Follow Us On

22

December

2024

Sunday

ലോകപ്രശസ്തിയില്‍നിന്നും ആവൃതിയിലേക്ക്‌

ലോകപ്രശസ്തിയില്‍നിന്നും ആവൃതിയിലേക്ക്‌

മാത്യു സൈമണ്‍

നിങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു കാര്യം ചെയ്യാന്‍ പ്രതിവര്‍ഷം ഭീമമായ ഒരു തുക വാഗ്ദാനം ലഭിക്കുന്നുവെന്ന് സങ്കല്‍പ്പിക്കുക. കൂടാതെ ആ മേഖലയിലെ ഏറ്റവും മികച്ച ഒരാളായി നിങ്ങള്‍ അംഗീകരിക്കപ്പെടും. നിങ്ങള്‍ക്ക് യാത്ര പോകാനും വീട്ടില്‍ ചിലവിടാനും ധാരാളം സമയം ലഭിക്കും. അനേക ആരാധകരും നിങ്ങള്‍ക്ക് ഉണ്ടാകും. ഇത്തരം ഒരു ജീവിതം ലഭിച്ചാല്‍ സന്തോഷിക്കാന്‍ പിന്നെ വേറെന്തുവേണം അല്ലേ?
എന്നാല്‍ ഇത്തരത്തില്‍ തനിക്ക് കിട്ടിയ ഈലോക ജീവിതത്തിലെ സൗഭാഗ്യ ങ്ങളെല്ലാം സന്യാസത്തിനും അതിലൂടെ ലോകനന്മയ്ക്കും വേണ്ടി ഉപേക്ഷിച്ചയാളാണ് അമേരിക്കയിലെ വില്ലനോവ യൂണിവേഴ്‌സിറ്റി മുന്‍ വനിതാ ബാസ്‌ക്കറ്റ്‌ബോള്‍ താരമായിരുന്ന ഷെല്ലി പെന്നെഫാദര്‍. അമേരിക്കയെ അന്താരാഷ്ട്രതലത്തില്‍ പ്രതിനിദാനം ചെ യ്ത് ലോകത്തിലെ ഏറ്റവും മികച്ച വനിതാ ബാസ്‌ക്കറ്റ്‌ബോള്‍ താരമായി മാറിക്കൊ ണ്ടിരുന്ന ഷെല്ലി അതെല്ലാം ഉപേക്ഷിച്ച് തന്റെ 25-ാം വയസില്‍ സന്യാസ ജീവിതത്തെ പുല്‍കുകയായിരുന്നു.

വില്ലനോവയില്‍ എക്കാലത്തെയും മികച്ച സ്‌കോറിങ്ങിന്റെ റെക്കോര്‍ഡ് ഇന്നും ഷെല്ലിയുടെ പേരിലാണുള്ളത്. കോളജിന് ശേഷം പ്രൊഫഷണലായി ബാസ്‌ക്കറ്റ്‌ബോള്‍ കളി ആരംഭിച്ച ഷെല്ലി ഒരിക്കല്‍ ജപ്പാനില്‍ കളിക്കാന്‍ പോയി. അന്ന് ഗെയിം ജയിക്കാനായി ഷെല്ലി ഒരു നേര്‍ച്ച നേര്‍ന്നു. പെന്‍സില്‍വാനിയയിലെ മദര്‍ തെരേസയുടെ കോണ്‍വെന്റില്‍ കുറച്ചുനാള്‍ സൗജന്യ സേവനവും കിട്ടുന്ന പോസ്റ്റ്‌സീസണ്‍ ബോണസും നല്‍കാമെന്നതായിരുന്നു അത്. അവര്‍ ആ ഗെയിം ജയിക്കുക തന്നെചെയ്തു. പിന്നീട് നാല് വര്‍ഷങ്ങള്‍ക്കുശേഷം 1991 ല്‍ ലോകത്തുതന്നെ ഏറ്റവും സമ്പന്നയായ ബാസ്‌ക്കറ്റ്‌ബോള്‍ താരമായി മാറാമായിരുന്ന ഒരു കോണ്‍ട്രാക്റ്റ് ഉപക്ഷിച്ചുകൊണ്ട് ഷെല്ലി സന്യാസ ജീവിതം തിരെഞ്ഞടുക്കുകയായിരുന്നു.

ലോകത്ത് തന്നെ ഏറ്റവും കര്‍ശനമായ ജീവിതരീതിയുളള ‘പുവര്‍ ക്ലെയേഴ്‌സ്’ സന്യാസസമൂഹത്തിലായിരുന്നു അവള്‍ ചേര്‍ന്നത്. 25 വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രമാണ് കുടുംബാംഗങ്ങളെ നേരിട്ട് കാണാന്‍ ഇവിടുത്തെ അംഗങ്ങള്‍ക്ക് അനുവാദമുള്ളൂ. എല്ലാവര്‍ഷവും രണ്ടുതവണമാത്രം ഒരു മറയ്ക്കുള്ളില്‍ നിന്ന് കുടുംബാംഗങ്ങളെ കാണാം. തുടര്‍ച്ചയായി നാല് മണിക്കൂറില്‍ കൂടുതല്‍ ഇവര്‍ ഉറങ്ങില്ല. ഉറക്കം നിലത്ത് പായില്‍. ഒരു നേരം മാത്രം ഭക്ഷണം. ചെരുപ്പ് ധരിക്കില്ല. 24 മണിക്കൂറും നീണ്ടുനില്‍ക്കുന്ന പ്രര്‍ത്ഥനയും നിശബ്ദതയും.

ഷെല്ലി പെന്നെഫാദര്‍ 1994 ല്‍ സിസ്റ്റര്‍ റോസ് മേരി ഓഫ് ദി ക്യൂന്‍ ഓഫ് ഏന്‍ജല്‍സ് ആയി. സിസ്റ്ററായി 25 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി 2019 ജൂണ്‍ 9 നാണ് ഷെല്ലി കുടുംബാംഗങ്ങളെ നേരിട്ട് കണ്ട് സ്‌നേഹാശ്ലേഷങ്ങള്‍ പങ്കുവെച്ചത്.
അന്ന് സിസ്റ്റര്‍ റോസ് മേരി പറഞ്ഞത് ഇതാണ്, ”പ്രിയപ്പെട്ടവരെ വേര്‍പിരിഞ്ഞിരിക്കലും ഭൗതിക അസൗകര്യങ്ങളും ഉറക്കമില്ലായ്മയും എനിക്ക് ഒരു കുറവായി തോന്നുന്നില്ല. ഞാന്‍ ഈ ജീവിതം ഇഷ്ടപ്പെടുന്നു. നിങ്ങളും ഈ ജീവിതരീതി കുറച്ചെങ്കിലും അനുഭവിച്ചറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഇവിടെ കഷ്ടപ്പെട്ട് ജീവിച്ചുപോവുകയല്ല. മറിച്ച്, അത് എറ്റവും പൂര്‍ണമായ അര്‍ത്ഥത്തില്‍ ജീവിക്കുകയാണ്.”

അത്തരമൊരു തിരഞ്ഞെടുപ്പിന്റെ അര്‍ത്ഥമെന്താണെന്ന് നാം ചിന്തിച്ചേക്കാം. അത് മനസിലാക്കാന്‍, പ്രാര്‍ത്ഥനയുടെ യഥാര്‍ത്ഥ ശക്തിയില്‍ വിശ്വസിക്കണം. ലോകത്തിന്റെ പാപങ്ങള്‍ക്ക് പ്രായശ്ചിത്തമായി ക്രിസ്തു പീഡകള്‍ സഹിച്ചതുപോലെ, ഈ സന്യാസിനികളും ദൈനംദിന ജീവിതത്തിലെ സഹനങ്ങള്‍ ലോകരക്ഷയ്ക്കുവേണ്ടി അര്‍പ്പിക്കുന്നു. സന്യാസത്തെയും സഭയെയും മോശമായി ചിത്രീകരിച്ചു കാണിക്കാന്‍ ഉത്സാഹിക്കുന്നവര്‍ സൗകര്യപൂര്‍വം ഇതൊന്നും കണ്ടില്ലെന്ന് നടിക്കും. ഒന്നാലോചിച്ചാല്‍ ഇത്തരത്തിലുള്ള പുണ്യജീവിതങ്ങള്‍ ഇവിടെയുള്ള തിനാലല്ലേ അല്ലെങ്കില്‍ അവരെ പ്രതിയല്ലേ ദൈവം ഈ ലോകത്തെ നശിപ്പിക്കാത്തത്. അല്ലെങ്കില്‍ സോദോം ഗൊമോറ ദൈവത്തിന്റെ കോപത്തിന് ഇരയായപോലെ നാമും എന്നേ നശിച്ചുപോയേനേ…

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?