Follow Us On

22

December

2024

Sunday

മുനമ്പം നീതിക്കുവേണ്ടി നിലവിളിക്കുന്നു

മുനമ്പം   നീതിക്കുവേണ്ടി  നിലവിളിക്കുന്നു

കൊച്ചി: നീതിക്കുവേണ്ടിയുള്ള നിലവിളികളാണ് മുനമ്പത്തുനിന്നും ഉയരുന്നത്. സ്വന്തം കിടപ്പാടം സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് മുനമ്പം, കടപ്പുറം പ്രദേശത്തെ 610 കുടുംബങ്ങള്‍. വഖഫ് നിയമം ഡമോക്ലീസിന്റെ വാളുപോലെ അവരുടെ ശിരസിന് മുകളില്‍ ഉയര്‍ന്നുനില്ക്കുകയാണ്. മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ബീച്ച് വേളാങ്കണ്ണി മാതാ ദൈവാലയാങ്കണത്തില്‍ നടത്തുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം ഒരു മാസം പിന്നിട്ടിരിക്കുന്നു. മുനമ്പം ഭൂമി പ്രശ്‌നത്തിന് ചതിയുടെയും കബളിപ്പിക്കലുകളുടെയും പിന്നാമ്പുറങ്ങളുണ്ട്. ഗവണ്‍മെന്റും അന്വേഷണ കമ്മീഷനും നീതിപീഠങ്ങളും പ്രതിക്കൂട്ടിലാണ്. ഇവിടുത്തെ പാവപ്പെട്ട മനുഷ്യരെ കേള്‍ക്കാതെയാണ് അവര്‍ റിപ്പോര്‍ട്ടുകള്‍ തയാറാക്കിയതും തീര്‍പ്പുകള്‍ കല്പിച്ചതും. മുനമ്പം, കടപ്പുറം വേളാങ്കണ്ണിമാതാ ദൈവാലയവും വൈദിക മന്ദിരവും സെമി ത്തേരിയും കോണ്‍വെന്റും ഉള്‍പ്പെടെ ഈ പ്രദേശത്തെ 610 ഓളം വരുന്ന കുടുംബങ്ങളുടെ റവന്യൂ അവകാശങ്ങള്‍ പൂര്‍ണമായും തടഞ്ഞുവയ്ക്കപ്പെട്ടിരിക്കുകയാണ്.

 

വഖഫ് ബോര്‍ഡിന്റെ അവകാശവാദം സാമാന്യ നീതിക്ക് നിരക്കാത്തതാണ്. മുനമ്പം നിവാസികള്‍ക്ക് നീതിലഭിക്കും വരെ ഇവര്‍ക്കുവേണ്ടി ശബ്ദിക്കാന്‍ ഇവരോടൊപ്പം പോരാടാന്‍ ഇവരുടെ ഇടയനായ ഞാനും കോട്ടപ്പുറം രൂപത മുഴുവനുമുണ്ടാകും. ഇനിയൊരിക്കലും വഖഫ് ബോര്‍ഡ് ഈ ഭൂമിക്ക് അവകാശവാദം ഉന്നയിക്കാത്ത വിധത്തില്‍ നിയമപരമായ പരിഹാരം ഉണ്ടാക്കണം.
ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍
(കോട്ടപ്പുറം രൂപതാധ്യക്ഷന്‍)

 

വില കൊടുത്തു വാങ്ങിയ ഭൂമിയില്‍നിന്ന് ഏതു നിമിഷവും കുടിയൊഴിപ്പിക്കപ്പെടാമെന്ന സാഹചര്യം രൂപപ്പെട്ടപ്പോള്‍ സമരഭൂമിയില്‍ ഇറങ്ങുകയല്ലാതെ അവരുടെ മുമ്പില്‍ മറ്റു വഴികള്‍ ഉണ്ടായിരുന്നില്ല. നീതിക്കുവേണ്ടിയുള്ള ആ ജനസമൂഹത്തിന്റെ നിലവിളികള്‍ക്കുനേരെ അധികൃതര്‍ ആദ്യം ചെവികൊട്ടിയടച്ചെങ്കിലും അവരുടെ വാക്കുകളിലെ സത്യം പൊതുസമൂഹത്തെ അവരിലേക്ക് എത്തിക്കുകയായിരുന്നു. ഓരോ ദിവസവും സമരത്തിന് ഏറിവരുന്ന പിന്തുണ അതിന് തെളിവാണ്. ഞങ്ങള്‍ നിങ്ങളുടെ കൂടെയാണെന്ന ഭരണ-പ്രതിപക്ഷങ്ങള്‍ ഇപ്പോള്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ആ വാക്കുകളിലെ ആത്മാര്‍ത്ഥതയില്‍ പ്രദേശവാസികള്‍ക്കു സംശയങ്ങളുണ്ട്. പ്രശ്‌നത്തിന് നിയമപരമായ പരിഹാരം ഉണ്ടാക്കിയാല്‍ മാത്രമേ അവരുടെ വാക്കുകളില്‍ ജനങ്ങള്‍ക്ക് വിശ്വാസം വരൂ.

പാട്ടത്തിന് നല്‍കിയ ഭൂമി

1902 ല്‍ തിരുവിതാംകൂറിലെ ആയില്യം തിരുന്നാള്‍ മഹാരാജാവ് അബ്ദുള്‍ സത്താര്‍ മുസസേട്ടുവിന് 404 ഏക്കര്‍ സ്ഥലം കാര്‍ഷിക ആവശ്യത്തിനായി പാട്ടത്തിന് നല്‍കുകയും അദ്ദേഹത്തിന്റെ പിന്തുടര്‍ച്ചാവകാശിയായ സിദ്ധിഖ് സേട്ട് 1950-ല്‍ ഈ ഭൂമി ക്രയവിക്രയ അവകാശത്തോടെ ഫാറൂഖ് കോളേജിന് ദാനമായി നല്‍കുകയും ചെയ്യുകയായിരുന്നു. അപ്പോഴേക്കും കടല്‍കയറി 114 ഏക്കര്‍ ഭൂമിയും 60 ഏക്കര്‍ വെള്ളവുമായി 404 ഏക്കര്‍ സ്ഥലം ചുരുങ്ങി. 1951-ല്‍ ഫറൂഖ് കോളേജിന് ഈ ഭൂമിക്ക് പട്ടയം ലഭിച്ചു. തുടര്‍ന്ന് സ്വദേശികളായ മത്സ്യത്തൊഴിലാളികളുമായി ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കേസ് ഉണ്ടായി. ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഫറൂഖ് കോളേജിന് അനുകൂലമായി വിധി പുറപ്പെടുവിച്ചു. പിന്നീട് ഫറൂക്ക് കോളജ് സ്ഥലം താമസക്കാര്‍ക്ക് വില്‍ക്കാന്‍ തയാറായി. 1989 മുതല്‍ ഇവിടത്തെ താമസക്കാര്‍ ഫറൂക്ക് കോളേജില്‍ നിന്നും വില കൊടുത്തു ഭൂമി വാങ്ങി. നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കരമടച്ചു സ്വസ്ഥമായി ജീവിച്ചുവരുകയായിരുന്നു.

 

നിയമപരിരക്ഷയുള്ള ശാശ്വത പരിഹാരം
ഉണ്ടാക്കണം: കാതോലിക്ക ബാവ

മുനമ്പം: മുനമ്പം വിഷയത്തില്‍ നിയമപരിരക്ഷ ഉള്‍ക്കൊളളുന്ന ശാശ്വത പരിഹാരമുണ്ടാകണമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ. മുനമ്പത്തെ സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനമ്പം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും പതിപക്ഷവും ചേര്‍ന്ന് പക്വമായ തീരുമാനമെടുക്കണമെന്ന് കാതോലിക്ക ബാവ ആവശ്യപ്പെട്ടു. മുനമ്പം ജനതയെക്കുറിച്ച് സംയുക്തമായി തീരുമാനമെടുക്കാന്‍ കേരള നിയമസഭയ്ക്ക് കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച കാതോലിക്ക ബാവ നിയമസഭ വഖഫ് ബില്ലിനെതിരെ സംയുക്ത പ്രമേയം പാസാക്കിയത് ഈ ജനത്തെ പരിഗണിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടി.
ആലപ്പുഴ രൂപത ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍, കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല, കെസിബിസി ജാഗ്രതകമ്മീഷന്‍ ചെയര്‍മാന്‍ മൂവാറ്റുപുഴ ബിഷപ് ഡോ. യൂഹന്നാന്‍ മാര്‍ തിയോഡീഷ്യസ്, കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

നിസാര്‍ കമ്മീഷന്റെ ക്രൂരതകള്‍

അതിനിടയിലാണ് 2007-ല്‍ നിസാര്‍ കമ്മീഷന്‍ നിലവില്‍വരുന്നത്. വഖഫ് ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ടോ എന്നതായിരുന്നു കമ്മീഷന്റെ പരിഗണനാ വിഷയം. എന്നാല്‍ നിയമത്തിന്റെ വ്യവസ്ഥകള്‍ മുഴുവന്‍ കാറ്റില്‍പ്പറത്തിക്കൊണ്ട് മുനമ്പം നിവാസികളോട് വിശദീകരണം തേടാതെ, അവരുടെ ഭാഗം കേള്‍ക്കാതെ 2009-ല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടു സമര്‍പ്പിച്ചു. മുനമ്പം വഖഫ് ഭൂമിയാണെന്നായിരുന്നു റിപ്പോര്‍ട്ടില്‍. 2019-ല്‍ വഖഫ് ബോര്‍ഡ് അവരുടെ ആസ്തിവിവരക്കണക്കുകളില്‍ ഈ ഭൂമി എഴുതിച്ചേര്‍ത്തു. ഇതൊന്നും പ്രദേശവാസികള്‍ അറിഞ്ഞില്ല. 2022 ജനുവരിയില്‍ അവിടുത്തെ താമസക്കാരില്‍ ഒരാള്‍ കരമടയ്ക്കാന്‍ വില്ലേജ് ഓഫീസില്‍ എത്തിയപ്പോള്‍ ഈ ഭൂമി വഖഫ് ഭൂമിയാണെന്നു ചൂണ്ടിക്കാട്ടി കരം വാങ്ങാന്‍ റവന്യൂ അധികൃതര്‍ തയാറായില്ല. അങ്ങനെയാണ് മുനമ്പം നിവാസികള്‍ ഇക്കാര്യം തിരിച്ചറിഞ്ഞത്.

 

ഗവണ്‍മെന്റ് മുനമ്പത്തെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു തരുകയും വഖഫ് ബോര്‍ഡിന്റെ ആസ്ഥി വിവരക്കണക്കില്‍നിന്ന് ഞങ്ങളുടെ ഭൂമി പുറത്തെടുത്ത് ഈ ദുരിതത്തില്‍നിന്നും മുനമ്പത്തെ ജനങ്ങളെ രക്ഷിക്കുകയും ചെയ്യണം.
ജോസഫ് ബെന്നി
(സമരസമിതി കണ്‍വീനര്‍)

തുടര്‍ന്നു ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് കരമടയ്ക്കാനും പോക്കുവരവു നടത്താനും അനുവദിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചെങ്കിലും അതിനെതിരെ വഖഫ് സംരക്ഷണ സമിതി ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍നിന്നും സ്റ്റേ വാങ്ങിയിരിക്കുകയാണ്. മുനമ്പം നിവാസികള്‍ക്ക് അവരുടെ ഭൂമിയുടെമേലുള്ള സര്‍വ അവകാശവും നഷ്ടപ്പെട്ട അവസ്ഥയിലാണ് ഇപ്പോള്‍. ഭൂമി ഈടുവച്ച് ബാങ്കില്‍നിന്നും ലോണ്‍ എടുക്കാന്‍ പോലും സാധിക്കാത്ത സാഹചര്യം രൂപപ്പെട്ടിരിക്കുന്നു. മക്കളുടെ പഠനം, വിദേശജോലി, വിവാഹം, ഭവന നിര്‍മ്മാണം മുതലായ അടിസ്ഥാന ആവശ്യങ്ങള്‍ വഴിമുട്ടി നില്‍ക്കുന്നു.

 

മുനമ്പം നിവാസികളുടേത് ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള പോരാട്ടമാണ്. രാഷ്ട്രീയ നേതൃത്വം പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കി ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കണം.

ഫാ. ആന്റണി സേവ്യര്‍ തറയില്‍
(വേളാങ്കണ്ണി മാതാ ദൈവാലയ
വികാരി മുനമ്പം, കടപ്പുറം)

നീതി അകലെയോ?
മുനമ്പം, കടപ്പുറം പ്രദേശത്തെ ഭൂമി വില നല്‍കി വാങ്ങിയതാണെന്നും വഖഫിന്റെ നിര്‍വചനത്തിനകത്ത് വരുന്ന ഭൂമിയല്ലെന്നും ഗവണ്‍മെന്റിനും ഇതുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും നിശ്ചയമുണ്ട്. സംസ്ഥാന ഗവണ്‍മെന്റ് വഖഫ് ബോര്‍ഡിന് ഒരു നിര്‍ദ്ദേശം നല്‍കിയാല്‍ പ്രശ്‌നം വളരെ വേഗം പരിഹരിക്കാന്‍ കഴിയും. ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട നാള്‍വഴികള്‍ പകല്‍പ്പോലെ വ്യക്തമായിരിക്കുമ്പോഴും മുനമ്പം നിവാസികള്‍ സ്വാഭാവിക നീതിക്കുവേണ്ടി തെരുവില്‍ സമരം ചെയ്യുകയാണെന്നത് കേരളത്തിന്റെ ചരിത്രവഴികളിലെ കറുത്ത അധ്യായമാണ്. മുനമ്പം നിവാസികളുടെ കണ്ണീര്‍ തുടയ്ക്കാന്‍ വൈകുംതോറും ചോദ്യംചെയ്യപ്പെടുന്നത് മലയാളികളുടെ നീതിബോധമാണ്. കേരള മനഃസാക്ഷിയുടെ നൊമ്പരമായി മാറിക്കഴിഞ്ഞിരിക്കുകയാണ് മുനമ്പം സമരം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?