Follow Us On

18

October

2024

Friday

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ആഘോഷിച്ചു

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ആഘോഷിച്ചു
പാലാ: രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന ദൈവാലയത്തില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ആഘോഷിച്ചു. പത്തുദിവസങ്ങളിലായി നടന്ന തിരുനാളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
സമാപന ദിവസമായ ഇന്നലെ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കി. ദളിത് ജനവിഭാഗത്തെ വേര്‍തിരിച്ചു നിര്‍ത്തുന്ന വികലമായ പ്രവര്‍ത്തനശൈലി തിരുത്തണമെന്ന് മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. അടിമക്കച്ചവടം നിന്നെങ്കിലും അതിന്റെ ദുഷിച്ച പ്രവണത വിവിധ രൂപത്തിലും ഭാവത്തിലും ഇന്നുമുണ്ട്. അതാണ് എല്ലാ മനുഷ്യരെയും മാനിക്കാനും സ്‌നേഹിക്കാനും പഠിപ്പിച്ച കുഞ്ഞച്ചന്റെ ദളിത് വിമോചന ശൈലിയുടെ ആവശ്യകതയും പ്രസക്തിയും വര്‍ധിപ്പിക്കുന്നതെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.
കുഞ്ഞച്ചന്റെ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണത്തില്‍ ആയിരങ്ങള്‍ അണിനിരന്നു. പൊന്‍, വെള്ളി കുരിശുകളും കൊടിതോരണങ്ങളും വാദ്യമേളങ്ങളും പ്രദക്ഷിണത്തിന് അകമ്പടിയായി. വിവിധ സ്ഥലങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടന പദയാത്രയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
രൂപതാ ഡയറക്ടര്‍ ഫാ. ജോസ് വടക്കേക്കൂറ്റ് നേതൃത്വം നല്‍കി. പദയാത്രയെ പള്ളിയങ്കണത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, വികാരി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, വൈസ് പോസ്റ്റുലേറ്റര്‍ ഫാ. തോമസ് വെട്ടുകാട്ടില്‍, ഫാ. ജോണി ഇടക്കര, സഹവികാരിമാരായ ഫാ. എബ്രഹാം കാക്കാനിയില്‍, ഫാ. ജൊവാനി കുറുവാച്ചിറ, ഫാ. ജോണ്‍ മണാങ്കല്‍, ഫാ. ജോര്‍ജ് പറമ്പിത്തടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
രാവിലെ ഒമ്പതിന് ആരംഭിച്ച നേര്‍ച്ചഭക്ഷണം വിതരണം വൈകുന്നേരം ആറിനാണ് സമാപിച്ചത്. പതിനായിരങ്ങള്‍ നേര്‍ച്ചഭക്ഷണത്തില്‍ പങ്കാളികളായി. വൈദിക മന്ദിരത്തിന്റെ തറക്കല്ലിടല്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?