ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ രേഖകളില്‍ സാധരണയായി ഉപയോഗിച്ചുവരുന്ന രണ്ടു പദങ്ങളില്‍ വിയോജിപ്പ് രേഖപ്പെടുത്തി വത്തിക്കാന്‍. ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യുവാനായി ചേര്‍ന്ന ഐക്യരാഷ്ട്രസഭയുടെ ‘സമ്മിറ്റ് ഓഫ് ദി ഫ്യൂച്ചറിനെ’ അഭിസംബോധന ചെയ്ത വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനാണ് കത്തോലിക്ക സഭയുടെ ധാര്‍മിക വീക്ഷണവുമായി ചേര്‍ന്നുപോകാത്ത ‘റിപ്രൊഡക്റ്റീവ് ഹെല്‍ത്ത്’, ‘ജെന്‍ഡര്‍’ എന്നീ പദങ്ങളുടെ പൊതുവായ അര്‍ത്ഥത്തിലുള്ള ഉപയോഗത്തോട് വിയോജിപ്പ് വ്യക്തമാക്കിയത്.
ഗര്‍ഭഛിദ്രത്തെ കൂടെ ഉള്‍പ്പെടുത്തുന്ന പ്രസവത്തോടനുബന്ധിച്ചുള്ള ചികിത്സയെ സൂചിപ്പിക്കുന്നതിനായി ‘റിപ്രൊഡക്റ്റീവ് ഹെല്‍ത്ത്’ എന്ന പദം ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കര്‍ദിനാള്‍ പറഞ്ഞു. ജൈവികമായി പുരുഷനോ സ്ത്രീയോ എന്നുള്ള ലൈംഗിക സ്വത്വത്തെ സൂചിപ്പിക്കുന്നതിന് മാത്രമായിരിക്കണം ‘ജെന്‍ഡര്‍’ എന്ന പദം ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനറല്‍ അസംബ്ലിയില്‍ മൂന്ന് പ്രധാന ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പ്രയത്‌നിക്കുവാന്‍ ഐക്യരാഷ്ട്രസഭയെ നിര്‍ബന്ധിക്കുമെന്നും കര്‍ദിനാള്‍ വ്യക്തമാക്കി. ദാരിദ്ര്യനിര്‍മാര്‍ജ്ജനം, പൊതുവായ ആണവ നിരായുധീകരണം, നിര്‍മിതബുദ്ധിയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായുള്ള അന്താരാഷ്ട്ര ചട്ടക്കൂട് എന്നിവയാണവ. ദൈവദത്തമായ മനുഷ്യാന്തസ്സിനെ മാനിച്ചുകൊണ്ടും സമഗ്രമായ മാനവ വികസനത്തെയും എല്ലാ രാജ്യങ്ങളുടെയും സമത്വത്തെയും സ്വാതന്ത്ര്യത്തെയും പരിപോഷിപ്പിച്ചുകൊണ്ടും രാജ്യങ്ങള്‍ തമ്മില്‍ വിശ്വാസം സ്ഥാപിക്കുന്നതിന് മുന്‍തൂക്കം നല്‍കിക്കൊണ്ടുമാകണം ഭാവിയെക്കുറിച്ച് പദ്ധതികള്‍ രൂപീകരിക്കേണ്ടതെന്ന് കര്‍ദിനാള്‍ പരോളിന്‍ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *