റവ. ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍
(വടവാതൂര്‍ പൗരസ്ത്യവിദ്യാപീഠത്തിലെ പ്രഫസറാണ് ലേഖകന്‍ )
സിനഡാത്മകസഭയെന്ന സ്വപ്നത്തെ യാഥാര്‍ഥ്യമാക്കാനുള്ള യജ്ഞത്തിലാണല്ലോ കത്തോലിക്കാ സഭ. അതിന്റെ പ്രാരംഭപടിയായിട്ടാണ് 2021 ഒക്ടോബര്‍ ഒമ്പതിന് സിനഡല്‍ പ്രക്രിയയ്ക്കു ഫ്രാന്‍സിസ് മാര്‍പാപ്പ റോമില്‍ തുടക്കംകുറിച്ചത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ റോമില്‍ സിനഡാലിറ്റിയെക്കുറിച്ചു ചര്‍ച്ചചെയ്യാന്‍ സിനഡുസമ്മേളനങ്ങള്‍ ഉണ്ടായിരുന്നു. 2024 ഒക്ടോബര്‍ 27-നാണ് സിനഡാലിറ്റിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സമാപിച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ തിരുപ്പിറവിയെക്കുറിച്ചു വിചിന്തനം ചെയ്യുന്നത് കരണീയമാണെന്നു തോന്നുന്നു.
കുടുംബങ്ങളുടെ മാതൃക
സിനഡാത്മകസഭയുടെ പ്രാക്‌രൂപം ലോകരക്ഷകനായ മിശിഹായുടെ തിരുപ്പിറവിയില്‍ ദര്‍ശിക്കാനാകും. ഒന്നാമതായി, സിനഡാത്മകസഭ വിഭാവനം ചെയ്യുന്ന കൂട്ടായ്മയുടെ വലിയ ദൃഷ്ടാന്തം ഈശോയുടെ തിരുപ്പിറവിയില്‍ ഉണ്ട്. ദൈവം നമ്മോടുകൂടെ (ഇമ്മാനുവേല്‍) ആയതു ദൈവമനുഷ്യ കൂട്ടായ്മയ്ക്കുവേണ്ടിയാണ്. ദൈവത്തോടുള്ള സമാനത നിലനിര്‍ത്തേണ്ട കാര്യമായി പരിഗണിക്കാതെ സ്വയം ശൂന്യവത്കരണത്തിന്റെ മേലങ്കിയണിഞ്ഞ് ദൈവം മനുഷ്യാവതാരം ചെയ്തതും (ഫിലി. 2:6) മനുഷ്യരോടുള്ള സ്‌നേഹകൂട്ടായ്മ മൂലമാണ്. ദൈവം മനുഷ്യനായത് മനുഷ്യനെ ദൈവികനാക്കാനായിരുന്നുവെന്ന വിശുദ്ധ ആഗസ്തീനോസിന്റെ വാക്കുകള്‍ ഇത്തരുണത്തില്‍ പ്രസക്തമാണ്. ദൈവമനുഷ്യകൂട്ടായ്മയെ ശക്തീകരിക്കുകയും വെളിവാക്കുകയും ചെയ്ത മനുഷ്യാവതാരവേളയില്‍ സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും മനുഷ്യരുടെയും മാലാഖമാരുടെയും ആട്ടിടയരുടെയും ജ്ഞാനികളുടെയും കൂട്ടായ്മ രൂപപ്പെടുന്നു. മാത്രമല്ല, ദൈവജനത്തെ മുഴുവനും ശാന്തിയുടെയും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും കൂട്ടായ്മയില്‍ ഒന്നിപ്പിക്കുന്ന കണ്ണിയായി തിരുപ്പിറവി മാറുന്നു. സഭാത്മകകൂട്ടായ്മയെ ത്വരിതപ്പെടുത്തുമ്പോഴാണു സിനഡാലിറ്റിയും തിരുപ്പിറവിയും അര്‍ഥപൂര്‍ണമാകുന്നത്.
രണ്ടാമതായി, സിനഡാത്മകസഭ വിഭാവനം ചെയ്യുന്ന ശ്രവണത്തിന്റെ പാഠമാണ് തിരുപ്പിറവി നമുക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. മറിയം മംഗളവാര്‍ത്ത ശ്രവിക്കുകയും ദൈവഹിതത്തിനു മുമ്പില്‍ ഇതാ കര്‍ത്താവിന്റെ ദാസി എന്നു പ്രഖ്യാപിക്കുകയും ചെയ്തു. മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ട എന്ന ദൈവികവചസുകളെ മാര്‍ യൗസേപ്പും ശ്രവിക്കുകയും സ്വീകരിക്കുകയും ചെയ്തതിന്റെ നേര്‍ക്കാഴ്ചയാണു തിരുപ്പിറവി. ദൈവഹിതം ശ്രവിച്ചു യൗസേപ്പു മറിയത്തെ സ്വീകരിക്കുന്നതും അവര്‍ വിശുദ്ധിയില്‍ ജീവിക്കുന്നതും ആധുനിക കുടുംബങ്ങള്‍ക്കു മാതൃകയും വെല്ലുവിളിയുമാണ്. ദൈവിക വചസുകള്‍ ശ്രവിക്കാന്‍ നിരന്തരം കാതോര്‍ത്തതുകൊണ്ടാണ് ആട്ടിടയര്‍ക്കും ജ്ഞാനികള്‍ക്കും ഉണ്ണീശോയെ കാണാന്‍ ഭാഗ്യം സിദ്ധിച്ചത്.
ഹേറോദേസിന്റെ കൊട്ടാരങ്ങള്‍
മൂന്നാമതായി, സിനഡാത്മകസഭ വിഭാവനം ചെയ്യുന്ന ഒരുമിച്ചുള്ള യാത്രയുടെ പരിച്ഛേദമാണ് തിരുപ്പിറവി. സിനഡ് എന്ന പദത്തിന്റെ അര്‍ഥം തന്നെ ‘ഒരുമിച്ചു നടക്കുക’ എന്നാണ്. ഈ പദം സൂചിപ്പിക്കുന്നതുപോലെ ആട്ടിടയരും ജ്ഞാനികളും ഒരുമയോടെയാണു യാത്ര ചെയ്തത്. നിങ്ങള്‍ക്കായി ഒരു ലോകരക്ഷകന്‍ പിറന്നിരിക്കുന്നു എന്ന മാലാഖയുടെ സന്ദേശത്തിന്റെ ഉള്‍പ്പൊരുള്‍ ധ്യാനിച്ചുകൊണ്ടാണ് ആട്ടിടയര്‍ പുല്‍ക്കൂട്ടിലേക്കു യാത്രതിരിച്ചത്. രക്ഷകനെത്തേടിയാണ് ജ്ഞാനികളും കിഴക്കുനിന്നു പുറപ്പെട്ടത്. യാത്രയുടെ ഇടയിലുണ്ടായ വൈതരണികളെയെല്ലാം അതിജീവിക്കാന്‍ കഴിഞ്ഞത് അവരുടെ ഒരുമയോടെയുള്ള നടത്തമായിരുന്നു. ഒരുമയോടെയുള്ള യാത്രവേളകളിലാണു നക്ഷത്രങ്ങള്‍ വഴികാട്ടികളായി നമുക്കുമുമ്പേ നീങ്ങുന്നത്. യാത്രകളിലെ ഒരുമ നഷ്ടപ്പെടുമ്പോഴാണു ഹേറോദേസിന്റെ കൊട്ടാരങ്ങള്‍ നമ്മള്‍ തേടിപ്പോകുന്നത്. എന്നാല്‍, ഒരുമയോടെയുള്ള നടത്തങ്ങളെല്ലാം കര്‍ത്താവിന്റെ തിരുസന്നിധിയില്‍ നമ്മെ എത്തിക്കും. അതുകൊണ്ടാണ് ‘ഒരുമിച്ച്, എളിമയോടെ, ഔത്സുക്യത്തോടെ, ആനന്ദത്തോടെ, സഹോദര സ്‌നേഹത്തോടെ ഈശോയുടെ പാതയില്‍ നടക്കുക’ എന്നു 2024 ഡിസംബര്‍ 8-ന് റോമില്‍ നടന്ന കര്‍ദിനാളുമാരുടെ സ്ഥാനാരോഹണചടങ്ങില്‍ ഫ്രാന്‍സിസ് പാപ്പ ഉദ്‌ബോധിപ്പിച്ചത്.
വൈവിധ്യങ്ങളുടെ ആശ്ലേഷം
നാലാമതായി, നാനാത്വത്തില്‍ ഏകത്വമാണ് സിനഡാത്മകസഭ വിഭാവനം ചെയ്യുന്നത്. വൈവിധ്യങ്ങളുടെ ആശ്ലേഷമാണ് തിരുപ്പിറവിയില്‍ നാം കാണുന്നത്. മാലാഖമാരെ മാത്രമല്ല, ആട്ടിടയരെയും ജ്ഞാനികളെയും മൃഗങ്ങളെയും പക്ഷികളെയുമെല്ലാം കാലിത്തൊഴുത്തിനുചുറ്റും നമുക്കു കാണാം. മാത്രമല്ല, പുല്‍ക്കൂട്ടില്‍ ഭൂജാതനായ ഈശോയെ അവര്‍ തങ്ങളുടേതായ രീതിയില്‍ കുമ്പിട്ടാരാധിക്കുകയും വണങ്ങുകയും ചെയ്യുന്നു. ഇപ്രകാരമുള്ള വൈവിധ്യങ്ങളെ അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങളെ വിപുലീകരിക്കാനും എല്ലാവരോടും സുവിശേഷം പ്രഘോഷിക്കാനും സിനഡാത്മകസഭ ആഹ്വാനംചെയ്യുന്നു.
ഇടവകസമൂഹവും കുടുബവും മുന്നോട്ടുനീങ്ങേണ്ടത് പരസ്പരകൂട്ടായ്മയുടെയും ശ്രവണത്തിന്റെയും പാതയിലൂടെയാകണം. ഒരുമയോടെയുള്ള യാത്രകളിലൂടെ പരസ്പരം ഭാരങ്ങള്‍ വഹിക്കാനും ലക്ഷ്യബോധത്തോടെ നീങ്ങാനും തിരുപ്പിറവി നമ്മെ ഓര്‍മിപ്പിക്കുന്നു. പതിതരെയും പാവപ്പെട്ടവരെയും പരിഗണിക്കാനും കുഞ്ഞുങ്ങളെയും പ്രായമായവരെയും ചേര്‍ത്തുനിര്‍ത്താനും പ്രകൃതിയെ സംരക്ഷിക്കാനും തിരുപ്പിറവി ചൂണ്ടുപലകയാകുന്നു. അനുദിനജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും ഈശോയുടെ സ്വരം ശ്രവിക്കാന്‍ തിരുപ്പിറവി നമ്മെ ക്ഷണിക്കുന്നു. അങ്ങനെ ഈശോയുടെ ജനനവും സാര്‍വത്രികസഭയുടെ ജൂബിലിയും സഭയുടെ പുത്തനുണര്‍വിനും സഭാമക്കളുടെ വിശ്വാസതീക്ഷ്ണതയ്ക്കും സമൂഹത്തിന്റെ കൂട്ടായ്മയ്ക്കും നിദാനമായിത്തീരട്ടെയെന്ന് ആശംസിക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *