Follow Us On

21

November

2024

Thursday

നവീന്‍ ബാബു, ഒരു ഓര്‍മപ്പെടുത്തല്‍

നവീന്‍ ബാബു,  ഒരു ഓര്‍മപ്പെടുത്തല്‍

ഫാ. മാത്യു ആശാരിപറമ്പില്‍

കണ്ണൂര്‍ ജില്ലാ അഡീഷണല്‍ മജിസ്‌ട്രേറ്റ് ആയിരുന്ന നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവം കുറച്ചു നാളുകളായി ജനമനസുകളില്‍ നൊമ്പരവും സംസാരവിഷയവുമാണ്. വളരെ സത്യസന്ധനെന്ന് പേരുകേട്ട ഒരു ഉദ്യോഗസ്ഥന്‍ ദുഷ്പ്രചാരണങ്ങളില്‍ മനസ് തകര്‍ന്ന് ആത്മഹത്യ ചെയ്യാനിടയായത് തികച്ചും ദുഃഖകരമാണ്. അദ്ദേഹത്തിന്റെ അകാലവിയോഗത്തില്‍ ദുഃഖവും അനുശോചനവും നേരുന്നു. നെടുംതൂണ് നഷ്ടപ്പെട്ട ആ കുടുംബത്തിന്റെ നൊമ്പരങ്ങളില്‍ മനസുകൊണ്ട് പങ്കുചേരുന്നു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും അതു ദൈവപദ്ധതിക്ക് എതിരായ നിലപാടാണെന്നും അംഗീകരിക്കുകയും പഠിപ്പിക്കുകയും ചെയ്യുമ്പോഴും പൊള്ളുന്ന നൊമ്പരക്കാറ്റില്‍ കത്തിക്കരിയുന്ന ജീവിതങ്ങളുടെ ദൈന്യതയെക്കുറിച്ച് ഞാന്‍ ചിന്തിക്കുകയാണ്. ജീവിതം തികച്ചും വഴിമുട്ടി നില്‍ക്കുമ്പോള്‍, മുമ്പോട്ട് നോക്കുമ്പോള്‍ ഒരു പ്രകാശധാരയും കാണാതാകുമ്പോള്‍, ഇരുട്ടിലേക്ക് തലകുത്തി വീഴാന്‍ ദുര്‍ബലമനസുകള്‍ തീരുമാനമെടുക്കുന്നതാണ് ആത്മഹത്യ.
കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലവും ശീലങ്ങളും അടുത്തറിയാവുന്ന വ്യക്തി എന്ന നിലയില്‍ നവീന്‍ ബാബുവിനെ കുറ്റപ്പെടുത്താന്‍ എനിക്കാവില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ‘രണ്ടു ദിവസത്തിനകം കാണിച്ചുതരാം’ എന്ന വാചകത്തില്‍ വരാനിരിക്കുന്ന ദുരന്തക്കൊടുങ്കാറ്റുകളെല്ലാം അദ്ദേഹം മനസിലാക്കി. പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ഉണ്ടെങ്കിലും ഇല്ലാത്ത ആരോപണത്തിന്റെ പേരില്‍ അദ്ദേഹത്തെ ഈ ഉന്നത ജോലിയില്‍നിന്ന് സസ്‌പെന്റ് ചെയ്യിക്കും.

ആറുമാസം കഴിഞ്ഞ് റിട്ടയര്‍ ചെയ്യുമ്പോഴും അദ്ദേഹം സസ്‌പെന്‍ഷനിലായിരിക്കും. അദ്ദേഹത്തിന് ഉടനടി പെന്‍ഷനും ആനുകൂല്യങ്ങളും നിഷേധിക്കപ്പെടും. അനേകം ദിനങ്ങള്‍ കോടതികള്‍ കയറിയിറങ്ങിവേണം പെന്‍ഷന്‍പോലും വാങ്ങിച്ചെടുക്കുവാന്‍. അനവധി ഉദ്യോഗസ്ഥരുടെ അനുഭവങ്ങള്‍ അദ്ദേഹത്തിന്റെ കണ്‍മുമ്പില്‍ തെളിഞ്ഞുവന്നിട്ടുണ്ടാകാം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് ഐപിഎസിന് വിരമിച്ചിട്ടും ഇപ്പോഴും പെന്‍ഷന്‍ കിട്ടിയിട്ടില്ല, കേസിന്റെ ചുറ്റിവരിയലുകള്‍ തീര്‍ന്നിട്ടില്ല. സത്യസന്ധനും നേര്‍വഴിക്കാരനും കഴിവുള്ളവനുമായ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ സര്‍ക്കാരിന് അപ്രിയനായി മാറിയപ്പോള്‍, നേരിടേണ്ടിവന്ന തിരിച്ചടികള്‍ മലയോളം വലുതാണ്. ഇല്ലാത്തതും പടച്ചുണ്ടാക്കിയതുമായ നിരവധി കേസുകളുടെ നീരാളിപ്പിടുത്തത്തില്‍ ശ്വാസം കിട്ടുവാന്‍ അദ്ദേഹം കഷ്ടപ്പെടുന്നു.

ഗവര്‍ണര്‍-സര്‍ക്കാര്‍ പോരില്‍ കേരളത്തിലെ യൂണിവേഴ്‌സിറ്റികളിലെ വൈസ് ചാന്‍സലര്‍മാരെ ഗവര്‍ണര്‍ മാറ്റിനിര്‍ത്തിയ സംഭവം കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അന്ന് കേരള സാങ്കേതിക സര്‍വകലാശാലയുടെ നിലവിലെ വൈസ് ചാന്‍സലറെ മാറ്റി മറ്റൊരു അധ്യാപികയെ താല്‍ക്കാലിക ഉത്തരവാദിത്വം ഏല്‍പിച്ചു. അങ്ങനെ ഗവര്‍ണറുടെ നിര്‍ദേശപ്രകാരം ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവന്ന ഗതഭാഗ്യയാണ് സിസ തോമസ് എന്ന അധ്യാപിക. ഗവര്‍ണറെ അനുസരിച്ചു എന്ന ഒറ്റക്കാരണത്താല്‍ അവര്‍ സര്‍ക്കാരിന് അനഭിമതയായി. അധികം വൈകാതെ തിരിച്ചുപോരേണ്ടി വന്നുവെങ്കിലും സര്‍ക്കാരിനെതിരായി നിന്നുവെന്ന കാരണത്താല്‍ ആ സ്ത്രീയെ ധാരാളം കേസുകളില്‍ പെടുത്തിയും ആനുകൂല്യങ്ങള്‍ നിഷേധിച്ചും കാണാക്കയറുകളാല്‍ കെട്ടിമുറുക്കിയിരിക്കുകയാണ് ഇന്നും. സര്‍ക്കാരിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്കും ഉദ്യോഗസ്ഥലോബികള്‍ക്കും മറുതലിക്കേണ്ടിവന്ന ആയിരക്കണക്കിന് ഉദ്യോഗസ്ഥര്‍ ഈ വിധത്തില്‍ പീഡിപ്പിക്കപ്പെടുന്നത് ഇന്ന് സാധാരണസംഭവമായി മാറിക്കഴിഞ്ഞിരിക്കുന്നു.

വിമോചന ദൈവശാസ്ത്രജ്ഞനായ ലെയനാര്‍ഡോ സേഫ് എന്ന ലാറ്റിനമേരിക്കന്‍ ദൈവശാസ്ത്രജ്ഞന്‍ ‘തിന്മ നിറഞ്ഞ സംവിധാനങ്ങളെ’കുറിച്ച് പഠിപ്പിക്കുന്നു. വ്യക്തികള്‍ മാത്രമല്ല, ചില സംവിധാനങ്ങളും തിന്മ നിറഞ്ഞതും ദുഷ്ടത വമിപ്പിക്കുന്നതുമാണ്. ആ സംവിധാനങ്ങളുടെ നീരാളിപ്പിടുത്തത്തില്‍ ശ്വാസം നിലച്ചുപോകും സാധാരണ നന്മയുടെ ജീവിതങ്ങള്‍ക്ക്. ദുഷ്ടത കവിഞ്ഞൊഴുകുന്ന ഈ സംവിധാനങ്ങളാല്‍ ഞെരുക്കപ്പെട്ട്, തിന്മയില്‍ വ്യാപരിക്കുവാന്‍ ചിലര്‍ നിര്‍ബന്ധിക്കപ്പെടുന്നു.
അഴിമതി നിറഞ്ഞ സംവിധാനങ്ങളില്‍ അഴിമതി രഹിതനായി ജീവിക്കുക അപകടകരമാണ്. തിന്മയുടെ തീക്കാറ്റില്‍ പൊള്ളാതെ നില്‍ക്കുവാന്‍ എല്ലാവര്‍ക്കും കഴിയില്ല. സ്വത്തിനെയും സ്ഥാനങ്ങളെയുംകാള്‍ സ്വന്തം ആത്മാഭിമാനത്തിന് വില കല്‍പിക്കുന്ന മനുഷ്യര്‍ നിരവധിയുണ്ട്. ഇത്രയുംകാലം താന്‍ താലോലിച്ച് വളര്‍ത്തിയ സത്യസന്ധനെന്നും നല്ലവനെന്നുമുള്ള തന്റെ ഇമേജാണ് ഒരു നിമിഷംകൊണ്ട് തകര്‍ത്തെറിഞ്ഞത്. പിറ്റേദിവസത്തെ പത്രങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും വലിച്ചുകീറി ഈ വാര്‍ത്ത ചര്‍ച്ച ചെയ്യുമ്പോള്‍ തന്റെ സത്വവും വിലയുമാണ് തകരുകയെന്ന് നവീന്‍ ബാബു തിരിച്ചറിഞ്ഞു.

തലയുയര്‍ത്തി എന്നും ജീവിച്ചവന്‍ തന്റെ ഭാര്യയുടെയും മക്കളുടെയും മുമ്പില്‍ അഴിമതിക്കാരനായി ചിത്രീകരിക്കപ്പെടുമ്പോള്‍, പിറ്റേദിവസം റെയില്‍വേസ്റ്റേഷനില്‍ കണ്ടുമുട്ടുമ്പോള്‍ തലതാഴ്ത്തി നില്‍ക്കേണ്ടിവരുന്നത് തന്റെ ജീവിതത്തിന്റെ പരാജയമാകുകയില്ലേ? വട്ടപ്പൂജ്യം കിട്ടി തോറ്റുപോയ കുട്ടിയെപ്പോലെ ക്ലാസില്‍ എഴുന്നേറ്റ് നില്‍ക്കുന്നതിനെക്കാള്‍ ക്ലാസിന് പുറത്തുനില്‍ക്കുന്നതാണ് ആശ്വാസമെന്ന് ഈ പാവം കുട്ടിക്ക് തോന്നി. അഭിമാനത്തെക്കാള്‍ ആത്മാഭിമാനത്തെക്കാള്‍ വലുതല്ല ചുറ്റുമുള്ളവരും ചുറ്റുമുള്ളതും. ഈ ചിന്ത തലയില്‍ നൃത്തം ചവിട്ടുമ്പോള്‍ ജീവിതം അവസാനിപ്പിക്കാന്‍ ഒരുപക്ഷേ തോന്നിയെന്നിരിക്കാം. ബലാല്‍സംഗം ചെയ്യപ്പെടുന്ന പെണ്‍കുട്ടിയെ ശരീരത്തിനുണ്ടായ മുറിവിനെക്കാള്‍ തന്റെ ജീവിതത്തിന്റെ മുറിപ്പാടുകളാണ് വേദനിപ്പിക്കുന്നത്. ജീവിതം തകര്‍ന്നു, തീര്‍ന്നു എന്ന ചിന്തയിലാണ് മരണത്തെ പുണരുന്നത്.

നീ തോറ്റുപോയിട്ടില്ല എന്ന് ആരെങ്കിലും അടുത്തുനിര്‍ത്തി മന്ത്രിച്ചാല്‍ അവര്‍ വീണ്ടും യുദ്ധം ചെയ്യും. അപഹാസ്യരായി, അപമാനിതനായി എന്ന തോന്നല്‍ വേട്ടയാടുന്ന ആ നിമിഷങ്ങളില്‍ ആരെങ്കിലും അടുത്തുനിര്‍ത്തി ‘ഇതൊന്നും സാരമില്ല, നിങ്ങളെ എനിക്ക് അറിയാം. നിങ്ങള്‍ നല്ലവനാണ്. ഇതു വെറും കെട്ടുകഥയാണ്’ എന്നൊക്കെ പറഞ്ഞിരുന്നെങ്കില്‍ നവീന്‍ ബാബു ഇന്നും ജീവിച്ചിരുന്നേനേ (ടി. പത്മനാഭവന്റെ ‘പ്രകാശം പരത്തുന്ന പെണ്‍കുട്ടി’ എന്ന പ്രസിദ്ധമായ കഥ ഒന്നുകൂടി വായിക്കാം). ഒറ്റപ്പെട്ടുപോയ സായാഹ്നത്തിലും സന്ധ്യയിലും കൈപിടിച്ച് നടക്കാനും ചേര്‍ത്തുനിര്‍ത്തുവാനും കൂടെയുള്ള ആരും ഉണ്ടായില്ലല്ലോ എന്നതാണ് ഏറ്റവും വലിയ ദുരന്തം.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?