Follow Us On

19

January

2025

Sunday

വിദേശ സര്‍വകലാശാലകള്‍ക്ക് വാതില്‍ തുറക്കണോ?

വിദേശ സര്‍വകലാശാലകള്‍ക്ക് വാതില്‍ തുറക്കണോ?

കേരളത്തെ രാജ്യാന്തര വിദ്യാഭ്യാസ ഹബ്ബാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം കാലങ്ങളായി ആവര്‍ത്തിക്കുന്നതാണ്. ഇതിന്റെ ചുവടുപിടിച്ചെന്നോണം സംസ്ഥാന ബജറ്റില്‍ കേരളത്തില്‍ വിദേശ സര്‍വകലാശാല കാമ്പസുകള്‍ സ്ഥാപിക്കുന്നതിനുള്ള അവസരങ്ങള്‍ പരിശോധിക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം കൂടുതല്‍ പ്രതീക്ഷയേകിയെങ്കിലും ഭരണത്തിലിരിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വം തന്നെ അതിനെതിരെ ഉറഞ്ഞുതുള്ളുന്നത് നിര്‍ഭാഗ്യകരമാണ്. വിദേശ സര്‍വകലാശാലകളെ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഭയക്കുന്നതെന്തിന്? ഇതിന് പിന്‍ബലമേകുന്നതും കേരളത്തിന്റെ വിദ്യാഭ്യസ വളര്‍ച്ചയുടെ കടയ്ക്കല്‍ കത്തിവെച്ചതും സാക്ഷരസമൂഹത്തിന്റെ ആത്മാഭിമാനത്തെയും അന്തസ്സിനെയും മുറിവേല്‍പ്പിച്ചതുമായ ചില ചരിത്രസത്യങ്ങള്‍ മറവിരോഗമില്ലാത്ത ഇന്നത്തെ തലമുറയ്ക്ക് അറിയാം.

ചതിക്കുഴിയുടെ ചരിത്രം

രാജ്യാന്തരതലത്തില്‍ അറിയപ്പെടുന്നതും കാന്‍സര്‍ ചികിത്സയ്ക്കും ഗവേഷണത്തിനും പ്രസിദ്ധവുമായ അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഓഫ് കാമ്പസ് 2003-ല്‍ കേരളത്തില്‍ ആരംഭിക്കുവാന്‍ ആലോചന വന്നപ്പോള്‍ കെട്ടുകെട്ടിച്ചവരാണ് ഇടതുപക്ഷം. കമ്പ്യൂട്ടറിനെതിരെയുള്ള യുദ്ധങ്ങളും സ്വാശ്രയസമരവും വെട്ടിനിരത്തല്‍ സമരവും ട്രാക്ടറിനെതിരെ നടത്തിയ സമരവും നാം മറന്നിട്ടില്ല.
കലാലയങ്ങളെ തകര്‍ക്കുന്ന കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരത്തില്‍ ജീവിതം ഹോമിക്കാന്‍ മനസില്ലാതെ വന്‍ കടഭാരവുമായി നാടുവിട്ടോടുന്ന യുവത്വത്തിന്റെ ദുര്‍ഗതി കണ്ടിട്ടും കണ്ണുതുറക്കാത്തവരുടെ മക്കള്‍ നാട്ടില്‍ പഠിക്കുന്നില്ലെന്നുകൂടി ഞെട്ടലോടെ ജനമിന്ന് അറിഞ്ഞുതുടങ്ങിയിരിക്കുന്നു. സാമ്രാജ്യ കുത്തകകളുടെ പേരുപറഞ്ഞ് വിദ്യാര്‍ത്ഥികളെ തെരുവിലിറക്കുന്ന കലാലയ രാഷ്ട്രീയ ഭീകരതയുടെ കാലം കഴിയുന്നുവെന്ന് തിരിച്ചറിയുമ്പോഴാണ് വിദേശ സര്‍വകലാശാലകളുടെ പേരില്‍ കത്തിക്കുന്ന വിവാദത്തിന്റെ നിജസ്ഥിതിയും സര്‍ക്കാരിന്റെ കപടമുഖവും കേരളസമൂഹം കാണുന്നത്.

കോവളത്തെ കയ്യാങ്കളി

2016 ജനുവരി 29ന് നടത്തിയ ആഗോള വിദ്യാഭ്യാസ സമ്മേളനത്തിനെതിരെ, ഉന്നത വിദ്യാഭ്യാസമേഖലയില്‍ സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കില്ലെന്നും രാജ്യാന്തര യൂണിവേഴ്‌സിറ്റികളെ കേരളത്തില്‍ കാലുകുത്തിക്കില്ലെന്നും മുദ്രാവാക്യങ്ങള്‍ മുഴക്കി അരങ്ങേറിയ എസ്എഫ്‌ഐയുടെ സമര കയ്യാങ്കളി വിദ്യാഭ്യാസ ചരിത്രത്തിലെ കറുത്ത അധ്യായമായി ഇന്നും നിലനില്‍ക്കുന്നു. ഉന്നതവിദ്യാഭ്യാസരംഗത്ത് ആഗോള കാഴ്ചപ്പാടോടുകൂടിയ സമഗ്രമാറ്റം ലക്ഷ്യംവെച്ച് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ സംഘടിപ്പിച്ച സെമിനാര്‍ അലങ്കോലമാക്കി കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി ശ്രീനിവാസനെ സമ്മേളന പ്രവേശന കവാടത്തിന് പുറത്തുവെച്ച് അടിച്ച് താഴെയിട്ടു. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നൂതന കാഴ്ചപ്പാടോടുകൂടിയ പരിഷ്‌ക്കരണം വിദ്യാര്‍ത്ഥി ചാവേറുകളെവെച്ച് അട്ടിമറിച്ചവര്‍ സ്വകാര്യസര്‍വകലാശാലകളെ ഇന്ന് വാനോളം പുകഴ്ത്തി സ്വാഗതം ചെയ്യുമ്പോള്‍ ഇന്നലെകളില്‍ ഇതിനെതിരെ നടന്ന പ്രക്ഷോഭങ്ങള്‍ എന്തിനുവേണ്ടിയെന്ന ചോദ്യം ഉയരുന്നത് സ്വാഭാവികം.

വിജ്ഞാപനമിറക്കി കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയില്‍ വിദേശ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാമ്പസ് സജ്ജീകരണം പ്രവര്‍ത്തന റെഗൂലേഷന്‍സ് 2023 യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്‍ 2023 നവംബര്‍ 8ന് വിജ്ഞാപനം ചെയ്തു. ഈ വിജ്ഞാപനപ്രകാരം ഇന്ത്യയുടെ സുരക്ഷയ്ക്കോ പരമാധികാരത്തിനോ ഭീഷണിയുണ്ടാകാത്ത രീതിയില്‍ വിദേശസര്‍വകലാശാലകള്‍ക്ക് അവരുടെ കോഴ്‌സുകള്‍ ഇന്ത്യയില്‍ രൂപകല്പന ചെയ്യാം. കോഴ്‌സുകള്‍ വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദബന്ധത്തിനും പൊതുക്രമത്തിനും സമീപനങ്ങള്‍ക്കും ധാര്‍മികതയ്ക്കും വിരുദ്ധമാകരുതെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.
സര്‍വകലാശാലകളുടെ രാജ്യാന്തര ഗുണമേന്മ നിശ്ചയിക്കുന്ന ക്യു.എസ് റാങ്കിംഗ് പ്രകാരം ആഗോളതലത്തില്‍ 500 റാങ്കിനുള്ളിലുള്ള വിദേശ യൂണിവേഴ്‌സിറ്റികള്‍ക്കാണ് ഇന്ത്യയില്‍ കാമ്പസ് തുറക്കാന്‍ അനുമതി നല്‍കുന്നത്. ഇന്ത്യയിലേക്ക് വരുന്ന സര്‍വകലാശാലകള്‍ക്ക് പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ട്. സംവരണ മാനദണ്ഡങ്ങള്‍ ഇവര്‍ക്ക് ബാധകമല്ല.

അടിസ്ഥാനസൗകര്യം, അധ്യാപക ലഭ്യത, ഫീസ് ഘടന, കോഴ്‌സുകള്‍ തുടങ്ങിയ സംബന്ധിച്ചുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട രാജ്യങ്ങളുടെ അനുമതിയോടെ വേണം ഇന്ത്യയില്‍ സമര്‍പ്പിക്കുവാന്‍. അതേസമയം ഫീസുകള്‍ നിശ്ചയിക്കുവാനും ഫാക്കല്‍റ്റികളെ നിയമിക്കാനും ശമ്പളം നിശ്ചയിക്കാനും സ്വാതന്ത്ര്യം വിദേശ സര്‍വകലാശാലയ്ക്കുണ്ട്. ബിരുദം, പി.ജി, ഡോക്ടറല്‍, പോസ്റ്റ് ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകള്‍ എന്നിവ നടത്താം. ഓണ്‍ലൈന്‍/വിദൂരപഠന കോഴ്സുകള്‍ നടത്താന്‍ അനുവദിക്കില്ല. ഓഫ്‌ലൈന്‍ ക്ലാസുകള്‍ മാത്രമേ പാടുള്ളൂ. വിദേശ യൂണിവേഴ്‌സിറ്റി കാമ്പസുകളുടെ അടിസ്ഥാന സൗകര്യം, അക്കാദമിക നിലവാരം എന്നിവ പരിശോധിക്കാനും വിലയിരുത്തുവാനും യുജിസിക്ക് അധികാരമുണ്ട്.

ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന വിദേശ യൂണിവേഴ്‌സിറ്റിയുടെ കോഴ്സുകള്‍ ഏതെങ്കിലും കാരണത്താല്‍ മുടങ്ങിയാല്‍ അത് വിദ്യാര്‍ത്ഥികളെ ബാധിക്കാതെ ഇവര്‍ക്ക് പ്രസ്തുത യൂണിവേഴ്സിറ്റിയുടെ മാതൃസ്ഥാപനത്തില്‍, നിലവിലുള്ള ഫീസില്‍, പഠനം തുടരാനും ഡിഗ്രി ലഭിക്കാനും സംവിധാനമുണ്ടാകണം. പഠനത്തില്‍ രാജ്യാന്തര ഗുണനിലവാരം ഉറപ്പാക്കണം. വിദേശസര്‍വകലാശാലകള്‍ ഇന്ത്യയില്‍ നല്‍കുന്ന ബിരുദം അതാതു രാജ്യങ്ങളില്‍ നല്‍കുന്ന ഡിഗ്രിക്ക് തുല്യമായിരിക്കണം. സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ആഗോള തലത്തില്‍ അതേ അംഗീകാരമുണ്ടാകണം. അധ്യാപക നിയമന മാനദണ്ഡങ്ങള്‍ അതാതു രാജ്യങ്ങളിലെ യോഗ്യതാ മാനദണ്ഡങ്ങള്‍ക്കനുസരിച്ചുവേണം.

വിദേശയൂണിവേഴ്‌സിറ്റികള്‍ ഇന്ത്യയില്‍ ആരംഭിക്കുന്ന ഒരു കോഴ്‌സും യുജിസിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ നിര്‍ത്തരുത്. ഫീസ് നിശ്ചയിക്കാന്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് അനുവാദമുണ്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാനാവുന്നതാകണം. മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഇളവും നല്‍കണം. ഫെമ ആക്ട് പ്രകാരം യൂണിവേഴ്‌സിറ്റികളുടെ വരുമാനം സ്വന്തം രാജ്യങ്ങളിലേക്ക് കൊണ്ടുപോകാനുള്ള അനുവാദമുണ്ട്. വിദേശ സ്ഥാപനങ്ങള്‍ക്ക് സ്വന്തമായോ ഇപ്പോള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുമായി ചേര്‍ന്നോ കാമ്പസ് തുറക്കാം. അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ യുജിസി പ്രത്യേക പോര്‍ട്ടല്‍ ഇതിനോടകം തുറന്നിട്ടുണ്ട്. പരിശോധനകള്‍ക്കായി പ്രത്യേക സമിതിയും രൂപീകരിച്ചു. യുജിസി അംഗീകാരം ലഭിച്ചാല്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ കാമ്പസ് തുറക്കാം.

മികച്ച വിദ്യാഭ്യാസം

വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി നല്‍കുന്നതില്‍ സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്ന കാരണങ്ങള്‍ പലതാണ്. ആഗോളീകരണത്തിന്റെ കാലത്ത് വ്യാപാരമേഖലയിലെന്നപോലെ സര്‍വതലങ്ങളിലും രാജ്യാന്തര മത്സരക്ഷമത കൈവരിക്കാതെ നിലനില്‍പില്ല. അതിനാല്‍ ഗുണനിലവാരമുള്ള വിദേശ വിദ്യാഭ്യാസം ഇന്ത്യയില്‍ത്തന്നെ ലഭ്യമാക്കുക. വിദേശരാജ്യത്തുപോയി വിദ്യാഭ്യാസം നടത്തുന്ന ഭാരിച്ച ചെലവ് ഒഴിവാക്കുവാനും വിദേശ സര്‍വകലാശാലകളുടെ കടന്നുവരവ് അവസരമൊരുക്കും. സാമ്പത്തികശേഷി കുറഞ്ഞവര്‍ക്കും രാജ്യാന്തര ഉന്നത സര്‍വകലാശാലകളില്‍ ഉപരിപഠനം ഇന്ത്യയില്‍തന്നെ സാധ്യമാകും. ഇന്ത്യയിലെ വിദ്യാഭ്യാസ നിലവാരമുയരും. അധ്യാപകര്‍ക്ക് കൂടുതല്‍ ജോലി സാധ്യത.

വിദേശ വിദ്യാര്‍ത്ഥികളും ഇന്ത്യയിലെത്തും. അനധ്യാപകര്‍ എല്ലാവരും ഇന്ത്യക്കാര്‍. വിദേശരാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് പണം ഒഴുകുന്നത് കുറയും. ചെലവുകുറഞ്ഞ് ഗുണനിലവാരമുള്ള രാജ്യാന്തര വിദ്യാഭ്യാസം ഇന്ത്യയില്‍ ലഭിക്കുമ്പോള്‍ വിദേശത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് നിലയ്ക്കും. വിദേശ സര്‍വകലാശാലകള്‍ വരുമ്പോള്‍ വിദേശത്ത് നിലവില്‍ ജോലിചെയ്യുന്ന പ്രഗത്ഭരായ അധ്യാപകര്‍ ഇന്ത്യയിലേക്ക് മടങ്ങും. സാര്‍ക്ക്, പശ്ചിമേഷ്യന്‍, ഗള്‍ഫ്, തെക്കുകിഴക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലേക്കു വരുമ്പോള്‍ ആഭ്യന്തര വരുമാനത്തിലും നേട്ടമുണ്ടാകുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

ഗുജറാത്തിലെ വിദേശ സര്‍വകലാശാല

ഇന്ത്യയുടെ രാജ്യാന്തര വിദ്യാഭ്യാസ നയത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ യൂണിവേഴ്സിറ്റികള്‍ ഇന്ത്യയിലേക്ക് എത്തുകയാണ്. ‘ഫ്രെയിംവര്‍ക്ക് മെക്കാനിസം ഫോര്‍ മ്യൂച്വല്‍ റെക്കഗ്‌നിഷന്‍ ഓഫ് ക്വാളിഫിക്കേഷന്‍’ ധാരണാപത്രത്തില്‍ 2023 മാര്‍ച്ച് 8ന് ഇന്ത്യയും ഓസ്‌ട്രേലിയയും ഒപ്പിട്ടതിനെത്തുര്‍ന്ന് ഗുജറാത്തിലെ ഗാന്ധിനഗര്‍ ഗിഫ്റ്റ് സിറ്റിയില്‍ ഓസ്ട്രേലിയന്‍ സര്‍വകലാശാലയായ ഡീക്കിന്‍യുടെ കാമ്പസിന് തുടക്കമിട്ടു. ഡിപ്ലോമ പോലെയുള്ള കോഴ്സുകള്‍ കഴിഞ്ഞ ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയില്‍ ഒന്നരവര്‍ഷം വരെയും, ബിരുദം കഴിഞ്ഞവര്‍ക്ക് രണ്ടുവര്‍ഷം വരെയും പിജി കഴിഞ്ഞവര്‍ക്ക് 3 വര്‍ഷം വരെയും താല്‍ക്കാലിക തൊഴില്‍ വിസ ലഭിക്കും. ഡോക്ടറല്‍ ഡിഗ്രിയുള്ളവര്‍ക്ക് പഠനം കഴിഞ്ഞ് 4 വര്‍ഷം തുടരാം. ഫസ്റ്റ് ക്ലാസ് (ഓണേഴ്‌സ്) നേടുന്ന ബിരുദ വിദ്യാര്‍ത്ഥിക്ക് രണ്ടിനുപകരം 3 വര്‍ഷം അവിടെ തുടരാം. സയന്‍സ്, ടെക്നോളജി, എഞ്ചിനീയറിങ്ങ്, മാത്തമാറ്റിക്സ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ടെക്നോളജി (ഐസിടി) തുടങ്ങിയ വിഷയങ്ങളിലുള്ളവര്‍ക്കാണിത് ബാധകമാകുക. 6 മാസം ജോലിയും 6 മാസം പഠനവുമുള്‍പ്പെടെ വര്‍ക് ആന്‍ഡ് ഹോളിഡേ വിസ പ്രതിവര്‍ഷം ആയിരത്തോളം പേര്‍ക്ക് ലഭിക്കും.

ഡീക്കിന്‍ യൂണിവേഴ്സിറ്റിയുടെ ചുവടുപിടിച്ച് വോളോങ്കോങ് യൂണിവേഴ്‌സിറ്റിയും എത്തി. വെസ്റ്റേണ്‍ സിഡ്‌നി യൂണിവേഴ്‌സിറ്റി ബംഗളൂരുവില്‍ കാമ്പസ് തുറക്കുകയാണ്. ഡീക്കിന്‍, വോളോങ്കോങ് യൂണിവേഴ്‌സിറ്റി കാമ്പസുകള്‍ 2024 ജൂണില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഉന്നതനിലവാരമുള്ള വിവിധ ഇന്ത്യന്‍ സര്‍വകലാശാലകളുമായും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സഹകരിച്ച് രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ കാമ്പസുകളുണ്ടാക്കാന്‍ വിദേശ യൂണിവേഴ്‌സിറ്റികള്‍ മത്സരിച്ച് രംഗത്തുണ്ട്. കേരളത്തിലെ ഉന്നതനിലവാരമുള്ള കോളജുകള്‍ക്ക് വിദേശ യൂണിവേഴ്‌സിറ്റികളുടെ കാമ്പസ് സെന്ററുകളായി സഹകരിച്ച് പ്രവര്‍ത്തിക്കുവാനുള്ള സാഹചര്യമുണ്ട്.

ഓക്‌സ്‌ഫോര്‍ഡ്, മെല്‍ബണ്‍, ക്വീന്‍ സ്റ്റാന്‍ഡ്, ടെക്സാസ്, സെന്റ് പീറ്റേഴ്സ് ബര്‍ഗ,് ഇന്‍സ്റ്റിറ്റിയൂട്ടോ മരന്‍ഗോണി തുടങ്ങി പ്രധാന രാജ്യാന്തര സര്‍വകലാശാലകളും സ്ഥാപനങ്ങളും ഇന്ത്യയില്‍ കാമ്പസിനായി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഓസ്ട്രേലിയയില്‍ നിന്നുതന്നെ ഫഌന്‍ഡേഴ്‌സ്, ഗ്രിഫ്ത്ത്, ജെയിംസ് കുക്ക്, കാന്‍ബറ യൂണിവേഴ്‌സിറ്റികളും ഡല്‍ഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളില്‍ വരുംവര്‍ഷങ്ങളിലേക്ക് ധാരണയായിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ഓസ്ട്രേലിയന്‍ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികളില്‍ നല്ലൊരുപങ്കും ചൈനയില്‍ നിന്നുള്ളവരായിരുന്നു. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഇവരില്‍ ഭൂരിഭാഗവും ചൈനയിലേക്ക് മടങ്ങി. ചൈനയിലെ വിവിധ യൂണിവേഴ്‌സിറ്റികള്‍ ഇന്ന് ലോകറാങ്കിംഗില്‍ മുന്‍ നിരയിലുമാണ്. മടങ്ങിപ്പോയ ചൈനീസ് വിദ്യാര്‍ത്ഥികളുടെ വിടവ് നികത്തുകയെന്ന ലക്ഷ്യവും ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളുടെ ഇന്ത്യയിലേക്കുള്ള കടന്നുവരവിനു പിന്നിലുണ്ടെങ്കിലും പഠനവും അതിനുശേഷം അര്‍ഹമായ ജോലിയും ഉറപ്പാക്കുന്നുവെങ്കില്‍ ഇന്ത്യന്‍ യുവത്വം ഈ അവസരം കൈവിടേണ്ടതില്ല.

വിദേശ വിദ്യാര്‍ത്ഥികള്‍ വരുമോ?

വിദേശ സര്‍വകലാശാലകളോടൊപ്പം വിദേശ വിദ്യാര്‍ത്ഥികളും ഇന്ത്യയിലേക്ക് എത്തുമോയെന്ന ചോദ്യം വളരെ പ്രസക്തമാണ്. 2023 നവംബര്‍ 8ന് ഇറക്കിയ വിജ്ഞാപനത്തില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കും ഇന്ത്യയില്‍ പഠനത്തിനുള്ള അവസരം തുറന്നുകൊടുത്തിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് ഒഴുകുന്ന നിരക്കില്‍ ഇന്ത്യയിലേക്ക് വിദേശ വിദ്യാര്‍ത്ഥികള്‍ കടന്നുവരുന്നില്ല. എങ്കിലും എണ്ണത്തില്‍ വര്‍ധനവുണ്ട്. 2020-21ല്‍ 164 രാജ്യങ്ങളില്‍ നിന്നായി 47,427 പേര്‍ ഇന്ത്യയില്‍ പഠനത്തിനെത്തി. 2021-22ല്‍ ഒരുലക്ഷത്തോളവും 2022-23ല്‍ 1.5 ലക്ഷത്തോളവുമായിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍.

കേരള യൂണിവേഴ്സിറ്റിയില്‍ കഴിഞ്ഞവര്‍ഷം 49 വിദേശവിദ്യാര്‍ത്ഥികളെത്തിയിരുന്നെങ്കില്‍ 2023-24 അധ്യയനവര്‍ഷം 81 പേരായി ഉയര്‍ന്നിട്ടുണ്ട്. 45 രാജ്യങ്ങളില്‍ നിന്നുള്ള 1600 അപേക്ഷകരില്‍ 81 പേര്‍ക്കുമാത്രമാണ് നിബന്ധനകള്‍ പാലിച്ച് അഡ്മിഷന്‍ നല്‍കിയത്. ഇവ പ്രധാനമായും സൗത്ത് ആഫ്രിക്ക, താജിക്കിസ്ഥാന്‍, ബംഗ്ലാദേശ്, ജോര്‍ദാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നുള്ളതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

അടിമുടി പൊളിച്ചെഴുതണം

ദേശീയ വിദ്യാഭ്യാസനയം 2020-നേത്തുടര്‍ന്ന് പ്രാഥമികവിദ്യാഭ്യാസം മുതല്‍ ഉന്നതവിദ്യാഭ്യാസം, ഗവേഷണം എന്നീ തലങ്ങളിലുള്‍പ്പെടെ സമഗ്രമാറ്റങ്ങള്‍ക്ക് ഇന്ത്യ വിധേയമായിക്കൊണ്ടിരിക്കുന്നു. വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി നല്‍കുന്ന പുതിയ നിയമനിര്‍മ്മാണവും രാജ്യാന്തര നിലവാരമുള്ള സര്‍വകലാശാലകള്‍ ഇന്ത്യയിലേക്കു കടന്നുവരുന്നതും ഭാവിയില്‍ അന്തര്‍ദ്ദേശീയ വിദ്യാഭ്യാസ ഹബ്ബായി ഇന്ത്യ മാറുമെന്നതിന്റെ സൂചനകളാണ്. രാഷ്ട്രീയ പിടിവാശികളുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനെയെല്ലാം എതിര്‍ത്തു തോല്പിക്കുവാന്‍ ശ്രമിക്കുന്നത് അവിവേകമായിരിക്കുമെന്നു മാത്രമല്ല യുവതലമുറയുടെ ഭാവിക്കു തുരങ്കംവയ്ക്കുന്നതുമാണ്. അതേസമയം ആഗോളവല്‍ക്കരിക്കപ്പെട്ട ആധുനിക വിദ്യാഭ്യാസ കുതിപ്പില്‍ പങ്കുചേര്‍ന്ന് പ്രബുദ്ധ യുവത്വത്തെ ഈ മണ്ണില്‍ എങ്ങനെ ചേര്‍ത്തുനിര്‍ത്താമെന്ന് ചിന്തിച്ച് ഭാവിപദ്ധതികള്‍ അടിയന്തരമായി രൂപകല്പന ചെയ്യുന്നില്ലെങ്കില്‍ കേരളത്തിന്റെ വിദ്യാഭ്യാസ ഭാവി ഇരുളടയും.
നിയന്ത്രണങ്ങളും നിരോധനങ്ങളുമേര്‍പ്പെടുത്തി ഉന്നതവിദ്യാഭ്യാസമേഖലയെ ചുവപ്പുനാടയില്‍ കുരുക്കി കൂച്ചുവിലങ്ങിടാതെ തുറന്ന വിദ്യാഭ്യാസ സമീപനം സ്വീകരിക്കാന്‍ വൈകിക്കൂടാ. നാട്ടില്‍ അവസരങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ അവസരങ്ങള്‍ തേടി പറന്നുപോകുവാന്‍ പുതുതലമുറയ്ക്ക് മടിയില്ലെന്ന് തെളിയിക്കപ്പെട്ടിരിക്കുമ്പോള്‍ ആഗോള അവസരങ്ങളുടെ ആകര്‍ഷണകേന്ദ്രമാകുവാനും രാജ്യാന്തര സര്‍വകലാശാലകളുമായി കൈകോര്‍ത്ത് സംയുക്തമായി പദ്ധതികള്‍ നടപ്പിലാക്കുവാനുള്ള ചടുലനീക്കങ്ങള്‍ക്ക് സംസ്ഥാന ഭരണനേതൃത്വം ആര്‍ജ്ജവം കാണിക്കണം.
പരമ്പരാഗതശൈലികളില്‍ നിന്ന് ചുവടുമാറ്റി അടിമുടി പൊളിച്ചെഴുത്തിന് ഉന്നത വിദ്യാഭ്യാസ മേഖലയെ വിധേയമാക്കണം. കലാലയ അന്തരീക്ഷത്തെ കലുഷിതമാക്കുന്ന കക്ഷിരാഷ്ട്രീയത്തെ മാറ്റിനിര്‍ത്തി അക്കാദമിക് തലങ്ങളുടെ നിലവാരമുയര്‍ത്തി വ്യവസായമേഖലയുമായി കൈകോര്‍ത്ത് വിദ്യാഭ്യാസരംഗത്ത് സമഗ്രമാറ്റങ്ങളും മത്സരക്ഷമതയും കൈവരിക്കാനാകുന്നില്ലെങ്കില്‍ കേരളം കാണാനിരിക്കുന്നത് വലിയ ബൗദ്ധിക തകര്‍ച്ചയും തിരിച്ചുവരാത്ത യുവതയുടെ നിലയ്ക്കാത്ത ഒഴുക്കുമായിരിക്കും.

ഷെവ. അഡ്വ.വി.സി സെബാസ്റ്റ്യന്‍
(കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയാണ് ലേഖകന്‍)

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?