Follow Us On

21

December

2024

Saturday

പ്രകാശഗോപുരം

പ്രകാശഗോപുരം

സിസ്റ്റര്‍ എല്‍സി വടക്കേമുറി MSMI
(സുപ്പീരിയര്‍ ജനറല്‍ എംഎസ്എംഐ)

”വിശ്വസ്തതയും സൗമ്യതയും കൊണ്ട്
അവിടുന്ന് വിശുദ്ധീകരിച്ചു.
എല്ലാ ജനതകളുടെയും ഇടയില്‍നിന്ന്
അവനെ തിരഞ്ഞെടുത്തു”'(പ്രഭാ. 45:4).

ജ്വലിച്ചുകൊണ്ടിരിക്കുന്ന ഒന്നിന് മാത്രമേ മറ്റൊന്നിനെ ജ്വലിപ്പിക്കാന്‍ കഴിയൂ. സ്വയം ജ്വലിക്കുകയും മറ്റുള്ളവരെ ജ്വലിപ്പിക്കുകയും ചെയ്ത വ്യക്തിത്വത്തിന്റെ ഉടമയാണ് മോണ്‍. സി. ജെ. വര്‍ക്കിയച്ചന്‍. ഒറ്റനോട്ടത്തില്‍ അദ്ദേഹം സാധാരണ ഒരു വൈദികന്‍ മാത്രമായിരുന്നു. എന്നാല്‍ മറ്റുള്ളവരെ ജ്വലിപ്പിക്കാന്‍ തക്കവിധത്തില്‍ അസാധാരണമായ പലതും അദ്ദേഹത്തില്‍ ഉണ്ടായിരുന്നു. ജ്വലിച്ചുയുരുന്ന ഒരു പ്രകാശഗോപുരം പോലെ ഉയര്‍ന്നുനില്‍ക്കുന്ന മോണ്‍. സി. ജെ. വര്‍ക്കി MSMI സമൂഹത്തിന്റെ സ്ഥാപകനും ശാലോമിന്റെ ആധ്യാത്മിക നിയന്താവും, നലംതികഞ്ഞ ധ്യാനഗുരുവും, വചനപ്രഘോഷകനും ദൈവ തിരുമനസ്സിന് പൂര്‍ണമായും കീഴ്‌വഴങ്ങിയവനും, ദൈവപരിപാലനയില്‍ അടിയുറച്ചു വിശ്വസിച്ചവനും കണ്ടുമുട്ടുന്നവര്‍ക്കെല്ലാം ദൈവസ്‌നേഹത്തിന്റെ സദ്വാര്‍ത്ത അറിയിച്ചവനും സ്വയം ശുന്യവല്‍ക്കരിച്ച യേശുവിനെ ജീവിതലാളിത്യത്തിലുടെ കാണിച്ചു കൊടുത്തവനും നന്മ ചെയ്യുന്നതില്‍ മടുപ്പു കൂടാതെ കഠിനാധ്വാനം ചെയ്തവനും ക്ഷമിക്കുന്ന സ്‌നേഹം ജീവിതാദര്‍ശമാക്കിയവനും പുത്രസഹജമായ സ്‌നേഹവും സ്വാതന്ത്ര്യവും കാണിച്ച മരിയ ഭക്തനുമായിരുന്നു.

കുടുംബപ്രേഷിതത്വം
നിങ്ങള്‍ ലോകമെങ്ങും പോയി സകല സൃഷ്ടികളോടൂം സൂവിശേഷം പ്രസംഗിക്കുവിന്‍’ (മാര്‍ക്കോസ്, 16:15) എന്ന ഈശോയുടെ അവസാന ല്പന സ്‌നേഹത്തോടും തീവ്രതയോടും നിര്‍വഹിച്ച കാലഘട്ടത്തിന്റെ പ്രകാശഗോപുരമായിരുന്നു മോണ്‍. വര്‍ക്കിയച്ചന്‍. ആഗോളമിഷന്‍ പ്രവര്‍ത്തനത്തിന്റെ മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യായുടെ മിഷന്‍ തീക്ഷ്ണതയും ദൈവവചനപ്രഘോഷണത്തില്‍ തീപ്പന്തംപോലെ കത്തിജ്വലിച്ച വിശുദ്ധ പൗലോസ് അപ്പസ്‌തോലന്റെ ദൈവസ്‌നേഹാനുഭവവും വര്‍ക്കിയച്ചനില്‍ വിളങ്ങിനിന്നു. കര്‍ത്താവിന്റെ ശിഷ്യന്മാര്‍ ലോകത്തിന്റെ പ്രകാശമായിരിക്കാന്‍ വിളിക്കപ്പെട്ടവരാണ് (മത്തായി 5: 14.). ലോകത്തിന്റെ സത്യവെളിച്ചമായ യേശുക്രിസ്തുവിന്റെ രക്ഷാകര സ്‌നേഹത്തെ കുടുംബപ്രേഷിതത്വത്തിലൂടെയും സുവിശേഷ പ്രഘോഷണത്തിലൂടെയും മറ്റ് ഇതര പ്രേഷിത പ്രവര്‍ത്തനത്തിലൂടെയും ലോകത്തിലേക്ക് എത്തിക്കാന്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരും നിയോഗിക്കപ്പെട്ടവരുമാണ് MSMI.

സന്യാസസമൂഹം.
ഒരു ദേശത്തിന്റെ പുരോഗതിയെയും ഒരു സമൂഹത്തിന്റെ ജീവിതശൈലിയെയും അനേകരുടെ ആത്മീയോന്നതിയെയും സ്വാധീനിച്ച മഹാനായ വന്ദ്യവൈദികനാണ് വര്‍ക്കിയച്ചന്‍. കുടിയേറ്റ ജനതയുടെ ആധ്യാത്മിക, ഭൗതിക ഉന്നമനത്തില്‍ അദേഹം ബദ്ധശ്രദ്ധനായിരുന്നു. അതിന് മകുടോദാഹരണമാണ് മലബാറിന്റെ മണ്ണില്‍ തുടക്കംകുറിച്ച ആദ്യത്തെ സന്യാസസമൂഹം. കുടുംബം ഉള്ളിടത്തോളം കാലം കുടുംബ പ്രേഷിതത്വത്തിന് പ്രസക്തിയുണ്ട്. കുടുംബം നവീകരിക്കപ്പെടുന്നതിലൂടെ ഇടവക നവീകരിക്കപ്പെടും; ഇടവകാ നവീകരണത്തിലൂടെ രൂപതയും രൂപതാ നവീകരണത്തിലൂടെ തിരുസഭയും നവീകരിക്കപ്പെടും എന്നതാണ വര്‍ക്കിയച്ചന്റെ പ്രവര്‍ത്തന മാനദണ്ഡം.

ഇന്ന് MSMI സമൂഹം എന്തായിരിക്കുന്നുവോ അതിന്റെ പിന്നിലെ പ്രേരകശക്തി വര്‍ക്കിയച്ചന്റെ ദീര്‍ഘവീക്ഷണവും, വിശാലഹൃദയവും എല്ലാവരെയും ഉയര്‍ത്തുവാനുള്ള നല്ല മനസുമാണെന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. വിവിധ പ്രേഷിത പ്രവര്‍ത്തനമേഖലകളെ കണ്ടെത്തി വേണ്ടത്ര പരിശീലനം നല്‍കി അവിടെയെല്ലാം കടന്നുചെന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള ധൈര്യവും സാഹസികതയും തന്റെ പുത്രിമാര്‍ക്ക് ആദ്യം മുതല്‌ക്കേ അദേഹം പകര്‍ന്നു. ഈ വൈദികന്റെ ധീരമായ നേതൃപാടവവും ദൈവത്തിന്റെ അനന്തപരിപാലനയിലും കാരുണ്യത്തിലുമുള്ള അടിയുറച്ച വിശ്വാസവും പരിശുദ്ധ അമ്മയിലുള്ള ആഴമായ ആശ്രയവും ദിവ്യകാരുണ്യത്തോടുള്ള തീവ്രഭക്തിയും സ്‌നേഹവും വിശുദ്ധ കുര്‍ബാനയുടെ ആഘോഷവും തിരുവചനത്തിലുള്ള അകമഴിഞ്ഞ വിശ്വാസവും യാമങ്ങളെ വിശുദ്ധീകരിക്കുന്ന പ്രാര്‍ത്ഥനകളും എല്ലാമാണ് അച്ചനെ വ്യത്യസ്തനാക്കി തീര്‍ത്തത്.

ഇടവകയെ വിശുദ്ധീകരിച്ച മാതൃകാ വികാരി
MSMI സന്യാസ സമൂഹത്തിന് വര്‍ക്കിയച്ചനില്‍ നിന്നും പകര്‍ന്നു കിട്ടിയ വലിയൊരു നിധിയാണ് ദിവ്യകാരുണ്യ സന്നിധിയില്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്ന അച്ചന്റെ ജീവിത മാതൃക. ഇടവക വികാരി എന്ന നിലയില്‍ ഇടവകാഭരണം നിര്‍വഹിച്ചിരുന്ന കാലഘട്ടങ്ങളില്‍ ദിവ്യകാരുണ്യ ആരാധനയ്ക്ക് തന്റെ വ്യക്തിജീവിതത്തില്‍ വലിയ പ്രാധാന്യം നല്‍കിയിരുന്നു. ഇടവക വിശുദ്ധീകരിക്കപ്പെടുവാന്‍ വ്യാഴാഴ്ച ആരാധന മുടങ്ങാതെ നടത്തുക എന്നത് നിര്‍ബന്ധമായിരുന്നു. MSMI സമൂഹത്തിലും ഇക്കാര്യം അച്ചന്‍ പ്രാവര്‍ത്തികമാക്കി. എല്ലാ വ്യാഴാഴ്ചയും ഒരു മണിക്കൂര്‍ ആരാധന, മാസത്തിലൊരിക്കല്‍ 3 മണിക്കൂര്‍ ആരാധന, എല്ലാ വര്‍ഷത്തിലും 13 മണിക്കൂര്‍ ആരാധന നടത്തിക്കൊണ്ട് ലോകത്തിനും തിരുസഭയ്ക്കും രാഷ്ട്രങ്ങള്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കാന്‍ അവസരം ഒരുക്കിയിരുന്നു. ഇന്നും അത് MSMI മക്കള്‍ അഭംഗുരം കാത്തുസൂക്ഷിക്കുന്നു.

വര്‍ക്കിയച്ചന്റെ വിജയരഹസ്യം
വര്‍ക്കിയച്ചന്‍ അറിവിലും ബുദ്ധിയിലും അതിസമര്‍ത്ഥന്‍ ആയിരുന്നെങ്കിലും പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളോടുള്ള തുറവിയും വിശ്വാസവും എടുത്തുപറയേണ്ടതുണ്ട്. ഒരുകാര്യം ദൈവാത്മാവ് വെളിപ്പെടുത്തിയാല്‍ പിന്നെ അതില്‍നിന്ന് അണുവിട മാറി പ്രവര്‍ത്തിക്കാന്‍ തയാറായിരുന്നില്ല. മനുഷ്യരില്‍ നിന്നുള്ള എതിര്‍പ്പോ മറ്റുള്ളവര്‍ എന്തുപറയുമെന്ന ചിന്തയോ അലട്ടിയിരുന്നില്ല. ദൈവഹിതം നിറവേറ്റുക എന്നത് മാത്രമാണ് അച്ചന്റെ ലക്ഷ്യം. ”മനുഷ്യരുടെ മധ്യേ ഒരുവന്‍ പരിപൂര്‍ണനെങ്കിലും അങ്ങില്‍നിന്ന് വരുന്ന ജ്ഞാനം ഇല്ലെങ്കില്‍ അവന്‍ ഒന്നുമല്ല” (ജ്ഞാനം 9:6). കൃപാവരങ്ങളുടെ നിറവില്‍ അനേകരെ ആത്മീയ തീരമണച്ച ആത്മീയാചാര്യന്‍ അധ്യാത്മിക രംഗത്ത് ഒരു ആത്മീയ വിപ്ലവം തന്നെ സൃഷ്ടിച്ചു തന്റെ ജീവിത സാക്ഷ്യത്തിലൂടെ. ആത്മാവിന്റെ സ്വരത്തിന് കാതോര്‍ത്ത് അത് അനുസരിച്ചതാണ് വര്‍ക്കിയച്ചന്റെ ജീവിതവിജയ രഹസ്യം. ആത്മാവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ദൈവത്തെ കണ്ടുമുട്ടി, ആ സ്‌നേഹം അനുഭവിച്ച്, അത് പങ്കുവയ്ക്കുന്നതില്‍ അച്ചന്‍ കാണിച്ച തീക്ഷ്ണതയും ത്യാഗവും വര്‍ണനാതീതമാണ്.

അല്മായരെ ചേര്‍ത്തുപിടിച്ച വൈദികന്‍
1951 – ല്‍ വര്‍ക്കിയച്ചന്‍ കുളത്തുവയല്‍ ഇടവക വികാരിയായി ചാര്‍ജെടുത്തനാള്‍ മുതല്‍ കുടിയേറ്റ ജനതയുടെ സമഗ്രപുരോഗതി ലക്ഷ്യമാക്കി, അവരുടെ അടിസ്ഥാന ഭദ്രതയ്ക്ക് അനിവാര്യമായവയില്‍ ശ്രദ്ധ ചെലുത്തി. എന്നാല്‍ പിന്നീട് ജനങ്ങളുടെ ആത്മീയ കാര്യങ്ങളിലേക്ക് അച്ചന്റെ പൂര്‍ണമായ ശ്രദ്ധ തിരിഞ്ഞു. അതിനുവേണ്ടി കേരളത്തിലും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലുള്ള രൂപതകളിലും സന്യാസാശ്രമങ്ങളിലും സെമിനാരികളിലും ഇടവകകളിലും യുവജനങ്ങള്‍ക്കിടയിലും കണ്‍വെന്‍ഷനുകളും ധ്യാനങ്ങളും വചനപ്രഘോഷണങ്ങളും കൗണ്‍സിലിംഗും രോഗശാന്തി ശുശ്രൂഷയും ഒക്കെനടത്തി ജനലക്ഷങ്ങളെ ദൈവസ്‌നേഹത്തിലേക്കും സഹോദരസ്‌നേഹത്തിലേക്കും ആനയിച്ചു. ദൈവാത്മാവിന്റെ അഭിഷേകം സ്വീകരിച്ച അദ്ദേഹത്തിന്റെ ഓരോ ചുവടുവെപ്പും ദൈവമഹത്വത്തിന് വേണ്ടി മാത്രമായിരുന്നു.

ശാസ്ത്രവും സാങ്കേതികവിദ്യകളും പുരോഗതിയിലേക്ക് കുതിച്ചുയരുമ്പോഴും സങ്കീര്‍ണമായ പ്രശ്‌നങ്ങളില്‍പെട്ട് ജീവിതത്തിന് അര്‍ത്ഥം കാണാതെ വിഷമിക്കുന്നവര്‍ ഇന്ന് വളരെയാണ്. അവരിലേക്ക് പ്രത്യാശയുടെ കിരണങ്ങള്‍ വീശാന്‍, അവരുടെ കണ്ണീരൊപ്പാന്‍, സഹനത്തെ രക്ഷാകര മൂല്യമുള്ളതാക്കി തീര്‍ക്കാന്‍, മാനസാന്തരത്തിലേക്ക് നയിക്കാന്‍, വിശ്വാസത്തിന്റെ ആഴങ്ങളിലേക്കടുപ്പിക്കാന്‍, അങ്ങനെ ജനലക്ഷങ്ങളിലേക്ക് ദൈവാനുഗ്രഹത്തിന്റെ നീര്‍ച്ചാലുകള്‍ കീറുവാനും ദൈവാനുഭവത്തിന്റെ പ്രകാശം വീശുവാനും വര്‍ക്കിയച്ചനാല്‍ സ്ഥാപിതമായ നിര്‍മ്മല റിട്രീറ്റ് സെന്റര്‍(NRC) ഉള്‍പ്പെടെയുള്ള നാലു ധ്യാനകേന്ദ്രങ്ങളിലൂടെ സാധിക്കുന്നു.

തിരുസഭയെ പടുത്തുയര്‍ത്താന്‍ പൗരോഹിത്യ സന്യാസ ദൈവവിളികള്‍ കണ്ടെത്തി പ്രോത്സാഹിപ്പിച്ച വ്യക്തിയാണ് വര്‍ക്കിയച്ചന്‍. അച്ചന്റെ ആത്മീയ പുത്രീപുത്രന്മാര്‍ ഒരു വലിയ ഗണംതന്നെ ലോകത്തിന്റെ നാനാഭാഗങ്ങളിലായി സഭാസേവനത്തില്‍ ജ്വലിക്കുന്ന തീക്ഷ്ണതയോടെ ഇന്ന് മുന്‍പന്തിയില്‍ തന്നെയുണ്ട്. ഒപ്പം അല്മായ സഹോദരങ്ങളെയും ചേര്‍ത്തുപിടിച്ച് തിരുസഭാ ശുശ്രൂഷക്കായി ഒരുക്കുന്നതിനും വര്‍ക്കിയച്ചന്‍ മുന്‍കൈയെടുത്തു. അതിന് മകുടോദാഹരണമാണ് ലോകത്തിനു മുന്‍പില്‍ ഉയര്‍ന്നു നില്‍ക്കുന്ന ശാലോം ശുശ്രൂഷകള്‍.

വ്യത്യസ്തമായ വചന വ്യാഖ്യാനങ്ങള്‍
വര്‍ക്കിയച്ചന്റെ ദൈവവചന വ്യാഖ്യാനങ്ങള്‍ കേള്‍ക്കുമ്പോള്‍ യേശുവിന്റെ കാലത്ത് നടന്ന കാര്യങ്ങള്‍ നമ്മുടെ കണ്‍മുമ്പില്‍ അനാവരണം ചെയ്യുന്നതായി അനുഭവപ്പെടും. നര്‍മ്മരസവും കൊച്ചുകൊച്ചു കഥകളും സ്ഥലകാല സാഹചര്യങ്ങളുടെ വിവരണവും വൈകാരിക തീവ്രതയും ഉള്‍ചേര്‍ന്നതായിരുന്നു അച്ചന്റെ പ്രസംഗങ്ങള്‍. ആത്മാവില്‍ പ്രേരിതനായി ദൈവസ്‌നേഹത്തില്‍ നിറഞ്ഞ വാക്കുകള്‍ ഹൃദയസ്പര്‍ശിയും കണ്ണുകളെ തുറപ്പിക്കുന്നതും മാനസാന്തരത്തിന് വഴിയൊരുക്കുന്നതുംമായിരുന്നു. അവ ഹൃദയത്തില്‍ സ്ഥാനംപിടിച്ച് പൊട്ടിമുളച്ചു വളര്‍ന്നു വലുതായി 100 മേനിയും 60 മേനിയും ഫലങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ട് എന്ന് പലരുടെയും ജീവിത സാക്ഷ്യങ്ങളും ജീവിതവും വെളിപ്പെടുത്തുന്നു.

ഇന്ന് കേരളസഭയിലും കത്തോലിക്കാസഭയിലും ധാരാളം വൈദികരും സന്യസ്ഥരും അല്മായരും ദൈവരാജ്യശുശ്രൂഷയില്‍ ഉള്‍ച്ചേരുവാന്‍ കാരണമായത്, തന്നേക്കാള്‍ അധികമായി മറ്റുള്ളവര്‍ വളരണമെന്ന വര്‍ക്കിയച്ചന്റെ അതിയായ ആഗ്രഹമാണെന്ന് അഭിമാനത്തോടെ സ്മരിക്കുന്നു. ങടങക മക്കളെയും ഒട്ടും പിന്നിലാക്കാതെ വളര്‍ത്തി കര്‍ത്താവിന്റെ മുന്തിരിത്തോപ്പിലേക്ക് അയക്കുന്നതിന് കാണിച്ച തീക്ഷ്ണതയും ആത്മാര്‍ത്ഥതയും ത്യാഗവും പ്രോത്സാഹന വും കൃതജ്ഞതയോടെ ഞങ്ങള്‍ അനുസ്മരിക്കുന്നു.

മനോഹരമായി പണിതീര്‍ത്ത ഒരു കപ്പല്‍ ഒരിക്കലും നങ്കൂരമിട്ട് കരയില്‍ കിടക്കാറില്ല. തന്റെ ദൗത്യവുമായി ഉള്‍ക്കടലിലേക്ക് യാത്ര ചെയ്ത് പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും തരണംചെയ്ത് തുറമുഖത്തണയും. മോണ്‍.സി.ജെ വര്‍ക്കിയച്ചന്‍ തന്റെ അജഗണങ്ങളെ സ്വര്‍ഗതീരത്ത് എത്തിക്കാന്‍ ദൈവം മുന്‍കൂട്ടി നിശ്ചയിച്ചവയെല്ലാം നിവൃത്തിയാക്കി നിത്യതയുടെ തീരം അണഞ്ഞിട്ട് 15 വര്‍ഷം പൂര്‍ത്തിയാവുകയാണ് ജൂണ്‍ 24-ന്. ഈലോക യാത്രയില്‍ അച്ചനെ കണ്ടവരും അച്ചന്‍ കണ്ടവരുമായ അനേകമനസുകളില്‍ നിറദീപമായി വര്‍ക്കിയച്ചന്‍ ഇന്നും ജ്വലിച്ചുനില്‍ക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?