Follow Us On

22

February

2025

Saturday

അധികാരികള്‍ക്ക് കാര്‍ക്കശ്യം ഉണ്ടെങ്കില്‍ റാഗിങ്ങ് വീരന്മാര്‍ തനിയെ ഒതുങ്ങും

അധികാരികള്‍ക്ക് കാര്‍ക്കശ്യം  ഉണ്ടെങ്കില്‍ റാഗിങ്ങ് വീരന്മാര്‍ തനിയെ ഒതുങ്ങും

ഫാ. ജോസഫ് വയലില്‍ CMI
(ചെയര്‍മാന്‍, ശാലോം ടി.വി)

കുറെ വര്‍ഷങ്ങള്‍ക്കുമുമ്പ് കേരളത്തിലെ കാമ്പസുകളില്‍ റാഗിങ്ങ് ഒരു വലിയ പ്രശ്‌നമായിരുന്നു. എന്നാല്‍ പല കാരണങ്ങള്‍കൊണ്ട്, പതുക്കെ പതുക്കെ ഈ ദുഷ്ടസംസ്‌കാരം മന്ദീഭവിക്കുകയോ നില്ക്കുകയോ ചെയ്തു. എന്നാല്‍ ചെറിയ ചെറിയ അഭ്യാസങ്ങള്‍ പലയിടത്തും നടന്നുകൊണ്ടുമിരുന്നു. ഇപ്പോള്‍ വീണ്ടും റാഗിങ്ങ് പ്രശ്‌നം ഉയര്‍ന്നുവന്നിരിക്കുന്നു. കോട്ടയം മെഡിക്കല്‍ കോളജിനോട് അനുബന്ധിച്ചുള്ള നഴ്‌സിങ്ങ് കോളജില്‍ നടന്ന ഭയാനകവും ക്രൂരവും നിന്ദ്യവുമായ റാഗിങ്ങ് വാര്‍ത്തകള്‍ നമ്മെയും ഞെട്ടിക്കുന്നു. റാഗിങ്ങ് വീരന്മാര്‍ ചെയ്ത ക്രൂരകൃത്യങ്ങളുടെ വിവരണങ്ങള്‍ പുറത്തുവന്നതിനാല്‍ അവ ഇവിടെ വിവരിക്കുന്നില്ല.

ഈ റാഗിങ്ങ് വീരന്മാര്‍ക്ക് പറ്റിയ സ്ഥലം ജയില്‍ ആണ്. ക്രിമിനലുകള്‍ ക്രിമിനലുകളുടെ കൂടെ കഴിയട്ടെ. അവിടെ കിടന്ന് നരകിക്കട്ടെ. ദുഷ്ടന്മാര്‍ ദുഷ്ടന്മാരുടെ കൂടെ, ദുഷ്ടന്മാരുടെ ലോകത്ത് വസിക്കട്ടെ. അവര്‍ക്ക് പറ്റിയ സ്ഥലം അല്ല സാധാരണലോകവും വിദ്യാഭ്യാസസ്ഥാപനങ്ങളും. ഞാനും ഒരു എയ്ഡഡ് കോളജ് പ്രിന്‍സിപ്പല്‍ ആയിരുന്നു. അക്കാലത്ത് റാഗിങ്ങ് ക്രിമിനലുകളെ ഒതുക്കുവാന്‍ ഞാന്‍ ചെയ്ത ചില കാര്യങ്ങള്‍ പറയാം. റാഗിങ്ങ് നിരോധിച്ചുകൊണ്ടുള്ള ഗവണ്‍മെന്റ് ഓര്‍ഡറും കോടതിവിധിയും ഉണ്ട്. പുതിയ ബാച്ച് വിദ്യാര്‍ത്ഥികള്‍ വരുന്നതിനുമുമ്പ് ഞാനും ഏതാനും അധ്യാപകരുംകൂടി എല്ലാ ക്ലാസിലും പോകും.

റാഗിങ്ങ് നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവും ഗവണ്‍മെന്റ് ഓര്‍ഡറും ക്ലാസില്‍ ഉറക്കെ വായിച്ച് വിശദീകരിക്കും. റാഗിങ്ങ് നടത്തിയാല്‍ ഗവണ്‍മെന്റ് നിര്‍ദേശിക്കുന്ന നടപടികള്‍ സ്വീകരിക്കും എന്നറിയിക്കും. എന്നിട്ട് റാഗിങ്ങ് നിയമവിരുദ്ധമായ നടപടിയാണ്; അത് നിരോധിച്ചുകൊണ്ടുള്ള ഗവണ്‍മെന്റ് ഓര്‍ഡറും വായിച്ചുകേട്ടു; റാഗിങ്ങ് ചെയ്താലുള്ള ശിക്ഷാനടപടികളെപ്പറ്റിയും മനസിലാക്കി, അതിനാല്‍ ഞാന്‍ റാഗിങ്ങ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതല്ല എന്ന പ്രസ്താവന എഴുതിയുണ്ടാക്കി അതിന്റെ അടിയില്‍ ഓരോ വിദ്യാര്‍ത്ഥിയെക്കൊണ്ടും ഒപ്പിട്ട് വാങ്ങി. ഇത് ചെയ്തപ്പോള്‍ റാഗിങ്ങ് ഗൗരവമുള്ള കുറ്റകൃത്യമാണ് എന്ന ഒരു ബോധ്യവും പ്രിന്‍സിപ്പല്‍ ഇക്കാര്യത്തില്‍ കര്‍ക്കശക്കാരനാണ്; പിടിക്കപ്പെട്ടാല്‍ കുടുങ്ങും എന്ന വിചാരവും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉണ്ടായി. അതിനാല്‍ അവര്‍ റാഗിങ്ങില്‍നിന്ന് പരമാവധി വിട്ടുനിന്നു. ഒന്നാം വര്‍ഷക്കാരെ ഒരുവിധത്തിലും ശല്യപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിച്ചു.

ചെയ്ത രണ്ടാമത്തെ കാര്യം ഇതാണ്: കോളജിലേക്ക് വരുന്ന വഴി, കാന്റീന്‍, ടോയ്‌ലറ്റ് പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണത്തിനായി അധ്യാപകരെ നിയമിച്ചു. ഇന്റര്‍വെല്‍ സമയത്ത് എല്ലാ നിലകളിലും അധ്യാപകര്‍ ചുറ്റിനടന്ന് പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതത്വബോധവും റാഗിങ്ങ് ചിന്താഗതി ഉള്ളവര്‍ക്ക് ഭയവും നല്‍കി. മൂന്നാമത്, പ്രിന്‍സിപ്പല്‍ എന്ന നിലയില്‍ ഞാന്‍ ഒറ്റയ്ക്കും മറ്റുചിലപ്പോള്‍ ചില അധ്യാപകരുടെ കൂട്ടത്തിലും റോന്തുചുറ്റിക്കൊണ്ടിരുന്നു. ഇത്രയും കാര്യങ്ങള്‍ ചെയ്തതുകൂടാതെ, ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളെ രഹസ്യമായി കണ്ട് റാഗിങ്ങ് പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് അന്വേഷിക്കുമായിരുന്നു. ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അപ്പോള്‍ത്തന്നെ നടപടി എടുത്തിരുരുന്നു. അതുകൊണ്ട് റാഗിങ്ങ് തീരെ ഇല്ലാതായി എന്നതാണ് അനുഭവം.

മഹാഭൂരിപക്ഷം സീനിയര്‍ വിദ്യാര്‍ത്ഥികളും റാഗിങ്ങ് നടത്തുന്നവരല്ല; അതിന് അനുകൂലവുമല്ല. പക്ഷേ കുറെ റാഗിങ്ങ് ഭ്രാന്ത് പിടിച്ചവര്‍ ഉണ്ടാകും. അവര്‍ ഒതുങ്ങണമെങ്കില്‍ വളരെ കര്‍ക്കശനിലപാടുകള്‍ സ്വീകരിക്കണം. ഈ പ്രിന്‍സിപ്പലും വാര്‍ഡനും മറ്റും റാഗിങ്ങിന് കട്ടായം എതിരാണ്. റാഗിങ്ങ് നടത്തിയാല്‍ അവര്‍ പിടിക്കും, കര്‍ശന നടപടികള്‍ സ്വീകരിക്കും എന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ബോധ്യം കൊടുക്കണം. പ്രിന്‍സിപ്പല്‍, വാര്‍ഡന്‍ എന്നിവര്‍ക്ക് ഇത് ഒരു കഠിനസമയമാണ്. എന്നാല്‍ കാര്‍ക്കശ്യനിലപാട് സ്വീകരിക്കുകയും ഒരു കണ്ണ് എപ്പോഴും എല്ലായിടത്തും ഉണ്ടാവുകയും ചെയ്താല്‍ റാഗിങ്ങ് തനിയെ ഇല്ലാതാകും. ഇത് വാര്‍ഡന്‍, പ്രിന്‍സിപ്പല്‍ എന്നീ ജോലികള്‍ നോക്കിയ എനിക്ക് അനുഭവത്തില്‍നിന്ന് പറയാന്‍ കഴിയും.

ഈ അറിവ് വച്ചുകൊണ്ട്, പൂക്കോട് വെറ്റിനറി കോളജിലും കോട്ടയം നഴ്‌സിങ്ങ് കോളജിലും നടന്ന അതിഭയാനകമായ റാഗിങ്ങ് സംഭവങ്ങളെ വിലയിരുത്തുക. അവിടങ്ങളില്‍ നടന്നത് ഒറ്റത്തവണ റാഗിങ്ങ് അല്ല. മാസങ്ങളോളം നീണ്ട റാഗിങ്ങ് പരമ്പരകള്‍ ആയിരുന്നു. എന്നിട്ടും പ്രിന്‍സിപ്പലും വാര്‍ഡനും സ്റ്റാഫുംഒന്നും അറിഞ്ഞില്ല എന്ന് പറഞ്ഞാല്‍ അത് സമ്മതിക്കാനും അംഗീകരിക്കാനും കഴിയില്ല. കാരണം അവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും അവരുടെ കണ്ണും കാതും തുറന്നിരിക്കുകയും റാഗിങ്ങ് ഈ കാമ്പസില്‍ ഉണ്ടാകരുത് എന്ന ഉറച്ച നിലപാട് അവര്‍ക്ക് ഉണ്ടാകുകയും ചെയ്തിരുന്നെങ്കില്‍ ഇങ്ങനെ റാഗിങ്ങ് പരമ്പര ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ട് സ്ഥാപനാധികാരികളുടെ ആത്മാര്‍ത്ഥതക്കുറവും ശ്രദ്ധയില്ലായ്മയും ഒരുപക്ഷേ പലതും അറിഞ്ഞിട്ടും നടത്തിയ കണ്ണടച്ചിലും ഇത്ര ക്രൂരമായ റാഗിങ്ങ് തുടര്‍ച്ചയായി നടക്കാന്‍ കാരണമായിട്ടുണ്ട് എന്ന് ഉറപ്പാണ്. ഞങ്ങള്‍ ഒന്നും അറിഞ്ഞിരുന്നില്ല എന്ന അവരുടെ നിലപാട് ഒട്ടും സ്വീകാര്യമല്ല. അവര്‍ അത്ര നല്ലപിള്ള ചമയേണ്ട.

അതിനാല്‍ സ്ഥാപനാധികാരികള്‍ മനസുവച്ചാല്‍ റാഗിങ്ങ് ഗണ്യമായി കുറക്കാനോ ഇല്ലാതാക്കാനോ സാധിക്കും. അധികാരികളെ പേടിയില്ല എന്നത് റാഗിങ്ങ് വര്‍ധിക്കുവാന്‍ കാരണമാകും. റാഗിങ്ങ് നടത്തുന്നവരോട് യാതൊരു ദയയും കാണിക്കരുത്. കര്‍ശനമായ ശിക്ഷാനടപടികള്‍ അവര്‍ക്കെതിരെ സ്വീകരിക്കണം. അതോടൊപ്പം റാഗിങ്ങിന് വിധേയപ്പെടുന്നവര്‍, ഭയംകാരണം സംഭവം മറച്ചുവയ്ക്കുകയുമരുത്. എല്ലാം അധികാരികള്‍ക്ക് കണ്ടെത്താന്‍ കഴിയുകയില്ല. അറിയിക്കേണ്ടവരെ അറിയിക്കണം. ഒന്നും പറ്റുകയില്ലെങ്കില്‍ പോലീസിനെ അറിയിക്കണം. പോലീസിനെ അറിയിച്ചപ്പോള്‍ ആണല്ലോ കോട്ടയത്തെ റാഗിങ്ങ് വീരന്മാര്‍ പിടിക്കപ്പെട്ടതും അഴിക്കുള്ളിലായതും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?