഭാവന ചെയ്യുകയായിരുന്നു.
അവരുടെ പങ്കുവയ്ക്കല്‍ കണ്ട് ദൈവം സ്വര്‍ഗത്തിലിരുന്നു ആനന്ദംകൊണ്ട് കണ്ണീര്‍ വാര്‍ത്തിട്ടുണ്ടാകും. അഞ്ച് കുടുംബങ്ങളുടെ വീട് എന്ന സ്വപ്‌നം ഇതിലൂടെ യാഥാര്‍ത്ഥ്യമാകുകയാണ്. ആ കുടുംബത്തിന് ഗ്രൗണ്ട് ഫ്‌ളോറില്‍ മൂന്ന് സെന്റ് സ്ഥലത്ത് സാധാരണ വീടിനെക്കാളും വലുപ്പത്തിലാണ് വീട് പണിതു നല്‍കുന്നത്. എന്തു നല്‍കിയാലും അവരുടെ മനസിന്റെ വലുപ്പത്തോളം വരില്ലെങ്കിലും അവരുടെ പങ്കുവയ്ക്കലിനെ ആദരിക്കാന്‍ പ്രൊജക്ട് ഷെല്‍ട്ടര്‍ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. ഇതുപോലെ കരുതലുകള്‍കൊണ്ട് കരയിക്കുന്ന നിരവധി അനുഭവങ്ങള്‍ ഫാ. കണ്ണന്താനത്തിന് പങ്കുവയ്ക്കാനുണ്ട്.
ഒന്നും രണ്ടും നിലകളില്‍ രണ്ടു വീതം കുടുംബങ്ങള്‍ക്കുള്ള സൗകര്യവും മൂന്നാമത്തെ നിലയില്‍ ഒരു കുടുംബത്തിനുള്ള വീടുമാണ് ഉയരുന്നത്. ഒക്‌ടോബര്‍ രണ്ടിന് ആരംഭിച്ച നിര്‍മാണം പുരോഗമിക്കുന്നു.
ഇതിനകം കേരളത്തിലെ മൂന്നു ജില്ലകളില്‍നിന്ന് മൂന്നു പേര്‍ സ്ഥലം സൗജന്യമായി നല്‍കാന്‍ മുമ്പോട്ടുവന്നിട്ടുണ്ട്. പാലക്കാട് ഒന്നര ഏക്കര്‍, കോതമംഗലത്ത് ഒരു ഏക്കര്‍, കാഞ്ഞിരപ്പള്ളിയില്‍ നാലു വീടുകള്‍ക്കുള്ള സ്ഥലം എന്നിവയാണ് വാഗ്ദാനം ലഭിച്ചിരിക്കുന്നത്. ഫാനുകള്‍ നിര്‍മിക്കുന്ന ഒരു കമ്പനിയുടെ ഉടമസ്ഥന്‍ പുതിയ പ്രൊജക്ടിനെക്കുറിച്ചറിഞ്ഞ് അച്ചനെ വിളിച്ചിരുന്നു. അദ്ദേഹം പറഞ്ഞത്, അച്ചന്‍ നിര്‍മിക്കുന്ന എല്ലാ വീടുകളിലേക്കും ആവശ്യമായ ഫാന്‍ സൗജ്യമായി നല്‍കാമെന്നായിരുന്നു. വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കമ്പനിയുടെ ഉടമസ്ഥനായ ആര്‍ക്കിടെക്ട് മുന്നോട്ടുവച്ചത്-കേരളത്തില്‍ പണിയുന്ന വീടുകളുടെ പ്ലാനും നിര്‍മാണത്തിനാവശ്യമായ സൂപ്പര്‍വിഷനും സൗജന്യമായി നല്‍കാമെന്നാണ്.
വീടുകള്‍ ഇന്ത്യയിലെവിടെയും
വീടുകള്‍ നല്‍കുന്നതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. ഭിന്നശേഷിക്കാര്‍, മാരകരോഗം ബാധിച്ചവര്‍, വിധവകള്‍, പ്രകൃതിദുരന്തങ്ങളില്‍ ഭവനം നഷ്ടമായവര്‍ എന്നിങ്ങനെ. ക്ലരീഷ്യന്‍ വൈദികരുടെ നിയന്ത്രണത്തിലുള്ള ഹോപ് സൊസൈറ്റിയാണ് പ്രൊജക്ട് ഷെല്‍ട്ടര്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഫാ. കണ്ണന്താനമാണ് ഹോപ് സൊസൈറ്റിയുടെ സ്ഥാപകന്‍. സെമിനാരിക്കാലത്ത് എംഎസ്ഡബ്ല്യൂ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ 1988-ല്‍ സെമിനാരിയില്‍ ഒരു ആക്ഷന്‍ ഗ്രൂപ്പായിട്ടാണ് ഹോപ് സൊസൈറ്റിയുടെ തുടക്കം. 1990-ല്‍ ചാരിറ്റബിള്‍ ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്തു. ഇതോടൊപ്പം ഹോപ് സൊസൈറ്റിയുടെ കീഴില്‍ നിരവധി പദ്ധതികള്‍ നടക്കുന്നുണ്ട്. 10 പേരടങ്ങുന്ന ടീമാണ് പ്രൊജക്ട് ഷെല്‍ട്ടര്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അവരില്‍ അഞ്ച് പേരടങ്ങുന്ന കമ്മിറ്റിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. പ്രൊജക്ട് ഷെല്‍ട്ടറിന്റെ പ്രവര്‍ത്തനമേഖല ഇന്ത്യ മുഴുവനുമാണ്.
ഫാ. ജോര്‍ജ് കണ്ണന്താനത്തെ വീടുകളുടെ ലോകത്തേക്കു കൊണ്ടുവന്നത് ഒരു ദൈവിക ഇടപെടലായിരുന്നു. ഫാ. കണ്ണന്താനത്തിന്റെ പൗരോഹിത്യ സ്വീകരണം ആഘോഷമാക്കുന്നതിനുള്ള ആലോചനകള്‍ വീട്ടില്‍ നടക്കുമ്പോള്‍ അന്നു ഡീക്കനായിരുന്ന ജോര്‍ജ് വ്യത്യസ്തമായ ഒരു ആശയം മുമ്പോട്ടുവച്ചു. ആഘോഷങ്ങള്‍ ഒഴിവാക്കി ആ പണംകൊണ്ട് പാവപ്പെട്ട രണ്ടു കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിക്കാം. അഭിപ്രായം കുടുംബാംഗങ്ങള്‍ക്ക് സ്വീകാര്യമായി. ഒരു വലിയ പദ്ധതിയുടെ ആരംഭംകുറിക്കലാണെന്ന് ദൈവമല്ലാതെ മറ്റാരും അപ്പോള്‍ അറിഞ്ഞിരുന്നില്ല. കോട്ടയം ജില്ലയിലെ മണിമല ഗ്രാമത്തില്‍ കണ്ണന്താനത്ത് പരേതരായ ജോസഫ്-ബ്രിജറ്റ് ദമ്പതികളുടെ 11 മക്കളില്‍ എട്ടാമനാണ് ഫാ. ജോര്‍ജ്. അധ്യാപകനായിരുന്ന പിതാവ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ സജീവ പ്രവര്‍ത്തകനുമായിരുന്നു. അതുകൊണ്ടുതന്നെ വീടു നിര്‍മിക്കുക എന്ന മകന്റെ ആഗ്രഹം അദ്ദേഹത്തിനും വലിയ സന്തോഷം പകര്‍ന്ന നിര്‍ദേശമായിരുന്നു.
പട്ടത്തിന് ചായയും കേക്കുംമാത്രം
1992 ഏപ്രില്‍ 25-ന് നടന്ന പൗരോഹിത്യ സ്വീകരണത്തോടൊപ്പം രണ്ടു വീടുകളുടെ താക്കോല്‍ ദാനവും നടന്നു. രണ്ടു ലക്ഷം രൂപയായിരുന്നു രണ്ടു വീടുകള്‍ക്കായി ചെലവുവന്നത്. ചായയും കേക്കുമായിരുന്നു അതിഥികള്‍ക്ക് നല്‍കിയത്. ആഘോഷങ്ങളുടെ മാറ്റുകുറഞ്ഞെങ്കിലും എല്ലാവരുംതന്നെ പുതിയ തുടക്കത്തെ ആദരവോടെയാണ് കണ്ടത്. ഫാ. കണ്ണന്താനത്തിന്റെ പൗരോഹിത്യ രജതജൂബിലിയുടെ ഭാഗമായും മൂന്നു വീടുകള്‍ ഉയര്‍ന്നിരുന്നു.
”ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് 100 കോടി ജനങ്ങള്‍ക്ക് അടച്ചുറുപ്പുള്ള വീടുകളില്ല. വന്‍നഗരങ്ങളിലെ കണക്കെടുത്താല്‍ ആറിലൊരാള്‍ താമസിക്കുന്നത് ചേരികളിലാണ്. ഒരു വീട് സ്വന്തമായി പണിതു നല്‍കാന്‍ കഴിയുന്ന നിരവധി ആളുകള്‍ ഉണ്ട്. വ്യക്തികള്‍, സ്ഥാപനങ്ങള്‍, സിഎസ്ആര്‍ ഫണ്ടുകള്‍ എന്നിവയെ എല്ലാം കൂട്ടിയിണക്കാന്‍ കഴിഞ്ഞാല്‍ പ്രതീക്ഷിക്കുന്നതിലും എത്രയോ കൂടുതല്‍ ചെയ്യാന്‍ കഴിയും;” ഫാ. കണ്ണന്താനം പറയുന്നു. പ്രൊജക്ട് ഷെല്‍ട്ടര്‍ പദ്ധതിയെക്കുറിച്ചറിഞ്ഞ് ഫോണില്‍ വിളിച്ച് ഞങ്ങള്‍ കൂടെ ഉണ്ടെന്നു പറയുന്നവര്‍ അനേകരാണ്. അതില്‍ അമ്പരപ്പിച്ചത് സ്വന്തമായി വീടില്ലാത്ത ധാരാളം പേര്‍ പദ്ധതിയോടു സഹകരിക്കാന്‍ തയാറായതാണ്. പലരും പറഞ്ഞത്, ”എനിക്കു സ്വന്തമായി വീടില്ല. ഉണ്ടാക്കാന്‍ പറ്റുമെന്നും തോന്നുന്നില്ല, വീടില്ലാത്തവരുടെ വിഷമം അറിയാം. അതിനാല്‍ സാധിക്കുന്ന വിധത്തില്‍ സഹകരിക്കാം. ആര്‍ക്ക് എങ്കിലുമൊക്കെ വീട് ഉണ്ടാകട്ടെ.” സങ്കടപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ ആഗ്രഹിക്കുന്ന നന്മയുള്ള നിരവധി ആളുകള്‍ സമൂഹത്തിലുണ്ടെന്ന് ഫാ. കണ്ണന്താനം പറയുന്നു.
ഒരുപിടി അമ്പരപ്പിക്കുന്ന കാഴ്ചകളാണ് സുമനഹള്ളിയില്‍ കാത്തിരിക്കുന്നത്. അഹല്യ ഗാര്‍മെന്റ്സ് എന്ന എക്സ്പോര്‍ട്ട് യൂണിറ്റാണ് ഏറ്റവും ശ്രദ്ധേയം. കുഷ്ഠരോഗം മാറിയവര്‍ക്കും എച്ച്‌ഐവി രോഗികള്‍ക്കുമായി നടത്തുന്ന ഇന്ത്യയിലെ ആദ്യ ഗാര്‍മെന്റ്സ് എക്സ്പോര്‍ട്ട് യൂണിറ്റില്‍ 150-തോളം പേര്‍ ജോലി ചെയ്യുന്നുണ്ട്. സ്‌കൂള്‍, ആശുപത്രി, കുഷ്ഠരോഗികളുടെ സംരക്ഷണ കേന്ദ്രം, എച്ച്‌ഐവി/ എയ്ഡ്‌സ് രോഗികളെ സംരക്ഷിക്കുന്ന സെന്റര്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നു.
സുനാമി അനുഭവങ്ങള്‍
ഫാ. കണ്ണന്താനം എന്ന വൈദികനിലെ സാമൂഹ്യപ്രവര്‍ത്തകനെ പരുവപ്പെടുത്തിയത് സുനാമിയായിരുന്നു. സുനാമി ഏറെ നാശംവിതച്ച തമിഴ്‌നാട്ടിലെ കടലൂരില്‍ വസ്ത്രവും ഭക്ഷണവും മരുന്നുമായി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് പോയതായിരുന്നു. എന്നാല്‍, അവിടെനിന്നും തിരിച്ചുവന്നത് രണ്ടു വര്‍ഷത്തിനുശേഷമാണ്. അച്ചന്‍ അവിടെ എത്തിയ തിന്റെ പിന്നാലെ ദേശീയവും അന്തര്‍ദ്ദേശീയവുമായ നിരവധി സംഘടനകള്‍ സഹായവാഗ്ദാനവുമായി എത്തി. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നേതൃത്വം വഹിക്കാന്‍ അവര്‍ക്ക് ഒരാള്‍ വേണമായിരുന്നു. വെല്ലുവിളികള്‍ നിറഞ്ഞ ഉത്തരവാദിത്വം ഫാ. കണ്ണന്താനം ഏറ്റെടുത്തു.
സുനാമി തകര്‍ത്തെറിഞ്ഞ തീരദേശത്തുനിന്നും ഇന്ത്യയില്‍ ആദ്യമായി കടലില്‍ പോയത് (23-ാം ദിവസം) കടലൂരിന് അടുത്തുള്ള മടുക്കളം ഗ്രാമവാസികളായിരുന്നു. സുനാമിക്കു ശേഷം അവിടെ അവശേഷിച്ചത് 60 കുടുംബങ്ങളാണ്. 10 വള്ളങ്ങള്‍ ആ ഗ്രാമത്തിന് വാങ്ങി നല്‍കി. ആറ് കുടുംബങ്ങള്‍ക്ക് ഒരെണ്ണം എന്ന വിധത്തില്‍. അഞ്ച് പേര്‍ വള്ളത്തില്‍ മീന്‍പിടിക്കാന്‍ പോകും. വരുമാനം ആറായി വിഭജിക്കണമെന്നതായിരുന്നു വ്യവസ്ഥ. കാരണം, ആറ് കുടുംബങ്ങള്‍ എടുത്താല്‍ ഒരു കുടുംബനാഥനെങ്കിലും മരണപ്പെട്ടിരുന്നു.
ബാംഗ്ലൂര്‍ കെയേഴ്‌സ് നേപ്പാള്‍
അച്ചന്റെ സാമൂഹ്യരംഗത്തെ ഇടപെടലുകള്‍ വളരെ വേഗത്തിലാണ്. ഉദാഹരണത്തിന്, 2015-ല്‍ നേപ്പാളില്‍ പ്രകൃതി ദുരന്തം ഉണ്ടായപ്പോള്‍ അവിടേയ്ക്ക് ആദ്യം ഓടിയെത്തിയ സന്നദ്ധപ്രവര്‍ത്തകരിലൊരാള്‍ അച്ചനായിരുന്നു. ബാംഗ്ലൂര്‍ കെയേഴ്‌സ് നേപ്പാളിന്റെ പേരിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ദുരിതാശ്വാസപ്രവര്‍ത്തകര്‍ അകന്നുമാറിയിരുന്ന കുഷ്ഠരോഗികളുടെ കോളനികളായിരുന്നു ഫാ. ജോര്‍ജ് കണ്ണന്താനത്തിന്റെ ടീം തിരഞ്ഞെടുത്തത്.
സാഹചര്യങ്ങളിലേക്ക് നോക്കാതെ ഇങ്ങനെ എടുത്തുചാടാനുള്ള ധൈര്യം ലഭിക്കുന്നത് എങ്ങനെയാണെന്ന ചോദ്യത്തിന് അച്ചന്റെ മറുപടി ഇങ്ങനെയാണ്: ”ക്ലരീഷ്യന്‍ സഭയുടെ മൂന്ന് ഗൈഡിംഗ് വാക്കുകള്‍-Do what is urgent, timely and effectively എന്നാണ് (അത്യാവശ്യമുള്ള കാര്യങ്ങള്‍ എന്താണോ അതു കാലോചിതമായി ഫലപ്രദമായി ചെയ്യുക). ഞങ്ങളുടെ മിനിസ്ട്രി ലിമിറ്റഡ് മിനിസ്ട്രിയല്ല. എന്തു കാര്യങ്ങള്‍ വേണമെങ്കിലും ചെയ്യാമെന്നാണ് സഭയുടെ കാഴ്ചപ്പാട്.
മദേഴ്‌സ് മീല്‍സ്
വേദനിക്കുന്നവരെ തേടി ഇറങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ രീതി. 2020-ലെ കോവിഡ് മഹാമാരിക്കാലത്ത് സന്നദ്ധപ്രവര്‍ത്തനംപോലും സാധ്യമാകാത്ത സ്ഥിതി സംജാതമായി. മനുഷ്യന്റെ വിശപ്പിന്റെ വിളി അദ്ദേഹത്തിന്റെ കാതുകളില്‍ എത്തിയപ്പോള്‍ ‘മദേഴ്‌സ് മീല്‍സ്’ എന്നൊരു പ്രൊജക്ട് രൂപംകൊള്ളുകയായിരുന്നു. കോവിഡ് കാലത്ത് ആരു സഹായിക്കുമെന്നൊന്നും ചിന്തിച്ചില്ല. ദൈവത്തിന് ഒന്നും അസാധ്യമല്ലെന്ന് പൂര്‍ണബോധ്യം ഉണ്ടായിരുന്നു. മദേഴ്‌സ് മീല്‍സിലൂടെ ഏഴു രാജ്യങ്ങളിലെ അനേകരുടെ വിശപ്പടക്കി. കോവിഡ് ബാധിച്ചു 2020 ജൂണ്‍ ഒമ്പതിന് മരിച്ച അമ്മ ബ്രിജറ്റിന്റെ ഓര്‍മയ്ക്കായിട്ടായിരുന്നു വിശക്കുന്നവര്‍ക്ക് ആഹാരം നല്‍കുന്ന പദ്ധതിയുടെ ആരംഭം.
2020 ജൂലായ് 16-ന് (ക്ലരീഷ്യന്‍ സഭയുടെ സ്ഥാപനദിനം) അഞ്ച് കുടുംബങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ നല്‍കി തുടങ്ങിയതാണ് മദേഴ്‌സ് മീല്‍സ്. ഓഗസ്റ്റ് 15-ന് ദേശീയതലത്തിലേക്ക് എത്തിച്ചു. 80-തോളം സന്നദ്ധസംഘടനകളുമായി ചേര്‍ന്ന് രാജ്യത്തെ 28 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചു. തുടര്‍ന്നു ശ്രീലങ്ക, നേപ്പാള്‍, ഉഗാണ്ട, സൗത്ത് സുഡാന്‍, ചൈനയിലെ മക്കാവോ (ക്ലരീഷ്യന്‍ മിഷന്റെ നേതൃത്വത്തില്‍ മൈഗ്രന്റ്‌സിനു വേണ്ടി) തുടങ്ങിയ രാജ്യങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിച്ചു. മാസത്തില്‍ 3000 കുടുംബങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു. ഇപ്പോഴും ഇന്ത്യയില്‍ 500 കുടുംബങ്ങളിലേക്ക് അതു തുടരുന്നുണ്ട്.
നേത്രദാന വിപ്ലവം
പൗരോഹിത്യ സ്വീകരണത്തിനുശേഷം ബല്‍ത്തങ്ങാടി രൂപതയിലെ ഷിറാഡി അസിസ്റ്റന്റ് വികാരിയായിട്ടായിരുന്നു പ്രഥമ നിയമനം ലഭിച്ചത്. മദ്യത്തിനെതിരെ ഒരു കാമ്പയിന്‍ നടത്തി. രണ്ടു മദ്യശാലകള്‍ അധികാരികള്‍ക്ക് അടയ്‌ക്കേണ്ടതായി വന്നു. മദ്യപാനികള്‍ക്കായി 1999-ല്‍ 15 കിടക്കകളുമായി ബല്‍ഗാമില്‍ ഹോപ് റിക്കവറി സെന്റര്‍ ആരംഭിച്ചു. ഇപ്പോള്‍ നോര്‍ത്ത് കര്‍ണാടകയിലെ ഏറ്റവും വലിയ ഡി അഡിക്ഷന്‍ സെന്ററായി അതു വളര്‍ന്നുകഴിഞ്ഞു. രണ്ടാമത്തെ ഡി അഡിക്ഷന്‍ സെന്റര്‍ ഗോവയില്‍ ഉടന്‍ തുറക്കും. 1994-മുതല്‍ 98 വരെ കര്‍ണാടകയിലെ പ്രിസണ്‍ മിനിസ്ട്രിയുടെ കോ-ഓര്‍ഡിനേറ്ററായിരുന്നു. തുടര്‍ന്ന് 2001-മുതല്‍ 2013 വരെ ബംഗളൂരിലെ സുമനഹള്ളി പ്രൊജക്ട് ഡയറക്ടറായിരുന്നു.
തുടര്‍ന്നാണ് ഫാ. കണ്ണന്താനം ‘പ്രൊജക്ട് വിഷന്’ രൂപംനല്‍കുന്നത്. നേത്രദാനരംഗത്ത് വിപ്ലവകരമായ പ്രവര്‍ത്തനങ്ങളാണ് അച്ചന്‍ കാഴ്ചവച്ചത്. 10 വര്‍ഷങ്ങള്‍കൊണ്ട് 5 ലക്ഷം നേത്രദാന സമ്മതപത്രങ്ങള്‍ ലഭിച്ചു. നേത്രങ്ങള്‍ ലഭിച്ചതുവഴി 600 പേരെ കാഴ്ചയുടെ ലോകത്തേക്ക് എത്തിക്കാന്‍ സാധിച്ചു. 10,000-ത്തിലധികം തിമിര ശസ്ത്രക്രിയയകള്‍ നടത്താന്‍ സാഹചര്യമൊരുക്കി. നേത്രദാന സന്ദേശം എത്തിക്കുന്നതിനായി ലോക കാഴ്ച ദിനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ബ്ലൈന്‍ഡ് വോക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ക്ലരീഷ്യന്‍ സഭയുടെ നേതൃത്വത്തില്‍ പ്രൊജക്ട് വിഷന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ച നിലയില്‍ മുന്നോട്ടുപോകുന്നു. രണ്ടു വര്‍ഷം മുമ്പ് സുമ്മനഹള്ളിയുടെ ഡയറക്ടറായി വീണ്ടും നിയോഗിക്കപ്പെട്ടു.
അമ്പരപ്പിക്കുന്ന സുമനഹള്ളി
ബംഗളൂരു നഗരത്തില്‍നിന്നും എട്ട് കിലോമീറ്റര്‍ അകലെയാണ് സുമനഹള്ളി. ഒരു റിഹാബിലിറ്റേഷന്‍ സെന്റര്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിന്റെ ഉദാഹരണമാണ് സുമ്മനഹള്ളി. തിരക്കുപിടിച്ച ബംഗളൂരു നഗരത്തോട് ചേര്‍ന്ന് കുഷ്ഠരോഗികളെയും എയ്ഡ്‌സ് രോഗികളെയും സംരക്ഷിക്കുന്ന 63 ഏക്കറോളം വിസ്തീര്‍ണമുള്ള ഒരു കാമ്പസ് ഉണ്ടെന്നു കേട്ടാല്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. അവിടെയുള്ള രോഗികളെല്ലാം രോഗത്തെ അതിജീവിച്ചവരാണ്, മനസുകൊണ്ടെങ്കിലും. ഒരുപിടി അമ്പരപ്പിക്കുന്ന കാഴ്ചകളാണ് സുമനഹള്ളിയില്‍ കാത്തിരിക്കുന്നത്. അഹല്യ ഗാര്‍മെന്റ്സ് എന്ന എക്സ്പോര്‍ട്ട് യൂണിറ്റാണ് ഏറ്റവും ശ്രദ്ധേയം. കുഷ്ഠരോഗം മാറിയവരെയും എച്ച്‌ഐവി രോഗികളെയും ചേര്‍ത്ത് ഇന്ത്യയിലെ ആദ്യ ഗാര്‍മെന്റ്സ് എക്സ്പോര്‍ട്ട് യൂണിറ്റ്. 150-തോളം പേര്‍ ഇവിടെ ജോലി ചെയ്യുന്നു.
400 കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ (ഇവിടെയുള്ള കുട്ടികള്‍ക്ക് സമീപ സ്‌കൂളുകള്‍ പ്രവേശനം നല്‍കാന്‍ മടിച്ചപ്പോഴാണ് സ്‌കൂള്‍ തുടങ്ങിയത്. ഇപ്പോള്‍ സമീപവാസികളായ കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. ബോധവല്ക്കരണത്തിലൂടെ തെറ്റിദ്ധാരണകള്‍ നീങ്ങി). തെരുവില്‍ അകപ്പെടുന്ന കുട്ടികളെ സംരക്ഷിക്കുന്ന ബോസ്‌കോ ഭവന്‍, ആശുപത്രി, മെഴുകുതിരി നിര്‍മാണശാല, കുഷ്ഠരോഗികളുടെ സംരക്ഷണ കേന്ദ്രം, എച്ച്‌ഐവി/എയ്ഡ്‌സ് രോഗികളെ സംരക്ഷിക്കുന്ന സെന്റര്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നു. രോഗം മാറുന്നവര്‍ക്ക് സമീപപ്രദേശത്തുതന്നെ വീടുകള്‍ നിര്‍മിച്ചു അവരെ അവിടേയ്ക്കു മാറ്റുന്നതാണ് ഇവിടുത്തെ രീതി.
രോഗം മാറുന്നവര്‍ക്ക് സംവരണം
ഈ പ്രദേശത്തിന് സുമനഹള്ളി എന്ന പേരു വന്നത് സുമനഹള്ളി പ്രൊജക്ട് വന്നതിനുശേഷമാണ്. ബംഗളൂരു നഗരത്തില്‍ ഭിക്ഷാടനം നിരോധിച്ചപ്പോള്‍ അറസ്റ്റിലാകുന്ന യാചകരെ അധികാരികള്‍ കൊണ്ടുവന്നു തള്ളിയിരുന്ന പ്രദേശമായിരുന്നിത്. അവിടേക്ക് കുഷ്ഠരോഗികളെ കൊണ്ടുവരാന്‍ തുടങ്ങിയപ്പോള്‍ മറ്റു യാചകര്‍ പ്രതിഷേധിച്ചു. അവര്‍ക്കും രോഗം വരുമോ എന്നതായിരുന്നു ഭയം. കുഷ്ഠരോഗികളെ സംരക്ഷിക്കുന്നതിനായി അന്നത്തെ മുഖ്യമന്ത്രി ബംഗളൂരു ആര്‍ച്ചുബിഷപ്പിന്റെ സഹായം തേടി. അങ്ങനെയാണ് 1978-ല്‍ സുമനഹള്ളി പ്രൊജക്ട് നിലവില്‍ വരുന്നത്. 63 ഏക്കര്‍ സ്ഥലം ഗവണ്‍മെന്റ് പാട്ടത്തിന് നല്‍കി. നിര്‍മാണപ്രവര്‍ത്തനങ്ങളും ദൈനംദിന ചെലവുകള്‍ക്കുമുള്ള പണം രൂപത കണ്ടെത്തണമെന്ന വ്യവസ്ഥയോടെ.
കുഷ്ഠരോഗം മാറിയവര്‍ക്ക് ഇപ്പോള്‍ കര്‍ണാടക സംസ്ഥാന സര്‍വീസില്‍ ജോലിക്ക് രണ്ട് ശതമാനം സംവരണമുണ്ട്. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു സംവരണമില്ല. അതിന്റെ പിന്നില്‍ ഫാ. കണ്ണന്താനത്തിന്റെ നീണ്ടകാലത്തെ കഠിനാധ്വാനമുണ്ട്. ഒരിക്കല്‍ ഉപേക്ഷിക്കപ്പെട്ടവരുടെ സ്ഥലമായി കണക്കാക്കിയിരുന്ന സുമനഹള്ളി ഇപ്പോള്‍ റെസിഡന്‍ഷ്യല്‍ ഏരിയയുടെ സ്റ്റാറ്റസിലേക്ക് എത്തിക്കഴിഞ്ഞിരിക്കുന്നു. സുമനഹള്ളി റിഹാബിലിറ്റേഷന്‍ സെന്റര്‍ ബംഗളൂരു അതിരൂപതയുടെ സ്ഥാപനമാണെങ്കിലും അതിന്റെ ഉത്തരവാദിത്വം ക്ലരീഷ്യന്‍ വൈദികരെയാണ് ഏല്പിച്ചിരിക്കുന്നത്. സലേഷ്യന്‍ വൈദികര്‍, നൊര്‍ബെട്ടൈന്‍, മോണ്‍ട്ട്‌ഫോര്‍ട്ട് വൈദികര്‍, ഫ്രാന്‍സിസ്‌കന്‍ സിസ്റ്റേഴ്‌സ് ഓഫ് ഇമ്മാക്കുലേറ്റ്, മോണ്‍ട്ട്‌ഫോര്‍ട്ട് സിസ്റ്റേഴ്‌സ്, സെന്റ് ജോസഫ് ഓഫ് ടാര്‍ബ്‌സ് (എസ്‌ജെടി) എന്നീ സഭകളുടെ സംയുക്ത സംരംഭമാണ് ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍. ഇത്രയും സന്യാസ സഭകള്‍ ചേര്‍ന്നു നടത്തുന്ന മറ്റൊരു പ്രൊജക്ട് ഇന്ത്യയില്‍ ഇല്ല.
സ്വപ്‌ന സാക്ഷാത്ക്കാരങ്ങള്‍
കേന്ദ്ര ഗവണ്‍മെന്റിന്റെ 2003-ലെ ബെസ്റ്റ് എംപ്ലോയര്‍ ഓഫ് പേഴ്‌സന്‍ ഇന്‍ ഡിസബ്ലിറ്റി അവാര്‍ഡ് അടക്കമുള്ള നിരവധി പുരസ്‌കാരങ്ങള്‍ ഫാ. ജോര്‍ജ് കണ്ണന്താനത്തെ ഇതിനിടയില്‍ തേടിയെത്തി. അന്നത്തെ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാം ആയിരുന്നു ആ അവാര്‍ഡ് നല്‍കിയത്. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഛായ്) ദേശീയ സെക്രട്ടറി കൂടിയാണ് ഫാ. കണ്ണന്താനം. വൈദികന്‍ എന്ന നിലയില്‍ സമൂഹത്തിന് നല്‍കുന്ന സാക്ഷ്യമായിട്ടാണ് അച്ചന്‍ തന്റെ പ്രവര്‍ത്തനങ്ങളെ കാണുന്നത്. വീടുകള്‍ നല്‍കുന്നതില്‍ ജാതി-മത പരിഗണനകളില്ല. യേശുവിന്റെ ജീവിതശൈലി പിന്തുടരുന്ന എല്ലാ വൈദികരും സാമൂഹ്യപ്രവര്‍ത്തകര്‍ കൂടിയാണെന്നതാണ് ഫാ. കണ്ണന്താനത്തിന്റെ കാഴ്ചപ്പാട്.
നന്മപ്രവൃത്തികള്‍ സുഗമമായി ചെയ്യാന്‍ പറ്റുന്ന മികച്ച കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്ന് ഫാ. ജോര്‍ജ് കണ്ണന്താനം പറയുന്നു. സോഷ്യല്‍ മീഡിയകളുടെ കാലത്ത് കാര്യങ്ങള്‍ അറിയാനും അറിയിക്കാനും വേഗത്തില്‍ കഴിയുന്നു. വീടില്ലാത്തവരുടെ സങ്കടങ്ങള്‍ കേള്‍ക്കുമ്പോള്‍ സത്രത്തില്‍ ഇടംകിട്ടാതെ അലഞ്ഞ നസ്രത്തിലെ തിരുക്കുടുംബത്തെ പറ്റിയുള്ള ചിന്തകളാണ് ഫാ. കണ്ണന്താനത്തിന്റെ മനസില്‍ നിറയുന്നത്. ഓരോ വീടു നിര്‍മാണവും പുല്‍ക്കൂടനുഭവങ്ങളാണ് ഈ വൈദികന് സമ്മാനിക്കുന്നത്. അതിനാല്‍ അനേകരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ഓട്ടത്തിലാണ് ഫാ. ജോര്‍ജ് കണ്ണന്താനം. ഓരോ വീടും ഓരോ കുടുംബത്തിന്റെയും സ്വപ്‌നങ്ങളാണല്ലോ.
ഫാ. ജോര്‍ജ് കണ്ണന്താനം മൊബൈല്‍: 09845811515.
Leave a Comment
Your email address will not be published. Required fields are marked with *