Follow Us On

30

April

2024

Tuesday

വൈക്കോല്‍ മനുഷ്യരും അവരുടെ വാദമുഖങ്ങളും

വൈക്കോല്‍ മനുഷ്യരും  അവരുടെ വാദമുഖങ്ങളും

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍
(ലേഖകന്‍ തൃശൂര്‍ സെന്റ്‌തോമസ് കോളേജിലെ അസിസ്റ്റന്റ്പ്രഫസറാണ്)

ഫേസ്ബുക്കും വാട്ട്‌സ് ആപ്പും ഇന്‍സ്റ്റഗ്രാമും ടെലഗ്രാമും എക്‌സും ഉള്‍പ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങള്‍ സജീവമായതോടെ, വാളെടുത്തവനൊക്കെ വെളിച്ചപ്പാടെന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുംവിധം എഴുത്തുകാരാല്‍ സമ്പുഷ്ടമാണ് സൈബര്‍ ലോകം. നന്മയുള്ളതും ക്രിയാത്മകവുമായ കാര്യങ്ങള്‍, വിരളമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും സൈബറിടങ്ങളില്‍ പലപ്പോഴും പ്രാമുഖ്യം ലഭിക്കുന്നത് വൈരബുദ്ധിയോടെയുള്ള രാഷ്ട്രീയവും വംശീയപരവുമായ ഇടപെടലുകള്‍ക്കാണ്. ഇതിന്റെ ചുവടുപിടിച്ച് രാഷ്ട്രീയപരമായും മതപരവും സാമുദായികപരമായും സാമൂഹ്യപരമായും ഉള്ള ധ്രുവീകരണം, വ്യക്തമായ ആസൂത്രണത്തോടെ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. തെറ്റിനെയും ശരിയെയും അവനവന്റെ യുക്തിക്കനുസരിച്ചുമാത്രം വ്യാഖ്യാനിക്കുന്ന-അത് മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഒരുതരം ആപേക്ഷികതാ സ്വേച്ഛാധിപത്യം (Dicatorship of Relativism) ചിലരെയെങ്കിലും ഗ്രസിച്ചിരിക്കുന്നുവെന്ന് പറയുന്നതാണ് കൂടുതല്‍ ശരി.

നിയതമായ ചട്ടക്കൂടുകള്‍ പിന്തുടരുന്ന മതസ്ഥാപനങ്ങളെയും സന്യാസത്തെയും പൊതുയിടങ്ങളില്‍ താറടിക്കുന്ന പ്രവണത ന്യുനപക്ഷം സൈബറിടങ്ങളില്‍ പ്രകടിപ്പിക്കുന്നുണ്ട്. മതനിരാസമോ മതങ്ങളുടെ ചട്ടക്കൂടുകള്‍ തീര്‍ക്കുന്ന വീര്‍പ്പുമുട്ടലുകളോ പൊതു-സാമൂഹ്യയിടങ്ങളില്‍ ഒരു ചെറിയ വിഭാഗത്തെയെങ്കിലും അസ്വസ്ഥരാക്കുന്നുമുണ്ട്. വ്യവസ്ഥാപിതമായ അത്തരം സംവിധാനങ്ങള്‍ നേരിട്ടുചെയ്യുകയും നേതൃത്വം കൊടുക്കുകയും ചെയ്യുന്ന പുണ്യപ്രവൃ ത്തികളെപ്പോലും സാകൂതം വിമര്‍ശന വിധേയമാക്കി നിര്‍വൃതിയടയുന്ന അക്കൂട്ടരെ സത്യം ബോധ്യപ്പെടുത്തുകയെന്നത് ഭഗീരഥപ്രയത്‌നവും പലപ്പോഴും അസാധ്യവുമാണ്.
മനുഷ്യനിലും അതുമൂലം സമൂഹത്തിലും നിലനില്‍ക്കുന്ന നന്മയേക്കാളുപരി കുറവുകളില്‍ ശ്രദ്ധവയ്ക്കാന്‍ സാധ്യതയുള്ള അവരെ ദുര്‍വിധിയുടെ പ്രവാചകന്മാരെന്നല്ലാതെ മറ്റെന്തു പേരിട്ടുവിളിക്കും? ശരികളെയും നന്മകളെയും അഭിനന്ദിക്കുന്നതിന് പകരം ചെറിയ തെറ്റുകള്‍പോലും പര്‍വതീകരിക്കുന്നതില്‍ അവര്‍ മാനസികമായും വൈകാരികമായും കുടുങ്ങി കിടക്കുന്നു. ഒരു വ്യക്തിയോ പ്രസ്ഥാനമോ, ലാഭേച്ഛ തെല്ലും ഇല്ലാതെ, ആത്മാര്‍ത്ഥതയോടെ, നന്മയുടെ ശ്രമങ്ങള്‍ നടത്തുമ്പോള്‍, അത്തരത്തിലുള്ള ആളുകളെയും പ്രസ്ഥാനത്തെയും പ്രോത്‌സാഹിപ്പിക്കുന്നതിനേക്കാളും കൂടുതലായി, അവയിലെ തെറ്റുകുറ്റങ്ങള്‍ കണ്ടെത്തി നിര്‍വൃതി അടയുന്ന അവര്‍ പലപ്പോഴും പ്രായോഗികതയേക്കാള്‍, പുകമറ സൃഷ്ടിക്കുന്ന നയാമിക കാര്യങ്ങളെ ബലപ്പെടുത്തുന്നതില്‍ ശ്രദ്ധ ചെലുത്തുന്നു. അങ്ങനെ, ചെയ്ത നന്മകള്‍ മുഴുവന്‍ തെറ്റാണെന്നു വരുത്തി ത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തി, അവരുടെ ന്യായീകരണങ്ങളെ പരിരക്ഷിക്കുന്നതില്‍ അവര്‍ നിതാന്തമായ താത്പര്യം കാണിക്കുകയും ചെയ്യുന്നു.

ഇത്തരത്തിലുള്ള വാദങ്ങളെയും വാദമുഖങ്ങളെയും പൊതുവില്‍ വിളിക്കുക; ‘വൈക്കോല്‍ മനുഷ്യന്‍ വാദം’ (Srawman Argument എന്നാണ്. ഒരാളെയോ പ്രസ്ഥാനത്തെയോ ശത്രുപക്ഷത്തു നിര്‍ത്തി, ആക്രമണ സ്വഭാവത്തിലുള്ള ശ്രമങ്ങളിലൂടെയും നിരന്തര വിമര്‍ശനങ്ങളിലൂടെയും സമാനമനസ്‌കരുടെ കൂട്ടുപിടിച്ച് അവരുടെ വാദങ്ങളാണ് ശരിയെന്നും, എതിരാളിയുടേത് ഭോഷത്തമെന്നും സ്ഥാപിച്ചെടുക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടേയിരിക്കും.
തങ്ങള്‍ ശരിയുടെ പക്ഷമാണെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച്, ശരിയെ തെറ്റാക്കിയും തെറ്റിനെ ന്യായീകരിച്ചും യഥാര്‍ത്ഥത്തില്‍ ഉന്നയിക്കപ്പെട്ടിട്ടില്ലാത്ത കാര്യങ്ങള്‍, മറുവാദത്തിലൂടെ എതിര്‍ത്ത്, ആളുകളുടെ ഉപബോധമനസിലേക്ക് തള്ളിവിടുകയാണ് അവരുടെ ലക്ഷ്യം. ഇങ്ങനെ ‘എതിര്‍’ വാദങ്ങളിലൂടെ തെറ്റിദ്ധാരണ ജനിപ്പിക്കാനും ആളുകളില്‍ ആശയക്കുഴപ്പമുണ്ടാക്കാനും അവര്‍ക്ക് കഴിവുണ്ട്.

എത്ര ശ്രമിച്ചാലും, പലപ്പോഴുമതിനെ പ്രതിരോധിക്കാനായെന്നു വരില്ല. ഇതിനെ വൈക്കോല്‍ മനുഷ്യന്റെ വാദം (Srawman Argument)  അല്ലെങ്കില്‍ Fallacy എന്ന് നിര്‍വചിക്കാം. വെടക്കാക്കി തനിക്കാക്കുക എന്നു പറയുന്നതുപോലെ തന്റെ വാദമുഖത്തെ ബലപ്പെടുത്താന്‍, എതിരാളിയെ ഏതുവിധേനെയും തേജോവധം ചെയ്യാന്‍ അവര്‍ക്കു മടിയുണ്ടാകില്ല. മാത്രവുമല്ല, തങ്ങളുടെ വാദമുഖത്തേക്കാള്‍ അവര്‍ക്കു താല്‍പര്യം എതിരാളിയെ പൊതു സമൂഹത്തില്‍ ഇകഴ്ത്തുകയെന്നതാണ്. നല്ല സംരംഭങ്ങളെവരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ തുരങ്കം വയ്ക്കുന്ന ഇക്കൂട്ടര്‍, ആത്മീയ നേതൃത്വത്തെയും സഭയുടെ ചട്ടക്കൂടിനെയും എതിര്‍ക്കുകയും കാള പെറ്റെന്നു കേള്‍ക്കുമ്പോഴേക്കും കയറെടുക്കുന്നു എന്ന പഴഞ്ചൊല്ലിനെ പ്രവൃത്തിയിലൂടെ അന്വര്‍ത്ഥമാക്കുകയും ചെയ്യും. എതിരാളിയെന്ന് അവര്‍ സങ്കല്‍പ്പിക്കുന്ന ആളുകളും പ്രസ്ഥാനങ്ങളും സംവിധാനങ്ങളും മനസില്‍പോലും ചിന്തിച്ചിട്ടില്ലാത്തതും ഉന്നയിച്ചിട്ടില്ലാത്തതുമായ വാദങ്ങളെയും വാദമുഖങ്ങളെയും സങ്കുചിത ചിന്താഗതിയോടെ പ്രതിരോധിച്ചു സംസാരിക്കുക വഴി, എതിരാളി അങ്ങനെ ഒരു വാദം ഉന്നയിച്ചു എന്ന ധാരണ, സാമൂഹ്യ മാധ്യമങ്ങളിലൂടെ ചില സമാനമനസ്‌ക്കരുടെ കൂട്ടുപിടിച്ചു ആസൂത്രണമികവോടെ കാഴ്ചക്കാരില്‍ ജനിപ്പിക്കുകയും ചെയ്യുന്നു.

ഇത്തരത്തില്‍ യുക്തിസഹമെന്ന് തോന്നിപ്പിക്കും വിധം ബലപ്പെടുത്തുന്ന അത്തരം വാദങ്ങളെ എതിര്‍ക്കാന്‍ നമുക്ക് സാധിക്കുകയില്ലെന്ന് മാത്രമല്ല; വാദപ്രതിവാദങ്ങള്‍ക്കു മുമ്പ് നമ്മള്‍ തന്നെ ഉന്നയിച്ച വാദത്തെ എതിര്‍ക്കുന്നു എന്ന തോന്നല്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്യുന്നു. ചുരുങ്ങിയ പക്ഷം, നമ്മളെക്കൊണ്ട് ന്യായീകരിപ്പിച്ച് പ്രതിരോധത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്യും. ആത്മീയ നേതൃത്വവും മതനേതാക്കളും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന അവരുടെ പ്രസ്ഥാനങ്ങളും വ്യക്തിപരമായി ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരും, ഇന്ന് അഭിമുഖീകരിക്കുന്ന ഒരു സൈബര്‍ സങ്കീര്‍ണതയായി ഈ വൈക്കോല്‍ മനുഷ്യരും അവരുടെ വാദങ്ങളും മാറിക്കഴിഞ്ഞു. മറ്റൊരു സാഹചര്യത്തില്‍ പറഞ്ഞ കാര്യങ്ങളെ അവരുടെ വാദമുഖങ്ങളെ ബലപ്പെടുത്താന്‍ ഉപയോഗിക്കുന്ന അവര്‍ക്കു വേണ്ടത്, തൊലിപ്പുറത്തെ ചികിത്‌സയല്ല; മറിച്ച് മാനസിക രോഗത്തിനുളള ചികിത്സ തന്നെയാണ്.

അതുകൊണ്ട്, സൈബറിടങ്ങളിലെ വയ്‌ക്കോല്‍ മനുഷ്യരെ തിരിച്ചറിയുകയും ക്രിയാത്മകമായ രീതിയില്‍ പ്രതികരിക്കുകയും ചെയ്തില്ലെങ്കില്‍ പൊതുസമൂഹത്തില്‍ നമ്മെ ഇളിഭ്യരാക്കുന്നതില്‍ അവര്‍ വിജയികളാകുമെന്നതാണ് യാഥാര്‍ത്ഥ്യം. പാത്രമറിഞ്ഞു വിളമ്പുകയും ശരിയെന്നു തോന്നുന്ന കാര്യങ്ങളില്‍ ഉറച്ച നിലപാടുകളെടുക്കുകയുമാണ് പ്രതിവിധി. ഇവരെ പേടിച്ച്, മാളങ്ങളിലൊളിച്ചാല്‍ നന്‍മയുടെ വാഹകരാകാന്‍ സമൂഹത്തില്‍ ആളുണ്ടാവില്ലെന്ന യാഥാര്‍ത്ഥ്യം മനസിലാക്കി വര്‍ധിത വീര്യത്തോടെ പ്രവര്‍ത്തിക്കാനുള്ള സാധ്യതയാണ് തേടേണ്ടത്.
സൈബറിടങ്ങളിലെ സമാനമനസ്‌കരല്ലാതെ പൊതുയിടങ്ങളില്‍ അവരെയാരും വിലവയ്ക്കുന്നില്ലെന്ന യാഥാര്‍ത്ഥ്യവും നാമറിഞ്ഞിരിക്കുന്നത് നല്ലതാണ്. വിപരീത (നെഗറ്റീവ്) ഊര്‍ജത്തിന്റെ സംവാഹകരായ അവര്‍ക്ക് കാലം മാപ്പു കൊടുക്കട്ടെ. എല്ലാ മാനസിക രോഗികളെയും കൗണ്‍സലിംഗിനു വിധേയമാക്കിയും ചികില്‍സിച്ചും ഭേദമാക്കാനാകാത്തതുകൊണ്ട്, അവര്‍ക്കു കിട്ടുന്ന മാനസിക സംതൃപ്തിയില്‍ സര്‍വേശ്വരനു നന്ദി പറയാം. അവര്‍ കല്ലെറിയുന്നതു തുടരട്ടെ, അവരുടെ കല്ലുകളില്‍ നിന്നും കാലവും ദൈവവും നമ്മെ സംരക്ഷിച്ചു കൊള്ളും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?