Follow Us On

09

December

2024

Monday

ദൈവകൃപയുടെയും കൂട്ടായ്മയുടെയും അടയാളമായി ഡിസംബര്‍ എട്ടിന് നോട്രെഡാം കത്തീഡ്രലിന്റെ പുനര്‍പ്രതിഷ്ഠ

ദൈവകൃപയുടെയും കൂട്ടായ്മയുടെയും അടയാളമായി  ഡിസംബര്‍ എട്ടിന് നോട്രെഡാം  കത്തീഡ്രലിന്റെ പുനര്‍പ്രതിഷ്ഠ

പാരിസ്: 2019 ഏപ്രിലില്‍ ഉണ്ടായായ തീപിടുത്തത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന നോട്രെഡാം കത്തീഡ്രല്‍ വര്‍ഷങ്ങള്‍ നീണ്ട  സൂക്ഷ്മമായ പുനരുദ്ധാരണത്തിന് ശേഷം വീണ്ടും തുറക്കുന്നു. വിശ്വാസത്തിന്റെയും ചരിത്രത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമായ കത്തീഡ്രലിന്റെ  പദവി സ്ഥിരീകരിക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങുകളാണ് കത്തീഡ്രലിന്റെ പുനര്‍സമര്‍പ്പണ ചടങ്ങിനോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നത്.  ചരിത്രകാരന്മാരും വാസ്തുശില്പികളും കരകൗശലവിദഗ്ധരുമടങ്ങിയ പുനരുദ്ധാരണ ടീമിന്റെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് 850 വര്‍ഷം പഴക്കമുള്ള ഈ ഗോഥിക് മാസ്റ്റര്‍പീസ് പുനഃസ്ഥാപിച്ചത്. ഘടനയുടെ സമഗ്രത കാത്തുസൂക്ഷിക്കുന്നതിനായി പരമ്പരാഗത വസ്തുക്കളും നവീന സാങ്കേതിക വിദ്യകളും ഒരുപോലെ ഉപയോഗിച്ചുകൊണ്ട് നടത്തിയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ ചരിത്രസ്മാരകത്തിന്റെ യഥാര്‍ത്ഥ ഡിസൈനുകളോട് ചേര്‍ന്നുനില്‍ക്കുന്നു.

പത്തൊന്‍പതാം നൂറ്റാണ്ടിലെ വാസ്തുശില്പിയായ യൂജിന്‍ വയലറ്റ്-ലെ-ഡക് രൂപകല്‍പ്പന ചെയ്ത സ്തൂപികശിഖരത്തിന്റെ പുനര്‍നിര്‍മ്മാണമാണ് പുനരുദ്ധാരണത്തിന്റെ ഏറ്റവും പ്രധാന നേട്ടം. തീപിടുത്തത്തില്‍ ഏതാണ്ട് പൂര്‍ണമായി നശിപ്പിക്കപ്പെട്ട ശേഷം പാരീസ് നഗരത്തിന് മുകളില്‍ വീണ്ടും ഉയര്‍ന്ന ഈ സ്തൂപികശിഖരം ദൈവകൃപയുടെയും കൂട്ടായ്മയുടെയും ഉഗ്രമായ പ്രതീകമായി വര്‍ത്തിക്കുന്നു.
ഡിസംബര്‍ 8 ന് നടക്കുന്ന സമര്‍പ്പണ ചടങ്ങില്‍, പാരീസിലെ ആര്‍ച്ചു ബിഷപ് ലോറന്റ് ഉള്‍റിച്ച് മുഖ്യകാര്‍മികത്വം വഹിക്കും.  പാരിസ് രൂപതയുമായി ബന്ധപ്പെട്ട അഞ്ച് വിശുദ്ധരുടെ തിരുശേഷിപ്പുകളും നോട്രെഡാം കത്തീഡ്രലില്‍ പ്രതിഷ്ഠിക്കും. വിശുദ്ധ മാഡലിന്‍ സോഫി ബാരറ്റ്,  വിശുദ്ധ മേരി യൂജനി  മില്ലരറ്റ്, വിശുദ്ധ കാതറിന്‍ ലബോറെ, വിശുദ്ധ ചാള്‍സ് ഡി ഫുക്കോ, വാഴ്ത്തപ്പെട്ട വ്‌ളാഡിമിര്‍ ഗിക എന്നിവരുടെ തിരുശേഷിപ്പുകളാണ് കത്തീഡ്രലില്‍ പ്രതിഷ്ഠിക്കുന്നത്. അഞ്ച് വര്‍ഷത്തിനുശേഷം ആദ്യമായി കത്തീഡ്രലിന്റെ ഹാളുകളില്‍  പ്രതിധ്വനിക്കുന്ന ദൈവസംഗീതം അവിസ്മരണീയമാക്കാനുള്ള തയാറെടുപ്പിലാണ് ഗായകസംഘം.

തീപിടിത്തം നടന്ന് അഞ്ച് വര്‍ഷത്തിനുള്ളില്‍ കത്തീഡ്രല്‍ പുനഃസ്ഥാപിക്കുമെന്ന പ്രതിജ്ഞ നിറവേറ്റിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, മതനേതാക്കള്‍, പുനരുദ്ധാരണ സംഘത്തിന്റെ പ്രതിനിധികള്‍ തുടങ്ങിയ ക്ഷണിക്കപ്പെട്ട അതിഥികളാവും പുനര്‍പ്രതിഷ്ഠ കര്‍മങ്ങളില്‍ പങ്കെടുക്കുന്നത്. പുനഃസ്ഥാപിച്ച സ്റ്റെയിന്‍-ഗ്ലാസ് ജനാലകളുടെ അനാച്ഛാദനം, അവയുടെ ചടുലമായ നിറങ്ങളുടെയും സങ്കീര്‍ണ്ണമായ ഡിസൈനുകളുടെയും പ്രദര്‍ശനം, തീയില്‍ നിന്ന് അത്ഭുതകരമായി സംരക്ഷിപ്പെട്ട മുള്ളുകളുടെ കിരീടം ഉള്‍പ്പെടെയുള്ള തിരുശേഷിപ്പുകളുടെ ഘോഷയാത്ര എന്നിവയും ഇതോടനുബന്ധിച്ച് നടക്കും.  സമര്‍പ്പണത്തെതുടര്‍ന്ന്  ഡിസംബര്‍ 9-ന് നോട്രെഡാം സന്ദര്‍ശകര്‍ക്കായി വീണ്ടും തുറക്കും.

‘നോട്രെഡാം കേവലം ഒരു കെട്ടിടത്തേക്കാള്‍ ഉപരിയായ പ്രതീകമാണ്; ഇത് മനുഷ്യരാശിയുടെ സാംസ്‌കാരികവും ആത്മീയവുമായ പൈതൃകത്തിന്റെ അടയാളമാണ്,’ പുനരുദ്ധാരണ പദ്ധതിയുടെ മേല്‍നോട്ടം വഹിച്ചിരുന്ന പരേതനായ ജനറല്‍ ജീന്‍-ലൂയിസ് ജോര്‍ജ്‌ലിന്റെ വാക്കുകളാണിത്.  ദൈവത്തിലാശ്രയിച്ചുകൊണ്ട് ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മനുഷ്യന് എന്ത് നേടാനാകും എന്നതിന്റെ തെളിവായി നോട്രെഡാം കത്തീഡ്രല്‍ വീണ്ടും തുറക്കുമ്പോള്‍ അത് ഫ്രാന്‍സിന് മാത്രമല്ല  ലോകത്തിന് തന്നെ ഒരു സുപ്രധാന നാഴികക്കല്ലായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രതിദിനം ശരാശരി 40,000 സന്ദര്‍ശകര്‍ എന്ന തോതില്‍ ഏകദേശം ഒന്നരക്കോടി ജനങ്ങള്‍ അടുത്ത വര്‍ഷം നോട്രെഡാം കത്തീഡ്രല്‍ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?