Follow Us On

07

January

2025

Tuesday

കേട്ടാലും കേട്ടാലും കൊതി തീരാത്ത സ്വരം

കേട്ടാലും കേട്ടാലും കൊതി തീരാത്ത സ്വരം

ഫാ. തോമസ് ആന്റണി പറമ്പി

‘എടീ, മക്കളെ പള്ളിയില്‍ പോകാന്‍ വിളിച്ചോ?’ ‘ഇതുവരേയും അവര്‍ എഴുന്നേറ്റില്ലേ?’ ‘എന്റെ മക്കളേ, നിങ്ങള്‍ ഇതുവരേയും റെഡിയായി ഇറങ്ങിയില്ലേ?’ ചെറുപ്രായത്തില്‍ വീട്ടില്‍ എല്ലാ ദിവസവും പ്രത്യേകിച്ച് ശനി, ഞായര്‍ ദിവസങ്ങളില്‍ അതിരാവിലെ കേട്ടിരുന്ന അപ്പന്റെ സ്വരമാണ് മുകളില്‍ കുറിച്ചത്. പള്ളിയില്‍ കുര്‍ബാനയ്ക്കു പോകാനുള്ള കാര്യം മൂന്നും നാലും പ്രാവശ്യം പറഞ്ഞിരുന്ന അപ്പനെയാണ് യോഹന്നാന്‍ 21 :15 മുതല്‍ 19 വരെയുള്ള ഭാഗം വായിക്കുമ്പോള്‍ എന്റെ ഓര്‍മ്മയില്‍ വരാറുള്ളത്.
‘അവര്‍ക്കു സമയം അറിയാമല്ലോ’,’സമയമാകുമ്പോള്‍ അവര്‍ പുറപ്പെട്ടുകൊള്ളില്ലേ’.’എന്തിനു ഇത്രയും പ്രാവശ്യം പറയുന്നു’ എന്നിങ്ങനെയുള്ള ചേട്ടന്മാരുടെ കമന്റുകള്‍ ഉണ്ടാകാറുള്ളതും. പലപ്രാവശ്യം കേള്‍ക്കുമ്പോള്‍ കുഞ്ഞുമനസില്‍ നീരസം തോന്നിയതും ഓര്‍ക്കുന്നു. എന്തു കമന്റുകളുണ്ടായാലും അപ്പന്റെ സ്വരം ആ വിധം തുടര്‍ന്നിരുന്നു.

സ്ഥിരമായുണ്ടാകാറുള്ള അപ്പന്റെ മറ്റൊരു ഡയലോഗിന്റെ സ്വരവും ഓര്‍മയില്‍ ഉണ്ട്. പൈനാപ്പിള്‍ കൃഷിയും, ധാരാളം വാഴയും ആ കാലത്ത് ഞങ്ങളുടെ പറമ്പിലുണ്ടായിരുന്നു. കൂടുതല്‍ സ്ഥലമുണ്ടായിരുന്നതിനാല്‍ എവിടെ നില്ക്കുന്നവയാണ് മൂത്ത് പാകമായതെന്ന് മക്കളായ ഞങ്ങള്‍ അറിയാറില്ലെങ്കിലും സ്ഥിരം കൃഷിയിടങ്ങളില്‍ പോയിരുന്ന അപ്പന്‍ അതെല്ലാം കൃത്യമായി മനസിലാക്കിയിരുന്നു. ‘മക്കളേ ഇവിടെ ഒരു വാഴക്കുല പഴുത്തിട്ടുണ്ട്’, പറമ്പിലൂടെ നടക്കുന്നതിനിടയില്‍ അപ്പന്‍ ഉറക്കെ വിളിച്ചു പറയുന്നത് കേള്‍ക്കുമ്പോള്‍ ഓടി ചെല്ലുകയും വെട്ടിതരുന്ന കുല സന്തോഷത്തോടെ വീട്ടിലേക്ക് കൊണ്ടുവരുകയും ചെയ്യുമായിരുന്നു. പഴുത്ത പടലയില്‍നിന്നും പഴം ഉരിഞ്ഞു കഴിക്കാനുള്ള ഞങ്ങളുടെ അവകാശം നന്നായി വിനിയോഗിച്ചിരുന്നു.

അതു ആസ്വദിച്ചു നില്‍ക്കുമ്പോയായിരിക്കും അപ്പന്റെ മറ്റൊരു സ്വരം, ‘എടാ ഇവിടെയിതാ ഒരു പഴുത്ത പൈനാപ്പിള്‍. കേള്‍ക്കേണ്ട താമസം, പിന്നെ അപ്പന്‍ നില്‍ക്കുന്ന സ്ഥലത്തേക്ക് ഓട്ടമാണ്. ഇങ്ങനെ ഒരു ദിവസം മൂന്നും നാലും പ്രാവശ്യം വാഴക്കുല, പൈനാപ്പിള്‍, പപ്പായ എന്നിവ ചൂണ്ടി കാണിച്ച് പറഞ്ഞിരുന്ന അപ്പന്റെ സ്വരം ഓര്‍ക്കുന്നു. കേട്ടപ്പോഴൊക്കെ ഓടി ചെല്ലാന്‍ എന്തൊരു ഉത്സാഹമായിരുന്നു. എത്ര പ്രാവശ്യം കേട്ടിട്ടും നീരസത്തിന്റെ ഒരു തരി പോലും മനസില്‍ ഉദിച്ചിരുന്നില്ല. വൈദികനായ ഞാന്‍ അപ്പന്റെ സ്വരം ഇന്ന് ഓര്‍ക്കുമ്പോള്‍ പത്രോസിനോട് ഒരേ കാര്യം യേശു മൂന്നു പ്രാവശ്യം പറയുന്ന രംഗത്തിന് ഒരു ആത്മീയ വിശദീകരണം എളുപ്പത്തില്‍ ഹൃദയത്തില്‍ തെളിയുന്നു.

ശാരീരിക ഭക്ഷണത്തിന്റെ കാര്യം എത്ര പ്രാവശ്യം കേട്ടാലും പിറുപിറുപ്പില്ലാതെയും നിരസം തോന്നാതെയും സന്തോഷത്തോടെ പ്രത്യുത്തരിക്കാനും നടപ്പിലാക്കാനും ഉത്സാഹം കാണിക്കുന്ന മക്കള്‍ പക്ഷേ ആത്മീയ ഭക്ഷണ കാര്യത്തില്‍ ഓര്‍മിപ്പിച്ച് സഹായിക്കുന്ന സ്വരം ഒന്നിലധികം പ്രാവശ്യം കേള്‍ക്കുമ്പോള്‍ പിറുപിറുപ്പിന്റെയും നീരസത്തിന്റെയും ചിന്തകള്‍ക്ക് ഹൃദയത്തില്‍ വേലിയേറ്റമുണ്ടാകാന്‍ അനുവദിക്കുന്നു.
ആത്മീയ കാര്യങ്ങളുടെ സ്വരം കേള്‍ക്കുമ്പോള്‍ ഉടനടി തടസംനില്‍ക്കുന്നതിനുള്ള ചിന്തകള്‍ മനസിലുദിപ്പിച്ച് സാത്താന്‍ ഒരുവനെ പ്രേരിപ്പിക്കുമെന്നത് നാം തിരിച്ചറിയണം. പത്രോസ് ഒരിക്കല്‍ തടസംനിന്ന് സംസാരിച്ചതിന് തക്ക പരിഹാരം ചെയ്യാനും, മുന്നോട്ടുള്ള ജീവിതത്തില്‍ സാത്തന്റെ കെണികളെ തിരിച്ചറിഞ്ഞ് തോല്പിച്ച് തകര്‍ക്കാനുള്ള ആത്മബലം സ്വന്തമാക്കാനും പത്രോസിന് ഈശോ അവസരം കൊടുക്കുന്നതായി ‘നീ എന്നെ സ്‌നേഹിക്കുന്നുവോ’ എന്ന ചോദ്യത്തെ നാമെടുക്കണം.

ഭാവിയില്‍ സഭയുടെ മാര്‍പാപ്പയാകേണ്ടിയിരുന്നവന്‍ ആ സ്വരത്തിന് പൂര്‍ണ്ണമായും അഗാധ എളിമയോടെ വിധേയനായതുകൊണ്ട് ഇന്ന് വിശ്വാസ സംബന്ധ ആത്മീയ കാര്യങ്ങളില്‍ മാര്‍പാപ്പയ്ക്ക് തെറ്റുപറ്റാത്ത അവസ്ഥ വന്നുചേരാനും ഇടയായി എന്ന് നമുക്ക് വിശ്വസിക്കാം.
നമ്മള്‍ എല്ലാ പ്രാര്‍ത്ഥനകളും പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിലാണ് സമര്‍പ്പിച്ച് കാഴ്ചവയ്ക്കുന്നത്. പത്രോസിനോടുള്ള ആദ്യത്തെ ചോദ്യവും ഉത്തരവും പിതാവിന്റെ നാമത്തിലും രണ്ടാമത്തേത് പുത്രന്റെ നാമത്തിലും മൂന്നാമത്തേത് പരിശുദ്ധാത്മാവിന്റെ നാമത്തിലും കണ്ടുകൊണ്ട് ഈ സംഭവത്തെ ഹ്യദയത്തില്‍ ധ്യാനിക്കാനാണ് എനിക്കിഷ്ടം. അങ്ങനെ പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തില്‍ നടത്തിയ ആ ഉടമ്പടി ശരിക്കും ഫലംകണ്ടു. പത്രോസ് ഹൃദയം നുറുങ്ങി പറഞ്ഞു, ”കര്‍ത്താവേ നീ എല്ലാം അറിയുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നും നീ അറിയുന്നു.”

ഇന്ന് ദൈവാലയങ്ങളില്‍ നിന്നും ആത്മീയ ഉപദേശങ്ങളും അതിലേക്ക് നയിക്കുന്ന ചോദ്യങ്ങളും ഒന്നില്‍ കൂടുതല്‍ പ്രാവശ്യം കേള്‍ക്കാനിടയായാല്‍ പിറുപിറുപ്പിന്റെയോ പുഛഭാവത്തിന്റെയോ വികാരങ്ങള്‍ വ്യക്തികളില്‍ കൂടുന്നില്ലേയെന്ന് സംശയിക്കണം. അങ്ങനെ ആരുടെയെങ്കിലും ഹൃദയത്തില്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ മനസ്തപിച്ച് ഉള്ളുരുകി കരുണയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം. സാത്താന്റെ പ്രലോഭനത്തെ തകര്‍ക്കാനും പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തില്‍ ഹൃദയത്തിലുള്ള ദൈവസ്‌നേഹത്തിന്റെ ഉറപ്പ് പ്രഖ്യാപ്പിക്കാനും ദൈവം അനുവദിക്കുന്ന അവസരമാണ് ജീവിതത്തില്‍ വീണുകിട്ടുന്നതെന്ന തിരിച്ചറിവുണ്ടായാല്‍ ആ വിവേകം എത്രയോ ഉന്നതം, പരിശുദ്ധം!! ഇടവകകളില്‍ തിരുനാളുകളുടെ അറിയിപ്പിന്റെ സ്വരം കേട്ടു തുടങ്ങി. ചെണ്ട, ബാന്റ്, ഗാനമേളം, വെടിക്കെട്ട് എന്നിവയുടെ കാര്യങ്ങള്‍ എത്ര പ്രാവശ്യം കേട്ടാലും വിരോധമില്ലാത്തതും എന്നാല്‍ തിരുനാള്‍ ദിവസത്തില്‍ നന്നായി കുമ്പസാരിച്ചൊരുങ്ങി വിശുദ്ധകുര്‍ബാന സ്വീകരിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് കേള്‍ക്കുമ്പോള്‍ പിറുപിറുപ്പിന്റെ തോന്നലുകള്‍ ഉണ്ടാകുന്നതും എന്തൊരു വിരോധാഭാസം. ഒപ്പം കണ്ണിനും കാതിനും ഇമ്പം നല്‍കുന്ന ഈ ലോക രസങ്ങളെക്കുറിച്ച് ജനങ്ങളെ അറിയിക്കാന്‍ സ്വരമുയര്‍ത്തുകയും എന്നാല്‍ ഹൃദയത്തിന്റെയും ആത്മാവിന്റെയും കാര്യങ്ങള്‍ പറയാന്‍ ശബ്ദമില്ലാതിരിക്കുകയും ചെയ്യുന്ന വ്യക്തികളുടെ അവസ്ഥ എത്രയോ ദയനീയം. ഏതോ വലിയ രോഗത്തിന്റെയും തകരാറിന്റെയും ലക്ഷണമാണതെന്ന് ഗ്രഹിക്കാന്‍ കൃപ തരണമേയെന്ന പ്രാര്‍ത്ഥന നാം ഉയര്‍ത്തണം.

ഈലോക രസങ്ങള്‍ പ്രദാനം ചെയ്യുന്ന സാധനങ്ങളുടെയും സൗകര്യങ്ങളുടെയും സംവിധാനനങ്ങളുടെയും മെച്ചങ്ങള്‍ സ്വീകരിച്ചും ആസ്വദിച്ചും നീങ്ങുന്നതില്‍ വിരോധമില്ലെന്നും തകരാറില്ലെന്നും കരുതി എല്ലാവരും മുന്നേറുന്ന ഈ കാലത്ത് വിഭിന്ന ആശയങ്ങള്‍ വച്ചുപുലര്‍ത്തുന്നത് മഠയത്തരമായി മുദ്രകുത്തപ്പെട്ടേക്കാം. ഒറ്റപ്പെട്ടുപോകുന്ന അവസ്ഥ നേരിടേണ്ടി വന്നേക്കാം. എങ്കിലും ഉറപ്പുവേണം, എനിക്കു വേണ്ടി കാലിതൊഴുത്തില്‍ ജനിക്കാന്‍ തയാറായവന്‍ വിശുദ്ധ കുര്‍ബാനയിലൂടെ അപ്പത്തിന്റെ രൂപത്തില്‍ എന്റെ ഹൃദയത്തില്‍ ജനിച്ച് എന്നോടൊപ്പം ജീവിക്കുന്നുണ്ടെന്ന്. എല്ലാം ക്യത്യമായി അറിയുന്ന ഈശോയാണ് ഒരേ ആത്മീയ ചോദ്യം പലയാവര്‍ത്തി ഉയര്‍ത്തിയതും പത്രോസിനെകൊണ്ട് ഉത്തരം പറയിപ്പിച്ചതും. കണ്ണിരോടെ ഉത്തരം പറയാന്‍ പത്രോസിന് ഇടവരുത്തിയെങ്കില്‍ അതിനു ഉന്നതമായ ഉദ്ദേശമുണ്ടായിരുന്നു എന്നത് തിരിച്ചറിയുന്നവന്‍ ആത്മീയ കാര്യങ്ങളെകുറിച്ച് എത്രപ്രാവശ്യം കേള്‍ക്കേണ്ടി വന്നാലും എളിമയോടും സന്തോഷത്തോടും കൂടെ സ്വാഗതം ചെയ്യും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?