Follow Us On

27

April

2024

Saturday

ശതാബ്ദി നിറവില്‍ വിസിറ്റേഷന്‍ സഭ

ശതാബ്ദി നിറവില്‍ വിസിറ്റേഷന്‍ സഭ

ഡോ. സിസ്റ്റര്‍ റോഷിന്‍ കുന്നേല്‍ ജോണ്‍ എസ്‌വിസി

1924 ജനുവരി 29-ന് സ്ഥാപിതമായ ആലപ്പുഴയിലെ വിസിറ്റേഷന്‍ സഭ ശതാബ്ദി നിറവിലാണ്. സ്വര്‍ഗീയ മധ്യസ്ഥരായ വിശുദ്ധ ഫ്രാന്‍സിസ് ഡി സാലസിന്റെയും വിശുദ്ധ ജെയിന്‍ ഡി ഷന്താളിന്റെയും ആത്മീയതയും ജീവിത ദര്‍ശനവും അടിസ്ഥനമാക്കി, പ്രാര്‍ത്ഥനാ നിര്‍ഭരമായ ഉപവിയുടെ ജീവിതചര്യ എന്ന അടിത്തറയില്‍ ദൈവദാസന്‍ സെബാസ്റ്റ്യന്‍ ലോറന്‍സ് കാസ്മിര്‍ പ്രസന്റേഷനച്ചന്‍ പണിതുയര്‍ത്തിയതാണ് ആലപ്പുഴയിലെ വിസിറ്റേഷന്‍ സഭ.

സഭയുടെ തുടക്കം
സെബാസ്റ്റ്യന്‍ പാതിരി എന്ന് തീരമക്കള്‍ വിളിച്ചിരുന്ന വല്യച്ചന്‍ 1867 ഓഗസ്‌റ് 10 ന് ആലപ്പുഴയിലെ കാട്ടൂരില്‍ ജനിച്ചു. ആലപ്പുഴ രൂപതയിലെ വൈദികനായിത്തീര്‍ന്ന അദ്ദേഹം തീരദേശത്തിന്റെയും സമുദായത്തിന്റെയും ഉയര്‍ച്ചയ്ക്കുവേണ്ടി കര്‍മനിരതനായി. സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ തലങ്ങളില്‍ ഏറെ പിന്നിലായിരുന്ന തീരദേശ സമൂഹത്തിന്റെ സമഗ്രവികസനമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്‌നം. നിരവധി ജനക്ഷേമകരമായ കാര്യങ്ങള്‍ ചെയ്യാന്‍ വല്യച്ചന്‍ മുന്‍കൈയെടുത്തു.

തീരദേശത്തിന്റെ ഉന്നമനം, വിദ്യാഭ്യാസവും സ്ത്രീശാക്തീകരണവും വഴിയാണെന്ന ഉറച്ച ബോധ്യത്തില്‍ അദ്ദേഹം തുടങ്ങിവെച്ച സംരംഭങ്ങളില്‍ സുപ്രധാനമാണ് ആലപ്പുഴയിലെ വിസിറ്റേഷന്‍ സഭ. ദൈവദാസന്റെ അഭ്യര്‍ത്ഥനപ്രകാരം, കോട്ടയം മെത്രാന്‍ മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ പിതാവിന്റെ അനുഗ്രഹാശിസുകളോടെ, കോട്ടയം വിസിറ്റേഷന്‍ സഭയിലെ രണ്ടു സഹോദരികള്‍, സന്യാസാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കാന്‍ ആലപ്പുഴയിലെ കാട്ടൂരില്‍ എത്തി. ഫ്രാന്‍സിലെ വിസിറ്റേഷന്‍ സഭാ സ്ഥാപകരായ വിശുദ്ധ ഫ്രാന്‍സിസ് ഡി സാലസിന്റെയും വിശുദ്ധ ജെയിന്‍ ഡി ഷന്താളിന്റെയും ആദ്ധ്യാത്മിക സിദ്ധി സ്വീകരിച്ചിരുന്ന കോട്ടയം വിസിറ്റേഷന്‍ സഹോദരിമാരുടെ നിയമാവലി ഉപയോഗിച്ച്, സെബാസ്റ്റ്യന്‍ പ്രസന്റേഷനച്ചന്‍ സഭയുടെ നിയമാവലി തയ്യാറാക്കി.

വല്യച്ചന്റെ കുടുംബ സ്വത്തായ സ്ഥലം മഠം പണിയാന്‍ നല്‍കി. കൊച്ചി രൂപതയുടെ ജോസ് ബെന്റോ മാര്‍ട്ടിന്‍സ് റിബെയ്രൊ പിതാവിന്റെ രേഖാമൂലമുള്ള അനുമതിയും അനുഗ്രഹവും നേടി. 1924 ജനുവരി 29ന് വിശുദ്ധ ഫ്രാന്‍സിസ് സാലസിന്റെ തിരുനാള്‍ ദിവസം കാട്ടൂര്‍ ഇടവകയില്‍ വിസിറ്റേഷന്‍ സഭ സ്ഥാപിതമായി. പരിശീലനം പൂര്‍ത്തിയാക്കിയ 6 സന്യാസാര്‍ത്ഥിനികള്‍ 1930 ല്‍ പ്രഥമ വ്രതവാഗ്ദാനം ചെയ്തു. അപ്പോള്‍ കാട്ടൂര്‍ മഠത്തില്‍ അര്‍ത്ഥിനികളുള്‍പ്പെടെ 14 പേരുണ്ടായിരുന്നു.

വല്യച്ചന്‍ വീടുകള്‍ കയറിയിറങ്ങി പിടിയരിപ്പിരിവ് നടത്തിയും തെങ്ങുകെട്ടിയും, ധര്‍മ്മം വാങ്ങിയും, കത്തുകളെഴുതി സഹായം തേടിയും അവര്‍ക്ക് താങ്ങായി. സഭയ്ക്കുവേണ്ടിയുള്ള അലച്ചിലുകള്‍ക്കിടയില്‍ ന്യൂമോണിയ പിടിപെട്ട്, 1936 ജൂണ്‍ 13ന് ദൈവദാസന്‍ സ്വര്‍ഗത്തിലേക്ക് വിളിക്കപ്പെട്ടു. വല്യച്ചന്റെ വിയോഗം വരുത്തിയ അനാഥത്വവും സാമ്പത്തിക ഞെരുക്കവും മറികടന്ന്, 14 സഹോദരിമാര്‍ ദൈവപരിപാലനയില്‍ നിലകൊണ്ടു. 1945 ല്‍ കൊച്ചിയുടെ ജോസ് വിയേര ആല്‍വേര്‍ണസ് പിതാവ് രൂപതാ സഭയായി പ്രഖ്യാപിച്ചതോടെ വിസിറ്റേഷന്‍ സഭ സത്വരം വളര്‍ന്നു. കേരളത്തിനപ്പുറം, നോര്‍ത്ത് ഇന്ത്യയിലേക്കും ഇന്ത്യയ്ക്കപ്പുറം, ജര്‍മ്മനി, ഇറ്റലി, ആഫ്രിക്ക, സുഡാന്‍, ഈജിപ്ത് എന്നി രാജ്യങ്ങളിലേക്കും വ്യാപിച്ചു. 2003 ഏപ്രില്‍ 2 ന് വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ പൊന്തിഫിക്കല്‍ പദവിയിലേക്ക് സഭയെ ഉയര്‍ത്തി.

ആലപ്പുഴയിലെ വിസിറ്റേഷന്‍ സഭ ഇന്ന്, ഇന്ത്യയിലും വിദേശത്തുമായി, മൂന്നു പ്രൊവിന്‍സുകളും ആഫ്രിക്കന്‍ റീജെനുമുള്‍പ്പെടെ, 26 രൂപതകളില്‍ 69 മഠങ്ങളിലായി, 462 സന്യാസിനികളുടെ കുടുംബമാണ്. സഭയെ നയിക്കുന്നത് സുപ്പീരിയര്‍ ജനറല്‍ മദര്‍ ലീല ജോസ്, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയേഴ്‌സായ മദര്‍ ട്രീസ ചാള്‍സ്, സിസ്റ്റര്‍ കുസുമം പീറ്റര്‍, സിസ്റ്റര്‍ ജസീന്ത തോമസ് എന്നിവരാണ്.

മിഷന്‍ നാടുകളില്‍
സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് ഒഡീഷയിലെ വില്ലേജുകളിലാണ്. ഒറ്റപ്പെട്ട വിദൂര ഗ്രാമങ്ങളില്‍ സാമൂഹ്യ സേവനങ്ങളും, ആതുരശുശ്രൂഷയ്ക്കായി ഡിസ്‌പെന്‍സറികളും മൊബൈല്‍ ക്ലിനിക്കുകളും അടിസ്ഥാന വിദ്യാഭ്യാസം നല്‍കാനായി സൗജന്യ ബോര്‍ഡിങ്ങുകളും സ്‌കൂളുകളും ഒരുക്കി. പിന്നീട് ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍, ആഫ്രിക്ക, സുഡാന്‍ എന്നിവിടങ്ങളില്‍ സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചു.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തിന്റെ രക്ഷ കൈവരൂ എന്ന ചിന്തയുമായി ദൈവദാസന്‍ സെബാസ്റ്റ്യനച്ചന്‍ കുടുംബ സ്വത്തിലെ തന്റെ ഓഹരി സഭയുടെ ആദ്യവിദ്യാലയ സ്ഥാപനത്തിന് വേണ്ടി നല്‍കി. ഒരു നൂറ്റാണ്ടിനിപ്പുറം, കാട്ടൂരിലെ ഈ ആദ്യ വിദ്യാലയം മലയാളം മീഡിയത്തില്‍, സീനിയര്‍ സെക്കന്ററി ലെവല്‍ വരെ ഇന്നും മികവുറ്റ പ്രവര്‍ത്തനം കാഴ്ചവെക്കുന്നു. സഭയുടെ ആദ്യകാലം മുതല്‍ ഓരോ കോണ്‍വെന്റിനോടും ചേര്‍ന്ന് ഒരു നഴ്‌സറി സ്‌കൂള്‍ ഉണ്ടായിരുന്നു. കാലഘട്ടത്തിന്റെ ആവശ്യത്തിനനുസരിച്ച്, എല്‍പി സ്‌കൂള്‍, യുപി സ്‌കൂള്‍, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിങ്ങനെ സഭയുടെ വിദ്യാലയങ്ങള്‍ ഉയര്‍ന്നുവന്നു.

സാമൂഹ്യ സേവനങ്ങള്‍
മനുഷ്യ സ്‌നേഹിയായ തെക്കേവീട്ടില്‍ ഫാ. ആന്‍ഡ്രൂസിന്റെ തീക്ഷ്ണതയില്‍, 1944 ഫെബ്രുവരി 2 ന് ഫോര്‍ട്ട് കൊച്ചിയില്‍ ആരംഭിച്ച സെന്റ് ജോസഫ്‌സ് വെയ്ഫ്‌സ് ഹോം എന്ന വൃദ്ധ മന്ദിരം സഭയുടെ സാമൂഹ്യ സേവന ചരിത്രത്തിലെ സുപ്രധാന ചുവടുവെപ്പാണ്. ആതുരശുശ്രൂഷാ രംഗത്ത്, ആദ്യകാലം മുതല്‍ ഓരോ സ്ഥലത്തെയും ആവശ്യമനുസരിച്ച് നിരവധി ഡിസ്‌പെന്‍സറികള്‍ നടത്തിപ്പോരുന്നു.

1966 ല്‍ അര്‍ത്തുങ്കലില്‍ തുടങ്ങിയ ഡിസ്‌പെന്‍സറി പിന്നീട് 1972ല്‍ അംഗീകൃത ആശുപത്രിയായി പുരോഗമിച്ച്, ഇന്ന് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയാണ്. ഇതോടൊപ്പം സെന്റ് സെബാസ്റ്റ്യന്‍ വിസിസ്റ്റേഷന്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗും പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരത്ത് മരിയനാടില്‍ സെന്റ് ആന്റണിസ് ആശുപത്രിയും 2021 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു.

മനസീകരോഗികളായ സ്ത്രീകള്‍ക്ക് അഭയമേകാന്‍ മദര്‍ മേരി കാരോളൈന്‍ 2010 ല്‍ കലവൂരില്‍ സ്‌നേഹഭവന്‍ എന്ന മാനസിക പുനരധിവാസ കേന്ദ്രം ആരംഭിച്ചു. സ്‌നേഹഭവനോട് ചേര്‍ന്ന്, 2020 മുതല്‍ കൗണ്‍സിലിംഗ് സെന്ററും പ്രവര്‍ത്തിക്കുന്നു. വിവാഹം, ഭവന നിര്‍മാണം, വിദ്യാഭ്യാസം, ചികിത്സ മുതലായ ആവശ്യങ്ങള്‍ക്കായി സഭയുടെ വിവിധ സഹായ പദ്ധതികളിലൂടെ സഹായഹസ്തം നീട്ടുന്നു. സഭയുടെ കുടുംബ നവീകരണ ദൗത്യത്തില്‍ വിസിറ്റേഷന്‍ സഹോദരികള്‍ സജീവമായി പങ്കുചേരുന്നു. കുടുംബങ്ങളെ സുവിശേഷവത്കരിക്കാനും, പ്രത്യേകിച്ച് സ്ത്രീകളെ ആത്മീയവും മാനസികവുമായി ശക്തിപ്പെടുത്താനും വീട് സന്ദര്‍ശനങ്ങള്‍ വേദിയാകുന്നു. നാളിതുവരെ കൂടെ നിന്ന എല്ലാവര്‍ക്കും ശതാബ്ദിയില്‍ നന്ദി പറയുകയാണ് ഈ സന്യാസിനി സമൂഹം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?