തിരുവനന്തപുരം: കൃഷിഭൂമികളും ജനവാസമേഖലകളും ഇഎസ്എ (പരിസ്ഥിതി ദുര്‍ബല പ്രദേശം) പരിധിയില്‍നിന്ന് ഒഴിവാക്കണമെന്ന് ചങ്ങനാശേരി അതിരൂപത നിയുക്ത ആര്‍ച്ചുബിഷപ്പും സീറോ മലാര്‍ സഭ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ കണ്‍വീനറുമായ മാര്‍ തോമസ് തറയില്‍. കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ളതുപോലെ റിസര്‍വ് ഫോറസ്റ്റുകളും വേള്‍ഡ് ഹെറിറ്റേജ് സൈറ്റുകളും സംരക്ഷിതമേഖലകളും മാത്രം ഇഎസ്എ ആയി പ്രഖ്യാപിക്കണമെന്നും മാര്‍ തറയില്‍ ആവശ്യപ്പെട്ടു.
കരടു വിജ്ഞാപനപ്രകാരമുള്ള സംസ്ഥാന ഗവണ്‍മെന്റിന്റെ ഇഎസ്എ സംബന്ധമായ അന്തിമ റിപ്പോര്‍ട്ടും അനുബന്ധ മാപ്പും ഉടന്‍ ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡ് വെബ്‌സൈറ്റില്‍ ലഭ്യമാക്കണമെന്നും മാര്‍ തോമസ് തറയില്‍ ആവശ്യപ്പെട്ടു. കരടുവിജ്ഞാപനം പൊതുജനങ്ങള്‍ക്ക് മലയാളത്തില്‍ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. അതിനുശേഷം വിജ്ഞാപനമനുസരിച്ചുള്ള 60 ദിവസ കാലാവധി ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാനായി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണം.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ആറാം ഇഎസ്എ കരട് വിജ്ഞാപനം സംബന്ധിച്ച പരാതികളും നിര്‍ദേശങ്ങളും സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി കോടതി ഒക്‌ടോബര്‍ നാലുവരെ നീട്ടിയിരുന്നു. എന്നാല്‍ വിജ്ഞാപനവുമായി ബന്ധപ്പെട്ട് ഒട്ടേറെ ആശയക്കുഴപ്പങ്ങള്‍ പ്രദേശവാസികള്ക്കുണ്ടായിരുന് നതിനാല്‍ വ്യക്തമായ നിലപാട് സ്വീകരിക്കാനോ പരാതികളും നിര്‍ദേശങ്ങളും സമര്‍പ്പിക്കുവാനോ സാധിച്ചില്ല. അതിനു പ്രധാന കാരണം സര്‍ക്കാര്‍ തലത്തിലുള്ള ഏകോപമില്ലായ്മയും അലംഭാവവുമാണ്; മാര്‍ തറയില്‍ പറഞ്ഞു.
ഇഎസ്എ സംബന്ധിച്ച് സാധാരണക്കാരുടെയും കര്‍ഷകരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിച്ചും ജനങ്ങളുടെ തൊഴിലും സാമ്പത്തിക വളര്‍ച്ചയും ഉറപ്പിച്ചും സാംസ്‌കാരികം, ടൂറിസം, വ്യവസായ സംരംഭങ്ങള്‍ എന്നിവ സാധ്യമാകുംവിധം നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനത്തിനുള്ള അധികാരം ഉപയോഗിക്കണം. അപ്‌ഡേറ്റ് ചെയ്ത പുതിയ മാപ്പ് പ്രസിദ്ധീകരിച്ചതിനുശേഷം ഗ്രാമപഞ്ചായത്തുകള്‍ ഗ്രാമസഭ വിളിച്ച് ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്തണം. അതിനുശേഷം മാത്രമേ അവസാന കരടവ് പ്രസിദ്ധീകരിക്കാവൂ എന്നും മാര്‍ തറയില്‍ പറഞ്ഞു.
കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍, സീറോ മലബാര്‍ സഭ ലെയ്‌സണ്‍ ഓഫീസര്‍ ഫാ. മോര്‍ളി കൈതപ്പറമ്പില്‍, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ റവ. ഡോ. ഫിലിപ്പ് കവിയില്‍, പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലില്‍, സീറോ മലബാര്‍ സഭാ വക്താവ് ഡോ. ചാക്കോ കാളാംപറമ്പില്‍, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയില്‍, കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രതിനിധി അഡ്വ. രാജേഷ് ജോണ്‍, ഗ്ലോബല്‍ സെക്രട്ടറി ജെ. നിക്കോളാസ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Leave a Comment
Your email address will not be published. Required fields are marked with *