Follow Us On

20

May

2024

Monday

നീതിക്ക് നികുതി ഈടാക്കുന്നത് അനീതി

നീതിക്ക് നികുതി ഈടാക്കുന്നത് അനീതി

അഡ്വ. ഷെറി ജെ. തോമസ്

പൊതുതാല്‍പര്യ ഹര്‍ജികള്‍ ഒഴികെ കോടതികളില്‍ എത്തുന്ന മുഴുവന്‍ കേസുകളും ഇരകള്‍ തങ്ങളുടെ അവകാശ സംരക്ഷണത്തിനായി അവസാന അത്താണി എന്ന നിലയില്‍ എത്തുന്നതാണ്. അങ്ങനെ വരുന്ന കേസുകളില്‍ അങ്ങേയറ്റം വ്യഥയോടുകൂടി ഫയല്‍ ചെയ്യപ്പെടുന്ന കേസുകളാണ് കുടുംബ കോടതികളിലേത്. വിവിധയിനം നികുതികളും ഫീസും ഉയര്‍ത്തിയതിന്റെ കൂടെ കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ കുടുംബ കോടതികളില്‍ ഫയല്‍ ചെയ്യുന്ന കേസുകളിലും മജിസ്‌ട്രേറ്റ് കോടതികളില്‍ ഫയല്‍ ചെയ്യുന്ന ചെക്ക് കേസുകളിലും കോടതി ഫീസ് പല ഇരട്ടിയായി ഉയര്‍ത്തിയത് സാമാന്യനീതിക്കു നിരക്കാത്തതാണ്. പതിനഞ്ചാമത് നിയമസഭയില്‍, ബില്‍ നമ്പര്‍ 193 ആയി അവതരിപ്പിച്ച കേരള ഫിനാന്‍സ് ബില്‍ 2024 ആണ് ഇതിന് കാരണമായത്. തദ്ഫലമായി കേരള കോര്‍ട്ട് ഓഫീസ് ആന്‍ഡ് സൂട്ട് വാല്യുവേഷന്‍ നിയമത്തില്‍ ഭേദഗതിയുണ്ടായി. 2024 ഏപ്രില്‍ ഒന്നു മുതല്‍ വര്‍ധനവ് നിലവില്‍ വന്നു. സാമാന്യമായി തങ്ങളെ ബാധിക്കുന്നതല്ല എന്ന തോന്നല്‍ പൊതുസമൂഹത്തിന് ഉള്ളതിനാല്‍ ഇതൊന്നും വലിയ ചര്‍ച്ചയായില്ല.

കുടുംബ കോടതി
വിവാഹബന്ധത്തെ തുടര്‍ന്നുണ്ടാകുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തങ്ങളുടെ സ്വത്തുക്കള്‍ സംരക്ഷിക്കാനും, ചെലവ് ലഭിക്കാനുമെക്കെ, ആശ്രയിക്കാവുന്ന സ്ഥലമാണ് കുടുംബകോടതികള്‍. ഇത്തരം തര്‍ക്കങ്ങളില്‍ യഥാര്‍ത്ഥത്തില്‍ ഇരുകക്ഷികളും ജയിക്കുന്നില്ല,

കുടുംബകോടതിയില്‍ നല്‍കുന്ന ഹര്‍ജികള്‍ക്ക് കേസില്‍ ആവശ്യപ്പെടുന്ന തുകയുടെ ശതമാന കണക്കനുസരിച്ച് കോര്‍ട്ട് ഫീ കൊടുക്കേണ്ടി വരുന്നത് വലിയ അനീതിയാണ്.

കുട്ടികള്‍ ഉണ്ടെങ്കില്‍ അവരാണ് യഥാര്‍ത്ഥ ഇരകള്‍. മുന്‍കൂട്ടി ശേഖരിച്ചുവയ്ക്കുന്ന കൃത്യമായ തെളിവുകളോടുകൂടി കക്ഷികള്‍ എത്താന്‍ സാധ്യതയില്ലാത്ത സ്ഥലം കൂടിയാണ് കുടുംബകോടതികള്‍. അവിടെ നല്‍കുന്ന ഹര്‍ജികള്‍ക്ക് നിശ്ചിത കോര്‍ട്ട് ഫീ ഉണ്ടായിരുന്നത്, കേസില്‍ ആവശ്യപ്പെടുന്ന തുകകളുടെ ശതമാന കണക്കനുസരിച്ച് കൊടുക്കേണ്ടി വരുന്നത് ഫലത്തില്‍ എല്ലാം തകര്‍ന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ അവിടെനിന്ന് ഒഴിവാക്കുന്നതിന് തുല്യമാണ്.
ഒരു ലക്ഷം രൂപ വരെയുള്ളതിന് 200 രൂപയും, ഒരുലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെയുള്ളതിന് അര ശതമാനവും, അഞ്ചു ലക്ഷത്തിന് മുകളില്‍ ഉള്ളതിന് 1% വും ആയാണ് നിലവില്‍ പുതുക്കിയത്. കുടുംബ കോടതികളിലെ സേവനം ഇരകള്‍ പണം കൊടുത്ത് വാങ്ങേണ്ട ഒന്നല്ല. ഭരണകൂടത്തിന്റെ ബാധ്യതയാണ് വൈവാഹിക ജീവിത അവകാശങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നത്. കേരളത്തിലെ പല കുടുംബ കോടതികളും ഇപ്പോഴും ഇടുങ്ങിയ മുറികളിലാണ്. കക്ഷികള്‍ക്കും അഭിഭാഷകര്‍ക്കും മതിയായ സ്ഥല സൗകര്യങ്ങള്‍ ഇല്ല, നീണ്ടുപോകുന്ന കേസുകള്‍ അങ്ങനെ പരാതികള്‍ പലതാണ്. ഈ പശ്ചാത്തലത്തിലാണ് ചരിത്രത്തില്‍ ആദ്യമായി മറ്റു സിവില്‍ കേസുകളില്‍ ശതമാന കണക്ക് ഈടാക്കുന്നതുപോലെ കുടുംബ കോടതികളില്‍ കോടതി ഫീസ് പുതിയതായി ശതമാനക്കണക്കില്‍ കൊണ്ടുവന്നിരിക്കുന്നത്.

ചെക്കു കേസുകള്‍
ഇതിനു സമാനമായ മറ്റൊരു വര്‍ധനവാണ് ചെക്ക് കേസുകളിലും. സിവില്‍ കേസുകളായി നല്‍കുന്ന ചെക്ക് കേസുകളില്‍ അറ്റാച്ച്‌മെന്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ 11% കോടതി ഫീസ് അടയ്ക്കണം. പണം നഷ്ടമായവര്‍ വീണ്ടും പണം മുടക്കാന്‍ ശേഷിയില്ലാത്തവരാണ് കൂടുതലും മജിസ്‌ട്രേറ്റ് കോടതികളില്‍ ക്രിമിനല്‍ കേസുകളായി ചെക്ക് കേസുകള്‍ നല്‍കുന്നത്. ചെറിയ തുക നിശ്ചിത കോര്‍ട്ട് ഓഫീസ് മാത്രം ഉണ്ടായിരുന്ന അത്തരം കേസുകളില്‍ ഇപ്പോള്‍ ചെക്കിലെ തുകയുടെ ശതമാനം അനുസരിച്ച് കോടതി ഫീസ് അടയ്ക്കണം എന്നത് സംസ്ഥാനത്തെ ചെക്ക് മുഖാന്തരമുള്ള വാണിജ്യ ഇടപാടുകളെ ബാധിച്ചേക്കാം.
10,000 രൂപ വരെയുള്ള ചെക്കിന് 250 രൂപയും, പതിനായിരത്തിന് മുകളിലുള്ള തുകയ്ക്ക് അഞ്ച് ശതമാനവും ആണ് പുതിയ ഫീസ്. കേസ് നല്‍കിയാല്‍ തന്നെ വര്‍ഷങ്ങളോളം പണം കിട്ടുന്നതിനുവേണ്ടി കാത്തിരിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. അതിനു പുറമെയാണ് ഫീസിലെ കുത്തനെയുള്ള വര്‍ധനവ്. പണമില്ലാത്ത ചെക്ക് കൊടുത്ത് നഷ്ടം ഉണ്ടാക്കുന്നത് ഒരുതരത്തില്‍ വഞ്ചന എന്ന ക്രിമിനല്‍ കുറ്റം കൂടിയാണ്. നിയമപരമായി നല്‍കാനുള്ള തുക, നല്‍കുന്നുവെന്ന വാഗ്ദാനത്തിന്റെ പേരില്‍ ചെക്ക് കൈമാറുന്നത് അക്കൗണ്ടില്‍ പണം ഇല്ല എന്ന അറിവോടു കൂടിത്തന്നെയാകാം.
വെള്ളത്തിനും വൈദ്യുതിക്കും കെട്ടിടത്തിനും മദ്യത്തിനും ഒക്കെ നികുതി കൂട്ടുന്നതുപോലെ കോടതി ഫീസ് വര്‍ധിപ്പിക്കുന്നത് നീതിക്ക് നികുതിയീടാക്കുന്നത് പോലെയാണ്, അത് തിരുത്തണം.

(ലേഖകന്‍ ഹൈക്കോടതി അഭിഭാഷകനാണ്)

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?