Follow Us On

24

December

2024

Tuesday

നിയുക്ത കര്‍ദിനാള്‍ മോണ്‍. ജോര്‍ജ് കൂവക്കാട്ട് നിസിബിസ് സ്ഥാനിക മെത്രാപ്പോലീത്ത

നിയുക്ത കര്‍ദിനാള്‍ മോണ്‍. ജോര്‍ജ് കൂവക്കാട്ട് നിസിബിസ് സ്ഥാനിക മെത്രാപ്പോലീത്ത
ചങ്ങനാശേരി: നിയുക്ത കര്‍ദിനാളും ചങ്ങനാശേരി അതിരൂപതാംഗവുമായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട്ടിനെ നിസിബിസ് കല്‍ദായ രൂപതയുടെ സ്ഥാനിക മെത്രാപ്പോലീത്തയായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. വത്തിക്കാനിലും ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തിലും ഒരേ സമയം ഇതു സംബന്ധിച്ച പ്രഖ്യാപനം നടന്നു. ചങ്ങനാശേരിയില്‍ നടന്ന ചടങ്ങില്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടമാണ് പ്രഖ്യാപനം നടത്തിയത്.
സ്ഥാനിക മെത്രാപ്പോലീത്ത പ്രഖ്യാപനത്തിന് പിന്നാലെ ചങ്ങനാശേരി അതിരൂപത മോണ്‍. കൂവക്കാട്ടിന് അമൂല്യമായ സമ്മാനങ്ങള്‍ കൈമാറി. ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പൗവത്തിലിന്റെ കുരിശുമാലയും അദ്ദേഹം ഉപയോഗിച്ചിരുന്ന മുറിയുമായിരുന്നു സമ്മാനങ്ങള്‍. മോണ്‍. കൂവക്കാട്ടിന് വൈദിക പട്ടം നല്‍കിയതും അദ്ദേഹത്തെ ഉപരിപഠത്തിനായി റോമിലേക്ക് അയച്ചതും മാര്‍ പൗവത്തിലായിരുന്നു. മോണ്‍. കൂവക്കാട്ട് മറുപടി പ്രസംഗത്തില്‍ മാര്‍ പൗവത്തിലിന്റെ ഓര്‍മകള്‍ പങ്കിട്ടു.
ബംഗ്ലാദേശിന്റെ മുന്‍ അപ്പസ്‌തോലിക് ന്യൂണ്‍ഷോ ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി, പാലാ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രഖ്യാപനത്തിനിടെ അദേഹത്തിന് അരപ്പട്ടയും മോതിരവും ധരിപ്പിച്ചു. അതിരൂപതാ ചാന്‍സലര്‍ റവ. ഡോ. ഐസക്ക് ആലഞ്ചേരി മംഗളപത്രം വായിച്ചു.
മോണ്‍. ജോര്‍ജ് കൂവക്കാട്ടിന്റെ മെത്രാഭിഷേകം നവംബര്‍ 24ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ ദൈവായത്തിലും കര്‍ദിനാള്‍ പദവിയിലേക്കുള്ള സ്ഥാനാരോഹണം ഡിസംബര്‍ എട്ടിന് വത്തിക്കാനിലും നടക്കും.
മുമ്പ് ഉണ്ടായിരുന്നതും പിന്നീട് പല കാരണങ്ങളാല്‍ നിന്നുപോയതുമായ രൂപതയാണ് സ്ഥാനിക രൂപത രൂപത. പുരാതന പൗരസ്ത്യ സുറിയാനി സഭാകേന്ദ്രമായിരുന്നു തുര്‍ക്കിയിലെ നിസിബിസ് രൂപത. ആഭ്യന്തര സംഘര്‍ഷങ്ങളും രാഷ്ട്രീയ പ്രതിസന്ധികളും മൂലം രൂപത ക്രമേണ ഇല്ലാതാകുകയായിരുന്നു. സ്വന്തമായി രൂപതയില്ലാത്തവര്‍ക്കും സഹായ മെത്രാന്മാര്‍ക്കും കൂരിയയില്‍ ശുശ്രൂഷ ചെയ്യുന്ന മെത്രാന്മാര്‍ക്കും സ്ഥാനിക രൂപത നല്‍കുന്ന രീതി കത്തോലിക്ക സഭയിലുണ്ട്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?