Follow Us On

08

December

2024

Sunday

വിവാദമാകുന്ന വിവാഹങ്ങള്‍

വിവാദമാകുന്ന  വിവാഹങ്ങള്‍

ബ്രദര്‍ ജിതിന്‍ ജോസഫ്

കുടുംബത്തിന് ഗൂഗിള്‍ നല്‍കുന്ന നിര്‍വചനം ഇങ്ങനെയാണ്: ”സമൂഹത്തിന്റെ ഏറ്റവും ചെറിയ യൂണിറ്റാണ് കുടുംബം. അത് എല്ലാ സമൂഹത്തിലെയും ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക ഉപകരണമാണ്.” ആരോഗ്യമുള്ള കുടുംബം ഒരു സമ്പന്ന രാഷ്ട്രത്തെ കെട്ടിപ്പടുക്കുന്നു എന്നു പറയാറുണ്ട്. തിരുക്കുടുംബംപോലെ ആകാനാണ് ഓരോ ക്രിസ്തീയ കുടുംബങ്ങളും വിളിക്കപ്പെട്ടിരിക്കുന്നത്.

വിശുദ്ധ ചാവറയച്ചന്‍ നല്ലൊരു ക്രിസ്തീയ കുടുംബത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: ‘ഒരു നല്ല ക്രിസ്ത്യന്‍ കുടുംബം സ്വര്‍ഗീയ വാസസ്ഥലത്തോട് സാമ്യമുള്ളതാണ്.’ തിരുക്കുടുംബ മാതൃകയില്‍ വളര്‍ന്ന ചാവറയച്ചന് കുടുംബജീവിതത്തിന്റെ പ്രാധാന്യം അറിയാമായിരുന്നു. പകര്‍ച്ചവ്യാധിയില്‍ തന്റെ മാതാപിതാക്കളെയും കൂടപ്പിറപ്പുകളെയും നഷ്ടപ്പെട്ടപ്പോഴും അമ്മ മടിയിലിരുത്തി പറഞ്ഞുകൊടുത്ത ക്രിസ്തീയ മൂല്യങ്ങളും രാത്രിയുടെ യാമങ്ങളില്‍ അമ്മയോടൊപ്പം ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിച്ചതിന്റെ ചൈതന്യവും ഉള്‍ക്കൊണ്ട്, ആത്മവിശ്വാസം വീണ്ടെടുത്ത് ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ച്, തിരുക്കുടുംബത്തെ തന്റെ സ്വര്‍ഗീയ കുടുംബമായി തിരഞ്ഞെടുക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കുടുംബത്തോടുള്ള അദ്ദേഹത്തിന്റെ അതിയായ അഭിനിവേശം ‘ഒരു നല്ല അപ്പന്റെ ചാവരുളി ല്‍’ കാണാന്‍ കഴിയും.

വേഴാമ്പല്‍ ഒരു മാതൃക

കൂട്ടുകുടുംബങ്ങളില്‍നിന്നും അണുകുടുംബങ്ങളിലേക്കുള്ള യാത്രയില്‍ സംഭവിച്ച മാറ്റങ്ങള്‍ ഏറെയാണ്. കുടുംബങ്ങള്‍ ചെറുതാക്കപ്പെട്ടപോലെ വ്യക്തിബന്ധങ്ങളും ജീവിതരീതികളും കുടുംബപശ്ചാത്തലവും ഏറെ മാറിയിരിക്കുന്നു. കുടുംബപ്രശ്‌നങ്ങള്‍, വ്യക്തിബന്ധങ്ങളിലെ വിള്ളലുകള്‍, പൊരുത്തമില്ലായ്മ, വ്യക്തിസ്വാതന്ത്ര്യം, വര്‍ധിച്ചുവരുന്ന വിവാഹമോചനങ്ങള്‍ എന്നിവയെല്ലാം ഇന്ന് കുടുംബത്തിന് ഏറെ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്.
കേരളത്തിന്റെ ദേശീയ പക്ഷിയായ മലമുഴക്കി വേഴാമ്പലിന്റെ ജീവിതരീതികള്‍ മനോഹരമാണ്. തന്റെ ജീവിതകാലം മുഴുവനും ഒരു ഇണയോടുമാത്രം ചുറ്റിപ്പറ്റി ജീവിക്കുന്ന പക്ഷികളാണ് ഇവ. വളരെ മനോഹരമായ കുടുംബ ജീവിതത്തിന്റെ ചിത്രമാണ് ഈ പക്ഷികള്‍ നല്‍കുന്നത്. കുടുംബ പരിപാലനത്തിനും കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്കും ആണ്‍പക്ഷിയും പെണ്‍പക്ഷിയും ഒരുപോലെ ശ്രദ്ധവയ്ക്കുന്നു. മുട്ടയിടാന്‍ കാലമാകുമ്പോള്‍ ഉയരമുള്ള ഒരു മരത്തിന്റെ പൊത്തില്‍ സ്ഥലം കണ്ടെത്തുകയും തള്ളപ്പക്ഷി അതില്‍ മുട്ടയിട്ട് അടയിരിക്കുകയും ചെയ്യുന്നു. മറ്റ് ജീവികളുടെ ആക്രമണത്തില്‍നിന്നും രക്ഷപെടാനായി മരപ്പൊത്ത് ചെറിയൊരു ദ്വാരം മാത്രം അവശേഷിപ്പിച്ച് ആണ്‍പക്ഷി പുറത്തുനിന്ന് അടയ്ക്കുന്നു. അതിലൂടെ തള്ളപ്പക്ഷികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ആണ്‍പക്ഷി തീറ്റ എത്തിക്കുന്നു.
മുട്ടകള്‍ വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പറക്കാന്‍ ആകുമ്പോള്‍ തള്ളപ്പക്ഷി ഒരു ശബ്ദം ഉണ്ടാക്കുകയും പുറത്തുനിന്ന് അടച്ച മരപ്പൊത്ത് ആണ്‍പക്ഷി കൊത്തി തുറന്ന് അവരെ സ്വതന്ത്രരാക്കുകയും ചെയ്യുന്നു. എത്ര മനോഹരമായ കുടുംബത്തിന്റെ ചിത്രമാണ് ഈ പക്ഷികളുടെ ജീവിതം നമുക്ക് മുന്നില്‍ തുറന്നുവയ്ക്കുന്നത്.

മുത്തച്ഛന്റെ പ്ലേറ്റ്

ഇന്ന് കുടുംബങ്ങളില്‍ ഇങ്ങനെയുള്ള ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും മനോഭാവം കുറഞ്ഞുവരുകയാണ്. വിദേശ സംസ്‌കാരങ്ങളുമായി വിലയിരുത്തുമ്പോള്‍ എന്തുകൊണ്ടും നമ്മുടെ കുടുംബസാഹചര്യങ്ങള്‍ വളരെ മെച്ചപ്പെട്ടതാണ്. എന്നിരുന്നാലും ഇത്തരത്തിലുള്ള വിപത്തുകള്‍ നമ്മളില്‍നിന്നും ദൂരെയല്ല.
കവി പാടുന്നു:
വിവാഹം വിനോദമായാല്‍
വിവാഹം വിവാദമാകും.
തലമുറ തല തിരിയും
കുടുംബം കുമ്പളമാകും.
തലമുറകളെ വളര്‍ത്തുന്നതിനും തളര്‍ത്തുന്നതിനും കുടുംബപശ്ചാത്തലങ്ങള്‍ക്ക് പങ്കുണ്ട്. അതുകൊണ്ടാണ് പറയുന്നത് ജീവിതത്തിന് നല്ല പാഠങ്ങളും മൂല്യങ്ങളും ഒരാള്‍ക്ക് കുടുംബത്തില്‍നിന്നുമാണ് ലഭിക്കേണ്ടതെന്ന്. ഒരു വ്യക്തിയുടെ അടിത്തറ രൂപീകരണത്തില്‍ കുടുംബത്തിന് വലിയ പങ്കുണ്ട്.
പഴയൊരു കഥയുണ്ട്: മുത്തച്ഛന്റെ മരണത്തില്‍ കൊച്ചുമകന് മാത്രമേ വിഷമം തോന്നിയിരുന്നുള്ളൂ. മക്കള്‍ വേണ്ടപോലെ അദ്ദേഹത്തെ പരിഗണിക്കുകയോ പരിചരിക്കുകയോ ചെയ്തിരുന്നില്ല. മരണാനന്തര കര്‍മങ്ങളൊക്കെ കഴിഞ്ഞശേഷം കൊച്ചുമകന്‍ മുത്തച്ഛന്റെ മുറിയില്‍നിന്നും പഴകിയ ഒരു ഗ്ലാസും പ്ലേറ്റും എടുത്ത് കഴുകി തന്റെ മുറിയില്‍ കൊണ്ടുവച്ചു. ഇതുകണ്ട് അവന്റെ പിതാവ് ചോദിച്ചു: എന്തിനാണ് ഈ പഴകിയ പ്ലേറ്റ് എടുത്ത് സൂക്ഷിക്കുന്നത്?’ മുത്തച്ഛനെപ്പോലെ അച്ഛനും അമ്മയ്ക്കും പ്രായമാകുമ്പോള്‍ ഉപയോഗിക്കുന്നതിനാണ് എന്നായിരുന്നു അവന്റെ മറുപടി.
മാതാപിതാക്കളുടെ വാര്‍ധക്യത്തില്‍ മക്കള്‍ അവരോട് എപ്രകാരം പെരുമാറുന്നുവോ അത് അവരുടെ മക്കളും ആവര്‍ത്തിക്കും. നമ്മുടെ പ്രവൃത്തികള്‍ക്കുള്ള ഫലം ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഒരുനാള്‍ നമ്മെ കാത്തിരിപ്പുണ്ട്. മക്കള്‍ക്ക് നല്ല മാതൃക കാണിച്ചുകൊടുക്കുന്ന മാതാപിതാക്കള്‍ക്ക് പിന്നീട് ദുഃഖിക്കേണ്ടി വരില്ല.

ഡോക്ടറുടെ ഉപദേശം

പരസ്പരം സഹായിക്കുന്ന, തെറ്റുകുറ്റങ്ങളില്‍ മാപ്പുചോദിക്കുന്ന മാതാപിതാക്കളുടെ മാതൃക എങ്ങനെയാണ് മക്കള്‍ക്ക് മറക്കാന്‍ സാധിക്കുക. വൈകുന്നേരങ്ങളില്‍ ഒരുമിച്ചിരുന്ന് കുടുംബപ്രാര്‍ത്ഥന ചൊല്ലുന്ന കുടുംബങ്ങളും, അപ്പനും അമ്മയും ഒരേ പ്ലേറ്റില്‍നിന്നും ഒരുമിച്ച് ഭക്ഷിക്കുന്നത് കാണുന്ന കുട്ടികളും മാതാപിതാക്കളുടെ സ്‌നേഹവലയത്തില്‍നിന്നും ഒരിക്കലും ഓടിപ്പോവുകയില്ല.
വിവാഹജീവിതത്തില്‍ കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭര്‍ത്താവിന് ഒരു തോന്നല്‍, ഞാന്‍ പറയുന്നതൊന്നും ഭാര്യ അനുസരിക്കുന്നില്ല. അവള്‍ കേള്‍ക്കാത്തതാണോ? അതോ കേട്ടിട്ടും കേള്‍ക്കാത്തപോലെ നടിക്കുന്നതാണോ? ഭര്‍ത്താവ് കുടുംബ ഡോക്ടറോട് ഇക്കാര്യം പറഞ്ഞു. ‘ഞാന്‍ പറയുന്നതുപോലെ ചെയ്യുക; പുരോഗതി ഇല്ലെങ്കില്‍ ഭാര്യയെയും കൂട്ടി അടുത്തദിവസം വരിക’ എന്നായിരുന്നു ഡോക്ടറുടെ മറുപടി. ഡോക്ടര്‍ പറഞ്ഞതുപോലെ ഭര്‍ത്താവ് തിരിച്ചുചെന്നപ്പോള്‍ മുറ്റത്തുവച്ചുതന്നെ ഭാര്യയെ വിളിച്ചു.

‘ഇന്ന് എന്താ അത്താഴത്തിന്?’ മറുപടി ഇല്ല. സ്വീകരണമുറിയില്‍ കയറി നീട്ടിവിളിച്ചു. ‘ഇന്ന് എന്താ അത്താഴത്തിന്…’ മറുപടിയൊന്നും കേട്ടില്ല. ഊണുമുറിയില്‍ പോയി ഒന്നുകൂടെ വിളിച്ചു. വീണ്ടും മറുപടിയൊന്നും കിട്ടിയില്ല. അടുക്കളയില്‍പോയി ജോലി ചെയ്തുകൊണ്ടിരുന്ന ഭാര്യയുടെ തൊട്ടുപുറകില്‍ പോയി ശബ്ദത്തില്‍ അലറി. ‘ഞാന്‍ ചോദിച്ചത് കേട്ടില്ലേ…?’ ഇന്ന് എന്താ അത്താഴത്തിന്? ഭാര്യ ദേഷ്യത്തില്‍ പറഞ്ഞു. നിങ്ങള്‍ക്ക് ഇത് എന്തുപറ്റി മനുഷ്യ ചെവി കേള്‍ക്കുന്നില്ലേ…? നാലാമത്തെ തവണയാണ് ഞാന്‍ ഉത്തരം പറയുന്നത്…! ഇതില്‍നിന്നും മനസിലാകും ആര്‍ക്കാണ് പ്രശ്‌നമെന്ന്.
വിവാഹവേളയില്‍ ഏറ്റുപറഞ്ഞ പ്രതിജ്ഞ ഇടയ്ക്കിടയ്ക്ക് ഓര്‍മിക്കണം: ‘ഇന്നുമുതല്‍ മരണംവരെ, സന്തോഷത്തിലും ദുഃഖത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും പരസ്പര സ്‌നേഹത്തോടും വിശ്വസ്തതയോടുംകൂടി ഏകമനസോടെ ജീവിച്ചുകൊള്ളാമെന്ന് വിശുദ്ധ സുവിശേഷം സാക്ഷിയായി ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.’ ഇങ്ങനെ ആത്മബോധമുള്ള മാതാപിതാക്കള്‍ നയിക്കുന്ന കുടുംബം എന്നും സ്വര്‍ഗത്തിന് സദൃശ്യമായിരിക്കും.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?