ജറാള്‍ഡ് ബി. മിറാന്‍ഡ
പൈതലാം യേശുവേ,
ഉമ്മവച്ചു ഉമ്മവച്ചുണര്‍ത്തിയ
ആട്ടിടയാ…
ജാതിമതഭേദമന്യേ മലയാളികള്‍ ഏറ്റെടുത്ത ഗാനം പിറന്നിട്ട് 40 വര്‍ഷം തികയുകയാണ്. തിരുപ്പിറവിയുടെ ഓര്‍മകള്‍ പെയ്തിറങ്ങുന്ന, മഞ്ഞുപൊഴിയുന്ന ഡിസംബറില്‍ മാത്രമല്ല ഈ ഗാനത്തിന്റെ വരികള്‍ മൂളുന്നത്. ഇപ്പോഴും അനേകം അമ്മമാര്‍ കുഞ്ഞുങ്ങളെ താരാട്ടുപാടി ഉമ്മവെച്ച് ഉറക്കുകയും ഉണര്‍ത്തുകയും ചെയ്യുന്നത് ഈ പാട്ടിന്റെ ഈണത്തിലും താളത്തിലുമാണ്. പൈതലാം യേശുവേ എന്നു കേള്‍ക്കുമ്പോള്‍, മക്കള്‍ വളര്‍ന്നിട്ടും അവര്‍ കുഞ്ഞുങ്ങളായിരുന്ന കാലത്തേക്ക് അറിയാതെ മനസുകൊണ്ട് തിരിച്ചുനടക്കുന്ന അമ്മമാരും കുറവല്ല. ചിലരുടെയൊക്കെ മനസുകളില്‍ മക്കളോടുള്ള സ്‌നേഹം വര്‍ധിക്കുന്ന അനുഭവമാണ് ആ ഗാനം സമ്മാനിക്കുന്നത്. ആരുടെ മനസിലും സ്‌നേഹത്തിന്റെ നീരുറവകള്‍ പൊട്ടിക്കാനുള്ള എന്തോ ഒരു പ്രത്യേകത ആ വരികളില്‍ ഒളിഞ്ഞിരിപ്പുണ്ടെന്നു തീര്‍ച്ച. 1984-ല്‍ ‘തരംഗിണി’ പുറത്തിറക്കിയ ‘സ്‌നേഹപ്രവാഹം’ എന്ന കാസറ്റിലൂടെ മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയുടെ സ്വരമാധുരിയിലാണ് ഈ ഗാനം മലയാളികളെ തൊട്ടുതലോടിയത്.
പാട്ടു പിറന്ന വഴി
ദൈവം നിരുപമ സ്‌നേഹം…, ദൈവം പിറക്കുന്നു…, മഞ്ഞുപൊഴിയുന്നു… എന്നു തുടങ്ങി മലയാളികള്‍ ഹൃദയത്തിലേറ്റുവാങ്ങിയ ഗാനങ്ങളും സ്‌നേഹപ്രവാഹം എന്ന കാസറ്റിലൂടെ പുറത്തുവന്നതാണ്. ഈ ഗാനങ്ങള്‍ ഉള്‍പ്പെടെ പതിനായിരത്തിലേറെ പാട്ടുകള്‍ രചിച്ച അനുഗ്രഹീത ഗാനരചയിതാവ് ഫാ. ജോസഫ് പാറാംകുഴിയെ അധികമാരും തിരിച്ചറിയുന്നില്ല. നെയ്യാറ്റിന്‍കര രൂപതയിലെ ഈ വൈദികന്‍ ആര്യനാട് മരിയനഗറില്‍ ഇപ്പോള്‍ വിശ്രമജീവിതത്തിലാണ്. രോഗങ്ങള്‍ക്കിടയിലും സജീവമാണ് അച്ചന്റെ ജീവിതവും ചിന്തകളും. തന്റെ തൂലികയ്ക്ക് ഒരു വിശ്രമവും അച്ചന്‍ നല്‍കിയിട്ടില്ല.
മലയാളികള്‍ നെഞ്ചിലേറ്റിയ നാലു ഗാനങ്ങള്‍ പിറന്നതിന്റെ പിന്നില്‍ ഒരു ചരിത്രമുണ്ട്. ഫാ. ജോസഫ് പാറാംകുഴി സെമിനാരി വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ പ്രശസ്ത സംഗീത സംവിധായകനായ ഫാ. ജസ്റ്റിന്‍ പനയ്ക്കല്‍ ഒസിഡി അവിടുത്തെ പ്രഫസര്‍ ആയിരുന്നു. അദ്ദേഹം ഒരിക്കല്‍ തന്റെ വിദ്യാര്‍ത്ഥികളോട് പാട്ടെഴുതാന്‍ ആവശ്യപ്പെട്ടു. രണ്ടാഴ്ച സമയവും നല്‍കി. 262 പാട്ടുകള്‍ ലഭിച്ചു. 12 പാട്ടുകള്‍ തിരഞ്ഞെടുത്തതില്‍ നാലെണ്ണം ബ്രദര്‍ ജോസഫ് പാറാംകുഴിയുടേതായിരുന്നു. താരാട്ടുപാട്ടിന്റെ ഈണത്തിലും താളത്തിലുമുള്ളതായിരുന്നു ‘പൈതലാം യേശുവേ…’ ദൈവം പിറക്കുന്നു മനുഷ്യനായി. ദൈവം നിരുപമ സ്‌നേഹം, മഞ്ഞു പൊഴിയുന്നു എന്നീ ഗാനങ്ങള്‍ പിറന്നത് അങ്ങനെയായിരുന്നു. ആ ഗാനങ്ങളെല്ലാം ഡോ. കെ.ജെ. യേശുദാസ് ആണ് ആലപിച്ചത്. ആ പാട്ടുകളെല്ലാം ആസ്വാദകഹൃദയങ്ങളെ കീഴടക്കിയെന്നത് പില്ക്കാല ചരിത്രം.
സ്‌നേഹസന്ദേശം
1985-ല്‍ തരംഗിണിയില്‍നിന്നുതന്നെ ‘സ്‌നേഹസന്ദേശം’ എന്ന കാസറ്റ് പുറത്തിറങ്ങി. പാറാംകുഴി അച്ചന്റെ സര്‍വം ഭരിച്ചു സമംഗളം, ദൈവമേ നീ എന്റെ രക്ഷ, സ്‌നേഹമുറങ്ങുമീ താഴ്‌വരയില്‍, കര്‍മലനാഥേ വാഴ്ക നിര്‍മല കന്യേ വാഴ്ക എന്നീ ഗാനങ്ങളും ഗാനഗന്ധര്‍വന്‍ അനശ്വരമാക്കി. ജസ്റ്റിന്‍ പനയ്ക്കലച്ചന്‍ തന്നെയായിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ചത്. 1989-ല്‍ ‘ചോരമോന്തുന്ന പട്ടികള്‍’ ബൈബിള്‍ നാടകസമാഹാരം പുറത്തിറക്കി. 1990-ല്‍ രാജശാസനമെന്ന പ്രൊഫഷണല്‍ നാടകം രചിച്ചു. ദൈവദാസന്‍ ഫാ. അദെയോദാത്തൂസ് ഒസിഡിയുടെ ജീവചരിത്രഗ്രന്ഥം ‘മുതിയാവിള വല്യച്ചന്‍-കര്‍മയോഗി’ 1996-ല്‍ പ്രകാശനം ചെയ്തു. ‘അക്ഷയനിക്ഷേപ’മെന്ന ദൈവശാസ്ത്ര ഗ്രന്ഥം 2005-ല്‍ രചിച്ചു. വിശുദ്ധ അന്തോനിയോസിന്റെ നൊവേന, 150 സങ്കീര്‍ത്തനങ്ങള്‍ ഗാനരൂപത്തില്‍, വിശുദ്ധ മാര്‍ട്ടിന്റെ നൊവേന, കൊല്‍ക്കത്തയിലെ വിശുദ്ധ മദര്‍ തെരേസയുടെ നൊവേനപ്രാര്‍ത്ഥന തുടങ്ങി അനേകം രചനകള്‍ ഫാ. ജോസഫ് പാറാംകുഴി രചിച്ചിട്ടുണ്ട്.
ആഴമായ അനുതാപത്തിലേക്ക് നയിക്കുന്ന ‘അന്‍പാര്‍ന്ന സ്‌നേഹമേ കാരുണ്യമേ, തുമ്പമകറ്റുന്ന തമ്പുരാനേ’, പാവനപൂരിത പവിത്രാത്മാവേ, പരിശുദ്ധനായ പരംപൊരുളേ തുടങ്ങിയ നിരവധി ഗാനങ്ങളും അദ്ദേഹത്തിന്റെ തൂലികയില്‍നിന്നും പിറന്നവയാണ്.
പിതാവിനെ സഹായിക്കാന്‍ സംസ്‌കൃതം
തിരുവനന്തപുരം ജില്ലയില്‍ കാട്ടാക്കടയ്ക്കും വളപ്പില്‍ശാലയ്ക്കും മധ്യേയുള്ള കട്ടയ്‌ക്കോട് സെന്റ് ആന്റണീസ് ഇടവകയില്‍ ജ്ഞാനമുത്തന്‍- തങ്കമ്മ ദമ്പതികളുടെ ഏഴുമക്കളില്‍ നാലാമനായി 1954 ജൂണ്‍ ഒന്നിനാണ് ജോസഫിന്റെ ജനനം. പിതാവ് വൈദ്യനായിരുന്നു. കട്ടയ്‌ക്കോട് തന്നെയായിരുന്നു പത്താംക്ലാസുവരെയുള്ള പഠനം. കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ പ്രീ-ഡിഗ്രി പാസായി. സംസ്‌കൃതത്തിലുള്ള പാരമ്പര്യ വൈദ്യഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ സംസ്‌കൃതം പഠിച്ചു. അതുവഴി വൈദ്യനായ പിതാവിനെ സഹായിക്കുവാന്‍ കഴിയുമെന്ന ചിന്തയുമുണ്ടായിരുന്നു.
അക്കാലത്ത് യുവജനങ്ങളെ ആകര്‍ഷിക്കുവാന്‍തക്ക കലാകായിക മത്സരങ്ങളാല്‍ ചടുലമായിരുന്നു കെസിവൈഎം. കട്ടയ്‌ക്കോട് ഇടവകയിലും ഫൊറോനയിലും യുവജനങ്ങള്‍ സഭയോടുചേര്‍ന്നുനിന്ന് ഏറെ സജീവമായി പ്രവര്‍ത്തിച്ചു. അച്ചന്റെ ജ്യേഷ്ഠന്റെ കഥാരചന, കഥാപ്രസംഗം തുടങ്ങിയ കലകളിലുള്ള താല്‍പര്യവും പ്രവര്‍ത്തനങ്ങളും അച്ചനെയും ആകര്‍ഷിച്ചു. ഗ്രാമത്തിലെ ലൈബ്രറിയില്‍നിന്നുള്ള പുസ്തകവായന അറിവിന്റെ വിശാലലോകത്തേക്കു നയിച്ചു. കഥ, കവിത, നാടകം, തെരുവ് നാടകം തുടങ്ങിയവ രചിക്കാന്‍ ആ പരന്ന വായന സഹായിച്ചു. ആത്മീയസംഘടനകളിലും വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുമായുള്ള പ്രവര്‍ത്തനത്തിന് പുറമേ മതബോധന അധ്യാപകനായും മികവ് പുലര്‍ത്തി. കട്ടയ്‌ക്കോട് ഒരാഴ്ച നാടകവാരംതന്നെ ഉണ്ടായിരുന്നു. ഒപ്പം നാടകമത്സരവും. അക്കാലത്ത് ജാതിമത ഭേദമെന്യേ ആബാലവൃന്ദം ജനങ്ങള്‍ കാഴ്ചക്കാരായി എത്തുമായിരുന്നു.
1979-ല്‍ കെസിവൈഎം ഇടവക, ഫൊറോന തലങ്ങളില്‍ നടത്തിയ കഥാരചനാമത്സരത്തില്‍ ഒന്നാം സമ്മാനം നേടി. പാളയം സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ നടന്ന തിരുവനന്തപുരം രൂപതാതല മത്സരത്തില്‍ കഥാരചനയ്ക്ക് ഒന്നാംസമ്മാനം ലഭിച്ചു. 250 രൂപയും കാക്കനാടന്റെ ‘ഉഷ്ണമേഖല’ എന്ന പുസ്തകവുമായിരുന്നു സമ്മാനം. പ്രശസ്ത സാഹിത്യകാരന്‍ പെരുമ്പടവം ശ്രീധരന്‍ ആയിരുന്നു കഥകള്‍ തിരഞ്ഞെടുത്തത്. കണ്ടെത്തല്‍ എന്നായിരുന്നു കഥയുടെ തീം.
മറക്കാന്‍ കഴിയാത്ത പ്രകൃതി ദുരന്തം
1979-ല്‍ ആന്ധ്രയില്‍ അതിഭീകരമായ ചുഴലിക്കാറ്റും പേമാരിയും വെള്ളപ്പൊക്കവുമുണ്ടായി. ആ പ്രകൃതിദുരന്തത്തില്‍ പതിനായിരങ്ങള്‍ മരിച്ചു. ഭവനരഹിതരായവരുമേറെ. മോണ്‍. ജോര്‍ജ്, ഫാ. ഡി. ആന്റണി, സിസ്റ്റര്‍ സിസിലി എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അവിടേയ്ക്കു പോയി. കെസിവൈഎമ്മിന്റെ ഊര്‍ജസ്വലരായ 12 ചെറുപ്പക്കാരും സംഘത്തില്‍ ഉണ്ടായിരുന്നു. അവരില്‍ ഒരാള്‍ ജോസഫ് ആയിരുന്നു. വിജയവാഡക്ക് സമീപമുള്ള മാണ്ഡപ്പാക്കരയിലായിരുന്നു ഇവരുടെ സേവനം. പട്ടാളവും രംഗത്തുണ്ടായിരുന്നു. മൃതദേഹങ്ങള്‍ കത്തിക്കുകയായിരുന്നു ഇവരുടെ പ്രധാനദൗത്യം. മൃതദേഹങ്ങള്‍ യഥാസമയം മറവ് ചെയ്തില്ലെങ്കില്‍ പകര്‍ച്ചവ്യാധികള്‍ പടരുമായിരുന്നു.
പട്ടാളക്കാര്‍ വലിയ കുഴികളെടുത്ത് ഓരോ കുഴിയിലും നൂറോളം ജഡങ്ങള്‍ ഉപ്പും മണ്ണുമിട്ട് കുഴിമൂടി കടന്നുപോയി. പ്രളയത്തിനുശേഷമുള്ള ശക്തമായ വെയിലില്‍ കുഴികള്‍ വിണ്ടുകീറി. പിന്നീടവര്‍ കശുവണ്ടി ഓയിലും മണ്ണെണ്ണയും ഒഴിച്ചു കത്തിക്കേണ്ടിവന്നു. മരങ്ങള്‍ക്ക് മുകളിലെ ശിഖരങ്ങളില്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും ജഡങ്ങള്‍ തടഞ്ഞുനിന്നത് ഭയാനക കാഴ്ചകളായിരുന്നു. അത്രയ്ക്കും ഉയരത്തിലൂടെയായിരുന്നു പ്രളയജലം കുതിച്ചുപാഞ്ഞത്.
അക്ഷരാര്‍ത്ഥത്തില്‍ പ്രേതഭൂമിയായി മാറിയിരുന്നു ആ പ്രദേശം. ആദ്യനാളുകളില്‍ പറഞ്ഞറിയിക്കുവാന്‍ കഴിയാത്ത മാനസികാവസ്ഥയിലായിരുന്നു. ഭക്ഷണം കഴിക്കുവാന്‍ തോന്നില്ല. ഉറങ്ങുമ്പോഴും ഞെട്ടി ഉണരുമ്പോഴും മരിച്ചവരുടെ രൂപങ്ങള്‍ മനസില്‍ തെളിയും. ക്രമേണ മനസിനെ പാകപ്പെടുത്തി ദൃഢമാക്കി. വെള്ളപ്പൊക്കത്തില്‍ മരിച്ചവരേറെയും യുവജനങ്ങളായിരുന്നു. മുളങ്കമ്പ് കെട്ടി, പനയോല വിരിച്ച ചെറിയ താല്‍ക്കാലിക ഷെഡുകളിലായിരുന്നു താമസം. കാളവണ്ടിയിലായിരുന്നു അവിടുത്തെ യാത്രകള്‍.
ഒരു വൈദികനായാല്‍ തനിക്ക് ഏറെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന ചിന്ത ആ ചെറുപ്പക്കാരനില്‍ ശക്തമായി. വൈദികരുടെ പ്രോത്സാഹനവും കനോഷ്യന്‍ കോണ്‍വെന്റിലെ കന്യാസ്ത്രീമാര്‍ നല്കിയ പ്രചോദനവും സെമിനാരിയില്‍ ചേരാന്‍ പ്രേരകമായി. അവിടെനിന്നു തിരിച്ചെത്തി ഏതാനും മാസങ്ങള്‍ കഴിഞ്ഞ് സെമിനാരിയില്‍ ചേര്‍ന്നു. റൂഫസ് പയസ്‌ലീന്‍ അച്ചനാണ് സെമിനാരിയില്‍ ചേരുന്നതിനുള്ള സഹായങ്ങള്‍ ചെയ്തത്. അപ്പോള്‍ ജോസഫിന്റെ പ്രായം 25-ആയിരുന്നു. സ്‌കൂള്‍ പഠിക്കുമ്പോഴും വൈദികനാകണമെന്ന ആഗ്രഹമാണ് തനിക്ക് ഉണ്ടായിരുന്നതെന്ന് ഫാ. ജോസഫ് പറയുന്നു.
മലയാളികള്‍ നെഞ്ചിലേറ്റിയ നാലു
ഗാനങ്ങള്‍ പിറന്നതിന്റെ പിന്നില്‍ ഒരു സംഭവമുണ്ട്. ഫാ. ജോസഫ് പാറാംകുഴി സെമിനാരി വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ പ്രശസ്ത സംഗീത സംവിധായകനായ
ഫാ. ജസ്റ്റിന്‍ പനയ്ക്കല്‍ ഒസിഡി
അവിടുത്തെ പ്രഫസര്‍ ആയിരുന്നു. അദ്ദേഹം തന്റെ വിദ്യാര്‍ത്ഥികളോട്
പാട്ടെഴുതാന്‍ ആവശ്യപ്പെട്ടു. 12 പാട്ടുകള്‍ തിരഞ്ഞെടുത്തതില്‍ നാലെണ്ണം ബ്രദര്‍ ജോസഫ് പാറാംകുഴിയുടേതായിരുന്നു.
ആ ഗാനങ്ങളെല്ലാം ആസ്വാദകഹൃദയങ്ങളെ കീഴടക്കിയെന്നത് പില്ക്കാല ചരിത്രം.
പ്രതിഫലം വാങ്ങാത്ത എഴുത്തുകാരന്‍
ഇപ്പോള്‍ പാളയം ജൂബിലി മെമ്മോറിയല്‍ ആശുപത്രി സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നു മൈനര്‍ സെമിനാരി. ഫാ. ഡി. ആന്റണി, മോണ്‍. ജെയിംസ് കുലാസ്, ഫാ. എം. നിക്കോളാസ്, ഫാ. സോളമന്‍, ഫാ. തോമസ് കോച്ചേരി, ഫാ. വിന്‍സെന്റ് സാമുവല്‍ (ഇപ്പോഴത്തെ നെയ്യാറ്റിന്‍കര ബിഷപ്), മോണ്‍. ജോര്‍ജ്, ഫാ. അലോഷ്യസ് ഫെര്‍ണാണ്ടസ് എന്നിവരെ നന്ദിയോടെ ഓര്‍ക്കുന്നു. തുടര്‍ന്നുള്ള സെമിനാരി പഠനവും പരിശീലനവും ആലുവ പൊന്തിഫിക്കല്‍ സെമിനാരിയിലായിരുന്നു. 1986 ഡിസംബര്‍ 18-ന് തിരുവനന്തപുരം ബിഷപ് ഡോ. ജേക്കബ് അച്ചാരുപറമ്പിലില്‍നിന്നും വൈദികപട്ടം സ്വീകരിച്ചു. വെള്ളറട തെക്കന്‍കുരിശുമലയിലായിരുന്നു ആദ്യനിയമനം. തുടര്‍ന്ന് വലിയൊരു ഓപ്പറേഷന് വിധേയമായി. ഒരു വര്‍ഷം വിശ്രമത്തിലായിരുന്നു. ഇത് രണ്ടാം ജന്മമാണെന്ന് അച്ചന്‍ പറയുന്നു. കെസിവൈഎം രൂപതാ ഡയറക്ടര്‍, വിവാഹ ഒരുക്ക സെമിനാറിന്റെ ചുമതല തുടങ്ങിയ പദവികളും വഹിച്ചു. 2003-ല്‍ ചിക്കന്‍ഗുനിയ പിടിപെട്ടു. 2018-ല്‍ സ്‌ട്രോക്ക് (പക്ഷാഘാതം) വന്നു. പല പ്രാവശ്യം വലിയ അപകടങ്ങളില്‍നിന്നും ദൈവം രക്ഷപെടുത്തി.
1986 മുതല്‍ 2016 വരെ ക്രിസ്മസ്, ദിവ്യബലി, ആരാധന, കുരിശിന്റെ വഴി, കെഎല്‍സിഎ ആന്തം, തിരുപ്പട്ടം തുടങ്ങിയ വിഷയങ്ങളിലായി 132 ഗാനങ്ങള്‍ കാസറ്റുകളിലും സിഡികളിലുമായി പുറത്തിറങ്ങി. 1990-ല്‍ സൂസപാക്യം പിതാവിന്റെ മെത്രാഭിഷേകത്തിന് പിതാവിന്റെ ആഗ്രഹപ്രകാരം എഴുതിയ ഗാനമാണ് അന്‍പാര്‍ന്ന സ്‌നേഹം കാരുണ്യമേ…എന്നത്. ഈ ഗാനം സൂസപാക്യം പിതാവിന് ഏറെ ഇഷ്ടമാകുകയും ചെയ്തു. കുട്ടിക്കാലം മുതല്‍ ബൈബിള്‍ വായിക്കുമ്പോള്‍ മനസിനെ സ്പര്‍ശിക്കുന്ന ഭാഗങ്ങള്‍ ബുക്കില്‍ എഴുതി സൂക്ഷിക്കുന്നത് ജോസഫിന്റെ ശീലമായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ രചനകളെ അതു പലവിധത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. ഒരു രഹസ്യംകൂടി അച്ചന്‍ വെളിപ്പെടുത്തി. ഇതുവരെ എഴുതിയതൊന്നിനും ഒരു പൈസപോലും പ്രതിഫലം വാങ്ങിയിട്ടില്ല. ആദ്യകാലങ്ങളില്‍ എഴുതിയവ സൂക്ഷിച്ചുവയ്ക്കാത്തതിനാല്‍ ഏറെയും നഷ്ടപ്പെട്ടു. 1980 മുതല്‍ 2000 വരെ എഴുതിയ ഗാനങ്ങള്‍ നെയ്യാറ്റിന്‍കര രൂപത 890 പേജുകളിലായി അച്ചടിച്ചു പുറത്തിറക്കിയിട്ടുണ്ട്.
‘ദൈവം നിരുപമ സ്‌നേഹമെന്ന’ ഗാനമാണ് പാറാംകുഴിയച്ചന് താന്‍ രചിച്ച ഗാനങ്ങളില്‍ ഏറെ ഇഷ്ടം. ആ പാട്ടു കേള്‍ക്കുമ്പോള്‍ അറിയാതെ ദൈവസ്‌നേഹത്തിലേക്ക് ആരുടെയും മനസുകള്‍ സഞ്ചരിക്കും. അനേകരെ ദൈവസ്‌നേഹത്തിലേക്ക് ആനയിക്കാന്‍ ഇപ്പോഴും കഴിയുന്നതുകൊണ്ടുകൂടിയാകാം ആ ഗാനം പാറാംകുഴിയച്ചനും ഏറ്റവും പ്രിയപ്പെട്ടതാകുന്നതും.
Leave a Comment
Your email address will not be published. Required fields are marked with *