ജയ്‌സ് കോഴിമണ്ണില്‍
1993 ഒക്‌ടോബര്‍ രണ്ടിന് തിരുവല്ല എസ്‌സി സെമിനാരി അങ്കണത്തില്‍ ഡോ. ജോസഫ് മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ തിമോത്തിയോസ്, ഡോ. ഐസക് മാര്‍ പീലക്‌സിനോസ് എന്നീ എപ്പിസ്‌കോപ്പമാരുടെ സ്ഥാനാഭിഷേക ശുശ്രൂഷയില്‍ ഒരു സംഭവം ഉണ്ടായി. അലക്‌സാണ്ടര്‍ മാര്‍ത്തോമാ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ രാവിലെതന്നെ എപ്പിസ്‌കോപ്പല്‍ സ്ഥാനാഭിഷേകം ആരംഭിച്ചു. അഭിഷേക ശുശ്രൂഷ കഴിഞ്ഞപ്പോള്‍ ശക്തമായ മഴ. പൊതുസമ്മേളനം തുടങ്ങാറായപ്പോള്‍ പന്തലിലെ ഇരിപ്പിടങ്ങളിലെല്ലാം മഴവെള്ളം. ആരും കസേരയിലിരിക്കാന്‍ തയാറാകുകയില്ലെന്ന് മനസിലാക്കിയ സമ്മേളനത്തിന്റെ അധ്യക്ഷന്‍ കൂടിയായ അലക്‌സാണ്ടര്‍ മെത്രാപ്പോലീത്ത ഇങ്ങനെ പറഞ്ഞു: ‘നമ്മുടെ സഭയ്ക്ക് പുതുതായി മൂന്ന് മെത്രാനച്ചന്മാരെകൂടി നല്‍കി ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. എന്നാല്‍ ഇതില്‍ നാം അഹങ്കരിക്കാതിരിക്കേണ്ടതിന് ഇന്ന് മഴ പെയ്യിച്ച് നമ്മുടെ കസേരകള്‍ നനഞ്ഞിരിക്കുന്നു. നമുക്ക് ദൈവസന്നിധിയില്‍ എളിമയോടെ താഴെ മണ്ണിലിരിക്കാനുള്ള യോഗ്യതയേയുള്ളൂ എന്ന കാര്യം നാം മറന്നു പോകാതിരിക്കാനാണ് ദൈവം ഇത് അനുവദിച്ചിരിക്കുന്നത്.’
ആഡംബരത്തെ എതിര്‍ത്ത മെത്രാപ്പോലീത്ത
വിശുദ്ധിയും ലാളിത്യവും ത്യാഗവും ഇഴചേര്‍ന്ന പുണ്യജീവിതത്തിന്റെ ഉടമയായിരുന്നു അലക്‌സാണ്ടര്‍ മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്ത. വേഷത്തിലും ഭാഷയിലും ഭക്ഷണത്തിലും ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ആശ്രമജീവിതചര്യയായിരുന്നു അദ്ദേഹത്തിന്റേത്. വിലകുറഞ്ഞ ഖാദി വസ്ത്രങ്ങളായിരുന്നു മെത്രാപ്പോലീത്ത ഉപയോഗിച്ചിരുന്നത്. രണ്ടോ മൂന്നോ ജോഡി കുപ്പായങ്ങള്‍ മാത്രമേ അദ്ദേഹത്തിന് ആവശ്യമായിരുന്നുള്ളൂ. അത് സ്വയം കഴുകിയെടുത്ത് ഉണക്കി ഉപയോഗിച്ചു. കുപ്പായമോ മസനപ്‌സായോ (ശിരോവസ്ത്രം) കീറിയാല്‍ തന്നെത്താന്‍ തയ്ച്ച് പഴയ രീതിയിലാക്കുവാന്‍ മെത്രാപ്പോലീത്ത ശ്രദ്ധിച്ചിരുന്നു. അംബാസഡര്‍ കാറായിരുന്നു എപ്പോഴും ഇഷ്ടം. കെഎല്‍വൈ 634-ാം നമ്പര്‍ വെള്ള അംബാസിഡര്‍ കാര്‍ എല്ലാവര്‍ക്കും സുപരിചിതമായിരുന്നു. ആഢംബരത്തെ അലക്‌സാണ്ടര്‍ മെത്രാപ്പോലീത്ത എതിര്‍ത്തിരുന്നു.
ആവശ്യത്തിനനുസരിച്ച് വരുമാനം വര്‍ധിപ്പിക്കുകയല്ല, വരുമാനത്തിന് അനുസരിച്ച് ആവശ്യം പരിമിതപ്പെടുത്തുകയാണ് വേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ നയം. വാക്കുകളിലും മിതത്വം പാലിച്ചിരുന്നു. മുഖസ്തുതി ഇഷ്ടപ്പെട്ടിരുന്നില്ല. സ്വാഗതപ്രസംഗം മുഖസ്തുതിയിലേക്ക് മാറിയാല്‍ ഉടന്‍ വിലക്ക് കല്‍പിക്കുമായിരുന്നു. കൃത്യനിഷ്ഠയും അദ്ദേഹത്തിന്റെ കൂടപ്പിറപ്പായിരുന്നു. എത്ര തിരക്കായാലും സമയനിഷ്ഠ പാലിച്ചിരുന്നു. ആശ്രമ അനുഷ്ഠാനങ്ങളില്‍ നിഷ്ഠയുണ്ടായിരുന്നതിനാല്‍ ഭക്ഷണത്തിലും നിയന്ത്രണം പാലിച്ചു. കുറിയന്നൂരിലെ സ്വന്തം കുടുംബവീട്ടില്‍ എത്തിയാല്‍ വ്രതനിഷ്ഠ കൂടുതല്‍ ജാഗ്രതയോടെ പാലിച്ചിരുന്നു. ഒരു കപ്പ് ചായയോ രണ്ടു കഷണം ബിസ്‌ക്കറ്റോ മാത്രം. വീട്ടില്‍ വിശ്രമിക്കുകയോ അന്തിയുറങ്ങുകയോ ഇല്ല. വിശ്രമം വീടിന് സമീപമുള്ള കുറിയന്നൂര്‍ മാര്‍ത്തോമാ പള്ളിയിലായിരുന്നു.
പ്രാര്‍ത്ഥയുടെ പിന്‍ബലം
ഓരോ ദിനത്തിലും പ്രവര്‍ത്തനത്തിനാവശ്യമായ ദൈവകൃപ ലഭിക്കുന്നതിനുള്ള ശക്തി പ്രാര്‍ത്ഥനയായിരുന്നു. പ്രധാന തീരുമാനമെടുക്കേണ്ട സാഹചര്യങ്ങളില്‍ രണ്ടുമൂന്നു ദിവസം തിരക്കില്‍നിന്നൊഴിഞ്ഞ് ദൂരെ ഒരു സ്ഥലം കണ്ടെത്തി, ശാന്തമായി ധ്യാനിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും സമയം കണ്ടെത്തിയ മെത്രാപ്പോലീത്തയ്ക്ക്, പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രാര്‍ത്ഥനയായിരുന്നു പിന്‍ബലം എന്ന് പിന്നീട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മെത്രാസന മന്ദിരത്തിലെ അറ്റകുറ്റപ്പണികള്‍ കാണുമ്പോള്‍ അത് തടഞ്ഞിട്ടുണ്ട്. വീടില്ലാതെയും മരുന്നിന് തുകയില്ലാതെയും അനേകര്‍ വിഷമിക്കുമ്പോള്‍ സൗകര്യം വര്‍ധിപ്പിക്കുന്നതിനായി ക്രമീകരണങ്ങള്‍ ചെയ്യുന്നത് ശരിയല്ല എന്നായിരുന്നു മെത്രാപ്പോലീത്തയുടെ ഭാഷ്യം. വെളുപ്പിന് അഞ്ചുമണിക്ക് ഉണരുന്ന മെത്രാപ്പോലീത്തയുടെ ഒരു ദിനം പൂര്‍ത്തിയാകുന്നത് രാത്രിയുടെ യാമങ്ങളിലെ ചാപ്പലിലെ ദീര്‍ഘമായ പ്രാര്‍ത്ഥനയുടെ അന്ത്യത്തിലായിരുന്നു.
കൂട്ടായ്മയെ വളര്‍ത്തല്‍
സഭകളുടെ കൂട്ടായ്മ വളര്‍ത്താന്‍ മെത്രാപ്പോലീത്ത ബദ്ധശ്രദ്ധനായിരുന്നു. സഭൈക്യ ശുശ്രൂഷകളെ സുവിശേഷപ്രഘോഷണംപോലെ, സഭയുടെ സത്തയുടെ ഭാഗമായി അദ്ദേഹം കണ്ടിരുന്നു. കേരളത്തില്‍ പ്രത്യേക സാഹചര്യത്തില്‍ രൂപംകൊണ്ട നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റിന്റെ രൂപീകരണത്തിലും വളര്‍ച്ചയിലും അലക്‌സാണ്ടര്‍ മെത്രാപ്പോലീത്ത നിര്‍ണായക പങ്കുവഹിച്ചു. 1989-ല്‍ ഭാരത കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ അധ്യക്ഷനായിരുന്ന ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ നേതൃത്വത്തില്‍ വത്തിക്കാനില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ച കേരളത്തിലെ ക്രൈസ്തവ സഭാധ്യക്ഷന്മാരോടൊപ്പം ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമാ മെത്രാപ്പോലീത്തയുമുണ്ടായിരുന്നു. വിദ്യാഭ്യാസ മേഖലയില്‍ സഭകളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എജ്യുക്കേഷന്റെ പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്തുന്നതില്‍ അലക്‌സാണ്ടര്‍ മെത്രാപ്പോലീത്ത മുഖ്യപങ്കുവഹിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിക്കും അയിരൂരിനും ഇടയിലുള്ള കുറിയന്നൂര്‍ ഗ്രാമത്തില്‍ മാളിയേക്കല്‍ റവ. എം.സി. ജോര്‍ജിന്റെയും ഏലിയാമ്മയുടെയും മൂത്തമകനായി 1913 ഏപ്രില്‍ പത്തിന് ജനിച്ച കുഞ്ഞച്ചന്‍ എന്ന എം.ജി. ചാണ്ടി 1953 മെയ് 23-ന് അലക്‌സാണ്ടര്‍ മാര്‍ തെയോഫിലോസ് എന്ന പേരില്‍ എപ്പിസ്‌കോപ്പയായി വാഴിക്കപ്പെട്ടു. 1974 ജനുവരിയില്‍ സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്തയായി. 1976 ഒക്‌ടോബര്‍ 23 ന് അലക്‌സാണ്ടര്‍ മാര്‍ത്തോമാ എന്ന പേര് സ്വീകരിച്ച് സഭയുടെ അധ്യക്ഷനും മെത്രാപ്പോലീത്തയുമായി. 23 വര്‍ഷം സഭയുടെ അധ്യക്ഷനായിരുന്ന അലക്‌സാണ്ടര്‍ മെത്രാപ്പോലീത്ത 1999 മാര്‍ച്ച് 15 ന് സഫ്രഗന്‍ മെത്രാപ്പോലീത്തയായിരുന്ന ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തെ മെത്രാപ്പോലീത്തയുടെ ചുമതലകള്‍ ഏല്‍പിച്ചു. 1999 ഒക്‌ടോബര്‍ 23 ന് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം, മാര്‍ത്തോമാ മെത്രാപ്പോലീത്തയായും ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്തയായും ഉയര്‍ത്തപ്പെട്ടു. 2000 ജനുവരി 11 ന് അലക്‌സാണ്ടര്‍ മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്ത 87-ാമത്തെ വയസില്‍ കാലംചെയ്തു.
ആധുനിക ലോകത്തിന് അന്യമായിക്കൊണ്ടിരിക്കുന്ന മൂല്യബോധത്തിന്റെയും മാതൃകയുടെയും ദീപ്തസ്മരണയായി, വിശ്വാസവഴിയിലെ പ്രകാശഗോപുരമായി, അലക്‌സാണ്ടര്‍ മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്ത ഇന്നും ജനഹൃദയങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *