Follow Us On

09

December

2024

Monday

ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍

ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’

വിശുദ്ധ ലൂക്കാ വരച്ച ചിത്രം
ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ് പോളണ്ടിലെ ക്രാക്കോവ് നഗരത്തിന് സമീപത്തുള്ള ജാസ്‌ന ഗോരയിലെ പരിശുദ്ധ മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തിന്റെ കേന്ദ്രബിന്ദു. ഒരു സാധാരണ ചിത്രകാരന്റെ ഭാവനയില്‍നിന്നും പിറവിയെടുത്തതല്ല ഈ ചിത്രം. മറിച്ച് പരിശുദ്ധ അമ്മയുടെ മുഖത്തുനോക്കിക്കൊണ്ട് സുവിശേഷകനായ വിശുദ്ധ ലൂക്കാ വരച്ചതാണ്. അമ്മയുടെ വാക്കുകളില്‍നിന്നും വിരിഞ്ഞ ദൈവപുത്രന്റെ വാക്മയ രൂപമാണ് അമ്മയുടെ കരങ്ങളിലെ ഉണ്ണീശോ. പരിശുദ്ധ മാതാവിന്റെയും ഉണ്ണീശോയുടെയും സാന്നിധ്യം ചിത്രത്തില്‍ ഉണ്ടെന്നതിന്റെ അടയാളങ്ങളാണ് അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന എണ്ണമറ്റ അത്ഭുതങ്ങള്‍.

മറ്റനേകം മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ കേവലമൊന്നുമാത്രമല്ല ജാസ്‌ന ഗോരായിലെ ഷെസ്റ്റോക്കോവാ. പോളണ്ടിന്റെ ആധ്യാത്മിക കേന്ദ്രമാണ് ഷെസ്റ്റോക്കോവാ മാതാവിന്റെ തീര്‍ത്ഥാടന ദൈവാലയം.
പോളണ്ടിന്റെ ചരിത്രത്തില്‍നിന്നും ഈ തീര്‍ത്ഥാടന കേന്ദ്രത്തെ മാറ്റിനിര്‍ത്താന്‍ കഴിയില്ല. ലോകത്ത് എവിടെയെല്ലാം പോളിഷ് ജനതയുണ്ടോ, അവരുടെയെല്ലാം ഭവനങ്ങളിലും സ്ഥാപനങ്ങളിലും ഷെ സ്റ്റോവാ മാതാവിന്റെ അത്ഭുതചിത്രത്തിന്റെ പകര്‍പ്പും ഉണ്ടാകും.
”പോളണ്ട് എന്ന രാജ്യത്തിന്റെ ഹൃദയം പരിശുദ്ധ ദൈവമാതാവിന്റെ ഹൃദയത്തില്‍ എപ്രകാരം സ്പന്ദിക്കുന്നുവെന്ന് അറിയണമെങ്കില്‍ ഷെസ്റ്റോക്കോവാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ കാതുകള്‍ ചേര്‍ത്തുവയ്ക്കുക” എന്ന പോളണ്ടുകാരനായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വാക്കുകളില്‍ എല്ലാമുണ്ട്.

രാജ്ഞിമാര്‍ രഹസ്യമായി
സൂക്ഷിച്ച ചിത്രം
ലൂക്കാ സുവിശേഷകന്‍ വരച്ച ചിത്രം എങ്ങനെ പോളണ്ടില്‍ എത്തിയെന്ന സംശയം സ്വാഭാവികമായി ഉണ്ടാകാം. അതിന്റെ നാള്‍വഴികള്‍ പുസ്തകം കൃത്യമായി വിവരിക്കുന്നുണ്ട്. ആ ചരിത്ര വിവരണംപോലും വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് ഒരു അവിശ്വാസിയെപ്പോലും നയിക്കാന്‍ പര്യാപ്തമാണ്. 500 വര്‍ഷങ്ങളോളം വിവിധ രാജ്യങ്ങളിലെ രാജ്ഞിമാരില്‍നിന്ന് രാജ്ഞിമാരിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട് രഹസ്യമായി സൂക്ഷിക്കപ്പെട്ട അത്ഭുതചിത്രംകൂടിയാണിത്. 12 യുദ്ധങ്ങളെയും നിരവധി സൈനിക നടപടികളെയും അതിജീവിച്ചതിന്റെ ചരിത്രവും ഈ ചിത്രത്തിന് പറയാനുണ്ട്.

തീര്‍ത്ഥാടനകേന്ദ്രമായി ഷെസ്റ്റോക്കോവായെ തിരഞ്ഞെടുത്തത് പരിശുദ്ധ മാതാവുതന്നെയാണ്. 1382-ല്‍ ലാഡിസ്ലാവൂസ് രാജകുമാരന്‍ ഈ ചിത്രം ഒപാല നഗരത്തില്‍ സ്ഥാപിക്കുന്നതിനായി കൊണ്ടുപോകുന്നതിനിടയില്‍ രാത്രി വൈകിയതിനാല്‍ ഷെസ്റ്റോക്കോവാ നഗരത്തിലെ സ്വര്‍ഗാരോപിതമാതാവിന്റെ ചാപ്പലില്‍ ചിത്രം വച്ചു. എന്നാല്‍, പിറ്റേന്ന് അവിടെനിന്നും യാത്രചെയ്യാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുകയും വലിയ ദൈവമാതൃഭക്തനായ രാജകുമാരന്‍ തിരുസ്വരൂപത്തിന് മുമ്പില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുകയും ദൈവികമായൊരു വെളിപാട് ലഭിക്കുന്നതിനായി അവിടെത്തന്നെ തുടരുകയും ചെയ്തു. ഇതിനിടെ ഉറക്കത്തില്‍ രണ്ടു പ്രാവശ്യം മാതാവ് രാജകുമാരന് ജാസ്‌ന ഗോരായില്‍ ചിത്രം സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

വത്തിക്കാന്റെ സുവര്‍ണ
റോസാപുഷ്പങ്ങള്‍
1717-സെപ്റ്റംബര്‍ എട്ടിന് പതിനൊന്നാം ക്ലമന്റ് മാര്‍പാപ്പ ഈ ചിത്രത്തിന്റെ അത്ഭുതശക്തി ആധികാരികമായി അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പൊന്തിഫിക്കല്‍ കിരീടധാരണത്തിന് റോമിന് പുറത്ത് അര്‍ഹത നേടിയ മൂന്നാമത്തെ ദൈവമാതൃ ചിത്രമാണിത്. ഹിറ്റ്‌ലറും സോവിയറ്റ് യൂണിയനും ഈ ദൈവാലയത്തിലേക്കുള്ള തീര്‍ത്ഥാടനം നിര്‍ത്തലാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു എന്നത് ചരിത്രം. കരോള്‍ വോയ്റ്റിവ എന്ന ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ജീവിതം ജാസ്‌ന ഗോരായിലെ പരിശുദ്ധ മാതാവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ്.
രണ്ടാം ലോകമഹായുദ്ധകാലത്ത് വിദ്യാര്‍ത്ഥിയായിരുന്ന വിശുദ്ധ ജോണ്‍ പോള്‍ മാര്‍പാപ്പ ഈ തീര്‍ത്ഥാടനകേന്ദ്രത്തില്‍ രഹസ്യമായി സന്ദര്‍ശിച്ചിരുന്നു. മാര്‍പാപ്പയായതിനുശേഷം വിശുദ്ധ ജോണ്‍ പോള്‍ 1978-ല്‍ ഇവിടെയെത്തി മാതാവിന് നന്ദി പറയുകയും ചെയ്തു. 2006-ല്‍ ബനഡിക്ട് പതിനാറാമന്‍ പാപ്പയും 2016-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും ഈ തീര്‍ത്ഥാടനകേന്ദ്രത്തിലെത്തി വത്തിക്കാന്റെ പരമോന്നത ബഹുമതിയായ സുവര്‍ണ റോസാപുഷ്പങ്ങള്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചിരുന്നു.

ഷെസ്റ്റോക്കോവാ മാതാവിനോടുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍കൂടി പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതാണ് പുസ്തകത്തിന്റെ മറ്റൊരു ആകര്‍ഷണീയത. മാതാവിന്റെ മാധ്യസ്ഥതയിലൂടെ ഷെസ്റ്റോക്കോവാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ നടന്ന നിരവധി അത്ഭുതങ്ങള്‍ അടുത്തറിയാനുള്ള അവസരംകൂടിയാണ് പുസ്തകം വായനക്കാര്‍ക്ക് സമ്മാനിക്കുന്നത്.
കോപ്പികള്‍ക്ക്: സോഫിയാ ബുക്‌സ്, പെരുവണ്ണാമൂഴി, കോഴിക്കോട്-673 528. ഫോണ്‍: 9995574308, 0496 2961333. വില 100 രൂപ. http://www.sophiabuy.com

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?