Follow Us On

09

December

2024

Monday

സിഎച്ച്ആര്‍ സുപ്രീംകോടതി ഉത്തരവ് നിസാരവല്ക്കരിക്കരുത്‌

സിഎച്ച്ആര്‍  സുപ്രീംകോടതി ഉത്തരവ്  നിസാരവല്ക്കരിക്കരുത്‌

ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍
(കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയാണ് ലേഖകന്‍)

 

ഇടുക്കിയിലെ ഏലമലക്കാടുകളില്‍ പുതിയ പട്ടയം അനുവദിക്കുന്നത് തടഞ്ഞുകൊണ്ടുള്ളതാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ഏലമലപ്രദേശങ്ങള്‍ വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. ഡിസംബറിലെ അടുത്ത ഹിയറിംഗ് വരെയാണ് സുപ്രീം കോടതിയുടെ സ്റ്റേ ഉത്തരവ്.

ഹൈറേഞ്ച് ജനതയെ വീണ്ടും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ് കഴിഞ്ഞ ഒക്ടോബര്‍ 24-ലെ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ഇടുക്കിയിലെ ഏലമലക്കാടുകളില്‍ (സിഎച്ച്ആര്‍) പുതിയ പട്ടയം അനുവദിക്കുന്നത് തടഞ്ഞുകൊണ്ടുള്ളതാണ് ആ ഉത്തരവ്. ഏലമലപ്രദേശങ്ങള്‍ വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. അതേസമയം നിലവിലുള്ള കൃഷിയേയും പട്ടയമുള്ളവരേയും ഇതു ബാധിക്കില്ലെന്നും തല്‍സ്ഥിതി തുടരണമെന്നും കോടതി വ്യക്തമാക്കുന്നു. 2024 ഡിസംബറിലെ അടുത്ത ഹിയറിംഗ് വരെയാണ് സുപ്രീം കോടതിയുടെ സ്റ്റേ ഉത്തരവ്.

സര്‍ക്കാര്‍ കോടതിയില്‍
ഏലമലക്കാടുകളെ വനമായി കാണാനാകില്ലെന്നും കാര്‍ഡമം ഹില്‍ റിസര്‍വ് റവന്യൂ ഭൂമിയാണെന്നുമാണ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ സത്യവാങ്മൂലം നല്‍കിയത്. ഇടുക്കി ജില്ലയിലെ പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം എന്നീ മൂന്നു താലൂക്കുകളിലായി ഏലമലപ്രദേശങ്ങളുടെ വിസ്തീര്‍ണ്ണം 2,64,855 ഏക്കറാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മരംമുറിക്കാന്‍ വനംവകുപ്പിന്റെ അനുവാദം വേണമെങ്കിലും ഭൂമി വനംവകുപ്പിന്റെയല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
കാര്‍ഡമം ഹില്‍ റിസര്‍വ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പലപ്പോഴായി സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ പാകപ്പിഴകളും പൊരുത്തക്കേടുകളുമുണ്ടെന്ന് അമിക്കസ് ക്യൂറി കെ.പരമേശ്വരന്‍ പറയുന്നു. മുന്‍കാലത്ത് ഏലമലക്കാടുകളെ വനഭൂമിയാക്കി ഇറക്കിയ ഉത്തരവുകളും അമിക്കസ് ക്യൂറി ആയുധമാക്കി.

സിഎച്ച്ആര്‍ വനഭൂമിയല്ല
കര്‍ഷകരെ എക്കാലവും ശത്രുപക്ഷത്തുനിര്‍ത്തുന്ന വനംവകുപ്പുദ്യോഗസ്ഥരും റവന്യൂ വകുപ്പ് മേധാവികളും കാലങ്ങളായി നല്‍കുന്ന വ്യത്യസ്ത വ്യാഖ്യാനങ്ങളാണ് സിഎച്ച്ആര്‍ മേഖലയിലെ പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം. കാര്‍ഡമം ഹില്‍ റിസര്‍വ് വനഭൂമിയല്ലെന്നതാണ് യാഥാര്‍ത്ഥ്യം. കാര്‍ഡമം ഹില്‍ റിസര്‍വിന്റെ തുടക്കം 1822-ലെ തിരുവിതാംകൂര്‍ മഹാരാജാവിന്റെ രാജകീയ വിളംബരത്തോടെയാണ്. ഈ വിളംബരത്തില്‍ കാര്‍ഡമം ഹില്‍ റിസര്‍വ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റിസര്‍വ് ഭൂമികള്‍ വനഭൂമികളാകണമെന്നില്ല. വിളംബരംമൂലം ഭൂമി സംവരണം ചെയ്തിരിക്കുന്നത് ഏലകൃഷിക്കാണ്. 202 വര്‍ഷങ്ങള്‍ക്കുമുമ്പ് പുറപ്പെടുവിച്ച വിളംബരത്തില്‍ ഇടുക്കി ജില്ലയില്‍ കുടിയാന്മാര്‍ താമസി ക്കണമെന്നും അങ്ങനെ ചെയ്താല്‍ അവരെ മാന്യമായി സംരക്ഷിക്കുമെന്നും അവര്‍ക്കാവശ്യമായ എല്ലാ വസ്തുക്കളും നല്‍കുന്നതാണെന്നും പറഞ്ഞിരുന്നു.

ഏകദേശം 2,65,339 ഏക്കര്‍ വരുന്ന 415 ചതുരശ്രമൈലാണ് കാര്‍ഡമം ഹില്‍ റിസര്‍വിന്റെ വിസ്തൃതി. ഇതിന്റെ ഏതെങ്കിലും ഭാഗം വനഭൂമിയായി സംവരണം ചെയ്തുകൊണ്ടുള്ള വിജ്ഞാപനങ്ങളൊന്നും നിലവിലില്ല. ഏതെങ്കിലും മാനുവലില്‍ സിഎച്ച്ആര്‍ വനമാണെന്ന് പറഞ്ഞാല്‍ അത് വനമാകുന്നില്ല. സര്‍ക്കാര്‍ ഇറക്കിയ ഏതെങ്കിലും ചട്ടങ്ങളില്‍ കാര്‍ഡമം ഹില്‍ റിസര്‍വിനെ വനഭൂമിയായി പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും അതും വനംവകുപ്പിന്റെ വാദത്തെ ന്യായീകരിക്കാന്‍ പര്യാപ്തമല്ല.

ഒരു പ്രദേശത്തെ നിയമത്തിന്റെ പിന്‍ബലത്തില്‍ നിക്ഷിപ്ത വനഭൂമിയായി നീക്കിവച്ചുകൊണ്ടുള്ള ഒരു സര്‍ക്കാര്‍ ഉത്തരവിനു മാത്രമേ നിയമത്തിനു മുമ്പില്‍ നിലനില്‍പ്പുള്ളൂ. ഈ കേസില്‍ 1897-ലെ ഉത്തരവ് മാത്രമാണുള്ളത്. ഈ ഉത്തരവാണെങ്കില്‍ സ്ഥലവിസ്തൃതിയെക്കുറിച്ചും പ്രസ്തുത പ്രദേശം എവിടെയാണെന്നതിനെക്കുറിച്ചും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നുണ്ട്. 1897-ലെ വിജ്ഞാപനത്തില്‍ വനം റിസര്‍വ് നമ്പര്‍ 37 ആയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിക്ഷിപ്ത വനഭൂമി പ്രകാരവും പ്രസ്തുത ഭൂമി ഉടുമ്പന്‍ചോല താലൂക്കിലല്ല, മറിച്ച് തൊടുപുഴ താലൂക്കിലാണ്. 1897-ലെ ഉത്തരവില്‍ ഭൂമിയുടെ വിസ്തൃതി 15,720 ഏക്കറാണ്. സാധാരണ ഗതിയില്‍ ഒരു ഉത്തരവില്‍ നേരിയ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാമെങ്കിലും ആ വ്യത്യാസം യാതൊരു കാരണവശാലും പത്തു ശതമാന ത്തിലധികമാകാന്‍ തരമില്ല. അതുകൊണ്ടുതന്നെ 15,720 എന്നത് ഒരിക്കലും 2,65,339 ഏക്കര്‍ ആവില്ല. അതൊരു കൈപ്പടത്തെറ്റാണെന്നാണ് വനംവകുപ്പ് പറയുന്നതും മുഖവിലയ്ക്കെടുക്കാനാവില്ല.

സിഎച്ച്ആര്‍ ചരിത്രം
1822-ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് ഒരു വിളംബരത്തിലൂടെ ഏലകൃഷിക്കായി പതിച്ചുനല്‍കിയ ഭൂമിയും, 1898 -ല്‍ വേസ്റ്റ്ലാന്റ് കള്‍ട്ടിവേഷനുവേണ്ടി പതിച്ചുനല്‍കിയ പുല്‍മേടുകളും വയലുകളും 1935ല്‍ ഏക്കറിന് 60 രൂപ വിലവച്ച് തിരുവിതാംകൂര്‍ മഹാരാജാവ് തീറുവിറ്റ സ്ഥലങ്ങളും സിഎച്ച്ആര്‍-ല്‍ ഉള്‍പ്പെടുന്നു. 1941-ല്‍ ഗ്രോമോര്‍ ഫുഡ് പദ്ധതിയനുസരിച്ച് അലോട്ടു ചെയ്തതും, പിന്നീട് പട്ടയം കിട്ടിയതുമായ സ്ഥലങ്ങളും, 1942 മുതല്‍ ഏലം കൃഷിക്കായി കുത്തകപ്പാട്ടം നല്‍കിയ വസ്തുക്കളും സിഎച്ച്ആര്‍-ലാണ്. 1945-ല്‍ ഹൈറേഞ്ച് കോളണൈസേഷന്‍ പദ്ധതിയില്‍പ്പെടുത്തി 1500 കുടുംബങ്ങള്‍ക്ക് അലോട്ടു ചെയ്യുകയും പിന്നീട് പട്ടയം ലഭിച്ചതുമായ 7,500 ഏക്കര്‍ഭൂമിയും 1950-ല്‍ തിരുക്കൊച്ചി മന്ത്രിയായിരുന്ന ഇക്കണ്ടവാര്യരും ദേവികുളം കമ്മീഷണറായിരുന്ന എന്‍.എസ് കൃഷ്ണപിള്ളയും ചേര്‍ന്ന് ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായി തയ്യാറാക്കിയ പദ്ധതിയനുസരിച്ച് കൃഷിക്കായി തിരിച്ചുകൊടുത്ത സ്ഥലങ്ങളും സിഎച്ച്ആറിന്റെ ഭാഗമാണ്.

ഭാഷാടിസ്ഥാനത്തിലുള്ള പുനഃസംഘടനയെ തുടര്‍ന്ന് കേരളത്തിലെ കിഴക്കന്‍ മലയോരങ്ങള്‍ തമിഴ്നാട്ടിലേക്ക് ചേര്‍ക്കാതിരിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ രൂപീകരിച്ച പട്ടംകോളനിയുള്‍പ്പെടുന്ന സ്ഥലങ്ങളും, മിച്ചഭൂമി വിതരണത്തിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് പതിച്ചുനല്‍കിയ മാങ്കുളത്തെ ഭൂമിയും, 1962 മുതല്‍ തുടര്‍ച്ചയായി പട്ടയം നല്‍കി കൃഷിക്കാര്‍ ദേഹണ്ഡങ്ങള്‍ നടത്തി അനുഭവിച്ചുവരുന്ന ഭൂമിയും കുടിയേറ്റ കര്‍ഷകന്റെ സ്വന്തമെന്നിരിക്കെ ഇവയെല്ലാം കൈയ്യേറ്റമാണെന്നും ഈ ഭൂമിയെല്ലാം വനമാണെന്നും ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ചിത്രീകരിക്കുവാന്‍ ശ്രമിക്കുന്നത് ചരിത്രമറിയാത്തതുകൊണ്ടാണ്.

ഉദ്യോഗസ്ഥ വീഴ്ചകള്‍
1980ല്‍ കേന്ദ്രഗവണ്‍മെന്റ് പ്രഖ്യാപിച്ച വനനിയമത്തിന്റെ വെളിച്ചത്തില്‍ സംസ്ഥാന സര്‍ക്കാരും ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റും സ്വീകരിച്ച ചില നടപടികളാണ് ഇപ്പോള്‍ പ്രശ്നം ഗുരുതരമാക്കിയിരിക്കുന്നത്. കര്‍ഷകസംഘടനകളുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ വെളിച്ചത്തില്‍ 1990 കളില്‍ പട്ടയം നല്‍കാനുള്ള നീക്കം സര്‍ക്കാര്‍ നടത്തിയപ്പോള്‍ പരിസ്ഥിതി വാദികള്‍ സുപ്രീംകോടതിയില്‍ ഇതിനെതിരെ കേസ് നല്‍കി. സുപ്രീംകോടതി സിഎച്ച്ആര്‍ വനഭൂമിയാണോ അല്ലയോ എന്ന വിവരം അറിയിക്കണമെന്ന് കേരള സര്‍ക്കാരിനോടാവശ്യപ്പെട്ടു. 1996ലെ നായനാര്‍ മന്ത്രിസഭയും തുടര്‍ന്ന് ഭരണത്തിലേറിയ എ.കെ ആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളും അതിന് മറുപടി കൊടുക്കാതെ ഒഴിഞ്ഞുമാറി.

സംസ്ഥാന ഗവണ്‍മെന്റും കേന്ദ്ര ഗവണ്‍മെന്റും പ്രശ്നങ്ങള്‍ പഠിക്കാനായി ചുമതലപ്പെടുത്തിയ സ്റ്റേറ്റ് എംപവര്‍ കമ്മറ്റിയും 2002-ലെ കേന്ദ്ര എംപവര്‍ കമ്മറ്റിയും പ്രശ്‌നബാധിത പ്രദേശങ്ങളിലെ ജനങ്ങളുമായി ബന്ധപ്പെടാതെ വനഭൂമിയാണെന്ന് റിപ്പോര്‍ട്ട് ചെയ്തുവെന്നതും ചരിത്രസത്യമാണ്. ഇതാണ് പരിസ്ഥിതി മൗലികവാദികള്‍ പിടിവള്ളിയാക്കി കാര്‍ഡമം ഹില്‍ റിസര്‍വിനെ നിയമയുദ്ധത്തിലേക്ക് വലിച്ചിഴച്ചത്. വിവിധ കര്‍ഷകസംഘടനകള്‍ വ്യത്യസ്ത നിലപാടുകളുമായി സുപ്രീംകോടതിയെ സമീപിക്കുമ്പോള്‍ കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിക്ക് വീണ്ടും കര്‍ഷകദ്രോഹത്തിനുള്ള പിടിവള്ളിയും അവസരവും സൃഷ്ടിക്കുമെന്ന് കര്‍ഷകസംഘടനകളും തിരിച്ചറിയണം. ഇവയെല്ലാം ഒരു പരിധിവരെ സുപ്രീം കോടതിയേയും വ്യത്യസ്ത നിലപാടിലേക്ക് നയിച്ചേക്കാം.

അംഗീകരിച്ച കുടിയേറ്റങ്ങള്‍
1.1.1977 നു മുമ്പുള്ള വനമേഖലയിലെ മുഴുവന്‍ കുടിയേറ്റക്കാര്‍ക്കും ഭൂമിയില്‍ സ്ഥിരാവകാശം സ്ഥാപിച്ച് പട്ടയം നല്‍കുമെന്ന നയം 1992-ല്‍ ഗവണ്‍മെന്റ് നിയമസഭയില്‍ പ്രഖ്യാപിച്ചു. ഗവണ്‍മെന്റ് നയപ്രഖ്യാപനത്തിനുശേഷം കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലായി 28,588.15 സ്ഥലം കൃഷിക്കാര്‍ക്ക് പതിച്ചുനല്‍കുന്നതിനു തീരുമാനിച്ചു. പതിച്ചുകൊടുക്കാന്‍ തീരുമാനിച്ച 28,588.15 ഹെക്ടര്‍ ഭൂമിയില്‍ 25,365.15 ഹെക്ടര്‍ ഭൂമിയും ഇടുക്കി ജില്ലയിലെ മലയോര പ്രദേശത്തുള്ളവയാണ്. ഇതില്‍തന്നെ 20,365 ഹെക്ടര്‍ സ്ഥലം ഏലമല പ്രദേശത്തിന്‍കീഴില്‍ വരുന്നതാണ്.

നിയമഭേദഗതി പിടിവള്ളിയോ?
സിഎച്ച്ആര്‍ വിഷയത്തെ ലഘൂകരിച്ചു കാണാനുതകുന്ന ഒരു ന്യായവാദമായിട്ട് 2023 ലെ കേന്ദ്ര വനം സംരക്ഷണനിയമഭേദഗതി ഉയര്‍ത്തിക്കാട്ടുന്നതും അപകടമാണ്. സിഎച്ച്ആര്‍ റവന്യൂ ഭൂമിയാണെന്നുള്ള ഉറച്ച തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഒരിഞ്ചുപോലും പുറകോട്ടുപോകരുത്. 2023ലെ കേന്ദ്ര വനസംരക്ഷണ ഭേദഗതി നിയമപ്രകാരം 1996 ഡിസംബര്‍ 12ന് മുമ്പ് വനേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുള്ള ഭൂമി വന ഭൂമിയല്ല. പക്ഷേ ഈ നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത് മുന്‍ വനംവകുപ്പ് ഉദ്യോ ഗസ്ഥരാണെന്നുള്ളത് നമ്മെ വഞ്ചിക്കുന്നത് ആരെന്നതിന്റെ തെളിവാണ്. സര്‍ക്കാര്‍ കമ്മിറ്റികളിലും നിയമസംവിധാനങ്ങളിലും ഇക്കൂട്ടരുടെ സ്വാധീനങ്ങള്‍ ചെറുതായിരിക്കില്ല. ഇവര്‍ക്കുപിന്നില്‍ പ്രേരകശക്തികളായി പ്രവര്‍ത്തിക്കുന്നത് ആരെന്നുള്ളതും അന്വേഷിക്കേണ്ടതല്ലേ?

സര്‍ക്കാര്‍ സംരക്ഷിക്കണം
ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഡിസംബറില്‍ വീണ്ടും വാദം നടക്കും. കൃത്യതയോടുകൂടി ഏലമലക്കാടുകള്‍ റവന്യൂഭൂമിയാണെന്ന് അരക്കിട്ടുറപ്പിക്കുവാന്‍ ഈ വാദത്തില്‍ സംസ്ഥാന സര്‍ക്കാരിനാകണം. സാധിച്ചില്ലെങ്കില്‍ ഏലമലക്കാടുകള്‍ വനമാകും. ഇക്കാലമത്രയും സര്‍ക്കാര്‍ നല്‍കിയ പട്ടയത്തിന് വില ഇല്ലാതാകും. പ്രദേശവാസികള്‍ക്ക് കുടിയിറങ്ങേണ്ടിയുംവരും. രാഷ്ട്രീയത്തിനതീതമായി ജനപ്രതിനിധികളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാകണം. സിഎച്ച്ആര്‍ വിഷയത്തിന്റെ പേരില്‍ ഒട്ടേറെ പ്രക്ഷോഭങ്ങള്‍ ഇടുക്കി ജില്ലയില്‍ ഇതിനോടകം നടന്നിട്ടുണ്ട്. നിയമ പോരാട്ടങ്ങള്‍ക്കായി കര്‍ഷകജനതയ്ക്ക് വന്‍ സാമ്പത്തിക ബാധ്യത വേറെയും. എന്നിട്ടും പരിഹാരം കാണാതെ പ്രശ്നങ്ങള്‍ ഗുരുതരമായി തുടരുന്നു. ഇടുക്കിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 2010 ല്‍ ഹൈക്കോടതി പുറപ്പെടുവിച്ച നിയന്ത്രണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ഇന്ത്യയിലെ പരിസ്ഥിതി സംഘടനകളുടെ സാമ്പത്തിക സ്രോതസും രാജ്യാന്തര ബന്ധങ്ങളും അന്വേഷണ വിധേയമാക്കേണ്ടിയിരിക്കുന്നു.

ചരിത്രം പഠിക്കാത്തവരും മണ്ണിന്റെ മണമറിയാത്തവരും നഗരങ്ങളിലെ ശീതീകരിച്ച ചില്ലുകൊട്ടാരങ്ങളിലിരുന്ന് പരിസ്ഥിതിസംരക്ഷണത്തിനെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നവരും, ചാനല്‍ ചര്‍ച്ചകളില്‍ കര്‍ഷകനെ ആക്ഷേപിക്കു ന്നവരും, മണ്ണിന്റെ മക്കളെ വിദേശസാമ്പത്തിക ഏജന്‍സികള്‍ക്ക് തീറെഴുതിക്കൊടുത്ത് ഉദരം നിറയ്ക്കുന്നവരും മലയോരജനതയെ മാഫിയസംഘങ്ങളായി നിരന്തരം ചിത്രീകരിക്കുമ്പോള്‍ നിലനില്പിനായി ഇനിയും നിശബ്ദത വെടിയാതെ നിവൃത്തിയില്ല.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?