Follow Us On

01

January

2025

Wednesday

വഖഫ് ബോര്‍ഡിന്റെ അവകാശവാദം അന്യായം

വഖഫ് ബോര്‍ഡിന്റെ  അവകാശവാദം അന്യായം

മോണ്‍. റോക്കി റോബി കളത്തില്‍.

വഖഫ് ബോര്‍ഡിന്റെ അന്യായമായ അവകാശവാദത്തെ തുടര്‍ന്ന് തടഞ്ഞുവയ്ക്കപ്പെട്ടിരിക്കുന്ന മുനമ്പം, കടപ്പുറം പ്രദേശത്തെ ജനങ്ങളുടെ ഭൂമിക്കുമേലുള്ള റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കാനും നീതിലഭ്യമാക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സത്വരം ഇടപെടണമെന്ന് ആവശ്യപ്പെട്ട് അറുന്നൂറ്റിപത്തോളം വരുന്ന ആധാര ഉടമകള്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ്. കടപ്പുറം വേളാങ്കണ്ണിമാതാ ദൈവാലയവും വൈദിക മന്ദിരവും സെമിത്തേരിയും കോണ്‍വെന്റും രണ്ട് ക്ഷേത്രങ്ങളും ഉള്‍പ്പെടെ ഈ പ്രദേശത്തെ 610 ഓളം വരുന്ന കുടുംബങ്ങളുടെ റവന്യൂ അവകാശങ്ങള്‍ തടഞ്ഞുവയ്ക്കപ്പെട്ടിരിക്കുന്ന അവസ്ഥയാണ്.

ബാങ്കുകള്‍ ലോണ്‍ നല്‍കുന്നില്ല
പ്രധാനമായും മത്സ്യബന്ധന മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന നാനാജാതി മതസ്ഥരായ പാവപ്പെട്ട മനുഷ്യര്‍ ഇത്രയും കാലം താമസിച്ചിരുന്ന ഭൂമിയും വീടും നഷ്ടപ്പെട്ടു പോകുമോ എന്ന ഭീതിയിലാണ്. ഈ പ്രദേശത്തെ ജനങ്ങളില്‍നിന്ന് പണം വാങ്ങി ഫറൂഖ് കോളേജ് രജിസ്റ്റര്‍ ചെയ്ത് നല്‍കിയ ഭൂമിയിലാണ് പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ താമസിക്കുന്നത്. വഖഫ് ബോര്‍ഡ് അന്യായമായ രീതിയിലൂടെ ഈ ഭൂമി സ്വന്തമാക്കുവാന്‍ 2022 ല്‍ കത്ത് നല്‍കുന്നതുവരെ ഭൂമിയുടെ കരമടച്ച് ഈ കുടുംബങ്ങള്‍ സമാധാനത്തോടെ ഇവിടെ ജീവിക്കുകയായിരുന്നു.

ഇപ്പോള്‍ വഖഫ് ബോര്‍ഡിന്റെ അന്യായമായ നീക്കങ്ങളുടെ ഫലമായി ഇവിടെ താമസിക്കുന്ന പാവപ്പെട്ട ജനങ്ങള്‍ക്ക് ജീവിത ആവശ്യങ്ങള്‍ക്ക് ഭൂമി ഈടുവച്ച് ബാങ്കില്‍നിന്നും ലോണ്‍ എടുക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. കുട്ടികളുടെ പഠനം, വിവാഹം, ഭവന നിര്‍മ്മാണം മുതലായ അടിസ്ഥാന ആവശ്യങ്ങള്‍ വഴിമുട്ടി നില്‍ക്കുന്നു. കുടിയിറക്കല്‍ ഭീഷണിയുടെ മീതെ ജീവിക്കുന്ന ഈ പാവങ്ങളുടെ മാനസിക സംഘര്‍ഷങ്ങള്‍ക്കും ജീവിത പ്രതിസന്ധികള്‍ക്കും ശാശ്വത പരിഹാരം കാണാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്നാണ് തദ്ദേശവാസികളുടെ ആവശ്യം. ജനപ്രതിനിധികളും സര്‍ക്കാര്‍ സംവിധാനങ്ങളും ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുവാന്‍ ശക്തമായി ഇടപെടുമെന്ന പ്രത്യാശയിലാണ് പാവപ്പെട്ട ജനങ്ങള്‍.

രാജാവ് പാട്ടത്തിന് നല്‍കിയ സ്ഥലം
ഇപ്പോഴത്തെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ചരിത്രം ആരംഭിക്കുന്നത് 1902 ല്‍ തിരുവിതാംകൂറിലെ ആയില്യം തിരുന്നാള്‍ മഹാരാജാവ്, അബ്ദുള്‍ സത്താര്‍ മുസസേഠുവിന് തദ്ദേശവാസികളായ മത്സ്യത്തൊഴിലാളികള്‍ താമസിക്കുന്ന ഭൂമി ഒഴിവാക്കി 404 ഏക്കര്‍ സ്ഥലം കാര്‍ഷിക ആവശ്യത്തിനായി പാട്ടത്തിന് നല്‍കുന്നതോടെയാണ്. 1948ല്‍ സത്താര്‍ സേഠിന്റെ പിന്തുടര്‍ച്ചാവകാശിയായ സിദ്ധിഖ് സേഠ് ഇടപ്പിള്ളി സബ് രജിസ്ട്രാഫീസില്‍ നിന്നും ഈ ഭൂമി രജിസ്റ്റര്‍ ചെയ്തു വാങ്ങി. കടല്‍ ഭിത്തി ഇല്ലാതിരുന്ന ആ കാലഘട്ടത്തില്‍ കടല്‍കയറി ഭൂമി നഷ്ടപ്പെട്ട് വെറും 114 ഏക്കര്‍ ഭൂമിയും 60 ഏക്കര്‍ വെള്ളവും മാത്രമായി ഈ 404 ഏക്കര്‍ സ്ഥലം ചുരുങ്ങി. കടല്‍ക്കയറി സ്ഥലം നഷ്ടപ്പെടുന്നതനുസരിച്ച് മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനു പോകാനുള്ള സൗകര്യത്തിനു വേണ്ടി കടലിനരികെ ലഭ്യമായ ഭൂമിയില്‍ താമസിച്ചു വന്നു. അങ്ങനെ മേല്‍പറഞ്ഞ സ്ഥലത്തും മത്സ്യത്തൊഴിലാളികള്‍ താമസമാക്കി. ഇവരില്‍ 14 കുടിയാന്മാര്‍ക്ക് സേഠ് പറവൂര്‍ തഹസില്‍ദാറില്‍ നിന്നും കുടിയാന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കൊടുത്തു. എന്നാല്‍ 1950 നവംബര്‍ ഒന്നിന് ഈ ഭൂമി സകല വിധ ക്രയവിക്രയ സ്വാതന്ത്ര്യത്തോടും കൂടി സിദ്ദിഖ് സേഠ് ഫാറൂഖ് കോളേജിന് ദാനമായി നല്‍കി.

ഫറൂഖ് കോളേജ് 1951ല്‍ ഈ ഭൂമിക്ക് പട്ടയം വാങ്ങുകയും ഉടമസ്ഥാവകാശം ഉറപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് സ്വദേശികളായ മത്സ്യത്തൊഴിലാളികളുമായി 34 വര്‍ഷം ഫറൂഖ് കോളേജ് വിവിധ കോടതികളില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കേസ് നടത്തി. കുടിയാന്‍സംഘം രൂപീകരിച്ച് സ്ഥലവാസികളും കേസുമായി മുന്നോട്ടുപോയി അതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് 1975 ല്‍ ഈ ഭൂമി ഫറൂഖ് കോളജിന്റേതാണെന്ന് വിധിച്ചു. അതിനിടയില്‍ 1986 ല്‍ തീരദേശ പരിപാലന നിയമത്തിന്റെ കരടുവിജ്ഞാപനമിറങ്ങി. അതിന്റെ അടിസ്ഥാനത്തില്‍ ഈ ഭൂമിയിയുടെ മൂല്യം കുറയുമെന്നും കെട്ടിട നിര്‍മ്മാണത്തിന് ബുദ്ധിമുട്ടാവുമെന്നൊക്കെ മനസിലാക്കിയാവണം ഫറൂക്ക് കോളജ് സ്ഥലം താമസക്കാര്‍ക്ക് വിലക്ക് നല്‍കാന്‍ തയാറായി. 1989 മുതല്‍ ഇവിടത്തെ താമസക്കാര്‍ ഫറൂക്ക് കോളേജില്‍ നിന്നും അന്നത്തെ വില കൊടുത്തു ഭൂമി തീറുവാങ്ങി ആധാരം പോക്കുവരവ് ചെയ്ത് താമസിച്ചു വരുന്നു. 1989 മുതല്‍ 1993 വരെ ഫറൂക്ക് കോളജ് പലപ്പോഴായി ഇങ്ങനെ സ്ഥലവില്പന നടത്തിയിട്ടുണ്ട്.

ഉടമസ്ഥര്‍ അറിയാതെപോയ കേസ്
വഖഫ് സംരക്ഷണ സമിതി 2008 ല്‍ മുനമ്പം- കടപ്പുറത്തെ 404 ഏക്കര്‍ ഭൂമി വഖഫ് ഭൂമിയാണെന്ന അവകാശവാദം ഉന്നയിച്ചു. ഫറൂക്ക് കോളജാകട്ടെ വില്പന നടത്തിയ ഭൂമി കിഴിച്ച് ബാക്കിയുള്ള 290 ഏക്കര്‍ ഭൂമിയുടെ അവകാശവാദവുമായി മുന്നോട്ടു പോയി. 2007 ല്‍ നിസാര്‍ കമ്മീഷന്‍ 404 ഏക്കര്‍ ഭൂമി വഖഫ് ബോര്‍ഡിന്റേതാണെന്ന് റിപ്പോര്‍ട്ടു നല്‍കി. 2012 ല്‍ വഖഫ് സംരക്ഷണ സമിതി ഇതുമായി ബന്ധപ്പെട്ട് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ കേസ് കൊടുത്തു. 2016 നവംബര്‍ 24ന് വഖഫ് ബോര്‍ഡിനനകൂലമായ വിധിയുണ്ടായി. സ്ഥലവാസികള്‍ ഇക്കാര്യം അറിഞ്ഞില്ല. 2017 ല്‍ വഖഫ് ബോര്‍ഡ് ചേര്‍ന്ന് ഫറൂക്ക് കോളജിന്റെയും സിദ്ദിഖ് സേഠിന്റെ മക്കളെയും വിളിച്ച് ബോര്‍ഡില്‍ കേസ് നടത്തി. ഫറൂക്ക് കോളേജ് തദ്ദേശവാസികള്‍ക്ക് വിറ്റ 114 ഏക്കര്‍ ഭൂമിയും 60 ഏക്കര്‍ വെള്ളവും അവര്‍ക്ക് വില്‍ക്കാനുള്ള അവകാശമില്ല എന്ന് ബോര്‍ഡ് വാദിച്ചു. 2019 ല്‍ 404 ഏക്കര്‍ ഭൂമി വഖഫ് ബോര്‍ഡ് അതിന്റെ ആസ്ഥി വിവര കണക്കുകളില്‍ എഴുതിച്ചേര്‍ക്കുകയും ചെയ്തു. അപ്പോഴും കടപ്പുറത്തെ താമസക്കാര്‍ ഈ വിവരം അറിഞ്ഞിരുന്നില്ല .

കടപ്പുറത്തെ താമസക്കാരിലൊരാള്‍ 2022 ജനുവരി 13 ന് വില്ലേജ് ഓഫീസില്‍ കരം അടക്കാന്‍ എത്തിയപ്പോഴാണ് പ്രശ്‌നം ഉടലെടുക്കുന്നത്. കരം അടക്കാന്‍ കഴിയില്ലെന്നും അത് വഖഫ് ബോര്‍ഡിന്റെ ആസ്ഥിവിവര കണക്കുകളില്‍പ്പെട്ട സ്ഥലമാണെന്നും പറഞ്ഞ് അയാളെ മടക്കിവിട്ടു. പിന്നീട് ഇക്കാര്യത്തിലുള്ള സ്ഥിരീകരണത്തിനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്തപ്പോള്‍ കിട്ടിയ മറുപടിയില്‍ നിന്നാണ് പ്രശ്‌നത്തിന്റെ ആഴം കടപ്പുറത്തെ പാവപ്പെട്ട ജനങ്ങള്‍ തിരിച്ചറിയുന്നത്. ഈ അവസ്ഥയില്‍ തദ്ദേശവാസികള്‍ ഒരുമിച്ചുകൂടി തങ്ങളുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും നീതി ലഭ്യമാകുന്നതിനുമായി 2022 ഫെബ്രുവരിയില്‍ ഭൂസംരക്ഷണ സമിതി സ്ഥാപിച്ചു.

കോടതി ഇടപെടലുകള്‍
ഇതിനിടയില്‍ കടപ്പുറത്തെ താമസക്കാര്‍ക്ക് കരം അടക്കാന്‍ കഴിയാതെ വന്നപ്പോള്‍ കെ.എന്‍ ഉണ്ണി കൃഷ്ണന്‍ എംഎല്‍എ ഇടപെട്ട് ചര്‍ച്ച നടത്തി കരം അടക്കാനുള്ള സംവിധാനമൊരുക്കി കൊടുത്തു. ഇതറിഞ്ഞ് വിവിധ മുസ്ലീം സംഘടനകള്‍, അന്യായമായി സര്‍ക്കാര്‍ കരം അടക്കാന്‍ അനുവദിച്ചു എന്നു പറഞ്ഞ് സമരം നടത്തുകയും വഖഫ് സംരക്ഷണ സമിതി അതിനെതിരെ കേസിന് പോകുകയും ചെയ്തു. ഇങ്ങനെയൊക്കെ നടക്കുന്നതിനിടയില്‍ തദ്ദേശവാസികളിലൊരാളായ ജോസ് പോള്‍ കരം അടച്ച് കിട്ടാത്തതിനെതിരെ കേസിനു പോയി. അതിന്റെ ഫലമായി ഹൈക്കോടതി സിംഗിള്‍ ബഞ്ചില്‍നിന്നും കരം അടക്കാനും പോക്കുവരവു നടത്താനുമൊക്കെയുള്ള അനുകൂലമായ വിധി സമ്പാദിക്കാന്‍ സാധിച്ചു. അതിനെതിരായി വഖഫ് സംരക്ഷണ സമിതി ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ കേസുകൊടുത്തു. അതേതുടര്‍ന്ന് 2022 ഡിസംബര്‍ 27 ന് ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തു. ഭൂസംരക്ഷണ സമിതിയില്‍പ്പെട്ട ഫിലോമിന വെള്ളപ്പനാട്, ജോസഫ് ബെന്നി, ജോസ് പോള്‍ എന്നിവര്‍ വ്യക്തിപരമായും ഭൂസംരക്ഷണ സമിതി ഒറ്റക്കും റവന്യൂ അവകാശങ്ങള്‍ സ്ഥാപിച്ചു കിട്ടുന്നതിനായി സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ നാലു കേസുകള്‍ ഇപ്പോള്‍ നടത്തുന്നുണ്ട്. ജോസഫ് ബെന്നി വഖഫ് നിയമം തന്നെ റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ മറ്റൊരു കേസുമായി മുന്നോട്ടു പോകുന്നു. ഇതൊക്കെയാണ് മുനമ്പം-കടപ്പുറം പ്രദേശത്തെ ജനങ്ങുടെ നീതിക്കുവേണ്ടിയുള പോരാട്ടത്തിന്റെ ചരിത്രം.

പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ നീതിക്കുവേണ്ടിയുള്ള രോദനം കേള്‍ക്കപ്പെടാതെ പോകരുത്. പലര്‍ക്കും ഇതില്‍ രാഷ്ട്രീയ-വര്‍ഗീയ താല്പര്യങ്ങള്‍ ഉണ്ടെന്ന് കടപ്പുറം നിവാസികള്‍ക്കറിയാം. എന്നാല്‍ കടപ്പുറത്തുകാര്‍ക്ക് ഇത് അവരുടെ നിലനില്പിന്റെ പ്രശ്‌നമാണ്. നീതിക്കും ന്യായമായ അവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടമാണ്.
ഫറൂക്ക് കോളേജ് ഇല്ലാതെ വരികയും ഭൂമി അവശേഷിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സേഠിന്റെ പിന്‍തുടര്‍ച്ചാവകാശികള്‍ക്ക് ഭൂമി തിരികെ കൊടുക്കണം എന്ന നിബന്ധനയോടുകൂടിയ (conditional) ആധാരമാണ് സേഠ് ഫറൂഖ് കോളേജിന് നല്‍കിയിരുന്നത്. ഇങ്ങനെ നിബന്ധനയോടുകൂടിയ ആധാരം വഖഫ് ആകില്ലെന്ന് കടപ്പുറത്തെ ജനങ്ങള്‍ പറയുന്നു. യാതൊരു നിബന്ധനയുമില്ലാതെ സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ചാല്‍ മാത്രമേ അത് വഖഫ് ആകൂ എന്നവര്‍ വ്യക്തമാക്കുന്നു. 2013 ല്‍ വഖഫ് നിയമം ഭേദഗതി ചെയ്തപ്പോള്‍ ഏതെങ്കിലും ഭൂമിക്ക് വഖഫ് ബോര്‍ഡിന് അവകാശവാദമുന്നയിക്കാനുള്ള സമയപരിധി മൂന്ന് വര്‍ഷത്തിനുള്ളിലായിരുന്നു. ഈ സമയപരിധിക്കുശേഷം 2019 ലാണ് വഖഫ് ബോര്‍ഡ് ഈ സ്ഥലത്തിന് ഉടമസ്ഥാവകാശവാദവുമായി വന്നത്. ഇങ്ങനെ പല വിധത്തില്‍ തങ്ങളുടെ കിടപ്പാടം അന്യായമായി സ്വന്തമാക്കാന്‍ ശ്രമിക്കുന്നവരുടെ പൊള്ളത്തരം പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുകയാണ് പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?