Follow Us On

09

July

2025

Wednesday

മൂന്നരമാസത്തെ പട്ടിണിക്ക് അറുതി; ഒന്നരലക്ഷം ജനങ്ങള്‍ക്കുള്ള ഭക്ഷണവുമായി വാഹനവ്യൂഹം സുഡാനില്‍

മൂന്നരമാസത്തെ പട്ടിണിക്ക് അറുതി; ഒന്നരലക്ഷം ജനങ്ങള്‍ക്കുള്ള ഭക്ഷണവുമായി  വാഹനവ്യൂഹം സുഡാനില്‍

എല്‍ ഫാഷര്‍/നോര്‍ത്ത് ഡാര്‍ഫര്‍: ഒന്നരലക്ഷം ജനങ്ങള്‍ക്ക്  ഒരുമാസത്തോളം കഴിയാനുള്ള 17,500 ടണ്‍  ഭക്ഷണവുമായി 700 വാഹനങ്ങളടങ്ങുന്ന വ്യൂഹം നോര്‍ത്ത് ഡര്‍ഫറിലെ സംസം അഭയാര്‍ത്ഥി ക്യാമ്പിലെത്തി. വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ നേതൃത്വത്തിലാണ് ഏറ്റവും കൂടിയ തോതിലുള്ള പട്ടിണിയായ ഫേസ് 5 വിഭാഗത്തിലുള്ള  ദാരിദ്ര്യത്തിലൂടെ കടന്നുപോകുന്ന സംസം അഭയാര്‍ത്ഥി ക്യാമ്പിലേക്ക് ഭക്ഷണസാമഗ്രികളുമായി ട്രക്കുകളെത്തിയത്. ഈ ക്യാമ്പില്‍ കഴിയുന്ന ആയിരക്കണക്കിന് കുട്ടികള്‍ക്ക് ഗുരുതരമായ പോഷകാഹാരക്കുറവ് ജൂലൈ മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  പ്രദേശത്ത് നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയും മഴക്കെടുതിയും മൂലമാണ് ഭക്ഷണമെത്തിക്കുന്നത് ഇത്രയും വൈകിയതെന്ന് സുഡാനീസ് ന്യൂസ് ഏജന്‍സിയായ ഡാബാംഗ റിപ്പോര്‍ട്ട് ചെയ്തു.

കേവലം ഭക്ഷണമെന്നതിലുപരി  യുദ്ധത്തിനും പട്ടിണിക്കുമിടയില്‍ അകപ്പെട്ടവരുടെ അതിജീവനമാണ് ഈ ട്രക്കുകളിലെത്തുന്നതെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം റീജണല്‍ ഡയറക്ടര്‍ ലോറന്റ് ബുകേര പ്രതികരിച്ചു.  മനുഷ്യത്വപരമായ ഈ സഹായം ലഭ്യമാക്കുന്നതിനായി മൂന്ന് മാസത്തേക്ക് കൂടെ ചാദ്-സുഡാന്‍ അതിര്‍ത്തിയായ ആദ്രെ അതിര്‍ത്തിയുടെ ഉപയോഗത്തിന് സുഡാന്‍ അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്. എല്ലാ അതിര്‍ത്തികളും തുറക്കേണ്ടത് ഭക്ഷണസാമഗ്രികളുടെ വിതരണത്തിന് അത്യാവശ്യമാണെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം പ്രതിനിധികള്‍ പറഞ്ഞു.

നിലവില്‍ 20 ലക്ഷം പേര്‍ക്ക് ലഭ്യമാക്കി വരുന്ന ഭക്ഷണസാമഗ്രികളുടെ വിതരണം വര്‍ഷാവസാനമാകുമ്പോഴേക്കും 80 ലക്ഷം പേരിലേക്ക് എത്തിക്കാനാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം ലക്ഷ്യമിടുന്നത്. 2023-ല്‍ ആരംഭിച്ച  സുഡാന്‍ സൈന്യവും  പാരാമിലിട്ടറി സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഇതുവരെ ഒരുകോടി 10 ലക്ഷമാളുകള്‍ അഭയാര്‍ത്ഥികളായി മാറുകയും 61,000 ജീവനുകള്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്രതലത്തില്‍ ഇതുവരെ കാര്യമായി ശ്രദ്ധിക്കപ്പെടാത്ത ഈ സംഘര്‍ഷം സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി ലോകത്തിലെ തന്നെ ഏറ്റവും മോശമായ മാനുഷിക അടിയന്തിരാവസ്ഥകളിലൊന്നായി വിലയിരുത്തപ്പെടുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?