Follow Us On

08

October

2024

Tuesday

ഇന്തോനേഷ്യയുടെ വിശ്വാസ കൂടാരങ്ങള്‍

ഇന്തോനേഷ്യയുടെ വിശ്വാസ കൂടാരങ്ങള്‍

ജോര്‍ജ് കൊമ്മറ്റം

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഇസ്ലാമതവിശ്വാസികളുള്ള രാജ്യമാണ് ഇന്തോനേഷ്യ. ലോകത്തിലെ 12 ശതമാനത്തോളം ഇസ്ലാംമതവിശ്വാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ രാജ്യത്ത് ക്രൈസ്തവ വിശ്വാസത്തിന്റെ വെളിച്ചം വിതറിയിട്ട് 500 വര്‍ഷമാകുന്നു. ഈ വര്‍ഷങ്ങളിലെല്ലാം അവിടുത്തെ വിശ്വാസികളുടെ വിശ്വാസത്തിന് വളമിട്ടതും വെള്ളമൊഴിച്ചുനനച്ചതുമൊക്കെ അവിടുത്തെ മൂന്ന് മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളാണ്.
ഫ്‌ളോറസിലെ ജപമാല റാണിയുടെ തീര്‍ത്ഥാടനകേന്ദ്രം, ജാവായിലെ ദ കേവ് ഓഫ് ഹോളി മേരി, സുമാത്രയിലെ ലേഡി ഓഫ് ഗുഡ് ഹെല്‍ത്ത് തീര്‍ത്ഥാടനകേന്ദ്രം. ഇപ്പോള്‍ ഇന്തോനീഷ്യയില്‍ 29 മില്യണ്‍ ക്രൈസ്തവരുണ്ട്. അതില്‍ 7 മില്യണ്‍ ആളുകള്‍ കത്തോലിക്ക വിശ്വാസികളാണ്. 1970 ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയും 1989 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ഇന്തോനേഷ്യ സന്ദര്‍ശിച്ചിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്തോനേഷ്യ സന്ദര്‍ശിക്കുന്ന മൂന്നാമത്തെ മാര്‍പാപ്പയാണ്.

ഫ്‌ളോറസ് ദ്വീപിലെ മാതാവിന്റെ ആദ്യത്തെ പ്രത്യക്ഷീകരണം
ഇന്തോനേഷ്യയിലെ കത്തോലിക്കസഭയുടെ ചരിത്രം ആരംഭിക്കുന്നത് ഫ്‌ളോറസില്‍ നിന്നാണ്. ഇന്തോനീഷ്യയുടെ കിഴക്കുഭാഗത്തുള്ള ഒരു ദ്വീപാണ് ഫ്‌ളോറസ്. അവിടുത്തെ രസിയോന എന്ന ഒരു ബാലന് ക്വീന്‍ ഓഫ് ദ റോസറി നല്‍കിയ ദര്‍ശനത്തോടെയാണ് ക്രൈസ്തവ സഭാചരിത്രത്തിന്റെ വിശ്വാസത്തിന്റെ പേജുകള്‍ മറിയുന്നത്. 1510 ല്‍ ലാരാന്റുക എന്ന ബീച്ചിലായിരുന്നു രസിയോന. അവന്‍ കടലോരത്ത് കക്ക പെറുക്കിക്കളിക്കുമ്പോള്‍ അതിമനോഹരിയായ ഒരു സ്ത്രീ അവന് മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. അവന്‍ അത്ഭുതസ്തംബ്ധനായിപ്പോയി. എങ്കിലും അവന്‍ ആകാംക്ഷയോടെ ആ സുന്ദരിയായ യുവതിയോട് ചോദിച്ചു. എന്താണ് നിന്റെ പേര്? നീ എവിടെ നിന്നാണ് വരുന്നത്? ആ യുവതി ചോദ്യങ്ങള്‍ക്ക് മറുപടി ഒന്നും പറഞ്ഞില്ല. പകരം മണലില്‍ മൂന്ന് വാക്കുകള്‍ അവള്‍ എഴുതി. അതിങ്ങനെയായിരുന്നു… ‘ആകുലാ റെയിന്‍ഹോ റോസറി.’ അതിനര്‍ത്ഥം ഞാന്‍ ജപമാല രാജ്ഞിയാണ് എന്നായിരുന്നു. പക്ഷേ അവന് ഒരക്ഷരം പോലും മനസിലായില്ല. എഴുതിയ അക്ഷരങ്ങള്‍ നോക്കി അവന്‍ നിന്നു. അല്പനേരം കഴിഞ്ഞ് തല ഉയര്‍ത്തി നോക്കിയപ്പോള്‍ കടല്‍ത്തീരത്തുതന്നെ അതാ മണലില്‍ പുതഞ്ഞ് ഒരു രൂപം. താന്‍ ആദ്യമായി കണ്ട ആ രൂപം അവന്‍ എടുത്തുകൊണ്ടുപോയി. അത് പരിശുദ്ധ മാതാവിന്റെ രൂപമായിരുന്നു. ഒരുപക്ഷേ കടല്‍ക്ഷോഭത്തില്‍ മുങ്ങിപ്പോയ ഒരു പോര്‍ച്ചുഗീസ് കപ്പലില്‍നിന്നോ മറ്റോ തീരത്തണഞ്ഞതായിരുന്നിരിക്കാം.

ആ സംഭവംകഴിഞ്ഞ് 50 വര്‍ഷം കൂടി കഴിഞ്ഞാണ് ഡൊമിനിക്കന്‍ മിഷനറിമാര്‍ അവിടെ കാലുകുത്തിയത്. പോര്‍ച്ചുഗീസുകാരായ ആ മിഷനറിമാര്‍ക്ക് അത്ഭുതമല്ലാതെ ഒന്നും പറയാനുണ്ടായിരുന്നില്ല. മാതാവിന്റെ ആ രൂപത്തിനുമുന്നില്‍ പ്രദേശവാസികള്‍ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. കൊയ്ത്തുത്സവകാലത്ത് അവിടുത്തെ ആളുകള്‍ മാതാവിന്റെ രൂപത്തിനു മുമ്പില്‍ കാഴ്ചകള്‍ സമര്‍പ്പിക്കാനെത്തിയിരുന്നു. അത് ശരിക്കും മിഷനറിമാരെ ആശ്ചരിപ്പെടുത്തി. അതു മനസിലാക്കിയ മിഷനറിമാര്‍ വിശ്വാസം പകരുന്നത് ആ തിരുസ്വരൂപത്തില്‍ നിന്നുതുടങ്ങി. മാതാവിലൂടെ ഈശോയിലേക്ക് എന്ന മാര്‍ഗം അവര്‍ സ്വീകരിച്ചു. അവരെ ജപമാല ചൊല്ലാന്‍ പഠിപ്പിച്ചു. വിശുദ്ധവാരത്തില്‍ പ്രദേശവാസികളെ സംഘടിപ്പിച്ച് മാതാവിന്റെ റാലി സംഘടിപ്പിച്ചു. ലാറന്‍ടുക രൂപതയില്‍ ആ പാരമ്പര്യം ഇന്നും അറ്റുപോകാതെ നിലനില്‍ക്കുന്നു. ആയിരക്കണക്കിനാളുകളാണ് വിശുദ്ധവാരത്തില്‍ ഈ റാലിയില്‍ പങ്കെടുക്കാത്തെുക. എന്തിനധികം പറയുന്നു, മാതാവിന്റെ സാന്നിധ്യം കൊണ്ടാണോ എന്നറിയില്ല, ഇന്തോനേഷ്യയിലെ കത്തോലിക്കരുടെ എണ്ണം കൂടി. ഇന്തോനേഷ്യയിലെ ആകെ കത്തോലിക്കരില്‍ 80 ശതമാനം പേരും വസിക്കുന്നത് ഇവിടെയാണ്. ഫ്‌ളോറസ് അറിയപ്പെടുന്നതു തന്നെ മിഷനറി ഐലന്‍ഡ് എന്ന് അപരനാമത്തിലാണ്.


ജാവയിലെ ദ കേവ് ഓഫ് ഹോളി മേരി
ജാവ എന്ന ദ്വീപിലാണ് ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്ത സ്ഥിതി ചെയ്യുന്നത്. ജക്കാര്‍ത്തയിലെ യോഗ്യകര്‍ത്തയിലാണ് ഇന്തോനേഷ്യയിലെ പ്രശസ്തമായ മറ്റൊരു മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ദ കേവ് ഓഫ് ഹോളി മേരി സ്ഥിതിചെയ്യുന്നത്. 1921 ല്‍ ഡച്ചുകാരനും ഈശോസഭാ വൈദികനുമായ ഫാ. ഫ്രാന്‍സ് വാന്‍ ആയിരുന്നു ഈ തീര്‍ത്ഥാടനകേന്ദ്രം പണികഴിപ്പിച്ചത്. മെയ് മാസത്തിലും ഒക്ടോബറിലും അവിടേക്ക് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ക്രൈസ്തവ തീര്‍ത്ഥാടകര്‍ മാതാവിന്റെ അനുഗ്രഹാശിസുകള്‍ തേടി ഒഴുകിയെത്തുന്നുണ്ട്. മാതാവിന്റെ വലിയൊരു തിരുസ്വരൂപമാണ് അവിടുത്തെ പ്രധാന ആകര്‍ഷണം. മാതാവിന്റെ ആകര്‍ഷകമായ ആ രൂപം സ്‌പെയിനിലെ രാജ്ഞിയുടെ സമ്മാനമായിരുന്നു. കേവില്‍ നിന്നും പുറത്തേക്ക് വരുന്ന അരുവിയിലെ വെള്ളം അത്ഭുതസിദ്ധിയുള്ളതും രോഗശാന്തി നല്‍കുന്നതുമാണെന്ന് വിശ്വസിക്കപ്പെടുന്നു.

ഡൊമിനിക്കന്‍ മിഷണറിമാര്‍ ഇന്തോനേഷ്യയുടെ കിഴക്ക് ഭാഗത്ത് സുവിശേഷവത്ക്കരണം നടത്തിയപ്പോള്‍ ഡച്ചുകാരായ ഈശോസഭാ വൈദികനായ ഫാ. ഫ്രാന്‍സ് വാന്‍ ആയിരുന്നു ജാവാ മിഷന്‍ ആരംഭിച്ചത്. അദ്ദേഹമാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ അവിടെയെത്തി ആദ്യത്തെ ജാവാനീസ് കത്തോലിക്കരെ മാമ്മോദീസ മുക്കിയത്.


സുമാത്രയിലെ ലേഡി ഓഫ് ഗുഡ് ഹെല്‍ത്ത് ഷ്രൈന്‍
ഇന്തോനേഷ്യയിലെ നോര്‍ത്ത് സുമാത്രയിലാണ് മൂന്നാമത്തെ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം തല ഉയര്‍ത്തിനില്‍ക്കുന്നത്. 2001 -2005 കാലഘട്ടത്തിലാണ് ഗ്രഹ മരിയ അണ്ണൈ വേളാന്‍കണ്ണി (ഡെഡിക്കേറ്റഡ് ടു ഔര്‍ ലേഡി ഓഫ് ഗുഡ് ഹൈല്‍ത്ത്) എന്ന ഈ തീര്‍ത്ഥാടനകേന്ദ്രം സ്ഥാപിക്കപ്പെട്ടത്. മെഡാന്‍ എന്ന് സ്ഥലത്ത് താമസിച്ചിരുന്ന തമിഴ് വംശജരായ കത്തോലിക്കര്‍ക്കുവേണ്ടിയായിരുന്നു ഈ ദൈവാലയം പണിതത്. ഇന്തോ മുഗള്‍ സ്‌റ്റൈലിലുള്ള ആ തീര്‍ത്ഥാടനകേന്ദ്രം ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ഒരു ദൈവാലയമാണോ അമ്പലമാണോ മോസ്‌ക് ആണോ എന്നു തിരിച്ചറിയില്ല. എന്നാല്‍ ഇതു മൂന്നും അതില്‍ ഒരുമിച്ചുവന്നതുപോലെയായിരുന്നു അതിന്റെ അത്യപൂര്‍വ്വമായ നിര്‍മ്മാണശൈലി. ഏതാണ്ട് അരനൂറ്റാണ്ടോളം അവിടെ സേവനം ചെയ്ത ഫാ. ജെയിംസ് ഭാരതപുത്ര എന്ന ഈശോസഭാ വൈദികനാണ് ഇതിന്റെ പിന്നില്‍.
കത്തോലിക്കര്‍ക്ക് സ്വന്തം വിശ്വാസത്തിന്റെ ആഴങ്ങള്‍ തേടുവാനും മറ്റ് മതസ്ഥര്‍ക്കു പുതിയ മതത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കുവാനും ഉതകുന്നവിധത്തിലായിരുന്നു അതിന്റെ നിര്‍മ്മാണശൈലി എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. 2005 ല്‍ ആര്‍ച്ചുബിഷപ്പുമാരായ ആല്‍ഫ്രഡ് ഗോന്‍ഡി പിയന്‍ ദാത്തുബുര, അനിസെറ്റൂസ് അന്റോണിയോസ് സിനാഗ എന്നിവരാണ് ഈ തീര്‍ത്ഥാടനകേന്ദ്രം ഉദ്ഘാടനം ചെയ്തത്. ഒാരോ വര്‍ഷവും 15,000 ലധികം പേര്‍ ഇവിടം സന്ദര്‍ശിക്കുന്നുണ്ട്.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?