Follow Us On

26

December

2024

Thursday

കണക്ക് ചരിതം

കണക്ക് ചരിതം

ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS

തോല്‍ക്കുമോ എന്നുള്ള ഭയം ആണ് പല അനിഷ്ടങ്ങളുടെയും കാരണമെന്നു തോന്നാറുണ്ട്. ജീവിതത്തില്‍ തോറ്റുപോകാന്‍ ഭയമാണ്. തോല്‍വിക്ക് കുറുകെ നില്‍ക്കുന്നവരോട് ഒക്കെ നമുക്ക് വെറുപ്പാണ്.

ണക്ക് ഒരു ബാലികേറാമലയായിരുന്നു. കണക്ക് വെറുത്തതുപോലെ മറ്റൊന്നും അത്ര വെറുത്തിട്ടില്ല. നാലാം ക്ലാസില്‍ അന്നമ്മ ടീച്ചര്‍ ആണ് കണക്ക് പഠിപ്പിച്ചത്. നല്ല ഉയരമുള്ള ശോഭനയെ പോലെ ചിരിക്കുന്ന ടീച്ചര്‍. സ്‌കൂളിന് തൊട്ടു താഴെ തന്നെയാണ് ടീച്ചറിന്റെ വീടും. കണക്കിനെ വെറുത്തതിന്റെ കൂട്ടത്തില്‍ ടീച്ചറെയും ഇഷ്ടമല്ലായിരുന്നു. കണക്ക് പീരീഡ് ടീച്ചര്‍ വരുമ്പോള്‍ ഉള്ളില്‍ നിന്നൊരു ആന്തല്‍ ആയിരുന്നു. പേടികൊണ്ട് അറിയാവുന്ന ഉത്തരങ്ങള്‍ പോലും തെറ്റിച്ചു.

ഓണപ്പരീക്ഷയ്ക്ക് എട്ടു മാര്‍ക്ക് ആണ് കണക്കിന് കിട്ടിയത്. ഞങ്ങള്‍ മൂന്നുപേര്‍ക്ക് പത്തില്‍ താഴെയായിരുന്നു. പതിവുപോലെ അന്നമ്മ ടീച്ചര്‍ വന്നു, പേപ്പര്‍ തന്നു. നീണ്ടുനില്‍ക്കുന്ന വഴക്കിന്റെ കൂട്ടത്തില്‍ ഉപദേശങ്ങള്‍. ‘ഉച്ചക്കഞ്ഞി വിളമ്പാനും പള്ളിമുറ്റത്തെ മാവേലറിയാനുമേ നിന്നെക്കൊണ്ട് ഒക്കെ ഒക്കത്തുള്ളൂ..’ ഉത്തരങ്ങളൊക്കെ മൂന്നുപ്രാവശ്യം എഴുതി കൊണ്ടുവരാന്‍ ടീച്ചര്‍ പറഞ്ഞു. ടീച്ചറിന്റെ മോന്റെ പേര് ബോണി എന്നായിരുന്നു. അവന്‍ ഇംഗ്ലീഷ് മീഡിയത്തിലാണ്. പള്ളിയിലെ സണ്‍ഡേ സ്‌കൂളില്‍ അവന്‍ എന്റെ ക്ലാസില്‍ തന്നെയായിരുന്നു. ടീച്ചറോട് തോന്നിയ അമര്‍ഷം ഒരു ചങ്ങല പോലെ അവനിലേക്ക് നീണ്ടു. ഒന്നുമറിയാത്ത ബോണിയെപോലും ഞാന്‍ വെറുത്തു, കണക്ക് കാരണം. എങ്ങനെയെങ്കിലും നാലാം ക്ലാസില്‍ നിന്ന് ഒന്ന് കടന്നു കൂടണം എന്ന് ചിന്തയെ ഉണ്ടായിരുന്നുള്ളൂ. ആ ഒരു വര്‍ഷക്കാലം ഒരിക്കലും അവസാനിക്കാത്ത പോലെ തോന്നി. അന്നമ്മ ടീച്ചറിന്റെ കണക്കുകള്‍ കൂടുതല്‍ രൂക്ഷമായി വന്നു.

ഒരു ഞായറാഴ്ച പള്ളിയില്‍ നിന്നും വന്നപ്പോള്‍ അമ്മയും കണക്കിനെ കുറിച്ചാണ് പറഞ്ഞത്. പള്ളി മുറ്റത്തെ കുശലം പറച്ചിലില്‍ അന്നമ്മ ടീച്ചര്‍ അമ്മയോട് പറഞ്ഞത്രേ ‘ചെക്കന് കണക്കിന്റെ ഒരു കുന്തോം അറിയത്തില്ലെന്ന്..’ നാണംകെട്ടാണ് അമ്മ അന്ന് പള്ളിയില്‍നിന്ന് തിരിച്ചുപോന്നത്. എങ്ങനെയെങ്കിലും കണക്കിനൊന്നു പാസാകടാ എന്ന അമ്മയുടെ ഉപദേശവും അപേക്ഷയും എന്നെ ദേഷ്യം പിടിപ്പിച്ചു. കണക്ക് തുറന്നു നോക്കുമ്പോഴേ അന്നമ്മ ടീച്ചറോടുള്ള ദേഷ്യം. ചില ദേഷ്യങ്ങള്‍ അങ്ങനെയാണ്, ഇഷ്ടമില്ലാത്തതിന്റെ കൂടെയുള്ളതിനോടൊക്കെ അനിഷ്ടങ്ങളുടെ കൂട്ടുണ്ടാകും. എങ്ങനെയോ തട്ടിമുട്ടി നാലാം ക്ലാസില്‍ നിന്നും അഞ്ചാം ക്ലാസിലേക്ക് കേറുമ്പോള്‍ അന്നമ്മ ടീച്ചര്‍ പറഞ്ഞത് ‘കണക്കു പഠിക്കാതെ രക്ഷപ്പെടില്ല മോനെ’എന്നായിരുന്നു. ആ വര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു വല്ലാത്ത സന്തോഷമായിരുന്നു. കണക്കിന് അന്നമ്മ ടീച്ചര്‍ ഇല്ലല്ലോ… അതൊക്കെ വെറും തോന്നല്‍ മാത്രമായിരുന്നു. സമവാക്യങ്ങളുടെ മഹാപ്രളയങ്ങളും, കൂട്ടലും കുറയ്ക്കലുകളും വീണ്ടും എന്നെ ഭ്രാന്തന്‍ ആക്കി. ഇപ്പോഴും ഓര്‍ക്കുമ്പോള്‍ ഞെട്ടല്‍ ഉണ്ട്. കണക്ക് എന്തുകൊണ്ടാണ് ഇത്രമാത്രം പാടായിപ്പോയത്. ഒരുതരത്തിലാണ് കണക്കു പരീക്ഷകള്‍ക്ക് രക്ഷപ്പെട്ടത്.

വര്‍ഷങ്ങള്‍ക്കുശേഷം അന്നമ്മ ടീച്ചറിനെ കണ്ടു. അന്നത്തെ നാലാം ക്ലാസുകാരന്റെ വിറയലോടെ തന്നെ ഞാന്‍ നിന്നു. പക്ഷേ ടീച്ചറെന്നെ ഞെട്ടിച്ചു. ടീച്ചര്‍ ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു. ഇപ്പോള്‍ എവിടെയാണ്? പെങ്ങള്‍ എന്തിയെ? അമ്മയ്ക്ക് സുഖമാണോ..? പുതിയ സ്ഥലമൊക്കെ എങ്ങനെയുണ്ട്? സ്‌നേഹത്തിന്റെ ഒരായിരം കൊച്ചു വര്‍ത്തമാനങ്ങള്‍. കൂട്ടത്തില്‍ ബോണിയുടെ കല്യാണമാണെന്ന് പറഞ്ഞു. വാക്കുകള്‍ കിട്ടാതെ ഞാന്‍ കുടുങ്ങി. പണ്ട് ഗുണനപ്പട്ടിക ചൊല്ലാന്‍ എഴുന്നേറ്റു നിന്ന അതെ നില്‍പ്പ്. അവര്‍ കോട്ടയത്തേക്ക് സ്ഥലം മാറിയിരുന്നു. അവിടെവച്ചാണ് ഞാന്‍ അവരെ കണ്ടത്. ടീച്ചറിന് അല്പം ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് സാറ് പറഞ്ഞിരുന്നു. ബോണിയോട് അന്വേഷണം പറയാന്‍ ഞാന്‍ പറഞ്ഞു. കുറച്ചു നാളുകള്‍ക്കുശേഷം സ്‌കൂള്‍ ഗ്രൂപ്പിലെ മെസേജ് അന്നമ്മ ടീച്ചറിന്റെ മരണം ആയിരുന്നു. കോട്ടയത്ത് ഇല്ലായിരുന്നതിനാല്‍ എനിക്ക് പോകാന്‍ പറ്റിയില്ല. ഒരു വല്ലാത്ത ശൂന്യത തോന്നി. ചില ശൂന്യതകള്‍ ഒരിക്കലും നികത്താന്‍ പറ്റാത്ത സത്യങ്ങളാണ്. വിട്ടുപോയ ഭാഗങ്ങള്‍ പൂരിപ്പിക്കേണ്ട ചോദ്യപേപ്പറുകള്‍ പോലെ. ആ ഭാഗങ്ങള്‍ അങ്ങനെതന്നെ കിടക്കുകയാണ്. ഒന്നും പൂരിപ്പിക്കാതെ ഒന്നും പറയാതെ.

ചില അനിഷ്ടങ്ങളുടെ മീതെ നമ്മുടെ പ്രായം വരച്ചിടുന്ന ചില കുറുമ്പുകള്‍. ടീച്ചറെ കണ്ടപ്പോള്‍ ടീച്ചര്‍ പറഞ്ഞതില്‍ മുഴുവന്‍ സ്‌നേഹമായിരുന്നു, ഓര്‍മകള്‍ ആയിരുന്നു. ടീച്ചറിന് സ്‌നേഹിക്കാന്‍ അല്ലേ കഴിയൂ. ആ ശാസനകള്‍ക്കുപോലും സ്‌നേഹത്തിന്റെ തലോടലുകളുണ്ടായിരുന്നു. നമ്മുടെ എല്ലാവരുടെയും ടീച്ചര്‍മാരൊക്കെ ഇങ്ങനെ തന്നെയല്ലേ. സ്‌നേഹത്തിന്റെ പല ആഴങ്ങള്‍ കാണിക്കുന്നുണ്ട്. പലവട്ടം അവരുടെയൊക്കെ വിഷയങ്ങള്‍ക്ക് തോറ്റുപോയ നമ്മളെയൊക്കെ അവര്‍ എത്രമാത്രം ചേര്‍ത്തുനിര്‍ത്തുന്നു. ഒരു പരിഭവവുമില്ലാതെ.

ജീവിതത്തിലും ഇങ്ങനെ തന്നെ. ഇന്നു മാറ്റിനിര്‍ത്തുന്നവര്‍ പലരും ജീവിതത്തില്‍ അത്രമേല്‍ സ്‌നേഹിക്കപ്പെടേണ്ടവരായി മാറുന്നു. കാലം അങ്ങനെയാണ്. മെല്ലെ മെല്ലെ ജീവിതത്തിലേക്ക് സ്‌നേഹത്തിന്റെ വാതായനങ്ങള്‍ തുറക്കുന്നതോടൊപ്പം കണ്ണുകളും നമുക്ക് തുറന്നു തരുന്നു. ഒന്ന് കണ്ണടച്ചു നോക്കിയാല്‍ കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് സങ്കടത്തിന്റെ തോരാമഴയില്‍നിന്ന് ആ നേരങ്ങളും സൗഹൃദങ്ങളും ഇന്ന് അത്രമേല്‍ പ്രിയപ്പെട്ടതായി മാറുന്നു. നമ്മള്‍ നിശ്ചലരായി നിന്ന ആ തോറ്റ ദിനം ഓര്‍മയില്ലേ..! ഈ ലോകത്തില്‍ നമ്മള്‍ തനിച്ചായി എന്ന് കരുതിയ ദിനം. പക്ഷേ എന്തെങ്കിലും സംഭവിച്ചോ..? ഒന്നും സംഭവിക്കാതെ എല്ലാം അങ്ങനെ തന്നെ.

ഒരു കുഞ്ഞു സങ്കടത്തെപോലും ജയിക്കാന്‍ കഴിയാതെ, ഒരു കുഞ്ഞു തോല്‍വിയെപോലും മറികടക്കാന്‍ കഴിയാതെ ആ തോരാമഴയില്‍ നനഞ്ഞുതന്നെ നില്‍ക്കുന്നു. ഓരോ വര്‍ഷങ്ങളും എന്തുമാത്രം വിവാദങ്ങള്‍ക്കും കലഹങ്ങള്‍ക്കും സാക്ഷിയാകുന്നു. പക്ഷേ ആ ചൂടാറിയതിനുശേഷം നമ്മള്‍ അതൊന്നും ഓര്‍ത്തിരിക്കുന്നില്ല. അതൊക്കെ ആ നിമിഷങ്ങളുടെ വൈറല്‍ കാഴ്ചകള്‍ക്കുശേഷം അപ്രത്യക്ഷമായി. വാക്കുകള്‍ കൊണ്ട് ഉയര്‍ത്തിയ നമ്മള്‍ തന്നെ പലരെയും വാക്കുകള്‍ കൊണ്ട് താഴെയിടുന്നു. ഒരു നിമിഷംകൊണ്ട് പല ഉന്നതരും ഒന്നുമല്ലാതായി മാറുന്നു. ജീവിതം മുന്‍പോട്ട് പോകുന്നു. കാലം അങ്ങനെയാണ്. ജീവിതത്തിനുനേരെ ഒരു ചെറിയ നിമിഷത്തില്‍ അത് പൊടുന്നനെ വിസ്മയമായ ഭാവം കാണിക്കും. മനുഷ്യരും അങ്ങനെതന്നെ.

തോല്‍ക്കുമോ എന്നുള്ള ഭയമാണ് പല അനിഷ്ടങ്ങളുടെയും കാരണമെന്നു തോന്നാറുണ്ട്. ജീവിതത്തില്‍ തോറ്റു പോകാന്‍ ഭയമാണ്. തോല്‍വിക്ക് കുറുകെ നില്‍ക്കുന്നവരോടൊ ക്കെ നമുക്ക് വെറുപ്പാണ്. കണക്കിനെ വെറുത്ത ഞാന്‍ അന്നമ്മ ടീച്ചറിനെ വെറുത്തപ്പോള്‍ ബോണിയും എന്റെ അനിഷ്ടക്കാരനായി. കണക്കു പഠിപ്പിച്ചത് ജീവിതത്തിന്റെ മറ്റൊരു സമവാക്യം ആയിരുന്നു. തോറ്റു തോറ്റു ജയിക്കാനുള്ള പാഠങ്ങള്‍. കുറേ വര്‍ഷങ്ങള്‍ക്കുശേഷം എന്തെങ്കിലുമൊക്കെ നേടി കഴിയുമ്പോള്‍ അതൊക്കെ നേട്ടങ്ങളുടെ എണ്ണങ്ങള്‍ ആയി കൂട്ടി നോക്കുമ്പോള്‍ തോറ്റുപോയ ആ കണക്കിന്റെ പാഠങ്ങള്‍ അങ്ങനെ തന്നെയുണ്ട്. അവിടെ തോറ്റതുകൊണ്ട് മാത്രം ഞാന്‍ പഠിച്ചുപോയ ചില കണക്കിലെ പാഠങ്ങള്‍.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?