Follow Us On

10

February

2025

Monday

ഇത് അനീതി, പാവപ്പെട്ട വിദ്യാര്‍ത്ഥികളെ വഴിയാധാരമാക്കരുത്‌

ഇത് അനീതി,  പാവപ്പെട്ട വിദ്യാര്‍ത്ഥികളെ  വഴിയാധാരമാക്കരുത്‌

തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുക വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പ്, നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് 15,000 രൂപ വീതം നല്‍കുന്ന മദര്‍തെരേസ സ്‌കോളര്‍ഷിപ്പ്, ഐഐടി-ഐഐഎം സ്‌കോളര്‍ഷിപ്പ്, വിദേശ സ്‌കോളര്‍ഷിപ്പ് എന്നിവയുള്‍പ്പെടെ ഒമ്പത് ഇനത്തില്‍പ്പെട്ട ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ക്ക് വകയിരുത്തിയ തുകയാണ് അമ്പത് ശതമാനമായി വെട്ടിക്കുറച്ചിരിക്കുന്നത്. പിജിവരെയുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായമായി ലഭിക്കേണ്ട ഏഴുകോടിയോളം രൂപയാണ് ഇതുവഴി നഷ്ടമാകുന്നത്. ക്രൈസ്തവ പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്റെ ശുപാര്‍ശകള്‍ പ്രകാരം കൂടുതല്‍ പഠന സഹായങ്ങള്‍ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാരിന്റെ പരിഗണനയിലിരിക്കുമ്പോഴാണ് ക്രൈസ്തവ വിഭാഗങ്ങള്‍ക്കുകൂടി അവകാശപ്പെട്ട ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഗണ്യമായി വെട്ടിക്കുറച്ചുള്ള സര്‍ക്കാരിന്റെ മനുഷ്യത്വരഹിതമായ നടപടി ഉണ്ടായിരിക്കുന്നത്.

ഈ സാമ്പത്തിക വര്‍ഷത്തില്‍ ബജറ്റ് വിഹിതമായി ന്യൂനപക്ഷക്ഷേമ ഡയറക്‌ടേറ്റിന് 87.43 കോടി രൂപ വകയിരുത്തിയിരുന്നെങ്കിലും നല്‍കിയത് അതിന്റെ 1.39 ശതമാനം മാത്രമാണെന്ന് സംസ്ഥാന ആസൂത്രണബോര്‍ഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി കേവലം രണ്ടു മാസമാണ് അവശേഷിക്കുന്നത്. ഈ രീതിയില്‍ മുമ്പോട്ടുപോയാല്‍ വരുന്ന രണ്ടു മാസംകൊണ്ട് സ്‌കോളര്‍ഷിപ്പ് വിഹിതത്തിന്റെ 10 ശതമാനംപോലും കൊടുത്തുതീര്‍ക്കുമോ എന്ന സംശയവും ഉയരുന്നുണ്ട്. എല്ലാ പദ്ധതി വിഹിതങ്ങളും 50 ശതമാനം വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദ്ദേശത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ തീരുമാനം ഉണ്ടായിരിക്കുന്നത്. മറ്റു പദ്ധതികള്‍പ്പോലെയാണോ വിദ്യാഭ്യാസത്തെയും കാണുന്നതെന്ന പ്രസക്തമായ ചോദ്യം ഇവിടെ ഉയരുന്നുണ്ട്.
ഇപ്പോഴത്തെ തീരുമാനം പുനഃപരിശോധിച്ചില്ലെങ്കില്‍ ഇതിനകം സ്‌കോളര്‍ഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ട പകുതി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നിഷേധിക്കപ്പെടുകയോ തുക പകുതിയാകുകയോ ചെയ്യും. വളരെ ചെറിയ തുക സ്‌കോളര്‍ഷിപ്പായി നല്‍കിയിട്ടാണ് അതിന്റെ പകുതി വെട്ടിക്കുറച്ചിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന് ഇതിലൂടെ ലാഭിക്കാന്‍ കഴിയുന്നത് ഏഴു കോടി രൂപയാണ്. എന്നാല്‍, ഈ സ്‌കോര്‍ഷിപ്പ് വലിയൊരു സഹായമായി കണ്ട് മുമ്പോട്ടുപോകുന്ന സാധാരണക്കാരായ അനേകം വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലൂടെ നേരിടേണ്ടിവരുന്നത് കനത്ത സാമ്പത്തിക ബാധ്യതയാണ്. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുക വെട്ടിക്കുറക്കുന്ന വിധത്തിലുള്ള സമീപനങ്ങള്‍ സാമ്പത്തികമായി താറുമാറായ സമ്പത് വ്യവസ്ഥയുള്ള രാജ്യങ്ങള്‍പ്പോലും സ്വീകരിക്കാത്ത കാലത്താണ് കേരളംപോലെ വിദ്യാഭ്യാസ-സാമൂഹ്യമേഖലകളില്‍ രാജ്യത്തിനുതന്നെ മാതൃകയാണെന്ന് അഭിമാനിക്കുന്ന സംസ്ഥാനം ഇങ്ങനെയൊരു നീതിരഹിതമായ തീരുമാനം എടുത്തിരിക്കുന്നത്. വിദ്യാഭ്യാസ ചെലവുകള്‍ ഓരോ വര്‍ഷവും ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിനനുസരിച്ച് സ്‌കോര്‍ഷിപ്പുകളിലും വര്‍ധനവ് ഉണ്ടാകണം. എന്നാല്‍ ഉള്ളതുകൂടി വെട്ടിക്കുറയ്ക്കുന്ന മനുഷ്യത്വരഹിതമായ തീരുമാനങ്ങളാണ് കേരളത്തില്‍നിന്നും ഉണ്ടാകുന്നത്.

 

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?