ജോസഫ് മൈക്കിള്‍
ജോജോ-ജെല്‍സ ദമ്പതികള്‍ക്ക് എട്ടു മക്കളാണ്. എട്ടും സിസേറിയനുകളും.രണ്ടിലധികം സിസേറിയന്‍ നടത്തിയാല്‍ അപകടമാണെന്ന ചില ഡോക്ടര്‍മാരുടെ വാദങ്ങള്‍ക്ക് സ്വന്തം അനുഭവങ്ങള്‍കൊണ്ടാണ് ഇവര്‍ മറുപടി നല്‍കുന്നത്. ദൈവം ഇനിയും കുഞ്ഞുങ്ങളെ നല്‍കിയാല്‍ സ്വീകരിക്കാനും ഈ കുടുംബം ഒരുക്കമാണ്.
ഗള്‍ഫില്‍ ജോലി ചെയ്യുമ്പോഴാണ് ജോര്‍ജ് കെ.ജെ എന്ന ജോജോക്ക് ജെല്‍സയുടെ വിവാഹാലോചന വന്നത്. ജോജോയുടെ സഹോദരിയും ഭര്‍ത്താവുംപോയി പെണ്‍കുട്ടിയെ കണ്ടു. അവര്‍ക്ക് ഇഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ജോജോ ഫോണിലൂടെ ജെല്‍സയുമായി സംസാരിച്ചു. വ്യത്യസ്തമായ ഒരു ചോദ്യമാണ് ജീസസ് യൂത്തായ ജോജോയുടെ നാവില്‍നിന്നും വന്നത്. അതു നേരത്തെ ആലോചിച്ച് ഉറപ്പിച്ചതൊന്നുമായിരുന്നില്ല. ‘അഞ്ചിലധികം മക്കളെ തരുമെന്നാണ് കര്‍ത്താവ് പറഞ്ഞിരിക്കുന്നത്. അതില്‍ താല്പര്യം ഉണ്ടെങ്കില്‍ ആലോചന മുമ്പോട്ടുകൊണ്ടുപോയാല്‍ മതി.’ കുഞ്ഞുങ്ങളോട് താല്പര്യം ഉണ്ടെന്നായിരുന്നു ജെല്‍സയുടെ മറുപടി. തന്റെ ചോദ്യം പെട്ടെന്നു മനസിലേക്കുവന്നതായിരുന്നെങ്കിലും ദൈവം നല്‍കിയ ബോധ്യമാണെന്നതില്‍ ജോജോക്ക് സംശയമില്ല. വ്യത്യസ്തമായി ചിന്തിക്കുന്ന ഒരു കുടുംബത്തിന് അവിടെ വേരുപാകുകയായിരുന്നു. അങ്ങനെ 2006 മെയ് ഒന്നിന് കൊച്ചി, അരൂര്‍ ഇടവകയിലെ കിഴവന്‍ വീട്ടില്‍ ജോജോയുടെയും എറണാകുളം ഗാന്ധിനഗര്‍ ഇടവകാംഗം ജെല്‍സയുടെയും വിവാഹം നടന്നു. എറണാകുളം ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തി എന്നു വിശേഷിപ്പിക്കാവുന്ന സ്ഥലമാണ് അരൂര്‍.
വിവാഹ ജീവിതം 19-ാം വര്‍ഷത്തിലേക്കു പ്രവേശിക്കുമ്പോള്‍ അഞ്ചു മക്കളെ ആഗ്രഹിച്ചവര്‍ക്ക് എട്ടു മക്കളെയാണ് ദൈവം നല്‍കിയത്. മൂന്ന് ആണ്‍മക്കളും അഞ്ച് പെണ്‍കുട്ടികളും. എട്ടു പ്രസവങ്ങളും സിസേറിയനായിരുന്നു. ഇനിയും മക്കളെ നല്‍കിയാല്‍ സ്വീകരിക്കാന്‍ ഒരുക്കമാണെന്ന് ഭാര്യയും ഭര്‍ത്താവും ഒരുപോലെ പറയുന്നു. ഇതു കൂടാതെ രണ്ടു മക്കള്‍ സ്വര്‍ഗത്തിലുണ്ട്. രണ്ട് തവണ അബോര്‍ഷന്‍ സംഭവിച്ചിട്ടുണ്ട്. രണ്ടിലധികം സിസേറിയന്‍ നടത്തിയാല്‍ ജീവനുതന്നെ അപകടമാണെന്ന ചില ഡോക്ടര്‍മാരുടെ അഭിപ്രായത്തെ സ്വന്തം അനുഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇവര്‍ ഖണ്ഡിക്കുന്നത്.
നാലാമതും ഗര്‍ഭിണി,
ആശുപത്രിയില്‍നിന്നും ഇറക്കിവിടുന്നു
മൂത്ത മകന്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയായ തിയോഫിനും ഇളയവള്‍ മൂന്നു വയസുകാരിയായ ലൊറേറ്റീനയുമാണ് (ലൊറെറ്റാ മാതാവിന്റെ മകള്‍ എന്നര്‍ത്ഥം). സോഫിയ, അല്‍ഫോന്‍സ്, ക്ലാര, മോനിക്ക, കാതറിന്‍, അഗസ്റ്റിന്‍ എന്നിവരാണ് മറ്റു മക്കള്‍. ജെല്‍സ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായിരുന്നു. മക്കള്‍ക്കുവേണ്ടി പിന്നീട് ജോലി ഉപേക്ഷിച്ചു. എട്ടു മക്കള്‍ക്ക് ജന്മം നല്‍കാന്‍ ഈ കുടുംബം നിരവധി പ്രതിസന്ധികളെ നേരിടേണ്ടതായിവന്നു. ആദ്യത്തെ മൂന്നു മക്കള്‍ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ജനിച്ചത്. നാലാമത് ഗര്‍ഭിണിയായപ്പോള്‍ വീണ്ടും ആ ആശുപത്രിയില്‍ ചെന്നു. ഗര്‍ഭിണിയാണോ എന്ന ടെസ്റ്റുപോലും നടത്താതെ ആശുപത്രിക്കാര്‍ അവരെ നിഷ്‌ക്കരുണം ഇറക്കിവിട്ടു. നാലാമത് സിസേറിയന്‍ നടത്തുന്നത് അമ്മയുടെ ജീവന് അപകടമാണെന്നും അത്തരമൊരു റിസ്‌ക് എടുക്കാന്‍ തയാറല്ലെന്നുമായിരുന്നു അവരുടെ ഭാഗം. ദൈവം നടത്തുമെന്ന അടിയുറച്ച ബോധ്യം ഉണ്ടായിരുന്നതുകൊണ്ട് ഭയമോ ഉത്ക്കണ്ഠയോ അപ്പോഴും തോന്നിയില്ലെന്ന് ജോജോ പറഞ്ഞു. എന്നാല്‍, കൂടുതല്‍ മക്കള്‍ അനുഗ്രഹമാണെന്നു വിശ്വസിക്കുന്ന ഒരു ഡോക്ടറെ ദൈവം അവര്‍ക്കായി കരുതി വച്ചിരുന്നു.
ആശുപത്രിയില്‍നിന്നിറങ്ങിയ ഉടനെ ജീസസ് യൂത്തിലെ ഒരു സുഹൃത്തിനെ വിളിച്ചു നടന്ന കാര്യങ്ങള്‍ അറിയിച്ചു. കൂട്ടുകാരനാണ് തൃശൂര്‍ ജില്ലയിലെ കുഴിക്കാട്ടുശേരി മറിയം ത്രേസ്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ഫിന്റോ ഫ്രാന്‍സിസിനെപ്പറ്റി പറഞ്ഞത്. അവര്‍ എത്തുന്ന കാര്യം കൂട്ടുകാരന്‍ ഡോക്ടറെ വിളിച്ചറിയിക്കുകയും ചെയ്തു. എറണാകുളത്തുനിന്നും ബൈക്കില്‍ കുഴിക്കാട്ടുശേരിയിലേക്ക് തിരിച്ചു. മൂന്നാമത്തെ കുഞ്ഞും അവരുടെ കൂടെ ഉണ്ടായിരുന്നു. വഴിതെറ്റി രാത്രി 7.30 ആയപ്പോഴാണ് ആശുപത്രിയില്‍ എത്തിയത്. ഇത്രയും ദൂരം ഉണ്ടെന്ന് അറിയുമായിരുന്നില്ല. വൈകിയെങ്കിലും ഡോ. ഫിന്റോ അവരെ കാത്തിരുപ്പുണ്ടായിരുന്നു. പരിശോധനകള്‍ക്കുശേഷം രാത്രിയില്‍ത്തന്നെ വീട്ടിലേക്കു മടങ്ങുകയും ചെയ്തു (6-ാമത്തെ കുഞ്ഞ് ജനിച്ചതിനുശേഷമാണ് കാര്‍ വാങ്ങാന്‍ സാധിച്ചത്).
ഇത്രയും മക്കളെ എങ്ങനെ വളര്‍ത്തും?
പിന്നീടുള്ള അഞ്ച് പ്രസവങ്ങളും മറിയം ത്രേസ്യ ആശുപത്രിയിലായിരുന്നു. രണ്ട് പ്രസവങ്ങള്‍ കഴിഞ്ഞപ്പോള്‍ ഡോ. ഫിന്റോ മറ്റുചില സൗകര്യങ്ങളും അവര്‍ക്കു ചെയ്തുകൊടുത്തു. ആദ്യത്തെ ഒരു പരിശോധന കഴിഞ്ഞാല്‍ സ്‌കാനിംഗിനുപോലും അവിടേക്ക് ചെല്ലേണ്ടതില്ല, പുറത്തുചെയ്തിട്ട് റിസല്‍ട്ട് അയച്ചുകൊടുത്താല്‍ മതി. ഡോക്ടര്‍ ഫോണിലൂടെ ആവശ്യമായ വിവരങ്ങള്‍ പറഞ്ഞുകൊടുക്കും. പ്രസവത്തിന്റെ സമയത്ത് അഡ്മിറ്റാല്‍ മതി. ആ സപ്പോര്‍ട്ട് ഈ കുടുംബത്തിന് വലിയ സഹായകരമായി.
സിവില്‍ ഡ്രാഫ്റ്റ്‌സ്മാനായ ജോജോ നാല് വര്‍ഷത്തിനുശേഷം ഗള്‍ഫില്‍നിന്നും തിരിച്ചുപോന്നു. ഇപ്പോള്‍ സ്വന്തമായി ചെറിയൊരു സ്ഥാപനമുണ്ട്. വീടുകളുടെ പ്ലാന്‍ വരച്ചുനല്‍കുന്നതിന് ചെറിയൊരു ഫീസാണ് ഈടാക്കുന്നത്. എങ്കിലും ജോലിയുടെ മേഖലയില്‍ കുഴപ്പമില്ലാതെ പോകുന്നു. സാമ്പത്തിക സുരക്ഷിതത്വമില്ലാത്തതിനാല്‍ പലവിധത്തിലുള്ള നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കേണ്ടതായി വന്നിട്ടുണ്ട്. ചില കമന്റുകള്‍ വളരെ മോശം ഭാഷയിലായിരുന്നു. മക്കളെ എങ്ങനെ വളര്‍ത്തുമെന്നായിരുന്നു ആളുകളുടെ ഉത്ക്കണ്ഠ.
ദൈവം നല്‍കുന്ന മക്കളെ വളര്‍ത്താന്‍ അവിടുന്ന് വഴികള്‍ ഒരുക്കുമെന്ന് തീര്‍ച്ചയുള്ള ജോജോയും ജെല്‍സയും അതുകേട്ട് അല്പംപോലും ആശങ്കപ്പെട്ടില്ല. അതേസമയം കുഞ്ഞുങ്ങളുടെ എണ്ണം വര്‍ധിക്കുന്നതില്‍ സന്തോഷിക്കുന്നവരും അഭിനന്ദിക്കുന്നവരും നിരവധിയാണ്.
ജീസസ് യൂത്തിലേക്ക്
പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ജോജോ നവീകരണത്തിലേക്ക് വന്നത്. എറണാകുളം, പാലാരിവട്ടം സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ദൈവാലയത്തില്‍ നടന്ന യുവജനധ്യാനത്തില്‍ പങ്കെടുത്തു. മറ്റൊരാളുടെ ഒപ്പം താല്പര്യമില്ലാതെ പോയതായിരുന്നു. അഞ്ചാം ദിവസം കേട്ട സങ്കീര്‍ത്തനം 121:3 വചനമായിരുന്നു ജീവിതത്തെ രൂപാന്തരപ്പെടുത്തിയത്. ”നിന്റെ കാല്‍വഴുതാന്‍ അവിടുന്നു സമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവന്‍ ഉറക്കംതൂങ്ങുകയുമില്ല.” അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഷോക്കേറ്റ് കൈതപ്പുഴ കായലിലേക്ക് തെറിച്ചുവീണ അനുഭവമാണ് മനസിലേക്കുവന്നത്. മീന്‍പിടിക്കുന്ന കമ്പവലയോട് ചേര്‍ന്നുണ്ടായിരുന്ന കേബിളില്‍നിന്നായിരുന്നു ഷോക്കേറ്റത്. കര്‍ത്താണ് അന്ന് രക്ഷിച്ചതെന്നുള്ള തിരിച്ചറിവുമായിട്ടായിരുന്നു ധ്യാനഹാളില്‍നിന്നിറങ്ങിയത്. പ്രീഡിഗ്രിക്ക് ശേഷം പഠനം ഐടിഐയിലായിരുന്നു.
ആ സമയത്തായിരുന്നു 1997-ല്‍ ഇടക്കൊച്ചി സെന്റ് അക്വിനാസ് കോളജില്‍ ജീസസ് യൂത്തിന്റെ നാല് ദിവസത്തെ പ്രോഗ്രാം നടന്നത്. പങ്കെടുത്തവരുടെ താമസ സൗകര്യങ്ങളുടെ ചുമതല ഏറ്റെടുക്കാന്‍ മുമ്പോട്ടുവന്ന ചെറുപ്പക്കാരുടെ ഒപ്പം ജോജോയും ഉണ്ടായിരുന്നു. ജീസസ് യൂത്തുമായുള്ള ബന്ധം തുടങ്ങുന്നത് അവിടംമുതലാണ്. യുവജനങ്ങളുടെ പ്രാര്‍ത്ഥനകളും പ്രവര്‍ത്തനങ്ങളും ജോജോയെ ഏറെ ആകര്‍ഷിച്ചു. 1998-ല്‍ സ്വന്തം ഇടവകയായ അരൂരില്‍ ജീസസ് യൂത്ത് ആരംഭിച്ചു. ആ കൂട്ടായ്മ 100-ഓളം അംഗങ്ങളുമായി ഇപ്പോഴും സ്ഥിരതയോടെ മുമ്പോട്ടുപോകുന്നു. അവരുടെ യൂണിറ്റിന്റെ രജതജൂബിലി രണ്ടു വര്‍ഷം മുമ്പ് ആഘോഷിച്ചു. ജൂബിലി സ്മാരകമായി ഒരു പാവപ്പെട്ട കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കുകയും ചെയ്തു. വിവാഹിതരായ ജീസസ് യൂത്ത് അംഗങ്ങളുടെ കൂട്ടായ്മയായ ഫാമിലി സ്ട്രീം കോര്‍ ടീം അംഗംകൂടിയാണ് ജോജോ. അതുവഴി നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമാണ്.
നേപ്പാളിലെ അനുഭവങ്ങള്‍
ജീസസ് യൂത്ത് ചേര്‍ത്തല സോണിനൊപ്പം 15 ദിവസം നീളുന്ന മൂന്ന് മിഷന്‍ യാത്രകളും നടത്തിയിട്ടുണ്ട്. ആദ്യത്തേത് മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലേക്കായിരുന്നു. തുടര്‍ന്ന് നേപ്പാള്‍, കാശ്മീര്‍ എന്നിവിടങ്ങളിലേക്ക്. ഏറ്റവും വെല്ലുവിളി നിറഞ്ഞത് നേപ്പാള്‍ യാത്രയായിരുന്നു.
കുന്നും മലകളും കയറിയിറങ്ങി ആദിവാസികള്‍ക്കു സമാനമായ ആളുകളുടെ അടുത്തേക്കായിരുന്നു പോയത്. പുറംലോകവുമായി ബന്ധമില്ലാത്ത സമൂഹം കടുത്ത ദാരിദ്ര്യത്തിന്റെ നടുവിലായിരുന്നു. വൈദികരും സിറ്റേഴ്‌സും അടക്കം 32 പേരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. അവിടെയുള്ള വീടുകളിലായിരുന്നു അവര്‍ താമസിച്ചത്. വഴിവെട്ടാനും റോഡുനിര്‍മ്മിക്കാനും സഹായിച്ചു. ഗോത്ര ഭാഷ സംസാരിച്ചിരുന്ന അവര്‍ക്ക് ഹിന്ദി മനസിലാകുമായിരുന്നില്ല. രണ്ടു കൂട്ടരുടെയും ഭാഷകള്‍ അന്യമായിരുന്നെങ്കിലും അവര്‍ മടങ്ങിയമ്പോള്‍ ആ ജനങ്ങള്‍ കണ്ണീര്‍വാര്‍ത്തു. അല്ലെങ്കിലും സ്‌നേഹത്തിന് ഭാഷ ആവശ്യമില്ലല്ലോ. അടുത്ത യാത്ര കാശ്മീരിലേക്കായിരുന്നു. ഏറ്റവും തീക്ഷ്ണമതികളായ വിശ്വാസികളെ കണ്ടത് അവിടെയായിരുന്നു. ബൈബിള്‍ ഇല്ലാതെ ഒരു വിശ്വാസിപോലും ദൈവാലയത്തിലേക്ക് വരില്ല.
കാന്‍സര്‍പോലും മാറിനില്ക്കും
രണ്ടു സിസേറിയനുകളാണെങ്കില്‍ പ്രസവം നിര്‍ത്തണമെന്നല്ലേ പൊതുവേ ഡോക്ടര്‍മാര്‍ പറയുന്നത്, ചുരുങ്ങിയ സമയത്തിനുള്ളില്‍ സിസേറിയനുകള്‍ നടത്തുന്നത് അപകടമല്ലേ എന്നൊക്കെയുള്ളത് അനേകര്‍ ചോദിക്കുന്ന സംശയമാണ്. അതിന് ഗൈനക്കോളജിസ്റ്റ് ഡോ. ഫിന്റോയുടെ വാക്കുകളാണ് ജോജോയുടെ മറുപടി. ”ഒരു ടെക്സ്റ്റ്ബുക്കിലും അങ്ങനെ പറയുന്നില്ല. ഫാമിലി പ്ലാനിംഗിന്റെ ഭാഗമായി ഗവണ്‍മെന്റ് കൊണ്ടുവന്ന ആശയം മാത്രമാണത്.” കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭപാത്രം, അണ്ഡാശയം, ബ്രസ്റ്റ് എന്നിവിടങ്ങളില്‍ കാന്‍സര്‍ വരാനുള്ള സാധ്യത കുറയുകയാണെന്ന് മെഡിക്കല്‍ സയന്‍സിനെ മുന്‍നിര്‍ത്തി ഡോ. ഫിന്റോ ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ സിസേറിയന്‍ നടത്തിയതിന്റെ പേരില്‍ ഒരു സ്ത്രീയുടെപോലും ഗര്‍ഭപാത്രം പൊട്ടിയതായി താന്‍ കണ്ടിട്ടില്ലെന്ന് ഒമ്പത് സിസേറിയനുകള്‍വരെ നടത്തിയ ഡോ. ഫിന്റോ തറപ്പിച്ചു പറയുന്നു.
കുട്ടികളുടെ എണ്ണക്കൂടുതലില്‍ ആദ്യകാലങ്ങളില്‍ പരിഹസിച്ച പലരും ഇപ്പോള്‍ അഭിനന്ദിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഗര്‍ഭകാലത്തെക്കുറിച്ചുള്ള സംശയങ്ങള്‍ ദുരീകരിക്കുന്നതിനായി ജോജോയുടെ ഭാര്യ ജെല്‍സയെ ഫോണില്‍ വിളിക്കുന്ന സ്ത്രീകള്‍ നിരവധിയാണ്. പല ദമ്പതിമാര്‍ക്കും കുട്ടികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഇവര്‍ മാതൃകയാണ്. പ്രത്യേകിച്ച് ജീസസ് യൂത്തില്‍ ഉള്ളവര്‍ക്ക്. നിങ്ങളാണ് ഞങ്ങളുടെ മാതൃകയും ബലവുമെന്നാണ് പലരുടെയും അഭിപ്രായം. രണ്ടു മക്കളായപ്പോള്‍ പ്രസവം നിര്‍ത്തിയ ഒരു സ്ത്രീക്ക് ഡോ. ഫിന്റോയുടെ അടുത്ത് റീകാനലൈസേഷനുള്ള (പ്രസവം നിര്‍ത്തിയവര്‍ക്ക് വീണ്ടും കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതിനുള്ള ശസ്ത്രക്രിയ) സൗകര്യം ചെയ്തുകൊടുക്കുകയും ഒരു പെണ്‍കുഞ്ഞ് പിറക്കുകയും ചെയ്തിരുന്നു. ഗര്‍ഭകാലത്ത് അവര്‍ ആഴ്ചയിലൊരിക്കലെങ്കിലും ജെല്‍സയെ ഫോണില്‍ വിളിക്കുമായിരുന്നു.
ഉത്ക്കണ്ഠകളോ എന്തിന്?
ദൈവം തന്റെ ദൂതന്മാരെ അയച്ചതുപോലെയുള്ള നിരവധി ദൈവപരിപാലനയുടെ അനുഭവങ്ങള്‍ ഇവര്‍ക്കുണ്ട്. ഓരോ ജനനം കഴിയുമ്പോഴും ദൈവികമായ ഇടപെടല്‍ ഉണ്ടാകുന്നത് അനുഭവിക്കാന്‍ സാധിക്കുന്നുണ്ടെന്ന് ഈ കുടുംബം പറയുന്നു. സിസേറിയന്‍ കഴിഞ്ഞാല്‍ പിറ്റേദിവസം മുതല്‍ എഴുന്നേറ്റിരിക്കും. നേഴ്‌സുമാരെപ്പോലും പലപ്പോഴും ഇത് അമ്പരപ്പിച്ചിട്ടുണ്ട്. ആശുപത്രിയില്‍നിന്നും വീട്ടിലെത്തിയാല്‍ സാധാരണപോലെ ജോലികള്‍ ചെയ്യും. ദൈവം നല്‍കുന്ന അനുഗ്രഹമായിട്ടാണ് ഇവരിതെല്ലാം കാണുന്നത്. എട്ടു സിസേറിയനുകള്‍ നടത്തിയെങ്കിലും ഒരുവിധത്തിലുമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ല. ഗര്‍ഭകാലത്തോ പ്രസവത്തോടനുബന്ധിച്ചോ ഉത്ക്കണ്ഠപ്പെട്ടിരിക്കേണ്ട സാഹചര്യം ഇതുവരെയും ഉണ്ടായിട്ടില്ലെന്ന് ഇവര്‍ പറയുന്നു.
മക്കള്‍ തമ്മിലുള്ള പ്രായവ്യത്യാസം ഒരു വയസുമുതല്‍ ഒന്നര വയസുവരെയാണ്. ആര്‍ക്കും കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. പഴയ കാലങ്ങളില്‍ കുടുംബങ്ങളില്‍ നിലനിന്നിരുന്നതുപോലെ മൂത്ത സഹോദരങ്ങള്‍ ഇളയവരെ നോക്കുന്ന രീതിയാണ് ഇവരുടെ വീട്ടില്‍. ഭക്ഷണം നല്‍കുകയും കുളിപ്പിക്കുകയും തുടങ്ങി എല്ലാ കാര്യങ്ങളും സഹോദരങ്ങള്‍ ചെയ്യുന്നു. ഒരു കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളിലേക്ക് നാലു മക്കള്‍ നടന്നാണ് പോകുന്നത്. എല്ലാവരും ഒരുമിച്ചുപോകുന്നതുകൊണ്ട് മാതാപിതാക്കള്‍ക്കും ഭയമില്ല. ഏഴാമന്‍ എല്‍കെജിയിലാണ്. സഹോദരങ്ങളുടെ കൂടെ സ്‌കൂളിലേക്ക് നടക്കാന്‍ അവനും സന്തോഷമാണ്. എട്ടു മക്കളുടെ കളിചിരികളും അവരുടെ കരുതലുകളും ആഹ്ലാദത്തിന്റെയും സ്‌നേഹത്തിന്റെയും നിറവുകളായി ഈ ഭവനത്തെ പൊതിഞ്ഞുനില്‍ക്കുന്നു. ഇവരുടെ വീട്ടില്‍ എത്തുന്നവര്‍ക്കും ആ വൈബ് അനുഭവിക്കാന്‍ കഴിയുന്നു.
Leave a Comment
Your email address will not be published. Required fields are marked with *