കണ്ണൂര്‍: തലശ്ശേരി അതിരൂപതയിലെ എടൂര്‍ സെന്റ് മേരീസ് ഫൊറോന ദൈവാലയത്തെ ആര്‍ക്കി എപ്പിസ് കോപ്പല്‍ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായി ഉയര്‍ത്തുന്നു. ഡിസംബര്‍ ആറിന് വൈകുന്നേരം 5.30 ന് എടൂരില്‍നിന്നു അതിരൂപതയുടെ നേതൃത്വത്തില്‍ ചെമ്പേരി ലൂര്‍ദ് മാതാ ബസിലിക്കയിലേക്ക് നടത്തുന്ന പ്രഥമ മരിയന്‍ തീര്‍ഥാടനത്തിനു മുന്നോടിയായുള്ള മരിയന്‍ സന്ധ്യയില്‍ തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും.
തലശേരി അതിരൂപതയില്‍ ഈ പദവിയിലേക്കു ഉയര്‍ത്തപ്പെടുന്ന ആദ്യ ദൈവാലയമാണ് എടൂര്‍. പ്രഖ്യാപന ത്തോടെ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന മരിയന്‍ തീര്‍ഥാടന കേന്ദ്രമായി എടൂര്‍ മാറും. തലശേരി അതിരൂപത സ്ഥാപനത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുവാന്‍ ഒരുങ്ങികൊണ്ടിരിക്കുമ്പോഴാണ് രൂപതാ സ്ഥാപനത്തിനു മുമ്പ് സ്ഥാപിക്കപ്പെട്ട എടൂരിനെ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിക്കുന്നത്.
നിലവില്‍ 9 ഇടവകകളുള്ള ഫൊറോനയാണ് എടൂര്‍. 1500 കുടുംബങ്ങളാണ് ഈ ഇടവകയില്‍ ഉള്ളത്. തലശേരി അതിരൂപതയിലെ ഏറ്റവും വലിയ ഇടവകയും ഇതാണ്. നൂറോളം വൈദികരും മുന്നൂറോളം സിസ്റ്റേഴ്സും എടൂരില്‍ നിന്നുണ്ട്. എടൂര്‍ ടൗണില്‍ കുന്നിന്‍മുകളില്‍ തലയെടുപ്പോടെ ഉയര്‍ന്നുനില്‍ക്കുന്ന എടൂര്‍ സെന്റ് മേരീസ് ഫൊറോന ദൈവാലയം മലബാറിലെ ഏറ്റവും പ്രധാനപ്പെട്ട ദൈവാലയമായി മാറുകയാണ്.
തലശേരി അതിരൂപതാ ആസ്ഥാനത്തുനിന്നു ഇതു സംബന്ധിച്ച അറിയിപ്പ് ലഭിച്ചതോടെ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മരിയന്‍ തീര്‍ത്ഥാടനകേന്ദ്ര പ്രഖ്യാപനം ചരിത്ര സംഭവമാ ക്കുന്നതിനുള്ള തയാറെടുപ്പുകളിലാണ് ഇടവകാംഗങ്ങള്‍. വികാരി ഫാ. തോമസ് വടക്കേമുറിയിലിന്റെയും അസിസ്റ്റന്റ് വികാരി ഫാ. തോമസ് പുകമലയുടെയും നേതൃത്വത്തില്‍ ഇടവകകമ്മിറ്റിയും ഇടവക സമൂഹവും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലാണ്.
പരിശുദ്ധ കന്യാകാമറിയത്തിന്റെ നാമത്തില്‍ പ്രതി ഷ്ഠിതമായിരിക്കുന്ന തലശേരി അതിരൂപതയിലെ ആദ്യ ദേവലയമായ എടൂരിനു അഭിമാന നിമിഷങ്ങളാണിത്. മലബാറിലെ ഏറ്റവും പ്രമുഖ കുടിയേറ്റ മേഖലയാണ് എടൂര്‍.
Leave a Comment
Your email address will not be published. Required fields are marked with *