Follow Us On

12

January

2025

Sunday

പ്രത്യാശയുടെ തീര്‍ത്ഥാടകര്‍

പ്രത്യാശയുടെ തീര്‍ത്ഥാടകര്‍

 ബിഷപ് ഡോ. അലക്‌സ് വടക്കുംതല

സന്താന്‍ ഡിസൂസയെ ഒരിക്കല്‍ കണ്ടാല്‍, പരിചയപ്പെട്ടാല്‍, പെട്ടെന്നങ്ങ് മറക്കാനാവില്ല. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ കേന്ദ്ര കാര്യാലയമായ ഡല്‍ഹിയിലെ സിബിസിഐ സെന്ററില്‍ ദീര്‍ഘകാലം റിസപ്ഷനിസ്റ്റായിരുന്നു സന്താന്‍. വെറും രണ്ടര അടി ഉയരമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഒരു ജീവിതത്തിനപ്പുറം വലിപ്പമുള്ള പ്രാഭവം ആ മനുഷ്യനുണ്ടായിരുന്നു! 1986-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ സിബിസിഐ സെന്റര്‍ സന്ദര്‍ശിച്ചപ്പോള്‍ പാപ്പയെ സ്വീകരിക്കാന്‍ ഒരു ചുവന്ന റോസാപ്പൂവുമായി മുന്‍നിരയില്‍ സന്താന്‍ ഉണ്ടായിരുന്നു. സന്താനെ കണ്ടപാടെ, പാപ്പ, പിതൃസഹജമായ വാത്സല്യത്തോടെ, ഇരുകരങ്ങളിലെടുത്ത് സന്താനെ ഉയര്‍ത്തി. അവിസ്മരണീയമായ ആനന്ദ മുഹൂര്‍ത്തമായി ആ ധന്യനിമിഷങ്ങള്‍! വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ 1999-ല്‍ ഡല്‍ഹിയില്‍ വീണ്ടും വന്നെത്തിയപ്പോള്‍ തീര്‍ത്ഥാടകനായ പാപ്പ’തികച്ചും ക്ഷീണിതനായിരുന്നു. ചവിട്ടുപടികള്‍ക്കു പകരം റാംപും, നടക്കുമ്പോള്‍ ഊന്നുവടിയും ആവശ്യമായി വന്നു. പക്ഷെ, സന്താനെ കണ്ടപ്പോള്‍, ആ വാത്സല്യ കണ്ണുകളിലൊരെണ്ണം മെല്ലെ ഇറുക്കി, ഇടതുകൈ ഉയര്‍ത്തി തന്റെ പഴയ‘സുഹൃത്തിനെ’സ്‌നേഹാഭിവാദനം ചെയ്തു. ഈ പ്രാവശ്യം സന്താന്‍ ഡിസൂസയെ പഴയതുപോലെ കൈകളിലെടുത്ത് ഉയര്‍ത്താനായില്ല! പക്ഷെ, ഏഷ്യയിലെ സഭ എന്ന അപ്പോസ്താലിക പ്രബോധനം അന്ന് ഒപ്പുവച്ച് പ്രസാധനം ചെയ്യുകവഴി, ഏഷ്യയിലെ ക്രൈസ്തവരെ മുഴുവന്‍ പ്രതീകാത്മകമായി ഉയര്‍ത്തി, ഉണര്‍ത്തി!

സുവിശേഷ വെളിച്ചം
നിഴലും അന്ധകാരവും നിലനില്ക്കുന്ന മേഖലകളിലേക്കും ഇടങ്ങളിലേക്കും സുവിശേഷത്തിന്റെ വെളിച്ചം പകരാനുള്ള ആഹ്വാനമാണ് ഡല്‍ഹി, സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ വച്ച് 1999 നവംബര്‍ 6-ന് വിശുദ്ധനായ ജോണ്‍ പോള്‍ പാപ്പ ഒപ്പുവച്ച‘എക്‌ളേസിയ ഇന്‍ ആ സിയ’അഥവാ‘ഏഷ്യയിലെ സഭ’എന്ന അപ്പോസ്തലിക പ്രബോധനം. അതിന്റെ ഏഴാം ഖണ്ഡികയില്‍ പാപ്പ പറഞ്ഞു: “ഏഷ്യയിലെ സഭ ഒരു തീര്‍ത്ഥാടക സഭയാണ്. ഇവിടുത്തെ ജനതതിയുടെ ആദ്ധ്യാത്മികവും ഭൗതികവുമായ വെല്ലുവിളികളിലേക്ക്, നവസുവിശേഷവത്ക്കരണത്തിലൂടെ പ്രത്യാശപകര്‍ന്നുകൊടുക്കാന്‍ സഭയ്ക്ക് സാധിക്കണം. ഏഷ്യയിലെ സഭയുടെ പ്രകാശനത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 2025-ലെ ജൂബിലി വന്നെത്തിയിരിക്കുന്നു. ‘പ്രത്യാശയുടെ തീര്‍ത്ഥാടകര്‍’ എന്നാണ് ജൂബിലി ആപ്തവാക്യം. മാത്രമല്ല, സിനഡാലിറ്റിയെപ്പറ്റിയുള്ള സിനഡിന്റെ സമാപനം കഴിഞ്ഞ് പുതിയൊരു പ്രതീക്ഷയുടെ കാലഘട്ടത്തിലാണ് നാം. സഭയിലാകമാനം നവീകരണത്തിന്റെ കുളിര്‍കാറ്റു വീശിയ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ 60-ാം വാര്‍ഷികത്തിലാണ് ഫ്രാന്‍സിസ് പാപ്പ സിനഡാലിറ്റിയെപ്പറ്റിയുള്ള സിനഡ് ചിന്തകള്‍ക്ക് 2021-ല്‍ കത്തോലിക്കാ സഭയിലാകമാനം തുടക്കംകുറിച്ചത്. 2024 ഒക്‌ടോബര്‍ 26-ന്, അതിന്റെ‘സമഗ്രായ സമാപനരേഖ ദൈവജനത്തിന് മുഴുവനായി ഞാന്‍ നല്‍കുന്നു’എന്നു പറഞ്ഞുകൊണ്ടാണ് പാപ്പ അത് അംഗീകരിച്ചത്. പുതിയ സഹസ്രാബ്ധത്തില്‍ സഭയില്‍നിന്നും ക്രിസ്തു ആവശ്യപ്പെടുന്ന പ്രവര്‍ത്തന ശൈലിയാണ് സിനഡാത്മകത എന്നും പാപ്പ പറഞ്ഞു. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും നവീകരണത്തിന്റെ പ്രത്യാശാ കാലയളവാണിത്. അനുരഞ്ജിതരായി, കൂട്ടായ്മയില്‍ കൈകോര്‍ത്ത് മുന്നോട്ടു ചരിക്കേണ്ട മുഹൂര്‍ത്തം. പ്രത്യാശയുടെ തീര്‍ത്ഥാടകരും മിഷണറിമാരുമായി സഭയിലും സമൂഹത്തിലും കര്‍മ്മനിരതരാകാനുള്ള കാലഘട്ടം.

പ്രതിസന്ധികളില്‍
തളരാത്ത പ്രത്യാശ
ഏഷ്യന്‍ ഭൂഖണ്ഡത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളും വ്യത്യസ്തങ്ങളായ പ്രതിസന്ധികളുടെ നടുവിലാണ്. വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തിലാണ് സഭാതനയര്‍ പ്രത്യാശയുടെ തീര്‍ത്ഥാടകരായി കടന്നുചെല്ലേണ്ടത്. ‘സോദരര്‍ സര്‍വ്വരും’ എന്ന സാമൂഹിക ചാക്രിക ലേഖനത്തില്‍ ഫ്രാന്‍സിസ് പാപ്പ എഴുതി: തുറന്നിട്ടിരിക്കുന്ന വാതിലുകളുള്ള ഭവനമാണ് സഭ. കാര ണം അവള്‍ അമ്മയാണ്. അനുരഞ്ജനത്തിന്റെ വിത്തു വിതയ്ക്കാനും, മതിലുകള്‍ തകര്‍ത്ത് പാലം പണിയുവാനും, കൂട്ടായ്മയുടെ അടയാളമായി, പ്രത്യാശ നിലനിര്‍ത്താന്‍, നമ്മുടെ ആരാധനാ ലയങ്ങളില്‍ നിന്നും സങ്കീര്‍ത്തികളില്‍ നിന്നും, പരിശുദ്ധ അമ്മയെ അനുകരിച്ച് ശുശ്രൂഷയ്ക്ക് ഇറങ്ങേണ്ട സഭയാകണം നാം” (ഫ്രത്തെല്ലി തൂത്തി 276).

പ്രതിസന്ധികളുടെ നടുവിലും പ്രത്യാശയുടെ പ്രവാചകന്മാരായി ധീരതയോടെ നിലകൊണ്ടവരുടെ ജീവിതം നമുക്ക് പ്രചോദനമാണ്. ആഹ്ലാദിച്ചുല്ലസിക്കുവിന്‍”(Rejoice and be Glad) എന്ന പ്രബോധനത്തില്‍ ഫ്രാന്‍സിസ് പാപ്പ വിശുദ്ധ ജോസഫൈന്‍ ബക്കീത്തയുടെയും കര്‍ദിനാള്‍ ഫ്രാന്‍സിസ് സേവ്യര്‍ വാന്‍ തുവാന്റെയും ഹൃദയഹാരിയായ ജീവിതാനുഭവങ്ങള്‍ വിവരിക്കുന്നുണ്ട്. ബനഡിക്ട് പതിനാറാമന്‍ പാപ്പ രക്ഷിക്കപ്പെടുന്ന പ്രത്യാശ’(Spe Salvi – Saved by Hope) എന്ന ചാക്രിക ലേഖനത്തിലും ആഫ്രിക്കയിലെ ഈ അടിമ പെണ്‍കുട്ടിയുടെയും വീരോചിതമായ നിലപാടുകളെടുത്ത രണ്ട് ഏഷ്യക്കാരുടെയും കഥ വിവരിച്ചിരുന്നു.

വിശുദ്ധയായി മാറിയ അടിമ പെണ്‍കുട്ടി
ബക്കീത്ത ജനിച്ചത് സുഡാനിലെ ഡാര്‍ഫ്യുര്‍ എന്ന ഗ്രാമത്തില്‍ 1869-ലാണ്. നിഷ്‌കളങ്കയായ ആ പെണ്‍കുഞ്ഞിനെ 9-ാം വയസില്‍ ആരോ തട്ടിക്കൊണ്ടു പോയി. പിന്നീട് അടിമചന്തയില്‍ വിറ്റു. പലരും അവളെ വിലയ്ക്കു വാങ്ങിക്കുകയും പലവട്ടം വീണ്ടും വില്ക്കുകയും ചെയ്തു. അവളോട് എല്ലാ വിധത്തിലും അതിക്രൂരമായി യജമാനന്മാരും അവരുടെ കുടുംബവും പെരുമാറിയിരുന്നു. ചാട്ടവാറടികൊണ്ടുണ്ടായ 144 മുറിപ്പാടുകള്‍ അവളുടെ ശരീരത്തില്‍ ഉണ്ടായിരുന്നു. അവസാനം അവളെ വാങ്ങിയത് ഒരു ഇറ്റാലിയന്‍ വ്യവസായിയാണ്. അയാള്‍ സ്വദേശത്തേക്ക് മടങ്ങിപ്പോകാനായപ്പോള്‍ വീണ്ടും അവളെ വില്ക്കാനൊരുങ്ങി. അവള്‍ കേണപേക്ഷിച്ചു: ഇനിയും എന്നെ വില്ക്കരുത്. ഞാന്‍ നിങ്ങളോടൊപ്പം ആ നാട്ടിലേക്ക് വരാം. എന്തു ജോലിയും ചെയ്തുകൊള്ളാം!”അങ്ങനെ അവള്‍ ഇറ്റലിയിലെത്തി.

അവിടെ വച്ച് അവള്‍ ഒരു പുതിയ യജമാനനെ കണ്ടെത്തി. തന്നെ ജനനം മുതല്‍ അതിയായി സ്‌നേഹിക്കുകയും സഹനങ്ങളുടെ നടുവിലും സംരക്ഷിച്ച ഒരു യജമാനനെ. ആ അറിവ് അവള്‍ക്ക്, പുത്തനൊരു പ്രത്യാശ പകര്‍ന്നു. അവനില്‍ അവള്‍ സ്‌നാനപ്പെട്ടു. 1890 ജനുവരി 9-നായിരുന്നു അവളുടെ ജ്ഞാനസ്‌നാനം. അന്നേ ദിനം തന്നെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും സ്ഥൈര്യലേപനവും നടന്നു. തുടര്‍ന്ന്, കനേഷ്യന്‍ സഭയില്‍ ചേര്‍ന്ന് 1896 ഡിസംബര്‍ 8-ന് വൃതവാഗ്ദാനം നടത്തി. പിന്നീടുള്ള അവളുടെ ജീവിതം ക്രിസ്തു നല്‍കിയ പ്രത്യാശയുടെ സന്ദേശം പകരാനും എല്ലാ അടിമത്വത്തില്‍ നിന്നും വിമോചിക്കുന്ന ക്രിസ്തുവിനെ പ്രഘോഷിക്കാനുമായിരുന്നു.

13 വര്‍ഷം ജയിലില്‍ അടക്കപ്പെട്ട കര്‍ദിനാള്‍
പ്രചോദനാത്മകമായ മറ്റൊരു ജീവിതം വിയറ്റ്‌നാമില്‍ നിന്നുള്ള കര്‍ദിനാള്‍ ഫ്രാ ന്‍സിസ് സേവ്യര്‍ വാന്‍ തുവാന്റേതാണ്. ക്രിസ്ത്യാനി എന്ന ഏക കാരണം കൊണ്ട് കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് 13 വര്‍ഷം അദ്ദേഹത്തെ തടവറയിലടച്ചു. അതില്‍ 9 വര്‍ഷം ഏകാന്ത തടവില്‍! ജയിലിലായിരുന്നപ്പോള്‍ വിശുദ്ധ ബലിയര്‍പ്പിക്കുവാന്‍ അതിയായി ആഗ്രഹിച്ചു. പക്ഷെ, അവിടെ അതിനുള്ള സൗകര്യവും സാഹചര്യവും അനുവാദവുമില്ല. ബിഷപ്‌സ് ഹൗസിലെ വൈദികര്‍ക്ക് അദ്ദേഹം ഒരു കുറിപ്പ് കൊടുത്തയച്ചു: കലശമായ വയറുവേദനയ്ക്ക് മരുന്നായി അല്പം വീഞ്ഞ് കൊടുത്തയക്കണം! അവര്‍ക്ക് കാര്യം മനസിലായി! ഒരു കൊച്ചു കുപ്പിയില്‍ അല്പം വീ ഞ്ഞും അതിന്റെ അടിയില്‍ ഏതാനും ഓസ്തികളും ടേപ്പുകൊണ്ട് ഒട്ടിച്ച്, കുപ്പി പൊതിഞ്ഞ് ബിഷപ്പിനായി കൊടുത്തയച്ചു. അന്നു മുതല്‍ ഓര്‍മയില്‍ നിന്നെടുത്ത പ്രാര്‍ത്ഥനകള്‍ ചൊല്ലി മണിക്കൂറുകള്‍ നീണ്ട ബലിയര്‍പ്പണവും തുടങ്ങി. അത് വലിയ പ്രത്യാശ പകര്‍ന്നു, ‘പ്രത്യാശയിലേക്കുള്ള വഴി: ജയിലില്‍ നിന്നുള്ള സുവിശേഷം'( The Road to Hope: A Gospel from Prison) എന്ന പുസ്തകത്തില്‍ അദ്ദേഹം എഴുതി: ജയിലില്‍ ബലിയര്‍പ്പിക്കുവാന്‍ എന്റെ കൈവെള്ളയായിരുന്നു എന്റെ കാസയും പീലാസയും. ഈ കൈത്തലം തന്നെയായിരുന്നു അള്‍ത്താര. ഈ കൈ തന്നെയായിരുന്നു എന്റെ കത്തീഡ്രല്‍! ജയില്‍ വിമോചിതനായ ശേഷം ലോകത്തിന് മുഴുവന്‍ ആ ജീവിതം പ്രത്യാശയുടെ സന്ദേശമായി.

രക്തസാക്ഷി പോള്‍ ലെ ബാവോ
ഹൃദയസ്പര്‍ശിയായ പ്രത്യാശയുടെ മൂന്നാമത്തെ ജീവിത സാക്ഷ്യം വിയറ്റ്‌നാമില്‍ നിന്നുള്ള രക്തസാക്ഷി പോള്‍ ലെ ബാവോ ടിന്നിന്റെയാണ്. ജയിലില്‍ നി ന്നുള്ള ഒരു കത്തില്‍ അദ്ദേഹം എഴുതി: നിത്യനരകത്തിന്റെ പ്രതീകമാണ് തടവറ. എല്ലാത്തരം ക്രൂരതയുടെയും ഇരുമ്പു ചങ്ങലകളിലെ ബന്ധനത്തിന്റെയും തെറി വിളികളുടെയും ശാപവാക്കുകളുടെയും പകപോക്കലിന്റെയും പീഡനങ്ങളുടെയും അതിക്രമണങ്ങളുടെയും അതോടൊപ്പം ഉത്കണ്ഠയുടെയും സങ്കടങ്ങളുടെയും ഇടം. എന്നാല്‍, എരിയുന്ന തീച്ചൂളയില്‍ നിന്നും മൂന്നു യുവാക്കളെ സംരക്ഷിച്ച (ദാനിയേല്‍ 3:16-30) അതേ ദൈവം എന്നോടൊപ്പം സദാ ഉണ്ടായിരുന്നു. അവിടുന്ന് എന്നെ കരുത്തനാക്കി. സഹനങ്ങളുടെ മധ്യേ, മറ്റു പലരും നിരാശയില്‍ തകര്‍ന്നപ്പോഴും, ദൈവകൃപ എന്നില്‍ ആനന്ദം പകര്‍ന്നു. കൊടുങ്കാറ്റിലും പ്രതികൂലങ്ങളിലും എന്റെ ജീവിതത്തിന്റെ നങ്കൂരം അവനില്‍ ഞാന്‍ ഉറപ്പിച്ചു. പ്രതികൂലങ്ങളില്‍ തകരാത്ത പ്രത്യാശയുടെ തീര്‍ത്ഥാടകരാകാന്‍ നമുക്കാവുമോ എന്നതാണ് പ്രസക്തമായ ചോദ്യം.

സഭാ സമൂഹങ്ങളില്‍ സജീവതയോടെ
ഫ്രാന്‍സിസ് പാപ്പ എഴുതിയ 2025 ജൂബിലിയുടെ സ്ഥാപന ഡിക്രിയുടെ പേര് ‘പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല’(റോമാ 5:5) എന്നാണ്. പാപ്പ വിവരിക്കുന്നു: “പ്രത്യാശിക്കുക എന്നാല്‍ എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ഭാവി എന്തായിരിക്കും എന്നതിലുള്ള അനിശ്ചിതത്വം ഹൃദയത്തില്‍ കുടികൊള്ളുമ്പോഴും സംഭവിക്കാനിരിക്കുന്ന നല്ല കാര്യങ്ങള്‍ക്കായുള്ള പ്രതീക്ഷയും ദാഹവുമായി പ്രത്യാശ എല്ലാവരിലും കുടികൊള്ളുന്നു. ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം ചിലപ്പോള്‍ പരസ്പര വിരുദ്ധമായ വികാരങ്ങള്‍ ഉണര്‍ത്താം. ഉറച്ച വിശ്വാസത്തില്‍ നിന്നും ഭയത്തിലേക്കും ശാന്തതയില്‍നിന്നും ആകുലതയിലേക്കും ഉറച്ചബോധ്യത്തില്‍ നിന്നും സന്ദേഹത്തിലേക്കും സംശയത്തിലേക്കും നയിക്കപ്പെടാം”(നമ്പര്‍ 1). പ്രത്യാശയുടെ പ്രവാചകരാകാന്‍ സിനഡാലിറ്റിയെപ്പറ്റിയുള്ള സിനഡിന്റെ സമാപന നിര്‍ദ്ദേശങ്ങള്‍ ഹൃസ്വമായി കുറിക്കാം. അടിസ്ഥാനമായി മൂന്നു വാക്കുകള്‍ കൂട്ടായ്മ (Communion)), പങ്കാളിത്തം (Participation), പ്രേഷിതത്വം (Mission) എന്നീ കാര്യങ്ങള്‍ മനസില്‍ സൂക്ഷിക്കണം.

സിനഡാത്മകതയുള്ള സഭാസമൂഹങ്ങള്‍
സഭാസമൂഹത്തില്‍ കാനന്‍ നിയമം നിഷ്‌ക്കര്‍ഷിക്കുന്ന പങ്കാളിത്തത്തിനായുള്ള സംവിധാനങ്ങള്‍ രൂപതയിലും ഇടവകകളിലും സജീവമാക്കണം. ഉദാഹരണമായി, അജപാലനസമിതികളുടെയും സാമ്പത്തിക സമിതികളുടെയും പൊതുയോഗങ്ങള്‍ വികാരിയച്ചനെയും കൊച്ചച്ചനേയും ‘പാരവച്ച് പൊതിക്കാനുള്ളവയല്ല!’പ്രത്യുത, പരസ്പരം സഹകരിച്ച് കൂട്ടായ്മയില്‍, പങ്കാളിത്തത്തോടെ സഭയുടെ പ്രേഷിതദൗത്യം ഫലദായകമാക്കാനാണ്. കൂട്ടുത്തരവാദിത്വം, സുതാര്യത, പ്രവര്‍ത്തനങ്ങളിലെ വിശ്വാസ്യത വളര്‍ത്താനാണ്”(സിനഡ് സമാപന രേഖ നമ്പര്‍ 94, 95, 99, 101).

⋅ തുറവിയോടെയുള്ള പരസ്പര ശ്രവണം
പ്രത്യാശയുടെ പ്രവാചകരാകാന്‍ പരസ്പരം ശ്രവിക്കണം. ആരെയും നമുക്ക് അകറ്റി നിര്‍ത്താനാവില്ല (സിനഡ് സമാപന രേഖ നമ്പര്‍ 63;78). ശ്രവിക്കുക എന്നത് പ്രത്യേകമായൊരു ശുശ്രൂഷയായി (Mission) പരിഗണിച്ച്, എല്ലാവരെയും കൂട്ടായ്മയില്‍ ഒരുമിപ്പിക്കാന്‍ പരിശ്രമിക്കണമെന്ന് സിനഡ് ഓര്‍മിപ്പിക്കുന്നു.
⋅  യുവജന പങ്കാളിത്തം
സിനഡ് സമാപന രേഖ പ്രത്യേകം എടുത്തു പറയുന്നത്, യുവജനങ്ങള്‍ സഭയുടെ ഭാവിയാണെന്ന് മാത്രമല്ല, അവര്‍ സഭയിലും സമൂഹത്തിലും യൗവന പ്രസരിപ്പോടെ ഉണ്ടാകണം എന്നുകൂടിയാണ്. മുതിര്‍ന്നവര്‍ അവരെ ശ്രദ്ധിക്കണം. അവരുടെ സ്വരവും സ്വപ്നങ്ങളും ഉത്കണ്ഠകളും ശ്രവിക്കണം. അവരെ അകറ്റിനിര്‍ത്തിയാല്‍ സഭ പൂര്‍ണ്ണമാവില്ല. സാഹോദര്യത്തിലും നീതിയിലും സഭ പടുത്തുയര്‍ത്താന്‍ എല്ലാവരും വേണം (നമ്പര്‍ 68).
⋅  ഡിജിറ്റല്‍ മാധ്യമങ്ങളിലെ സഭാസാന്നിധ്യം
ആറാമത്തെ ഭൂഖണ്ഡമാണ് ഡിജിറ്റല്‍ മാധ്യമ മേഖല. പ്രത്യാശയുടെ പ്രവാചകര്‍ അവിടെ സജീവമാകണം. സുവിശേഷത്തിന്റെ ധാര്‍മ്മികത നിര്‍മ്മിത ബുദ്ധിയുടെ മേഖലയിലും ഡിജിറ്റല്‍ മാധ്യമങ്ങളിലും കര്‍മ്മധീരതയോടെ ഉണ്ടാകേണ്ടത് ഇന്നത്തെ പ്രേഷിത ദൗത്യമാണ് (സിനഡ് സമാപന രേഖ നമ്പര്‍ 43).
⋅ പാവങ്ങളോടുള്ള കരുതല്‍
സഭ എല്ലാവരുടെയും ഭവനമാണ്. പാവങ്ങളും പരിത്യക്തരും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുമെല്ലാം ഈ വീട്ടിലെ അംഗങ്ങളാകണം. അത് നമ്മുടെ കൂട്ടുത്തരവാദിത്വമാണ് (സിനഡ് സമാപന രേഖ നമ്പര്‍ 34).
⋅  പരിസ്ഥിതി സംരക്ഷണം
മനോഹരമായ ഈ സൃഷ്ടപ്രപഞ്ചവും ഹരിതാഭമായ ചുറ്റുപാടും സുന്ദരമായിത്തന്നെ നിലനിര്‍ത്താനുള്ള ശ്രദ്ധ നമ്മിലുണ്ടാകണം.
⋅  ഇതര മതങ്ങളോടും സഭകളോടും തമ്മിലുള്ള സംവാദം, ബന്ധം
വ്യത്യസ്ത മതങ്ങളും, മറ്റ് ക്രൈസ്തവ സമൂഹങ്ങളോടും വ്യക്തിഗത സഭകളോടുമുള്ള അടുപ്പവും ആദരവും നാമെന്നും കാത്തുസൂക്ഷിക്കേണ്ടതും ഈ കാലഘട്ടത്തില്‍ കൂടുതല്‍ ആവശ്യമായിരിക്കുന്നു (സിനഡ് സമാപന രേഖ 40, 125, 146). ഈ സപ്തതലങ്ങള്‍ മനസില്‍ സൂക്ഷിച്ച് കര്‍മ്മധീരരായി നമ്മുടെ തീര്‍ത്ഥാടനം തുടരാം. പ്രത്യാശയുടെ പ്രേഷിതരാകാം. ഇപ്പോഴല്ലെങ്കില്‍, പിന്നെ എപ്പോള്‍? കള ിീ േിീം, വേലി ംവലി?

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?