ജയിംസ് ഇടയോടി
മാധ്യമ രംഗത്ത് സുവിശേഷവര്‍ണങ്ങള്‍ വിരിയിക്കുന്ന അന്തര്‍ദേശീയ സ ന്യാസ സമൂഹമാണ് സൊസൈറ്റി ഓഫ് സെന്റ് പോള്‍സ്(എസ്എസ്പി). 19-ാം നൂറ്റാണ്ടില്‍, കൃത്യമായി പറഞ്ഞാല്‍ 1914-ല്‍, വാര്‍ത്താ മാധ്യമങ്ങളു ടെ സ്വാധീനശക്തിയെക്കുറിച്ച് കാര്യമായ അവബോധം ഇല്ലാതിരുന്ന കാ ലത്ത്, വാഴ്ത്തപ്പെട്ട ജെയിംസ് ആല്‍ബറോണി എന്ന ഇറ്റാലിയന്‍ വൈദിക ന്റെ ഹൃദയത്തില്‍ രൂപംകൊണ്ട ആശയമായിരുന്നു മീഡിയ മിനിസ്റ്ററി പ്ര ധാന കാരിസമായുള്ള ഈ സന്യാസസമൂഹം. ആധുനിക വാര്‍ത്താ മാധ്യമങ്ങളിലൂടെ നടത്തുന്ന സുവിശേഷപ്രഘോഷണമാണ്’ഈ സമൂഹത്തി ന്റെ കാരിസം.
1935-ല്‍ സൊസൈറ്റി ഓഫ് സെന്റ് പോള്‍സിന്റെ ആദ്യ സമൂഹം മുംബൈയില്‍ എത്തിയെങ്കിലും 1939-ല്‍ അലഹബാദിലാണ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കാനായത്. ഇന്ന് 2024-ല്‍ എത്തിനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ പ്രൊവിന്‍സിന്റെ കീഴിലുള്ള ഡല്‍ഹി, മുംബൈ, പൂനാ, ബംഗളൂരു, ചെന്നൈ, എറണാകുളം, കോയമ്പത്തൂര്‍, കൊല്‍ക്കത്ത, ഏലൂര്‍ (ആന്ധ്രാപ്രദേശ് ), ജോര്‍ഘട്ട് (ആസാം), ഇബ്ദാന്‍ (നൈജീരിയാ), വിജയവാഡാ, റാഞ്ചി, ഗോഹട്ടി, ജലന്തര്‍ എന്നിവിടങ്ങളിലായി ശുശ്രൂഷ ചെയ്യുന്ന 153 അംഗങ്ങളിലൂടെ കോടാനുകോടി ജനങ്ങളിലേക്ക് ആ പ്രേഷിത ശുശ്രൂഷകള്‍ എത്തുന്നു. ഇന്ത്യയിലെ കത്തോലിക്കാ പ്രസിദ്ധീകരണങ്ങളുടെ നേതൃനിരയിലാണ് ഇന്ന് സെന്റ് പോള്‍സ് പ്രസിദ്ധീകരണങ്ങളുടെ സ്ഥാനം.
ഇന്ത്യ, നൈജീരിയ, ഗ്രേറ്റ് ബ്രിട്ടന്‍, അയര്‍ലണ്ട് എന്നീ ഭൂപ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൊസൈറ്റി ഓഫ് സെന്റ് പോള്‍സ് സന്യാസ സമൂഹത്തിന്റെ ഇന്ത്യാ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സേവനം ചെയ്യുന്നത് മലയാളിയായ ഫാ. ജോബി മാത്യു മാനാഞ്ചിരിക്കലാണ്. വളരെ വിശാലമായ കാഴ്ചപ്പാടുകളും ദാര്‍ശനിക വീക്ഷണങ്ങളുമുള്ള ഫാ. ജോബി മാത്യു, ഇക്കണോമിക്‌സില്‍ ബിരുദധാരിയും ന്യുയോര്‍ക്ക് യൂണിവേഴ്‌സിറ്റിയുടെ മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ പബ്ലീഷിങ്ങില്‍ ബിരുദാനന്തര ബിരുദധാരിയുമാണ്.
പ്രിയങ്കരനായ ‘നോട്ടപ്പുള്ളി’
കോട്ടയം ജില്ലയിലെ പയസ്മൗണ്ട് ഇടവകയില്‍ മാനാഞ്ചിരിക്കല്‍ മാത്യു, ഏലിയാമ്മ ദമ്പതികളുടെ നാലു മക്കളില്‍ ഒരാളായി 1976-ല്‍ ആയിരുന്നു ജോബിയുടെ ജനനം. ബൈബിള്‍ വായനകളും അനുദിനബലികളും പ്രാര്‍ത്ഥനകളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കോര്‍ത്തിണക്കിയ കുടുംബത്തിലെ പശ്ചാത്തലം, മക്കള്‍ക്കെല്ലാം വലിയ സംരക്ഷണ കോട്ടയായിരുന്നു എന്ന് ഫാ. ജോബി ഓര്‍മിക്കുന്നു. കുടുംബാംഗങ്ങളുടെ ആഴമായ പ്രാര്‍ത്ഥനാ രീതികളും വിശ്വാസാധിഷ്ഠിതമായ ജീവിതവും അദ്ദേഹത്തില്‍ രൂപപ്പെട്ട ആഴമായ പ്രാര്‍ത്ഥനാജീവിതത്തിന്റെ മൂലക്കല്ലായി മാറി. താന്‍ ചെറുപ്പമായിരുന്ന കാലത്ത് അമ്മ പല തവണ ബൈബിള്‍ മുഴുവന്‍ വായിച്ചതിന്റെ ഓര്‍മ ഇന്നും അദ്ദേഹത്തിന്റെ മനസില്‍ പച്ചകെടാതെ നില്‍ക്കുന്നു.
1991-ല്‍ ബംഗളൂരു സെന്റ് പോള്‍സ് സെമിനാരിയില്‍ ചേര്‍ന്നു. പഠനത്തിലെ ഉന്നത നിലവാരം, നേതൃപാടവം, സംഘടനാ പാടവം എന്നിവ ജോബി മാത്യുവിനെ ഏവരുടെയും പ്രിയങ്കരനായ ‘നോട്ടപ്പുള്ളി’യാക്കി മാറ്റി.
ബംഗളൂരു, പൂനാ, മുംബൈ എന്നിവടങ്ങളില്‍ പഠനം നടത്തി. 2006-ല്‍ അഭിഷിക്തനായി മുംബൈയില്‍ തിരിച്ചെത്തി. ടീന്‍ എയ്ജര്‍ മാസികയുടെ എഡിറ്റര്‍, സെന്റ് പോള്‍സ് പബ്ലിക്കേഷന്‍സിന്റെ മാര്‍ക്കറ്റിങ്ങ് എക്‌സിക്കൂട്ടീവ് എന്നിങ്ങനെ വ്യത്യസ്ഥ തസ്തികകളില്‍ സേവനം ചെയ്തു. 2023-ല്‍ ഫാ. ജോബി മാത്യു എസ്എസ്പി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ആയി നിയമിക്കപ്പെട്ടു. എന്നാല്‍ തന്നില്‍ നിക്ഷിപ്തമായ ഉത്തരവാദിത്വം ഭരണപരമായ ചുമതല എന്നതിനേക്കാള്‍ ഒരു പാസ്റ്ററല്‍ ഉത്തരവാദിത്വമായിട്ട് കാണാനാണ് ഫാ. ജോബി ആഗ്രഹിക്കുന്നത്.
”ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സിനഡാലിറ്റി എന്ന ആശയത്തെ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. എല്ലാവരെയും കൂട്ടുപിടിച്ചുകൊണ്ട്, അവരുടെ അഭിപ്രായങ്ങളെ മാനിച്ചുകൊണ്ട് പൊതുവായ തീരുമാനത്തില്‍ പദ്ധതികള്‍ നടപ്പിലാക്കാനാണ് ആഗ്രഹിക്കുന്നത്. അത് അംഗങ്ങളുടെ വളര്‍ച്ചക്കും ആത്മീയ പൂര്‍ണതക്കും കാരണമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാ അംഗങ്ങളുടെയും അഭിപ്രായങ്ങളെയും വിമര്‍ശനങ്ങളെയും ഒരുപോലെ സ്വീകരിച്ച് സമവായത്തിലൂടെയും ദൈവഹിതത്തിനനുസൃതമായും പദ്ധതികള്‍ നടപ്പിലാക്കുക എന്നതാണ് അനുകരണീയം എന്നു ഞാന്‍ വിശ്വസിക്കുന്നു.
ഉന്നത പദവികള്‍ മറ്റുള്ളവരെ ശുശ്രൂഷിക്കാനുള്ള താല്‍ക്കാലിക കര്‍മവേദികള്‍ മാത്രമാണ്. അനുദിനം എതു കാര്യം ചെയ്യുമ്പോഴും കര്‍ത്താവുമായി കൂടിയാലോചിച്ച് മാത്രമേ തീരുമാനങ്ങള്‍ നടപ്പിലാക്കാറുള്ളൂ. സ്വന്തം വഴികളും, കുറുക്കുവഴികളിലും അപകടസാധ്യത വര്‍ധിപ്പിക്കുന്നു. നാലു വര്‍ഷത്തെ കാലാവധി കണക്കിലെടുത്ത് പ്രവര്‍ത്തിക്കാതെ മിനിമം 10 വര്‍ഷത്തെക്കുള്ള പദ്ധതികള്‍ പ്ലാന്‍ ചെയ്ത് നടപ്പിലാക്കിയാല്‍ പിന്‍ഗാമിയായിട്ട് വരുന്ന ആള്‍ക്ക് സംശയലേശമെന്യേ കൂടുതല്‍ ക്രിയാത്മകമായി അത് തുടര്‍ന്ന് കൊണ്ടു പോകാന്‍ കഴിയും. മാധ്യമ-പ്രസിദ്ധീകരണ മേഖലകളില്‍ ദീര്‍ഘവീക്ഷണം വളരെ പ്രധാന ഘടകമാണ്.”
അമ്മയുടെ കരം പിടിച്ച്
സഭാ സ്ഥാപകനായ വാഴ്ത്തപ്പെട്ട ജെയിംസ് അല്‍ബറോണി അപ്പസ്‌തോലന്‍ന്മാരുടെ രാജ്ഞിയായ പരിശുദ്ധ ദൈവമാതാവിനെയാണ് സമര്‍പ്പിതര്‍ക്ക് മാതൃകയായി നല്‍കിയിട്ടുള്ളത്. പരിശുദ്ധ ദൈവമാതാവ് തന്നെയാകും മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ തന്റെയും വഴികാട്ടിയെന്നതില്‍ ഫാ. ജോബിക്ക് സംശയമില്ല. സെന്റ് പോള്‍സിന്റെ പ്രസിദ്ധീകരണ സ്ഥാപനങ്ങളോടനുബന്ധിച്ച് സ്ഥാപിച്ചുവരുന്ന കള്‍ച്ചറള്‍ സെന്ററുകള്‍ സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് ഫാ. ജോബി പറയുന്നു
”കഴിഞ്ഞ ജനറല്‍ ചാപ്റ്ററിന്റെ തീരുമാനമനുസരിച്ച് നമ്മുടെ പ്രസിദ്ധീകരണ സ്ഥാപനങ്ങളോട് അനുബന്ധമായി കള്‍ച്ചറല്‍ സെന്ററുകള്‍ (A centre for cultural exchange & dialogue ) സ്ഥാപിക്കും. അതിന്റെ വാതായനങ്ങളില്‍ ആര്‍ക്കും വിലക്കുകളില്ല. ആളുകള്‍ക്ക് പരസ്പരം കണ്ടുമുട്ടാനും, പരിചയപ്പെടാനും, സംസാരിക്കാനും പുസ്തകങ്ങള്‍ വായിക്കാനും ഉതകുന്ന ഒരു സൗഹൃദ പശ്ചാത്തലമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ക്രിസ്തീയ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ സംരംഭം യൂറോപ്പിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച വളരെ അര്‍ത്ഥപൂര്‍ണമായ ഒരു ചുവട്‌വയ്പ്പാണ്. കേരളത്തില്‍ കോഴിക്കോട് മേരിക്കുന്നില്‍ ഈ മാതൃകയില്‍ സംരംഭം തുടങ്ങിക്കഴിഞ്ഞു. ചെന്നൈ, ഡല്‍ഹി, പൂനാ എന്നിവിടങ്ങളിലും നല്ല പുസ്തകങ്ങള്‍ ധാരാളമായി പ്രസിദ്ധീകരിക്കുന്നതോടൊപ്പം ഇത്തരം കള്‍ച്ചറല്‍ സെന്ററുകള്‍ തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്.”
സെക്കുലര്‍ രംഗത്തും ക്രൈസ്തവ സാന്നിധ്യം ഉറപ്പാക്കണം
സിബിസിഐയുടെ സഹകരണത്തോടെ ഇന്ത്യയിലെ എല്ലാ രൂപതകളിലും നല്ല മാധ്യമ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കാ നായി രൂപീകരിക്കാനുദ്ദേശിക്കുന്ന മാധ്യമ പരിശീലന പദ്ധതിയാണ് സുപ്രധാനമായ മറ്റൊരു ചുവടുവയ്പ്പ്. ”ഞങ്ങളുടെ സഭാ സ്ഥാപകനാല്‍ സ്ഥാപിതമായ മറ്റ് സമര്‍പ്പിത സമൂഹങ്ങളെക്കൂടി കൂട്ടിച്ചേര്‍ത്ത് അവരുടെ പ്രവര്‍ത്തന മേഖലകളേയും കൂടി ഏകോപിപ്പിച്ച് പൗളിന്‍ ഫാമിലി എന്ന നാമത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാനുള്ള സാധ്യതകള്‍ക്ക് മുന്‍ഗണന നല്‍കും. ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ക്രിയാത്മകതയും ഫലപ്രാപ്തിയും ഉണ്ടാക്കുമെന്നതിന് സംശയമില്ല. കൂടാതെ കത്തോലിക്കാ സഭയുടെ നന്മകളെ ലോകമെങ്ങും പ്രഘോഷിക്കപ്പെടേണ്ടത് ഈ കാലഘട്ട ത്തിന്റെ ആവശ്യമാണ്. അതിന് അവശ്യമായ അവബോധം നല്‍കുന്നതിന് മാധ്യമരംഗത്തെ പ്രഗത്ഭരായ ആളുകളെ ഉപയോഗിച്ച് വിവിധ തരത്തിലുള്ള പരിശീലന പരിപാടികള്‍ യുവജനങ്ങള്‍ക്കായി ആവിഷ്‌കരിക്കാനും പദ്ധതി ഉണ്ട്.”
വാര്‍ത്താവിനിമയ സാങ്കേതിക സംവിധാനങ്ങള്‍ ശരവേഗത്തില്‍ മുന്നേറുന്ന കാലത്ത് സെക്കുലര്‍ മാധ്യമങ്ങളുടെ അതേ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്നില്ലായെന്നത് അപര്യാപ്തതയായി മാറുന്നുണ്ട്. എന്നാല്‍ കാലഘട്ടമുയര്‍ത്തുന്ന നൂതന വെല്ലുവിളികളെ നേരിടാന്‍ പുതുതലമുറ സജ്ജമാണെന്ന് ഫാ. ജോബി പറയുന്നു
”മുല്യബോധമുള്ള ക്രൈസ്തവ മാധ്യമ പ്രവര്‍ത്തകര്‍ സെക്കുലര്‍ മാധ്യമ രംഗങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ മുമ്പോട്ട് വന്നാല്‍ ഈ രംഗത്ത് സത്യസന്ധമായ ഒരു പശ്ചാത്തലം വളര്‍ത്തിയെടുക്കാന്‍ നമുക്ക് കഴിയും. ഇന്ന് കത്തോലിക്കാ സഭക്ക് അനേകം സ്ഥാപനങ്ങള്‍ ഉണ്ട്. അവിടെയെല്ലാം നിരവധി ക്രൈസ്തവ വിശ്വാസികള്‍ ജോലി ചെയ്യുന്നുണ്ട്. പ്രഫഷണല്‍ ബിരുദങ്ങളും പരിശീലനങ്ങളും നേടിയിട്ടുള്ള നമ്മുടെ സമര്‍പ്പിതരും അല്മായരും നമ്മുടെ സ്ഥാപനങ്ങളില്‍തന്നെ ഒതുങ്ങിക്കൂടാതെ സെക്കുലര്‍ മേഖലകളിലെ മാധ്യമ- വിദ്യാഭ്യാസ-ആതുര രംഗങ്ങളില്‍ സെക്കുലര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ തയാറായാല്‍ നമ്മള്‍ ആയിരിക്കുന്ന ഇടങ്ങളില്‍ മൂല്യാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം നല്‍കാന്‍ കഴിയും. അതിന്റെ ഇംപാക്റ്റ് വളരെ വലുതായിരിക്കും. ഏത് വെല്ലുവിളികളും സൗമ്യമായി ഏറ്റെടുത്ത് പരിഹരിക്കാന്‍ കഴിവും തന്റേടവും പാണ്ഡിത്യവും ഉള്ള സമര്‍പ്പിതരും അല്മായ സഹോദരങ്ങളും നമുക്കുണ്ട്. ഇങ്ങനെ ഉള്ളവരെയാണ് സഭാ നേതൃത്വവും സമൂഹവും സപ്പോര്‍ട്ട് ചെയ്യേണ്ടത്.”
പുതിയ ശുശ്രൂഷകള്‍
മൂല്യബോധമുള്ള മാധ്യമ പ്രവര്‍ത്തകരെ വര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 2010- മുതല്‍ സെന്റ് പോള്‍സ് മീഡിയ എഡ്യുക്കേഷന്‍ രംഗത്തേക്ക് കടന്നുവന്നു. സെന്റ് പോള്‍സ് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ എഡ്യുക്കേഷന്‍ ((SPICE) എന്ന സ്ഥാപനത്തിലൂടെ മാധ്യമ രംഗത്ത് മുംബൈ യൂണിവേഴ്‌സിറ്റിയുടെ അംഗീകാരമുള്ള വ്യത്യസ്ത കോഴ്‌സുകളില്‍ വര്‍ഷംതോറും അനേകം വിദ്യാര്‍ത്ഥികള്‍ പരിശീലനം നേടുന്നുണ്ട്. ബംഗളൂരുവില്‍ മറ്റൊരു കോളജും ഉണ്ട്.
പ്രസിദ്ധീകരണമേഖലയില്‍ സെന്റ് പോള്‍സ് പ്രസിദ്ധീകരണങ്ങള്‍ ഭാരതസഭക്ക് നല്‍കിയ സംഭാവനകള്‍ അനന്യമാണ്. 1965-ല്‍ ഹിന്ദി സമ്പൂര്‍ണ ബൈബിള്‍ പ്രസിദ്ധീകരിച്ചു. അതുപോലെ കാത്തലിക്ക് ഡയറക്ടറി പോലുള്ള സഭാപരമായ പ്രസിദ്ധീകരണങ്ങള്‍ പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
സെന്റ് പോള്‍സ് പബ്ലിക്കേഷന്‍സ് ക്രിസ്തീയ മൂല്യങ്ങള്‍ അടിസ്ഥാനമാക്കിയും ബെറ്റര്‍ യുവേഴ്‌സ് സെല്‍ഫ് പ്രസിദ്ധീകരണങ്ങള്‍ പൊതുസമൂഹത്തെ ഉദ്ദേശിച്ചുമാണ് പ്രസിദ്ധീകരിക്കുന്നത്. 1963-ല്‍ തുടങ്ങിയ ടീന്‍ ഏയ്ജര്‍ ടുഡേ ഇന്നും നാനാജാതി മതസ്ഥരായ ലക്ഷോപലക്ഷം യുവജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും മനസുകള്‍ കീഴടക്കുന്ന ഒരു പ്രസിദ്ധീകരണമാണ.് ‘ഇന്‍സ്പിരേഷണല്‍ ക്വോട്ട്‌സ്’, ‘സണ്‍ഡേ ലിറ്റര്‍ജി’, ഹിന്ദി ഭാഷയില്‍ ‘പ്രഭൂ കാ ദിന്‍’ എന്നിങ്ങനെ ചെറുതും വലുതുമായ ധാരാളം പ്രസിദ്ധീകരണങ്ങള്‍ പൊതുസമൂഹത്തിലും സഭയിലും വളരെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 2019-ല്‍ ആരംഭിച്ച സ്റ്റുഡിയോ ചാപ്പലില്‍ എല്ലാ ദിവസവും പരിശുദ്ധമായ 30 നിമിഷങ്ങള്‍ എന്ന പേരില്‍ ദിവ്യകാരുണ്യ ആരാധന ഇവിടെ നടക്കുന്നു. വൈദികരും സിസ്റ്റേഴ്‌സും യുവജനങ്ങളും, അല്മായരും എല്ലാം നേതൃത്വം കൊടുക്കുന്ന ഈ ആരാധനശുശ്രൂഷയില്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്ന് അനേകായിരങ്ങള്‍ പങ്കെടുക്കുന്നുണ്ട്. മീഡിയാ മിനിസ്റ്ററിയില്‍നിന്നും വ്യത്യസ്തമായി ചെന്നൈ, ബംഗളൂരു, ആന്ധ്രാപ്രദേശിലെ ഏലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇടവകകള്‍ ഏറ്റെടുത്ത് ശുശ്രൂഷകള്‍ നിര്‍വഹിക്കുന്നുണ്ട്. കൂടാതെ വിദ്യാഭ്യാസ രംഗത്തേക്കു കടന്നുവരാനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ടെന്ന് ഫാ. ജോബി വിശദീകരിച്ചു.
തല മറന്ന് എണ്ണ തേക്കരുത്
കുടുംബജീവിതത്തിലാണെങ്കിലും സമര്‍പ്പിതജീവിതത്തിലാണെങ്കിലും ദൈവവുമായുള്ള സഹവാസവും ദൈവത്തോടുള്ള ആശ്രയത്വവും കുറയുന്നത് വലിയ ആത്മീയ അപകടങ്ങളുടെ റെഡ് സിഗ്നലാണെന്ന് (Red sign of spiritual disaster) ഫാ. ജോബി മുന്നറിയിപ്പ് നല്‍കുന്നു.
”ദൈവത്തില്‍ ആശ്രയമില്ലെങ്കില്‍ എല്ലാം ബാഹ്യമായ വെറും കാട്ടിക്കൂട്ടലുകളും കണക്കുകൂട്ടലുകളും മാത്രമാണ്. സമര്‍പ്പിത സമൂഹങ്ങളില്‍ എല്ലാവരും കഴിവതും ഒരുമിച്ചിരുന്ന് പ്രാര്‍ത്ഥിക്കുക, ഹൃദയൈക്യത്തോടെ ഭക്ഷണം കഴിക്കുക തുടങ്ങി കാര്യങ്ങള്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. തുറന്നമനസോടെ, ഹൃദയസ്വാതന്ത്ര്യത്തോടെ പരസ്പരം മനസിലാക്കാനും, സ്‌നേഹിക്കാനും നമുക്ക് കഴിയണം. ദൈവത്തോടുള്ള ബന്ധം ഉലയുമ്പോള്‍ മനുഷ്യരോട് നാം അകലം പാലിക്കും. നമ്മുടെ വളര്‍ച്ചക്കും മികച്ച പ്രവര്‍ത്തനങ്ങള്‍ക്കും നിദാനമായത് ദൈവത്തിന്റെ കൃപയും നാമായിരിക്കുന്ന സമൂഹത്തിന്റെ പങ്കാളിത്വവുമാണെന്ന വസ്തുത ഒരിക്കലും മറക്കരുത്. തലമറന്ന് എണ്ണ തേയ്ക്കരുത്. അത് സമര്‍പ്പിത ജീവിതത്തിലായാലും കുടുംബ ജീവിതത്തിലായാലും. കാലിടറി പോയിട്ടുള്ളവരുടെ ചരിത്രം ഇത് വ്യക്തമാക്കുന്നു.”
വലിയ സമൂഹത്തില്‍ എന്തെങ്കിലും പദ്ധതികള്‍ ധൃതഗതിയില്‍ നടപ്പിലാക്കുക സാധ്യമല്ല. എന്നാല്‍ സമര്‍പ്പിതരുടെ അഭിരുചികളെ കണ്ടെത്തി സാധിക്കുന്നിടത്തോളം എല്ലാവര്‍ക്കും അവരവരുടെ അഭിരുചികള്‍ക്ക് ചേരുന്ന മേഖലകളില്‍ തന്നെ നിയമനം നല്‍കുന്നതിന് സഹായിക്കുന്ന ടാലന്റ് ഓഡിറ്റിംഗ് പോലുള്ള പരീക്ഷണങ്ങള്‍ നടത്തുന്ന ഫാ. ജോബി വിപ്ലവകരമായ നിരവധി മാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ചു കഴിഞ്ഞു. യുവത്വത്തിന്റെ ചടുലതകളോടെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിവുള്ള ഫാ. ജോബി മാത്യുവിന്റെ നേതൃത്വം സൊസൈറ്റി ഓഫ് സെന്റ് പോള്‍സില്‍ മാത്രമല്ല, ക്രൈസ്തവ മാധ്യമ മേഖലയില്‍ തന്നെ ക്രിയാത്മകമായ മാറ്റങ്ങളുടെ നാളുകള്‍ക്കാണ് തിരിതെളിച്ചിരിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *