ഡോ. ആന്റണി പോള്‍
ആത്മീയ നേതാവ് എന്നതിനേക്കാളുപരി ലോക നേതാവ് എന്ന നിലയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ ലോകം വീക്ഷിക്കുന്നത്. രാഷ്ട്രീയവും സാംസ്‌കാരികവും പാരിസ്ഥിതികവും സാമൂഹികവും എന്നിങ്ങനെ എല്ലാ വിഷയത്തിലും പാപ്പയുടെ വാക്കുകളെ ലോകം താല്പര്യത്തോടെ ശ്രവിക്കുന്നു. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ എന്ന സ്ഥാനം ഫ്രാന്‍സിസ് പാപ്പ അലങ്കരിച്ചു തുടങ്ങിയ 2013 മുതല്‍ കത്തോലിക്കാ സഭയുടെ വീക്ഷണങ്ങളെയും നിലപാടുകളെയും പ്രബോധനങ്ങളെയും ആഗോള മതേതര സമൂഹം കൂടുതല്‍ അടുത്തറിഞ്ഞു തുടങ്ങി. ചുരുങ്ങിയ കാലങ്ങള്‍ക്കൊണ്ടാണ് അനിഷേധ്യനായ ഒരു ലോക നേതാവ് എന്ന സ്ഥാനം ലോകം പാപ്പയ്ക്ക് നല്‍കിയത്.
സര്‍വേ 43 രാജ്യങ്ങളില്‍
ഫ്രാന്‍സിസ് പാപ്പയുടെ ജനപ്രിയതയും മതങ്ങള്‍ക്കും ദേശങ്ങള്‍ക്കും അതീതമായി ജനങ്ങള്‍ക്ക് അദ്ദേഹത്തോടുള്ള താല്പര്യവും വിഷയമാക്കിക്കൊണ്ടുള്ള ഒട്ടനവധി പഠനങ്ങള്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ നടന്നിട്ടുണ്ട്. അതില്‍ ഏറ്റവും ഒടുവില്‍ നടന്നത് ഇറ്റലിയിലെ ഡെമോ പോളിസ് നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഇറ്റാലിയന്‍ സമൂഹത്തിനിടയില്‍ നടത്തിയ സര്‍വേ ആണ്. വിവിധ മേഖലകളില്‍നിന്നുള്ളവരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍, അവരില്‍ എഴുപത്താറു ശതമാനം പേരും ഇറ്റലിയിലെ ഏറ്റവും വിശ്വാസ്യതയുള്ള വ്യക്തിത്വമായി പോപ്പ് ഫ്രാന്‍സിസിനെയാണ് തിരഞ്ഞെടുത്തത്. 2025 ജനുവരിയില്‍ നടന്ന പ്രസ്തുത സര്‍വേയില്‍ പങ്കെടുത്തവരില്‍ 72 ശതമാനവും കത്തോലിക്കാ സഭാംഗങ്ങളെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
അമേരിക്ക ആസ്ഥാനമായുള്ള പ്യൂ (ജഋണ) റിസര്‍ച്ച് സെന്ററാണ് ഒരുപക്ഷെ ഫ്രാന്‍സിസ് പാപ്പയെക്കുറിച്ച് ഏറ്റവുമധികം പഠനങ്ങള്‍ നടത്തിയിട്ടുള്ളത്. 2014 മുതല്‍ പല വര്‍ഷങ്ങളിലായി വിവിധ തലങ്ങളില്‍, വിവിധ രാജ്യങ്ങളില്‍ അവര്‍ സര്‍വേകള്‍ നടത്തിയിരുന്നു. 2014 ല്‍ പ്യൂ റിസര്‍ച്ച് സെന്റര്‍ 43 രാജ്യങ്ങളിലായി നടത്തിയ സര്‍വേയുടെ ഫലമനുസരിച്ച് അതില്‍ 28 രാജ്യങ്ങളും പാപ്പയുടെ വീക്ഷണങ്ങളോടും നിലപാടുകളോടും അനുകൂല നിലപാട് സ്വീകരിച്ചു. 2024 ല്‍ നടന്ന ഒരു സര്‍വേയില്‍ അമേരിക്കന്‍ കത്തോലിക്കരില്‍ 75 ശതമാനം പേരും പാപ്പയ്ക്കൊപ്പം നിലകൊണ്ടു. അമേരിക്കയിലെ അകത്തോലിക്കാ വിഭാഗങ്ങളിലും 50 ശതമാനത്തിലേറെപേര്‍ പാപ്പയുടെ വീക്ഷണങ്ങളോടും നിലപാടുകളോടും യോജിക്കുന്നുണ്ട്. പാപ്പയുടെ സ്വന്തം രാജ്യമായ അര്‍ജന്റീനയിലെ ജനങ്ങ ളില്‍ 64 ശതമാനവും, മെക്‌സിക്കോയിലും ബ്രസീലിലും 68 ശതമാനം ജനങ്ങളും ഫ്രാന്‍സിസ് പാപ്പയുടെ നിലപാടുകള്‍ക്കൊപ്പം നിലകൊള്ളുന്നു.
ഫ്രഞ്ച് മെത്രാന്മാര്‍ എതിരോ?
മത-രാഷ്ട്രീയ ഭേദമില്ലാതെ ഫ്രാന്‍സിസ് പാപ്പയെ ആദരപൂര്‍വ്വം കാണുകയും അദ്ദേഹത്തിന്റെ വാക്കുകളെ അത്യന്തം വിലമതിക്കുകയും ചെയ്യുന്നവരാണ് കേരളത്തിലെ ജനങ്ങളില്‍ ഏറിയപങ്കും. ലോകമെമ്പാടും എന്നതുപോ ലെതന്നെ കേരളത്തിലെ കത്തോലിക്കാ സമൂഹവും വിശിഷ്യാ കത്തോലിക്കാ യുവജനങ്ങളും പാപ്പയുടെ നേതൃത്വത്തെയും വാക്കുകളെയും സ്‌നേഹാദരവുകളോടെ ഉള്‍ക്കൊള്ളുന്നു. എന്നാല്‍, ചില പ്രത്യേക ആശയപ്രചാരണങ്ങളുടെ ഭാഗമായ ഒരു വിഭാഗം പേര്‍ ഫ്രാന്‍സിസ് പാപ്പയുടെ നേതൃത്വത്തെയും നിലപാടുകളെയും അത്യന്തം വിമര്‍ശന ബുദ്ധിയോടെ സമീപിക്കുകയും കുപ്രചാരണങ്ങള്‍ നടത്തുകയും ചെയ്യുന്നത് സമീപകാലങ്ങളിലായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കത്തോലിക്കാ സഭയെയും സഭാ നേതൃത്വത്തെയും മോശമായി ചിത്രീകരിക്കാനും സമൂഹത്തില്‍ അബദ്ധ ധാരണകള്‍ സൃഷ്ടിക്കാനും തുനിഞ്ഞിറങ്ങിയ ചിലര്‍ തികച്ചും വാസ്തവ വിരുദ്ധമായ വാദഗതികളുമായി രംഗത്തുണ്ട്.
തെഹല്‍ക്കയുടെ മുന്‍ റിപ്പോര്‍ട്ടര്‍ മാത്യു സാമുവല്‍ തന്റെ ഒരു വീഡിയോയില്‍ പ്യൂ റിസര്‍ച്ച് സെന്റര്‍, കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിലുള്ള ഏറ്റവും വെറുക്കപ്പെട്ട പാപ്പയാണ് ഫ്രാന്‍സിസ് പാപ്പ എന്ന് റിസര്‍ച്ച് നടത്തി വെളിപ്പെടുത്തി എന്നാണ് വാദിക്കുന്നത്. പാരീസിലെ നോട്ടര്‍ഡാം കത്തീഡ്രല്‍ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കി വീണ്ടും തുറക്കുന്ന ചടങ്ങിലേക്കുള്ള ഫ്രഞ്ച് പ്രസിഡന്റിന്റെ ക്ഷണം ഫ്രാന്‍സിസ് പാപ്പ തിരസ്‌കരിച്ചതിന്റെ കാരണമായി മാത്യു സാമുവല്‍ പറയുന്നത് മറ്റൊരു വലിയ അവാസ്തവമാണ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മുസ്ലീം വിരോധിയായതിനാല്‍ താന്‍ അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിക്കില്ലെന്ന് പാപ്പ മാധ്യമങ്ങളോട് പറഞ്ഞു എന്നാണ് മാത്യു സാമുവലിന്റെ വാദം. അതോടുകൂടി ഫ്രഞ്ച് മെത്രാന്മാര്‍ മുഴുവന്‍ ഫ്രാന്‍സിസ് പാപ്പയ്ക്ക് എതിരായെന്നും ഒരിക്കലും ഈ പാപ്പയെ ഫ്രാന്‍സിലേക്ക് കയറ്റില്ലെന്നു തീരുമാനിക്കുകയും ചെയ്തു എന്നും അദ്ദേഹം പറയുന്നു. സ്വന്തം രാജ്യമായ അര്‍ജന്റീനയിലേക്ക് അവിടുത്തെ പ്രസിഡന്റും ബിഷപ്പുമാരും ഫ്രാന്‍സിസ് പാപ്പയെ കയറ്റുകയില്ലെന്നും ബെല്‍ജിയത്തിലെ ലുവൈന്‍ യൂണിവേഴ്സിറ്റിയില്‍ ഫ്രാന്‍സിസ് പാപ്പ സ്ത്രീവിരുദ്ധത സംസാരിച്ചെന്നും മാത്യു സാമുവല്‍ പറഞ്ഞുവയ്ക്കുന്നു.
പാരീസ് യാത്ര
ഉപേക്ഷിച്ചതിന്റെ പിന്നില്‍
ലോകത്തിലെ മുഴുവന്‍ കത്തോലിക്കര്‍ക്കും പ്രാദേശിക സഭാ നേതൃത്വങ്ങള്‍ക്കും പോപ്പ് ഫ്രാന്‍സിസ് അനഭിമതനായെന്നും ആരും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നില്ലെന്നുമാണ് മാത്യു സാമുവല്‍ തന്റെ വീഡിയോയില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. കേരളത്തിലെ മെത്രാന്മാരും പാപ്പയെ അനുസരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു വയ്ക്കുന്നുണ്ട്. വാസ്തവത്തില്‍, ഒരു മാധ്യമ പ്രവര്‍ത്തകന്റെ മുഖംമൂടി അണിഞ്ഞുകൊണ്ട് മാത്യു സാമുവല്‍ പറഞ്ഞുവയ്ക്കുന്നത് മുഴുവന്‍ പച്ചക്കള്ളമാണ്. പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ ഒരു സര്‍വേയിലും മാത്യു സാമുവല്‍ അവകാശപ്പെട്ടതുപോലെ ഒരു നിരീക്ഷണം ഉണ്ടായിട്ടില്ലെന്നു മാത്രമല്ല, മേല്പറഞ്ഞതുപോലെ കഴിഞ്ഞ വര്‍ഷം നടന്ന പഠനങ്ങളില്‍ ഫ്രാന്‍സിസ് പാപ്പ വലിയ ജനപ്രീതി നിലനിര്‍ത്തുകയുമാണ്.
നോട്ടര്‍ഡാം കത്തീഡ്രല്‍ സംബന്ധിച്ച ചടങ്ങുകള്‍ നിശ്ചയിച്ചിരുന്ന ഡിസംബര്‍ എട്ടിന്, പരിശുദ്ധ മാതാവിന്റെ അമലോത്ഭവ തിരുനാളിനോടനുബന്ധിച്ച് പരമ്പരാഗതമായി മാര്‍പാപ്പമാര്‍ റോമിലെ ആരാധനാശുശ്രൂഷകളില്‍ പങ്കെടുത്തിരുന്നതിനാലും ആ ദിവസങ്ങളില്‍ റോമില്‍ മാര്‍പാപ്പ മറ്റു തിരക്കുകളിലായിരുന്നതിനാലും തൊട്ടടുത്ത ദിവസങ്ങളില്‍ മറ്റു ചില വിദേശ യാത്രകള്‍ തീരുമാനിച്ചിരുന്നതിനാലുമാണ് പാപ്പ പാരീസ് യാത്ര ഒഴിവാക്കിയതെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പാപ്പയുടെ ഭാഗത്തുനിന്ന് മാത്യു സാമുവല്‍ ആരോപിച്ചതുപോലെ ഒരു പ്രതികരണമോ ആവിധത്തില്‍ ഏതെങ്കിലുമൊരു ന്യൂസ് റിപ്പോര്‍ട്ടോ ഉണ്ടായിട്ടില്ല.
ലൂവൈനിലെ പ്രസംഗം
അര്‍ജന്റീനയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ഒരു വര്‍ഷം മാത്രം പിന്നിട്ടിരിക്കുന്ന ജാവിയര്‍ മിലി കഴിഞ്ഞ ഫെബ്രുവരിയില്‍ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തുകയും ആ കൂടിക്കാഴ്ച അര്‍ജന്റീനയും വത്തിക്കാനുമായുള്ള നയതന്ത്രബന്ധം വര്‍ധിപ്പിക്കുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുകയും ചെയ്തിരുന്നു. ‘സ്ത്രീത്വം ജീവദായകമായ ആത്മാര്‍ത്ഥതയെയും പരിപാലനയെയും ഫലദായകത്വത്തെയുമാണ് നമ്മെ ഓര്‍മിപ്പിക്കുന്നത് എന്നതിനാല്‍ സമൂഹത്തില്‍ പുരുഷനേക്കാള്‍ പ്രാധാന്യം സ്ത്രീയ്ക്കാണ്’ എന്നായിരുന്നു ലുവൈന്‍ യൂണിവേഴ്സിറ്റിയില്‍ ഫ്രാന്‍സിസ് പാപ്പ പ്രസംഗിച്ചത്. അതേസമയം, ‘ഈ കാലഘട്ടത്തില്‍ സ്ത്രീ പുരുഷനാകാന്‍ ശ്രമം നടത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്നും സ്ത്രീ എന്നാല്‍ സ്ത്രീ തന്നെയാണെ’ന്നും പാപ്പ പറയുകയുണ്ടായി. സ്ത്രീത്വത്തിന്റെ മഹത്വത്തെ ഊന്നിപ്പറഞ്ഞ പാപ്പയുടെ വാക്കുകളാണ് മാത്യു സാമുവല്‍ സ്ത്രീ വിരുദ്ധതയായി വ്യാഖ്യാനിച്ചത്.
ലക്ഷ്യം ഭിന്നിപ്പ്
കത്തോലിക്കാ സഭയ്‌ക്കെതിരായി നിരന്തരം വ്യാജപ്രചരണങ്ങള്‍ നടത്തുന്നത് ചില സമൂഹ മാധ്യമപ്രവര്‍ത്തകര്‍ ഇപ്പോള്‍ പതിവാക്കിയിരിക്കുകയാണ്. മാര്‍പ്പാപ്പയ്ക്ക് എതിരെ മാത്രമല്ല, സഭാ പ്രബോധനങ്ങള്‍ക്കും കേരള കത്തോലിക്കാ സഭാ നേതൃത്വത്തിനും മെത്രാന്‍ സമിതിക്കും എതിരായുള്ള അവാസ്തവങ്ങളും വ്യാജ പ്രചാരണങ്ങളും നിരന്തരം ആവര്‍ത്തിക്കപ്പെടുന്നു. അന്ധമായ മുസ്ലീം വിരുദ്ധത, ദേശീയ വാദത്തിന്റെ അതിപ്രസരം, ക്രൈസ്തവ വിരുദ്ധത എന്നിങ്ങനെ തീവ്രഹിന്ദുത്വവാദികളായ ചില സമൂഹ മാധ്യമപ്രവര്‍ത്തകരുടെ സ്ഥിരം ശൈലിയായി മാറിക്കഴിഞ്ഞിരിക്കുന്നു. സമീപകാലങ്ങളായി സംഘപരിവാര്‍ ആഭിമുഖ്യം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗം ആള്‍ക്കാര്‍ക്ക് സ്വീകാര്യമായ അവതരണ ശൈലിയാണ് ഇത്.
കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ സഭാ നേതൃത്വത്തില്‍നിന്ന് അകറ്റുക എന്നത് ചില തല്പരകക്ഷികളുടെ കാലങ്ങളായുള്ള ആവശ്യമാണ്. അതിനായി അത്തരക്കാര്‍ സ്വീകരിച്ചുവരുന്ന കുതന്ത്രം ഇത്തരം വ്യാജ പ്രചാരണങ്ങളാണ്. ‘ഇടയനെ അടിച്ച് ആടുകളെ ചിതറിക്കുക’ എന്ന പ്രാചീന തന്ത്രമാണിത്. ദൗര്‍ഭാഗ്യവശാല്‍ ചിലരെങ്കിലും ഇത്തരം കുപ്രചാരണങ്ങള്‍ വിശ്വസിക്കുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. വിശ്വസനീയം എന്ന് തോന്നുമാറ് തികഞ്ഞ അസത്യങ്ങള്‍ പ്രചരിപ്പിക്കുന്ന ഇത്തരക്കാര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഫ്രാന്‍സിസ് പാപ്പയുടെ ചില പരാമര്‍ശങ്ങള്‍ സന്ദര്‍ഭങ്ങളില്‍നിന്ന് അടര്‍ത്തിമാറ്റിയും ദുര്‍വ്യാഖ്യാനങ്ങള്‍ ചമച്ചും തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുന്ന പ്രവണത ഏറെക്കാലമായുണ്ട്. ആഗോളതലത്തില്‍ തന്നെ ചില സ്ഥാപിതതാല്പര്യക്കാര്‍ ഇത്തരം കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു.
കത്തോലിക്കാ സഭയുടെ മാറ്റമില്ലാത്ത സാമൂഹിക, ധാര്‍മ്മിക പ്രബോധനങ്ങളോടുള്ള അസഹിഷ്ണുതയും പാപ്പയുടെ നിലപാടുകള്‍ക്ക് ലഭിക്കുന്ന വലിയ സ്വീകാര്യതയോടുള്ള അതൃപ്തിയുമായിരിക്കണം ഇത്തരം പ്രവണതകള്‍ക്ക് പിന്നില്‍. ഇങ്ങനെയുള്ള ഗൂഢനീക്കങ്ങള്‍ തിരിച്ചറിയുകയും അത്തരക്കാരെ അകറ്റിനിര്‍ത്തുകയും ചെയ്യുക ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
Leave a Comment
Your email address will not be published. Required fields are marked with *