ജോസഫ് മൈക്കിള്‍
വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു വീഡിയോകോള്‍ മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലേക്കു വന്നത്. ചങ്ങനാശേരിയിലെ വടക്കേക്കര കല്ലുകുളം വീട്ടിലേക്കുവന്ന ആ ഫോണ്‍കോളിന് ഏറെ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. മാര്‍പാപ്പയുടെ വിദേശയാത്രകള്‍ ക്രമീകരിക്കുന്ന ഒഫീഷ്യല്‍ സെക്രട്ടറിയായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ വല്യമ്മച്ചി ശോശാമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചായിരുന്നു വിളി. മാര്‍പാപ്പ വീഡിയോകോളില്‍ വിളിച്ചു എന്ന വാര്‍ത്ത ആശ്ചര്യം കലര്‍ന്ന അമ്പരപ്പോടെയാണ് മലയാളികള്‍ കേട്ടത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്തയും ഇവിടേക്ക് എത്തി. 51-കാരനായ മോണ്‍. കൂവക്കാടിന് കര്‍ദിനാള്‍ പദവി ലഭിച്ചിരിക്കുന്നു. വൈദികനില്‍നിന്നും നേരിട്ട് കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഉയരുന്ന ആദ്യ ഇന്ത്യക്കാരനാണ് മാര്‍ ജോര്‍ജ് കൂവക്കാട്. ഇപ്പോള്‍ ഇന്ത്യയില്‍നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ കര്‍ദിനാളും.
2006 മുതല്‍ വത്തിക്കാന്‍ നയതന്ത്രവിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്ന മോണ്‍. ജോര്‍ജ് കൂവക്കാടിന് 2020-ല്‍ പ്രെലേറ്റ് പദവി ലഭിച്ചിരുന്നു. 2020-ലാണ് വത്തിക്കാനിലെ കേന്ദ്ര കാര്യാലയത്തില്‍ പൊതുകാര്യങ്ങള്‍ക്കുവേണ്ടിയുള്ള വിഭാഗത്തില്‍ നിയമിച്ചത്. നവംബര്‍ 24ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ ദൈവാലയത്തില്‍ വച്ചായിരുന്നു മെത്രാഭിഷേകം നടന്നത്. കര്‍ദിനാള്‍ പദവിയിലേക്കുള്ള സ്ഥാനാരോഹണം ഡിസംബര്‍ എട്ടിന് വത്തിക്കാനില്‍ നടക്കും. മാര്‍ കൂവക്കാട് അനുഭവങ്ങളും കാഴ്ചപ്പാടുകളും സണ്‍ഡേ ശാലോമിനോടു പങ്കുവയ്ക്കുന്നു.
?പിതാവിന്റെ കര്‍ദിനാള്‍ പദവിക്ക് നിരവധി അപൂര്‍വതകളുണ്ട്. വൈദികനില്‍നിന്ന് കര്‍ദിനാള്‍ പദവിയിലെത്തുന്ന ആദ്യ ഇന്ത്യാക്കാരന്‍, ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ കര്‍ദിനാള്‍… ഇവയെ അങ്ങ് എങ്ങനെയാണ് കാണുന്നത്.
കര്‍ത്താവിനോടും അവന്റെ മണവാട്ടിയായ സഭയോടും കൂടുതല്‍ വിശ്വസ്തനാകാനുള്ള വിളിയായിട്ടാണ് കര്‍ദിനാള്‍പദവിയെ ഞാന്‍ കാണുന്നത്. വ്യക്തിപരമായി ഇത്തരത്തില്‍ ഒരു ആഗ്രഹമോ പ്രതീക്ഷയോ സ്വപ്‌നത്തില്‍പോലും ഉണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ അപ്രതീക്ഷിതമായ പ്രഖ്യാപനം ഞാനും ആശ്ചര്യത്തോടെയാണ് കേട്ടത്. സ്‌പെയിനില്‍ ആയിരിക്കുമ്പോളാണ് ഈ വാര്‍ത്ത അറിയുന്നത്. എളിയവനും ബലഹീനനുമായ എന്നിലൂടെ സര്‍വശക്തനായ ദൈവത്തിനു വലിയ ശുശ്രൂഷ ചെയ്യാനുള്ള അവസരമായി ഈ നിയോഗത്തെ ഞാന്‍ കണക്കാക്കുന്നു. കര്‍ദിനാള്‍ സ്ഥാനലബ്ധിയെ വ്യക്തിപരമായ നേട്ടമായല്ല കാണുന്നത്; ഭാരത സഭയ്ക്കുള്ള മാര്‍പാപ്പയുടെ സമ്മാനമായാണ്.
?ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിദേശയാത്രകളുടെ ചുമതല വഹിക്കുന്ന തലത്തിലേക്കുള്ള അങ്ങയുടെ വളര്‍ച്ചയുടെ നാള്‍വഴികള്‍ വിശദമാക്കാമോ? പിതാവ് ഇപ്പോള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ഉത്തരവാദിത്വങ്ങള്‍ എന്തൊക്കെയാണ്.
വത്തിക്കാന്‍ നയതന്ത്ര കാര്യാലയത്തിലാണ് എനിക്കു പരിശീലനം ലഭിച്ചത്. പരിശീലനത്തിനുശേഷം, അള്‍ജീരിയ, ദക്ഷിണ കൊറിയ, ഇറാന്‍, കോസ്റ്ററിക്ക, വെനസ്വേല എന്നിവിടങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളിലാണ് ജോലി ചെയ്തത്. നയതന്ത്രകാര്യാലയങ്ങളില്‍ ജോലിചെയ്യുന്നവര്‍ അഞ്ചുവര്‍ഷം വത്തിക്കാനില്‍ ജോലിചെയ്യണമെന്ന ഫ്രാന്‍സിസ് പാപ്പയുടെ തീരുമാനപ്രകാരം വത്തിക്കാനിലെത്തിയതാണ് ഞാന്‍. അവിടെ, ആദ്യം കേന്ദ്രകാര്യാലയത്തിലെ ഇംഗ്ലീഷ് ഭാഷാ വിഭാഗത്തിലും തുടര്‍ന്ന്, ഇപ്പോള്‍ വിദേശകാര്യവകുപ്പില്‍ മാര്‍പാപ്പയുടെ വിദേശയാത്രകളുടെ പ്രധാന സംഘടകനായും ജോലിചെയ്യുന്നു. വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയായ മാര്‍പാപ്പയുടെ യാത്രകളെ തീര്‍ത്ഥാടനങ്ങളായി കാണാനാണ് എനിക്കിഷ്ടം. അവയ്ക്കുവേണ്ട എല്ലാ മുന്നൊരുക്കങ്ങളും നടത്തുകയും യാത്രകളില്‍ പാപ്പയെ അനുഗമിക്കുകയുമാണ് എന്റെ ദൗത്യം.
ആള്‍ക്കൂട്ടത്തെയല്ല, ആള്‍ക്കൂട്ടത്തിലെ ദുര്‍ബലരെയാണ് പാപ്പ കാണുന്നതെന്ന് എനിക്കു തോന്നാറുണ്ട്. അവരെ ചേര്‍ത്തുനിര്‍ത്തും, വാരിപ്പുണരും. കുട്ടികളെങ്കില്‍, പലപ്പോഴും കരങ്ങളില്‍ എടുക്കും. വിഷമങ്ങള്‍ ചോദിച്ചറിയും. സാഹചര്യം അനുവദിക്കുന്നതുപോലെ ആവശ്യമായ സഹായം നല്‍കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യും.
?പിതാവിന്റെ വല്യമ്മച്ചിയെ മാസങ്ങള്‍ക്കുമുമ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ വീഡിയോ കോളില്‍ വിളിച്ചത് വലിയ വാര്‍ത്തയായിരുന്നല്ലോ. മാര്‍പാപ്പയുമായി ഇത്രയും അടുപ്പം ഉണ്ടായത് എങ്ങനെയാണ്?
നമ്മെ വിസ്മയിപ്പിക്കുന്ന ആളാണ് ഫ്രാന്‍സിസ് പാപ്പ. പലരെയും പാപ്പ വ്യക്തിപരമായി ഫോണില്‍ വിളിച്ച കാര്യം വാര്‍ത്തകളില്‍ ഇടംനേടിയിട്ടുണ്ടല്ലോ. കോവിഡ് ബാധിച്ചു വല്യമ്മച്ചി ആശുപത്രിയിലായപ്പോള്‍ ഞാന്‍ പാപ്പയോട് പ്രാര്‍ത്ഥനാ സഹായം ചോദിച്ചിരുന്നു. തുടര്‍ന്ന് കൂടെക്കൂടെ വല്യമ്മച്ചിയുടെ രോഗവിവരം അന്വേഷിച്ചിരുന്ന പാപ്പ ഒരു ദിവസം തിരക്കൊഴിഞ്ഞ സമയത്ത് വല്യമ്മച്ചിയോടു സംസാരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതനുസരിച്ച് വിളിച്ചതാണത്. വ്യക്തിപരമായി എല്ലാവരോടും കരുതലും സ്‌നേഹവും പ്രകടിപ്പിക്കുന്ന പാപ്പയുടെ സ്വാഭാവിക ശൈലിയാണത്; നമ്മെ അത് അതിശയിപ്പിക്കുമെങ്കിലും!
?നിരവധി വിദേശയാത്രകളില്‍ മാര്‍പാപ്പയെ അനുഗമിച്ചിട്ടുണ്ടല്ലോ. ആ യാത്രകളില്‍ മനസില്‍ തട്ടിയ ഏതാനും അനുഭവങ്ങള്‍ പങ്കുവയ്ക്കാമോ.
കണ്ടുമുട്ടുന്ന ഓരോ വ്യക്തിക്കും ഓര്‍ക്കാന്‍ ഒരുപിടി ഓര്‍മകള്‍ സമ്മാനിക്കുന്ന വ്യക്തിത്വമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. എനിക്കും വ്യക്തിപരമായി ഹൃദയത്തോടു ചേര്‍ത്തുവെക്കാവുന്ന കുറെയേറെ നല്ല ഓര്‍മകള്‍ പരിശുദ്ധ പിതാവിനോടൊപ്പമുള്ള കഴിഞ്ഞ വര്‍ഷങ്ങളില്‍ ലഭിച്ചിട്ടുണ്ട്. പാവങ്ങളോട് പാപ്പ കാണിക്കുന്ന സ്‌നേഹവും സാഹോദര്യവും എന്നെ വളരെയേറെ ആകര്‍ഷിച്ചിട്ടുണ്ട്.
?ആളുകളുടെ ഹൃദയങ്ങളെ സ്വാധീനിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പക്ക് പ്രത്യേകമായൊരു സിദ്ധി ഉണ്ടെന്നു കാഴ്ചക്കാര്‍ക്ക് തോന്നുക സ്വഭാവികമാണ്. അടുത്തുനില്ക്കാന്‍ ഭാഗ്യം ലഭിച്ചൊരാള്‍ എന്ന നിലയില്‍ അങ്ങ് എങ്ങനെയാണ് അതിനെ കാണുന്നത്?
വളരെ ഹൃദ്യമായി ഇടപെടുന്ന ഒരാളാണ് ഫ്രാന്‍സിസ് പാപ്പ. ആള്‍ക്കൂട്ടത്തെയല്ല, ആള്‍ക്കൂട്ടത്തിലെ ദുര്‍ബലരെയാണ് പാപ്പ കാണുന്നതെന്ന് എനിക്കു തോന്നാറുണ്ട്. അവരെ ചേര്‍ത്തു നിര്‍ത്തും, വാരിപ്പുണരും. കുട്ടികളെങ്കില്‍, പലപ്പോഴും കരങ്ങളില്‍ എടുക്കും. വിഷമങ്ങള്‍ ചോദിച്ചറിയും. സാഹചര്യം അനുവദിക്കുന്നതുപോലെ ആവശ്യമായ സഹായം നല്‍കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യും. നമുക്കിടയിലേക്കിറങ്ങിവരുന്ന ദൈവസാന്നിധ്യംപോലെ പാപ്പയുടെ സാന്നിധ്യം എനിക്ക് എപ്പോഴും അനുഭവപ്പെടാറുണ്ട്. പാവങ്ങളുടെ കൂടെയായിരിക്കുമ്പോള്‍ പാപ്പയ്ക്ക് ശക്തമായൊരു ഊര്‍ജ്ജം ലഭിക്കുന്നതായി തോന്നിയിട്ടുണ്ട്.
?അങ്ങയെ നിസിബിസി കല്‍ദായ രൂപതയുടെ സ്ഥാനിക മെത്രാപ്പോലീത്തയായി പ്രഖ്യാപിച്ച ഉടനെ ചങ്ങനാശേരി അതിരൂപത രണ്ട് അമൂല്യസമ്മാനങ്ങള്‍ നല്‍കിയല്ലോ. പൗവത്തില്‍ പിതാവ് ഉപയോഗിച്ചിരുന്ന കുരിശുമാലയും അദ്ദേഹത്തിന്റെ മുറിയും. ആ നിമിഷം മനസിലേക്കുവന്ന ചിന്ത എന്തായിരുന്നു.
അഭിവന്ദ്യ പവ്വത്തില്‍ പിതാവിന്റെ സ്‌നേഹവും പ്രോത്സാഹനവുമാണ് സാധാരണക്കാരനായ എനിക്ക് ജീവിതത്തില്‍ കാഴ്ചപ്പാടുകള്‍ നല്‍കിയത്. വത്തിക്കാന്‍ നയതന്ത്രകാര്യാലയത്തില്‍ പ്രവേശിക്കാന്‍ എനിക്കവസരം തന്നതിന് ഞാന്‍ പിതാവിനോട് നന്ദിപറഞ്ഞ സന്ദര്‍ഭമോര്‍ത്തുപോയി. പിതാവ് അപ്പോള്‍ എന്നോട് പറഞ്ഞതിങ്ങനെയാണ്: ‘വ്യക്തിപരമായി എന്നോട് നന്ദി പ്രകടിപ്പിക്കേണ്ടതില്ല. സഭയെ സ്‌നേഹിക്കണം, നമ്മുടെ അതിരൂപതയെ സ്‌നേഹിക്കണം.’ നന്മയുള്ള, കറകളഞ്ഞ ബോധ്യങ്ങളുള്ള, സഭാസ്‌നേഹമുള്ള വൈദികനായി ജീവിക്കാനുള്ള പ്രേരണ എനിക്കു ലഭിച്ചത് അഭിവന്ദ്യ പവ്വത്തില്‍ പിതാവില്‍നിന്നാണ്. പിതാവിന്റെ കസേരയില്‍ ഇരിക്കാതെ മറ്റൊരു കസേരയിലാണ് ഞാന്‍ ആ മുറിയില്‍ ഇരുന്നത്. ആ വടവൃക്ഷത്തിന്റെ തണലില്‍ സഭാജീവിതം കരുപ്പിടിപ്പിച്ച എനിക്ക് ഇനി ആ പ്രാര്‍ത്ഥന തണലാവും എന്നുറപ്പുണ്ട്!
?ലോകത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ യാത്ര ചെയ്യുകയും നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്‌തൊരാള്‍ എന്ന നിലയില്‍ കത്തോലിക്ക വിശ്വാസം ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികളെ ഏതുവിധത്തിലാണ് വിലയിരുത്തുന്നത്.
കത്തോലിക്കാ സഭ ആധുനിക കാലത്ത് നേരിടുന്ന വെല്ലുവിളികള്‍ പലതാണ്. 1.ഭൗതികവാദം (Materialism): ഭൗതികതയ്ക്ക് അമിത പ്രാധാന്യം നല്‍കുന്ന ജീവിതശൈലി- ധനവും ഇതര ഭൗതികനേട്ടങ്ങളും വിഗ്രഹങ്ങളാകുന്ന അവസ്ഥ. 2.തെറ്റായ മതേതരവാദം (False Secularism): എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുന്നതിനു പകരം മതങ്ങളെ അകറ്റിനിര്‍ത്തുന്ന നിലപാട്. 3.ആഴമേറിയ വിശ്വാസത്തിന്റെ അഭാവം: വിശ്വാസമുണ്ടെന്ന് അവകാശപ്പെടുന്നവര്‍ തന്നെ കേവലം ഭൗതികനേട്ടങ്ങള്‍ക്കായി ദൈവത്തെ തേടുന്ന അവസ്ഥ. 4.ആപേക്ഷികവാദം (Relativism): വസ്തുനിഷ്ഠമായത് ഒന്നുമില്ലെന്നും എല്ലാം വ്യക്തിനിഷ്ഠമാണെന്നുമുള്ള കാഴ്ചപ്പാട്. സത്യാനന്തര കാലഘട്ടത്തിന്റെ (Post Truth era) പ്രത്യേകതയാണിത്. ധാര്‍മ്മികതയില്‍ ഇത് വലിയ അപകടങ്ങള്‍ സൃഷ്ടിക്കും. 5.വിശ്വാസവും ജീവിതവും തമ്മിലുള്ള പൊരുത്തക്കേട്: ശരിയായ ജീവിതസാക്ഷ്യത്തിന്റെ അഭാവം. മതാനുയായികളുടെ എതിര്‍സാക്ഷ്യം മൂലം മതം ആരെയും ആകര്‍ഷിക്കുന്നില്ല എന്ന അവസ്ഥ സംജാതമാകുന്നു.
ശരിയായ ദൈവാവബോധത്തില്‍നിന്നേ ശരിയായ മനുഷ്യാവബോധവും പ്രപഞ്ചാവബോധവുമൊക്കെ ഉണ്ടാകുന്നുള്ളൂ. സഭയാകുന്ന അമ്മയില്‍നിന്നേ, സ്വര്‍ഗീയ അപ്പനെക്കുറിച്ചു ഒരുവന് ശരിയായ ധാരണ ലഭിക്കൂ. ജീവിതത്തില്‍ ദൈവത്തിന് അര്‍ഹമായ സ്ഥാനം നല്‍കിയാല്‍ തീരാവുന്ന പ്രശ്‌നങ്ങളേ ലോകത്തിലുള്ളൂ.
?കേരളത്തില്‍ യുവജനങ്ങള്‍ വിദേശ കുടിയേറ്റത്തിന്റെ തിരക്കിലാണ്. അവരുടെ വിദേശപഠനത്തെയും സാധ്യതകളെയും എങ്ങനെയാണ് നോക്കിക്കാണുന്നത്?
കേരളത്തില്‍നിന്നും യുവാക്കള്‍ ക്രമാതീതമായി വിദേശങ്ങളിലേക്ക് പഠനത്തിനായും ജോലിക്കായും കുടിയേറുന്ന ഒരു പ്രവണത സമീപകാലത്തു കൂടുതലായി കണ്ടുവരുന്നുണ്ട്. യുവാക്കള്‍ക്ക് വിദ്യാഭ്യാസത്തിനും മാന്യമായ ജോലിക്കുമുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ച്, ഒരു സമൂഹമെന്ന നിലയില്‍ അടുത്ത തലമുറയെ സ്വന്തം നാട്ടില്‍ ആകര്‍ഷിച്ചുനിര്‍ത്താന്‍വേണ്ട പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനെപ്പറ്റി അധികാരികള്‍ ഗൗരവമായി ചിന്തിച്ചു തുടങ്ങണം.
അതേസമയംതന്നെ, കേരളത്തിലെ നമ്മുടെ നഷ്ടം, വിദേശരാജ്യങ്ങളില്‍ സഭയ്ക്ക് നന്മയായി പരിണമിക്കുന്ന സാഹചര്യവും നിലവിലുണ്ട്. അവിടെ സഭ തഴച്ചുവളരുന്നു, ദൈവവിളികള്‍ ലഭിക്കുന്നു. ഇവയെല്ലാം പരിഗണിച്ച്, നമ്മുടെ അജപാലനപദ്ധതികളില്‍ മാറ്റം വരുത്തേണ്ടതുണ്ട്.
?ഉക്രെയ്ന്‍-റഷ്യ യുദ്ധവും ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷവും ആരംഭിച്ചിട്ട് ഒരു വര്‍ഷത്തിലധികമായി. ഈ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളെപ്പറ്റി വിശദീകരിക്കാമോ?
ക്രൈസ്തവസഭയും മാര്‍പാപ്പമാരും എന്നും ലോകസമാധാനത്തിനുവേണ്ടി അക്ഷീണം യത്‌നിച്ചിട്ടുള്ളവരാണ്. സഭ സമാധാനം പുലരുവാന്‍ ആഹ്വാനംചെയ്യുകയും അതിനായി പ്രാര്‍ത്ഥിക്കുകയും ഉപവസിക്കുകയും സാധിക്കുന്ന രീതിയിലെല്ലാം നയതന്ത്രതലങ്ങളിലുള്‍പ്പെടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 7-ന് ആഗോളസഭ ലോകസമാധാനത്തിനായി പ്രാര്‍ത്ഥിക്കുകയും ഉപവസിക്കുകയും ചെയ്തത് ഓര്‍ക്കുന്നുണ്ടാവുമല്ലോ. മനുഷ്യര്‍ക്ക് അസാധ്യമായ കാര്യങ്ങള്‍ ദൈവത്തിനു സാധ്യമാണ്. ദൈവത്തോട് മനുഷ്യന്‍ ചേര്‍ന്നുനില്‍ക്കുമ്പോള്‍ തീര്‍ച്ചയായും ഭൂമിയില്‍ സമാധാനം പുലരും. നമ്മുടെ പ്രാര്‍ത്ഥനകള്‍ അതിനു നമ്മെ സഹായിക്കും.
?മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനത്തെക്കുറിച്ച് നിറംപിടിപ്പിച്ച വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്താണ് യാഥാര്‍ത്ഥ്യം? 2025-ല്‍ മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിക്കുമോ.
പത്രോസിന്റെ പിന്‍ഗാമിയുടെ ഒരു തീര്‍ത്ഥാടനം ദീര്‍ഘനാളത്തെ പ്രയത്‌നത്തിന്റെയും പ്രാര്‍ത്ഥനയുടെയും അന്തിമഫലമാണ്. നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്രമീകരിക്കാന്‍ ആരംഭിച്ച യാത്രകളാണ് പാപ്പ ഈ വര്‍ഷം നടത്തിയത്. അടുത്ത വര്‍ഷം ആഗോളസഭയില്‍ ജൂബിലി വര്‍ഷവുമാണ്. അതുകൊണ്ട് പെട്ടെന്നുള്ള ക്രമീകരണങ്ങള്‍ അത്ര എളുപ്പമല്ല. എങ്കിലും, അനതിവിദൂരഭാവിയില്‍ പത്രോസിന്റെ പിന്‍ഗാമി ഭാരതമണ്ണില്‍ കാലുകുത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം.
ചങ്ങനാശേരി മാമ്മൂട് ലൂര്‍ദ്മാതാ ഇടവകയിലെ കൂവക്കാട് ജേക്കബ്-ലീലാമ്മ ദമ്പതികളുടെ മൂന്നുമക്കളില്‍ മൂത്തമകനാണ് ലിജിമോന്‍ എന്നു വിളിക്കുന്ന മാര്‍ ജോര്‍ജ് ജേക്കബ്. 2004 ജൂലൈ 24 ന് മാര്‍ ജോസഫ് പൗവത്തിലില്‍നിന്നാണ് വൈദികപട്ടം സ്വീകരിച്ചത്. പുഞ്ചിരിയോടെയെ കൂവക്കാട് പിതാവിനെ കാണാന്‍ കഴിയൂ എന്ന് പറയാറുണ്ട്. തന്റെ പുഞ്ചിരിയെ ദൈവിക കൃപയായിട്ടാണ് മാര്‍ കൂവക്കാട് കാണുന്നത്. ഫ്രാന്‍സിസ് പാപ്പ പലപ്പോഴും ഈ പുഞ്ചിരിയെക്കുറിച്ചു സംസാരിച്ചിട്ടുണ്ട്. നീ ഉറങ്ങുമ്പോഴും ചിരിക്കുമോ എന്നൊരിക്കല്‍ തമാശുരൂപേണ മാര്‍പാപ്പ ചോദിക്കുകയും ചെയ്തിരുന്നു.
മാര്‍ കൂവക്കാടിന്റെ മാതാപിതാക്കളുടെ വിവാഹജൂബിലിവേളയില്‍ അനുഗ്രഹം വാങ്ങാനെത്തിയ മാതാപിതാക്കളോട് മാര്‍പാപ്പ നര്‍മ്മത്തില്‍പ്പൊതിഞ്ഞ ഒരു സംശയം ചോദിച്ചു, സദാ പുഞ്ചിരിക്കാന്‍ ചെറുപ്പത്തില്‍ മകന് നല്‍കിയ ഭക്ഷണം എന്തായിരുന്നു? മാര്‍ കൂവക്കാടിന്റെ ഹൃദയം നിറഞ്ഞ പുഞ്ചിരി പാപ്പയെയും എറെ ആകര്‍ഷിച്ചിട്ടുണ്ടെന്നത് തീര്‍ച്ച.
Leave a Comment
Your email address will not be published. Required fields are marked with *