Follow Us On

09

December

2024

Monday

ക്ലീമിസ് പിതാവിന്റെ ന്യൂ ഇയര്‍ ‘റെസലൂഷന്‍’

ക്ലീമിസ് പിതാവിന്റെ  ന്യൂ ഇയര്‍ ‘റെസലൂഷന്‍’

രഞ്ജിത് ലോറന്‍സ്‌

‘ഉപയോഗിക്കാതെ നീ അലമാരിയില്‍ സൂക്ഷിച്ചിരുന്ന രണ്ടാമത്തെ ഉടുപ്പ്, നിന്റേതല്ല, അത് മറ്റുള്ളവര്‍ക്കുള്ളതാണ്’എന്ന് പറഞ്ഞിട്ടുള്ളത് കേസറിയായിലെ വിശുദ്ധ ബസേലിയോസാണ്. കെസിബിസി പ്രസിഡന്റും മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പുമായ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവയുടെ സ്വര്‍ഗീയ മധ്യസ്ഥന്‍ വിശുദ്ധ ബസേലിയോസാണെന്നുള്ളത് കേവലം യാദൃച്ഛികമല്ലെന്ന് ഇരുവരുടെയും വാക്കുകളും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും തമ്മിലുള്ള സാമ്യം വ്യക്തമാക്കുന്നു.

വിശുദ്ധ ബസേലിയോസിന്റെ തിരുനാള്‍ദിനമായ ജനുവരി ഒന്നാം തിയതിയാണ് കാതോലിക്കാ ബാവയുടെ നാമഹേതുക തിരുനാളായി ആചരിക്കുന്നത്. കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് പിതാവിന്റെ നാമഹേതുക തിരുനാളിനോട് അനുബന്ധിച്ച് 2008 ജനുവരി മുതല്‍ 2023 ജനുവരി വരെ 15 ജീവകാരുണ്യ പദ്ധതികളാണ് വിവിധ സ്ഥലങ്ങളില്‍ നടപ്പിലാക്കിയത്. ആരും നോക്കാനില്ലാത്തവരെ സംരക്ഷിക്കാന്‍ അമ്മവീട്, മെന്റല്‍ ഹോസ്പറ്റലില്‍ നിന്ന് ആരും സ്വീകരിക്കാനില്ലാത്തവരെ സ്വീകരിക്കുന്ന സ്‌നേഹവീട്, തിരുവനന്തപുരത്ത് വരുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും (50 രോഗികള്‍ക്കും 50 കൂട്ടിരിപ്പുകാര്‍ക്കും) സൗജന്യമായി താമസിക്കുന്നതിന് സൗകര്യമൊരുക്കുന്ന സാന്ത്വനം പ്രൊജക്ട് തുടങ്ങിയ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 2024-ജനുവരി ഒന്നിന് ആഘോഷിച്ച പിതാവിന്റെ നാമഹേതുക തിരുനാളിനോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് കാരമ്മൂട് സെന്റ് ജോണ്‍സ് എന്ന പേരില്‍ ഒരു കമ്മ്യൂണിറ്റി ഹോസ്പിറ്റല്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. സാധാരണക്കാരായ ആളുകളെ കിടത്തി ചികിത്സിക്കാന്‍ സാധിക്കുന്ന 25 ബെഡ്ഡോഡുകൂടിയ ഹോസ്പിറ്റലാണിത്.

കൊടുത്ത് വളരണം
ജീവകാരുണ്യപ്രവര്‍ത്തനവഴിയില്‍ അനേകര്‍ക്ക് മാതൃകയായ കര്‍ദിനാള്‍ മാര്‍ ക്ലീമിസിന്റെ ആദ്യ മാതൃക സ്വന്തം അമ്മ തന്നെയായിരുന്നു എന്ന് അദ്ദേഹം അനുസ്മരിക്കുന്നു:
”ഇക്കാര്യത്തില്‍ ഞാന്‍ ആദ്യം ഓര്‍ക്കുന്നത് എന്റെ അമ്മയെയാണ്. ഞങ്ങള്‍ വലിയ ധനികരൊന്നുമായിരുന്നില്ല. എന്റെ അപ്പന്‍ സ്‌കൂള്‍ അധ്യാപകനായിരുന്നു. ഞങ്ങള്‍ ഏഴ് മക്കളാണ്. വീട്ടില്‍ ഒരുപാട് അതിഥികള്‍ വരും. വൈദികരും സിസ്റ്റേഴ്‌സും രാഷ്ട്രീയ പ്രവര്‍ത്തകരുമൊക്കെ ഉണ്ടാവും … അപ്രതീക്ഷിതമായി വരുന്നവരായിരുന്നു അവരില്‍ കൂടുതലും. അപ്പോഴൊക്കെ ഒരു പരാതിയുമില്ലാതെ അമ്മ ഇവര്‍ക്കെല്ലാം ഭക്ഷണം നല്‍കി. അമ്മ കഴിച്ചോ ഇല്ലയോ എന്ന് അന്ന് ഞങ്ങളാരും അത്ര ശ്രദ്ധിച്ചില്ല. പലപ്പോഴും അമ്മ കഴിച്ചിരുന്നില്ല എന്ന് പിന്നീട് മനസിലായി. അവര്‍ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍ മേശ ശരിയാക്കുക, വീട് വൃത്തിയാക്കിയിടുക തുടങ്ങിയ കാര്യങ്ങള്‍ ഞങ്ങള്‍ കുട്ടികളെക്കൊണ്ട് ചെയ്യിക്കും. അങ്ങനെ നമ്മളും അതില്‍ പങ്കാളികളാക്കും. കൂടാതെ ധര്‍മം ചോദിച്ച് വരുന്നവര്‍ക്ക് ഭക്ഷണം നല്‍കാനും അരി കൊടുക്കാനും മക്കളായ ഞങ്ങളുടെ കൈയില്‍ തരും. ദാനധര്‍മ്മം ചെയ്ത്, കണ്ട,് കൊടുത്ത് വളരണം.

ചില യാചകരെ കാണുമ്പോള്‍ നമുക്ക് സംശയം തോന്നുമല്ലോ. ഇത് തട്ടിപ്പ് പരിപാടിയാണെന്ന് ഞങ്ങള്‍ പറഞ്ഞാലും എന്തെങ്കിലും കൊടുക്കാതെ വെറും കൈയോടെ അമ്മ ആരെയും പറഞ്ഞുവിടുന്നത് കണ്ടിട്ടില്ല. ഇക്കാര്യത്തില്‍ അമ്മയുടെ സ്വാധീനശക്തി വലുതാണ്. പിന്നീട് വൈദികജീവിതത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞപ്പോള്‍ ബത്തേരി രൂപതയുടെ മെത്രാനായിരുന്നു മാര്‍ ദിവന്നാസിയോസ് തിരുമേനി മറ്റാരും അറിയാതെ വലിയ തുകകള്‍ ഔദാര്യത്തോടെ ദാനധര്‍മം ചെയ്തിരുന്നത് എനിക്ക് നേരിട്ടറിയാവുന്ന കാര്യമാണ്. അപ്പോഴൊക്കെ ഞങ്ങള്‍ പറഞ്ഞിട്ടുണ്ട് ഇത് പിതാവിനെ കളിപ്പിച്ചുകൊണ്ട് പോകുന്നതാണ് എന്ന്. പിതാവ് ഒരു നേരിയ പുഞ്ചിരി സമ്മാനിക്കും. എന്നാല്‍ ചെയ്യുന്ന കാര്യം മുടക്കില്ല. അത് ഒരുപാട് ചിന്തിപ്പിക്കുന്ന അനുഭവമായിരുന്നു. അതുപോലെ, പള്ളപ്പുറത്തുശേരി എബ്രഹാം അച്ചന്‍ എന്ന് പറയുന്ന എന്റെ മുന്‍ വികാരി, സാധാരണ ഗ്രാമത്തിലെ ഒരു വികാരി, അദ്ദേഹത്തിന് കിട്ടുന്ന ശമ്പളമൊക്കെ എപ്പോഴും ആര്‍ക്കെങ്കിലുമൊക്കെ കൊടുക്കുമായിരുന്നു.”
ഈ അനുഭവങ്ങളാണ് ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് തന്നെ ബോധ്യപ്പെടുത്തിയതെന്ന് ക്ലീമിസ് പിതാവ് പറയുന്നു.

ചാരിറ്റി മേമ്പൊടിയല്ല, ജീവിതശൈലി
കര്‍ദിനാളിന്റെ നേതൃത്വത്തില്‍ വിപുലമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് അദ്ദേഹം തിരുവല്ല രൂപതയുടെ അധ്യക്ഷനായിരിക്കുമ്പോഴാണ്. തിരുവല്ലായില്‍ അന്ന് ‘ബോധന’യുടെ നേതൃത്വത്തില്‍ നൂറ് വീടുകള്‍ പാവപ്പെട്ടവര്‍ക്ക് നിര്‍മിച്ചു നല്‍കി. അതില്‍ ക്രൈസ്തവരെന്നോ അക്രൈസ്തവരെന്നോ വേര്‍തിരിവില്ലാതെ എല്ലാവരും ഉള്‍പ്പെട്ടിരുന്നു. പിന്നീട് തിരുവനന്തപുരത്തേക്ക് വന്നപ്പോള്‍ അതിരൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് 75 വീടുകള്‍ അവിടുത്തെ എല്ലാ വൈദിക ജില്ലകളിലും ഏറ്റവും അര്‍ഹിക്കുന്നവര്‍ക്ക് നിര്‍മിച്ചു നല്‍കി. 2011 ലാണ് മാര്‍ ക്ലീമിസിന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ രജതജൂബിലി ആഘോഷിച്ചത്. ആര്‍ഭാടപൂര്‍ണമായ ജൂബിലി ആഘോഷം ഒഴിവാക്കണമെന്നും അത് കൂടുതല്‍ നന്മ ചെയ്യാനുള്ള അവസരമാക്കി മാറ്റണമെന്നും താന്‍ മനസില്‍ ആഗ്രഹിച്ചിരുന്നതായി കര്‍ദിനാള്‍ പങ്കുവച്ചു:

”പൗരോഹിത്യം സ്വീകരിച്ചതിന്റെ 25 -ാം വാര്‍ഷികാഘോഷം ആയതിനാല്‍ 25 വീടുകള്‍ നിര്‍മിച്ചു നല്‍കണമെന്ന ആഗ്രഹം മനസില്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് ‘സ്‌നേഹപൂര്‍വം ഒരു വീട്’ എന്ന പദ്ധതി ആരംഭിക്കുന്നത്. 25 വീടുകള്‍ പണിയാന്‍ ആഗ്രഹിച്ചാണ് തുടങ്ങിയതെങ്കിലും 32-ഓളം വീടുകള്‍ തീര്‍ക്കുന്നതിന് സാധിച്ചു. അന്ന് വൈദികര്‍ ഉള്‍പ്പടെ പല സ്‌നേഹിതരും ഈ പദ്ധതി നിര്‍ത്താതെ തുടരണമെന്ന അഭിപ്രായം പ്രകടിപ്പിച്ചു. അങ്ങനെ ആരംഭിച്ച ഈ പദ്ധതി പല തലങ്ങളിലേക്ക് വളര്‍ന്ന്, ഇന്ന് 2153 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കുന്നതിന് ചെറുതും വലുതമായ സഹായങ്ങള്‍ നല്‍കുന്നതില്‍ എത്തിനില്‍ക്കുന്നു. ഇത് വലിയ ഒരു സന്തോഷമാണ്. അമേരിക്കന്‍ ഭദ്രാസനമൊഴിയെ, മറ്റ് എല്ലാ ഭദ്രാസനങ്ങളിലും, സഹോദരസഭകളിലും, ഹിന്ദു, മുസ്ലീം സമുദായങ്ങളില്‍ പെട്ട കുടുംബങ്ങളിലും ഈ പദ്ധതിയിലൂടെ സഹായം ലഭ്യമാക്കി. ഈ പദ്ധതി ഇപ്പോഴും തുടരുന്നു.”

മലങ്കര പുനരൈക്യത്തിന്റെ ശതാബ്ദി 2030-ല്‍ ആഘോഷിക്കുന്നതിന് മുന്നോടിയായി എല്ലാവര്‍ക്കും വാസയോഗ്യമായ ഭവനം ലഭ്യമാക്കുന്നതിനുള്ള കര്‍മപദ്ധതി രൂപീകരിക്കുവാനുള്ള നിര്‍ദേശം എല്ലാ ഭദ്രാസനങ്ങള്‍ക്കും നല്‍കിയിട്ടുള്ളതായി പിതാവ് വ്യക്തമാക്കി.
”തിരുവന്തപുരത്ത് ഈ പദ്ധതി ഊര്‍ജിതമായി നടപ്പിലാക്കാനാണ് ആഗ്രഹിക്കുന്നത്. 252 ഭവനങ്ങള്‍ കൂടെ പൂര്‍ത്തീകരിക്കുവാനുള്ള അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. അത് പരിഹരിക്കപ്പെടുമ്പോള്‍ സമ്പൂര്‍ണമായ ഒരു വിപ്ലവം സാധ്യമാകും. അതുപോലെ വീടു പണിയാന്‍ വസ്തുവില്ലാത്ത പത്ത് കുടുംബങ്ങള്‍ക്ക് മൗണ്ട് കാര്‍മല്‍ ധ്യാനകേന്ദ്രത്തിന്റെ ക്യാമ്പസില്‍ ആവശ്യമായ സ്ഥലവും സ്വന്തമായ പുതിയ വീടും നിര്‍മിക്കുന്നതിനുള്ള ശ്രമത്തിലാണ്. നാല് വീടുകള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ബാക്കിയുള്ളവയുടെ നിര്‍മാണം ആരംഭിക്കുകയാണ്. വിവിധ രൂപതകളില്‍ വ്യത്യസ്ത പേരുകളിലായി ഭവനനിര്‍മാണ പദ്ധതികള്‍ ഊര്‍ജിതമായി മുമ്പോട്ട് പോകുന്നുണ്ട്.”

പഠിക്കാന്‍ സമര്‍ത്ഥരായ ദളിത് കുട്ടികള്‍ക്കായുള്ള ബോയ്‌സ് ഹോം, നാടാര്‍ സമൂഹത്തിലെ പഠിക്കാന്‍ സമര്‍ത്ഥരായ കുട്ടികള്‍ക്കായുള്ള ബെത്‌ലഹേം ബോയ്‌സ് ഹോം എന്നിവയും അതിരൂപതയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്നവയാണ്. മെന്റലി ചലഞ്ച്ഡ് ആയിട്ടുള്ളവര്‍ക്ക് വേണ്ടിയുള്ള ‘ആശ്വാസഭവന്‍’ ചീക്കനാല്‍ എന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്നു. കത്തീഡ്രല്‍ കാമ്പസില്‍, ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും ഉച്ചക്ക് ഭക്ഷണം വിതരണം ചെയ്യുന്ന സ്‌നേഹവിരുന്ന് പ്രൊജക്ട് ഉണ്ട്. കര്‍ദിനാള്‍ മാര്‍ ക്ലീമിസിന്റെ ഷഷ്ടിപൂര്‍ത്തിയോടനുബന്ധിച്ച് ആരംഭിച്ച പദ്ധതിയാണത്. എത്രപേര്‍ വന്നാലും അത്രയുമാളുകള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്ന ഈ പദ്ധതി ആളുകള്‍ വരുന്നിടത്തോളം കാലം തുടരണമെന്നാണ് പിതാവിന്റെ ആഗ്രഹം. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുനരധിവാസത്തിനായി ഒരു കോടി രൂപയാണ് അതിരൂപത നല്‍കിയത്. വല്ലപ്പോഴും ഒരിക്കല്‍ മേമ്പൊടിയായി സഹായങ്ങള്‍ ചെയ്യുകയല്ല, മറിച്ച് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഒരു സംസ്‌കാരവും ശൈലിയുമായി രൂപപ്പെട്ടു എന്നുള്ളത് വലിയ സന്തോഷകരമായ കാര്യമാണെന്ന് പിതാവ് പറയുന്നു.

നല്ല ബന്ധങ്ങള്‍ നല്ല ദിനങ്ങള്‍ സമ്മാനിക്കും

”പാവപ്പെട്ട മനുഷ്യരെ കുറച്ചുകൂടി പല തലങ്ങളില്‍ സഹായിക്കാന്‍ ആഗ്രഹമുണ്ട്. നമ്മുടെ പൊതുസമൂഹത്തിന്റെ ഇപ്പോഴത്തെ ചിന്താരീതികളില്‍ മാറ്റമുണ്ടായി കാണാന്‍ ആഗ്രഹിക്കുന്നു. ഇന്ന് സമൂഹങ്ങള്‍ തമ്മില്‍ വളരെ അകന്നുപോവുകയാണ്. സമുദായങ്ങള്‍ തമ്മില്‍ അകലുന്നു. കമ്മ്യൂണിക്കേഷന്‍ ഗ്യാപ് അല്ല കമ്യൂണിക്കേഷനേ ഇല്ല. ഇന്ന് നമ്മുടെ പൊതുസമൂഹം ചുരുങ്ങി ഇല്ലാതാകുകയാണ്. എല്ലാവരും വളരുകയും പൊതുസമൂഹം ഇല്ലാതാകുകയും ചെയ്യുമ്പോള്‍ പൊതു ഇടം നഷ്ടമാകുന്നു. ഇതൊരു വലിയ പ്രതിസന്ധി സൃഷ്ടിക്കും. ഒരുമിച്ചിറങ്ങി നില്‍ക്കാന്‍ ഒരു പൊതു ഇടം – ദൈവരാജ്യം – എന്ന് കര്‍ത്താവ് പറഞ്ഞ ആ ഇടം നമുക്കാവശ്യമുണ്ട്. അത് നമ്മുടെ ഇടയില്‍നിന്ന് വേഗത്തില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. അതിനൊരു പരിഹാരമുണ്ടാകണം.

കേരള കത്തോലിക്കാ സഭ ആ കാര്യത്തില്‍ ഒരു പുനര്‍വിചിന്തനം നടത്തി എല്ലാ വിഭാഗം ആളുകളുമായുള്ള ബന്ധം ഊഷ്മളമാക്കണമെന്നാണ് എന്റെ ആഗ്രഹവും പുതുവത്സരത്തിലെ ആശംസയും. കാരണം നല്ല ബന്ധങ്ങള്‍ നല്ല ദിനങ്ങള്‍ നമുക്ക് സമ്മാനിക്കും. പ്രതിസന്ധി വന്നാല്‍ ഒരുമിച്ചുനില്‍ക്കാന്‍ നമുക്ക് കഴിയും. പ്രതിസന്ധിയുടെ ദിനങ്ങള്‍ എപ്പോഴും നാം പ്രതീക്ഷിക്കണം. ദേശത്ത് കാലാവസ്ഥ വ്യതിയാനത്തിന്റെ ദോഷകരമായ സ്വാധീനം വഴി ഉണ്ടാകാന്‍ പോകുന്ന, ഉണ്ടായിക്കൊണ്ടിരിക്കുന്ന അപകടങ്ങളുണ്ട്. ഒറ്റയ്ക്ക് ഒന്നും നമുക്ക് നേരിടാന്‍ സാധിക്കില്ല. എല്ലാവരും ഇത് മനസിലാക്കി ഉത്തരവാദിത്വത്തോടെ ഇടപെടണം. അങ്ങനെ എല്ലാവരും ചേര്‍ന്ന് പൊതുസമൂഹത്തെക്കുറിച്ച് ചിന്തിക്കുന്ന 2024 എന്റെ മനസില്‍ കുളിര്‍മയുള്ള അനുഭവമാണ്. പരാജയങ്ങള്‍ വരാം, വീഴ്ചകള്‍ വരാം, ഒറ്റപ്പെട്ടുപോകാം. പക്ഷേ തളര്‍ന്നുപോകാതെ നിരാശയില്‍ വീഴാതെ എഴുന്നേറ്റു നില്‍ക്കാന്‍ കഴിയണം. എഴുന്നേറ്റു നില്‍ക്കാന്‍ പാടുപെടുന്നവനെ അടുത്തുനില്‍ക്കുന്നവര്‍ കൈപിടിച്ച് ഉയര്‍ത്തണം. എനിക്ക് മനസുണ്ട്, നീ സുഖപ്പെടുക എന്ന് കര്‍ത്താവ് പറഞ്ഞതിന്റെ അര്‍ത്ഥം ഈ തലത്തില്‍ മനസിലാക്കണം. അങ്ങനെ നല്ല പുതിയൊരു വര്‍ഷം ദൈവം നമ്മുടെ കേരളത്തില്‍ സമ്മാനിക്കട്ടെ എന്നാണ് എന്റെ ആശംസയും പ്രാര്‍ത്ഥനയും.”

വചനം ഭിത്തിയില്‍ എഴുതിയാല്‍ മാത്രം പോരാ
തിരുവനന്തപുരത്ത് എത്തിയ ശേഷം കണ്ടുമുട്ടിയ അനേകരുടെ ജീവിതസാഹചര്യം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ പ്രേരണയായതായി കര്‍ദിനാള്‍ പറഞ്ഞു. ”എവിടെ താമസിക്കുന്നു എന്ന് ചോദിച്ചാല്‍ ചൂണ്ടിക്കാണിക്കാന്‍ മനസിന് പ്രയാസമുള്ള സാധാരണക്കാരുടെ അവസ്ഥ അതിന് ഒരു പരിഹാരം കാണുവാന്‍ പ്രേരിപ്പിച്ചു. എച്ച്‌ഐവി ബാധിതരായ കുട്ടികള്‍ക്ക് പഠിക്കുന്നതിനും താമസിക്കുന്നതിനും എല്ലാ വാതിലുകളും കൊട്ടിയടക്കപ്പെട്ടപ്പോള്‍ പിരപ്പങ്കോട് സെന്റ് ജോണ്‍സ് മലങ്കര മെഡിക്കല്‍ വില്ലേജില്‍ അവര്‍ക്കുവേണ്ടി ഒരു സങ്കേതം തുറക്കാനും അവരെ അവിടെ പഠിപ്പിക്കുവാനും അവിടെ ജോലി ക്രമീകരിക്കാനും വിവാഹം കഴിപ്പിച്ച് അവരെ താമസിപ്പിക്കാനും സ്വന്തമായി അവര്‍ക്ക് അവിടെ ഒരു വീട് നല്കാനുമൊക്കെ സാധിച്ചു. എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും അവസാനിച്ചതിന് ശേഷം ആരെയെങ്കിലും സഹായിക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് മിഥ്യയാണ്. നമ്മുടെ ആവശ്യങ്ങളുടെ മധ്യേയും ക്ലേശങ്ങള്‍ക്കിടയിലും മാത്രമേ മറ്റുള്ളവരെ സഹായിക്കാന്‍ സാധിക്കുകയുള്ളൂ.

ഔദാര്യത്തോടെ നാം മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടുമ്പോള്‍ നമ്മുടെ ഒട്ടേറെ പ്രയാസങ്ങള്‍ പരിഹരിക്കപ്പെടും എന്നത് എനിക്ക് ബോധ്യപ്പെട്ടിട്ടുള്ള കാര്യമാണ്. നാം നമുക്കുവേണ്ടി മുട്ടുമടക്കി ദൈവത്തോട് പ്രാര്‍ത്ഥിക്കാതെ തന്നെ മറ്റുള്ളവരെ പരിഗണിക്കുമ്പോള്‍ നമ്മുടെ വിഷയങ്ങളെല്ലാം പരിഹരിക്കപ്പെടുന്ന അവസ്ഥ എനിക്ക് അനുഭവമുള്ളതാണ്. രൂപത വലിയ സാമ്പത്തിക ബുദ്ധിമുട്ടിലൂടെ കടന്നുപോയപ്പോഴും ദരിദ്രരെ പരിഗണിച്ചപ്പോള്‍, അവരുടെ കാര്യത്തില്‍ ഇടപെട്ടപ്പോള്‍ നമ്മുടെ ഒരുപാടു വിഷയങ്ങള്‍ക്ക് തീര്‍പ്പു കല്‍പ്പിക്കാന്‍ ദൈവം ഇടയാക്കിയിട്ടുണ്ട്. അപ്പോള്‍ ദാനധര്‍മ്മം ആപത്ത് ഒഴിവാക്കും എന്നത് മാത്രമല്ല, ദാനധര്‍മ്മം നമ്മെ ദൈവപദ്ധതിയില്‍ ചേര്‍ത്ത് നിര്‍ത്തി നമ്മെ ഉറപ്പിക്കും.

ജീവകാരുണ്യപ്രവൃത്തികള്‍ സുവിശേഷത്തിന്റെ ജീവന്‍ നല്‍കുന്ന അടയാളമാണ്. സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണ ഉള്ളവരായിരിക്കുവിന്‍ എന്ന് ഭിത്തിയില്‍ എഴുതി വയ്ക്കുന്നതുകൊണ്ട് വചനം ജീവനുള്ളതാവില്ല. ഈ വചനം ജീവനുള്ളതാണെന്ന് ബോധ്യപ്പെടുന്നത് അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുമ്പോഴാണ്. ഇതൊരു അടയാളമാണ്. ജീവിക്കുന്ന സാക്ഷ്യമാണ്. നിങ്ങള്‍ ലോകമെങ്ങും പോയി എന്റെ സുവിശേഷം അറിയിക്കണം എന്ന് കര്‍ത്താവ് പറഞ്ഞത് കര്‍ത്താവ് പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കണം എന്ന അര്‍ത്ഥത്തില്‍ മാത്രമല്ല – അത് ഒരു ഭാഗമാണ് – കര്‍ത്താവ് പറഞ്ഞത് സത്യമാണെന്ന് കര്‍ത്താവിന്റെ പിന്നാലെ വന്നിരിക്കുന്നവരെ ബോധ്യപ്പെടുത്തുക കൂടെ ചെയ്യുമ്പോഴാണ് അത് പൂര്‍ത്തിയാകുന്നത്. ജീവകാരുണ്യപ്രവൃത്തികളിലൂടെയാണ് അത് സാധ്യമാകുന്നത്. നിന്റെ വിശ്വാസം നിര്‍ജീവമായിരിക്കരുത്. ജീവകാരുണ്യപ്രവൃത്തികളെല്ലാം ജീവിക്കുന്ന ദൈവത്തിന്റെ ജീവനുളള സാക്ഷ്യമാണ്, അടയാളമാണ്. അതുകൊണ്ട് ഇവ സുവിശേഷജീവിതത്തിന്റെ അനുബന്ധമല്ല, മറിച്ച് പരസ്പരപൂരകമായ അനുഭവമാണ്. ജീവകാരുണ്യപ്രവൃത്തികള്‍ = സുവിശേഷം ജീവിക്കുന്നു.”

കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് പിതാവ് ബത്തേരി രൂപതയുടെ വികാരി ജനറലായിരുന്ന സമയം. ഔദ്യോഗിക ആവശ്യത്തിനായി റോമിലേക്ക് പോകുന്നതിന് മുമ്പ് ദൈവാലയത്തില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ തന്റെ വില്‍പത്രം എഴുതണം എന്നൊരു പ്രചോദനം ലഭിച്ചു. തദനുസൃതം, താന്‍ മരിച്ചാല്‍ എന്തൊക്കെ ചെയ്യണം എന്നെല്ലാം ഉള്‍പ്പെടുത്തിയ ഒരു വില്‍പ്പത്രം തയാറാക്കി അദ്ദേഹം പ്രൊക്കുറേറ്റര്‍ അച്ചനെ ഏല്‍പ്പിച്ചു. റോമില്‍ നിന്ന് തിരിച്ചു വരുന്ന സമയം ആംസ്റ്റര്‍ഡാമില്‍ വച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന വിമാനത്തിന്റെ എഞ്ചിന്‍ തകരാറിലായി. തന്നെക്കൊണ്ട് വില്‍പ്പത്രം എഴുതിച്ചത് ദൈവികപദ്ധതിയുടെ ഭാഗമാണെന്നും എല്ലാം അവസാനിക്കാന്‍ പോവുകയാണെന്നുമാണ് മരണത്തെ മുഖാമുഖം കണ്ട ആ നിമിഷങ്ങളില്‍ അദ്ദേഹം ചിന്തിച്ചത്. ഈ സമയം മറ്റ് യാത്രക്കാരെല്ലാം സംഭ്രമിച്ച് ബഹളം വച്ചപ്പോഴും ശാന്തമായി ഇരുന്ന് അദ്ദേഹം ജപമാല ചൊല്ലി. തന്റെ പ്രിയ മകന് വേണ്ടി പരിശുദ്ധ അമ്മ ഇടപെട്ടതുകൊണ്ടാവണം, അത്ഭുതകരമായി യാതൊരു അപകടവുമുണ്ടാകാതെ വിമാനം ലാന്റ് ചെയ്തു. തന്റെ ജീവിതം കൊണ്ട് ദൈവിത്തിന് ഇനിയും എന്തൊക്കെയോ പൂര്‍ത്തീകരിക്കാനുണ്ട് എന്നതിന്റെ അടയാളമായാണ് അന്ന് വികാരി ജനറാളച്ചനായിരുന്ന പിതാവ് ആ സംഭവത്തെ മനസിലാക്കിയത്.

വാസ്തവത്തില്‍ കലുഷിതമായ ഈ കാലഘട്ടത്തില്‍ സഭയ്ക്കുവേണ്ടി, സമൂഹത്തിന് വേണ്ടി അന്ന് പരിശുദ്ധാത്മാവ് പിതാവിനെ പൊതിഞ്ഞ് സൂക്ഷിക്കുകയായിരുന്നു. പിന്നീട് മലങ്കര സഭയില്‍ മെത്രാനായും സഭയുടെ തലവനായും ആഗോളസഭയിലെ കര്‍ദിനാളുമൊക്കെയായുള്ള തിരഞ്ഞെടുപ്പ് ആ ദൈവികപദ്ധതിയുടെ സ്ഥിരീകരണമായി മാറി. കേരളസഭയിലും ആഗോളസഭയിലും മാത്രമല്ല പ്രതിസന്ധി നേരിടുന്ന ഏത് ഇടങ്ങളിലും സമൂഹങ്ങളിലും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിര്‍വരമ്പുകള്‍ക്തീതമായി ഇടെപെട്ടുകൊണ്ട് ദൈവം ഭരമേല്‍പ്പിച്ച നിയോഗങ്ങള്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ ഇന്നും പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്നു.

 

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?