ജോസഫ് മൈക്കിള്‍
ഫാ. ജോണ്‍ പിച്ചാപ്പിള്ളി എഴുതിയ 70 ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചത് ഡോ. കെ.ജെ യേശുദാസാണ്. സംഗീതത്തോട് വിടപറഞ്ഞ് കാനഡയില്‍ വൈദിക ശുശ്രൂഷ ചെയ്യുന്നതിനിടയില്‍ 15 വര്‍ഷങ്ങള്‍ക്കുശേഷം അപ്രതീക്ഷിതമായിട്ടാണ് ഫാ. പിച്ചാപ്പിള്ളി സംഗീത ലോകത്തേക്ക് തിരികെയെത്തിയത്. രണ്ടാം വരവ് വലിയ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.
കേരളത്തില്‍ തരംഗം സൃഷ്ടിച്ച സംഗീത ട്രൂപ്പായിരുന്നു തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സരിഗ. ‘ജീവചൈതന്യത്തിന്‍ ആധാരമേ’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു ഗാനമേളകള്‍ ആരംഭിച്ചിരുന്നത്. ആ വരികള്‍ കേള്‍വിക്കാരുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക് ഉയര്‍ത്തിയിരുന്നു. ഫാ. ജോണ്‍ പിച്ചാപ്പിള്ളിയായിരുന്നു ഗായകന്‍. ആ ഗാനം പിറന്നതും അദ്ദേഹത്തിന്റെ തൂലികയില്‍നിന്നായിരുന്നു. തിരുനാളുകളോട് അനുബന്ധിച്ച് ദൈവാലയ മുറ്റങ്ങളില്‍ അവര്‍ നടത്തിയ ഗാനമേളകള്‍ ഒരു കാലത്ത് വലിയ ആള്‍ക്കൂട്ടങ്ങള്‍ സൃഷ്ടിച്ചിരുന്നു. കോതമംഗലം രൂപതാ വൈദികനായിരുന്ന ഫാ. ജോണ്‍ പിച്ചാപ്പിള്ളി ആയിരുന്നു ട്രൂപ്പിന്റെ സ്ഥാപകന്‍. പിന്നീട് അത് മിമിക്‌സ് പരേഡ് ട്രൂപ്പും സംഗീത സ്‌കൂളുമൊക്കെയായി വളര്‍ന്നു. 10 വര്‍ഷത്തോളം ആ ജൈത്രയാത്ര തുടര്‍ന്നു. അങ്ങനെ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ അമേരിക്കയിലും കാനഡയിലും 18 പ്രോഗ്രാമുകള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതിനെതുടര്‍ന്ന് 1989-ല്‍ ഫാ. പിച്ചാപ്പിള്ളിയുടെ നേതൃത്വത്തിലുള്ള 12 അംഗ ടീം അമേരിക്കയില്‍ ചെന്നു.
ചോദ്യം അപ്രതീക്ഷിതം
തിരിച്ചുപോരുന്നതിന് മുമ്പ് തന്റെ മുന്‍ ഇടവകവികാരിയും അകന്നബന്ധും കാനഡയില്‍ ഹോസ്പിറ്റല്‍ ചാപ്ലിനും ഇടവകവികാരിയുമായി ശുശ്രൂഷ ചെയ്യുന്ന ഫാ. തോമസ് തെക്കേക്കരയെ കാണാന്‍ ചെന്നു. അന്ന് ആ ദൈവാലയത്തിലെത്തിയ അവിടുത്തെ ബിഷപ്പിന് ഫാ. തെക്കേക്കര, ഫാ. ജോണ്‍ പിച്ചാപ്പിള്ളിയെ പരിചയപ്പെടുത്തി. കുര്‍ബാന കഴിഞ്ഞ ഉടനെ സങ്കീര്‍ത്തിയില്‍വച്ച് ബിഷപ് ഫാ. ജോണിനോടു ചോദിച്ചു, കുറച്ചുകാലത്തേക്ക് ഇവിടെ നില്‍ക്കാന്‍ കഴിയുമോ? ഇല്ല, സുഹൃത്തുക്കള്‍ തന്നെ കാത്തിരിക്കുന്നു. അവരെ കേരളത്തിലേക്കു വിടണം. പിന്നെ നാട്ടിലുള്ള ഉത്തരവാദിത്വങ്ങളെക്കുറിച്ചും വിവരിച്ചു. പിറ്റേന്ന് രൂപതയുടെ വികാരി ജനറല്‍ വിളിച്ചു, ബിഷപ് കാണണമെന്ന് പറഞ്ഞിട്ടുണ്ടെന്ന വിവരം അറിയിച്ചു. ‘എന്തെങ്കിലും തീരുമാനിച്ചോ’ എന്നായിരുന്നു അവിടെ എത്തിയപ്പോള്‍ ബിഷപ്പിന്റെ ചോദ്യം. മൂന്നുമാസത്തെ അവധി എടുത്താണ് വന്നിരിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ ബിഷപ്പിന് താന്‍ എഴുതാമെന്നായിരുന്നു മറുപടി. അങ്ങനെ മൂന്നുമാസത്തേക്ക് നില്‍ക്കാമെന്നു സമ്മതിച്ചു. തുടര്‍ന്ന് ഒരു വര്‍ഷത്തേക്കു നീട്ടി. കഴിഞ്ഞ 35 വര്‍ഷമായി ഫാ. ജോണ്‍ പിച്ചാപ്പിള്ളി കാനഡയിലാണ്. അവിടെയെത്തി 4 വര്‍ഷങ്ങള്‍ക്കുശേഷം കനേഡിയന്‍ പൗരത്വം സ്വീകരിച്ച ഫാ. പിച്ചാപ്പിള്ളി ഇപ്പോള്‍ കാനഡയിലെ പ്രധാനപ്പെട്ട ദൈവാലയങ്ങളിലൊന്നായ ഹാനിഫാക്‌സ് ഇടവക വികാരിയാണ്.
സംഗീതം ഇല്ലാത്ത
15 വര്‍ഷങ്ങള്‍
കാനഡയിലെത്തി 15 വര്‍ഷത്തേക്ക് സംഗീതവുമായി യാതൊരു ബന്ധവുമില്ലാതെ ആത്മീയ ശുശ്രൂഷകളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചു. അതിനുശേഷം അപ്രതീക്ഷിതമായിട്ടാണ് സംഗീത ലോകത്തേക്ക് മടങ്ങിയെത്തിയത്. അവിടെനിന്നും 750 ക്രിസ്ത്യന്‍ ഭക്തി ഗാനങ്ങള്‍ എഴുതിക്കഴിഞ്ഞു. അവയില്‍ 500 പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തു. 70 പാട്ടുകള്‍ ഡോ. കെ.ജെ യേശുദാസാണ് ആലപിച്ചത്. ക്രിസ്ത്യന്‍ ഗാനരചയിതാക്കളില്‍ 70 പാട്ട് മറ്റാരുടെയും യേശുദാസ് ആലപിച്ചിട്ടില്ല. അവയെല്ലാം പുറത്തിറക്കിയതും യേശുദാസിന്റെ സ്വന്തം കമ്പനിയായ തരംഗിണിയായിരുന്നു. മനോരമ മ്യൂസിക്കിനു വേണ്ടി നിവധി ഗാനങ്ങള്‍ എഴുതി. ഇതിനിടയില്‍ ന്യൂയോര്‍ക്കില്‍നിന്നുവരെ ഓര്‍ക്കസ്ട്ര തുടങ്ങാന്‍ ക്ഷണം ലഭിച്ചെങ്കിലും സ്‌നേഹപൂര്‍വം അതെല്ലാം നിരസിക്കുകയായിരുന്നു.
സംഗീതലോകത്തേക്കുള്ള ഫാ. പിച്ചാപ്പിള്ളിയുടെ മടങ്ങിവരവ് അപ്രതീക്ഷിതമായിരുന്നു. 2004 – സഹോദരങ്ങളുടെ മക്കളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഇടുക്കി ജില്ലയിലെ അടിമാലിക്കടുത്തുള്ള കൂമ്പന്‍പാറയില്‍ എത്തി. വിവാഹത്തിന് ക്വയറിലേക്ക് വിളിച്ചത് അച്ചന്റെ ട്രൂപ്പില്‍ ഉണ്ടായിരുന്ന കെ.ജി പീറ്ററിനെയും മറ്റൊരാളെയുമായിരുന്നു. പ്രോഗ്രാം കഴിഞ്ഞപ്പോള്‍ വീണ്ടും പഴയ ട്രൂപ്പ് പുനരാംഭിക്കാന്‍ അച്ചനെ അവര്‍ നിര്‍ബന്ധിച്ചു. എന്നാല്‍ താന്‍ ഇനി സംഗീതലോകത്തേക്ക് ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഓള്‍ ഇന്ത്യാ റേഡിയോയിലെ
ഗായകന്‍
സരിഗ ഉണ്ടായിരുന്ന കാലത്ത് ഓള്‍ ഇന്ത്യാ റേഡിയോയ്ക്കുവേണ്ടി പാട്ടുകള്‍ എഴുതിയിരുന്നു. അക്കാര്യം അറിയാമായിരുന്ന കെ.ജി പീറ്റര്‍ പറഞ്ഞു, അച്ചന്‍ പാട്ടുകള്‍ എഴുത്, ഞാന്‍ ട്യൂണ്‍ ചെയ്യാം. കാസറ്റുകളുടെ കാലമായിരുന്നത്. അച്ചന്‍ സമ്മതിച്ചു. തുടര്‍ന്ന് കാനഡയിലേക്കു മടങ്ങുകയും ചെയ്തു. അങ്ങനെ മനസിലേക്കു വന്ന വരികളാണ് ‘പാഥേയം, തിരുപ്പാഥേയം’ എന്നു തുടങ്ങുന്ന പ്രശസ്തമായ ഗാനം. ഫോണില്‍ വിളിച്ചാണ് പാട്ട് പറഞ്ഞുകൊടുത്തത്. മൂന്നുദിവസങ്ങള്‍ക്കുശേഷം പീറ്റര്‍ തിരിച്ചുവിളിച്ചു. ട്യൂണ്‍ കേട്ടപ്പോള്‍ അച്ചന്‍ ചോദിച്ചു, ആരെക്കൊണ്ടാണ് പാടിക്കുന്നത്? യേശുദാസിനെകൊണ്ട് പാടിക്കാനാണ് താല്‍പര്യമെന്നായിരുന്നു മറുപടി. തന്റെ അനുജനെ വിളിച്ച് പാടി കേള്‍പ്പിക്കാന്‍ പറഞ്ഞു. യേശുദാസ് അല്ലാതെ മറ്റാരെങ്കിലും പാടിയാല്‍ ഈ പാട്ട് ശരിയാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെയും മറുപടി.
ഡോ. കെ.ജെ യേശുദാസിനെക്കൊണ്ട് പാടിക്കുക അത്ര എളുപ്പമായിരുന്നില്ല. അച്ചന്‍ കാനഡയില്‍നിന്നും യേശുദാസിനെ വിളിച്ചു. കോതമംഗലം രൂപതക്കാരനായ വൈദികനാണെന്നു പരിചയപ്പെടുത്തിയിട്ട് ആവശ്യം അറിയിച്ചു. അച്ചനാണോ ഗാനമേളട്രൂപ്പുമായി തൊടുപുഴയില്‍ ഉണ്ടായിരുന്നത് എന്നായിരുന്നു തിരിച്ചുള്ള ചോദ്യം. അതോടെ കാര്യങ്ങള്‍ എളുപ്പമായി. പാട്ടിന്റെ ഓര്‍ക്കസ്‌ട്രേഷന്‍ കഴിഞ്ഞതാണോ എന്ന് അന്വേഷിച്ചു. എങ്കില്‍ മ്യൂസിക് ഡയറക്ടറോട് തന്നെ വിളിക്കാന്‍ നിര്‍ദേശിച്ചു. അടുത്ത ശനിയാഴ്ച 11 മണിക്ക് ചെന്നൈയിലെ സ്റ്റുഡിയോയില്‍ ചെന്നു കാണാനുള്ള അപ്പോയ്‌മെന്റ് കെ.ജി പീറ്ററിന് ലഭിച്ചു. അച്ചന്‍ 10 പാട്ടുകള്‍ എഴുതിയിരുന്നു. ഗാനങ്ങള്‍ ഒരു പ്രാവശ്യം കേട്ടുകഴിഞ്ഞപ്പോള്‍ രണ്ടാമത് ഒന്നുകൂടി പ്ലേ ചെയ്യാന്‍ ആവശ്യപ്പെട്ടു. വീണ്ടും കേട്ടു. തുടര്‍ന്ന് യേശുദാസിന്റെ മാനേജര്‍ വിളിച്ചു. പത്ത് പാട്ടും യേശുദാസ് പാടുമെന്നും കാസറ്റ് തരംഗിണി പുറത്തിറക്കാമെന്നും അറിയിച്ചു. ‘തിരുപ്പാഥേയം’ എന്ന പേരില്‍ കാസറ്റ് പുറത്തിറങ്ങി. സ്വസ്തി, ദിവ്യാഞ്ജലി എന്നിങ്ങനെ അച്ചനെഴുതിയ ഗാനങ്ങളുടെ ഏഴു കാസറ്റുകള്‍ തുടര്‍ന്ന് തരംഗിണി പുറത്തിറക്കി.
ആല്‍ബങ്ങള്‍
തുടര്‍ന്ന്ആല്‍ബങ്ങളുടെ കാലമായി. മനോരമ മ്യൂസിക്കിനുവേണ്ടി യൗസേപ്പിതാവിനെക്കുറിച്ച് 12 ഗാനങ്ങള്‍ എഴുതി. പ്രശസ്തരായ ഗായകരായിരുന്നു പാടിയത്. സുവിശേഷത്തില്‍ മാതാവ് ഏഴുപ്രാവശ്യം സംസാരിച്ചതായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തന്റെ ഈ ആശയത്തെ കേന്ദ്രീകരിച്ച് മനോരമ മ്യൂസിക്കിനുവേണ്ടി ഗബ്രിയേല്‍ മാലാഖയുടെ പ്രത്യക്ഷീകരണം തുടങ്ങി ഏഴു സംഭവങ്ങളെ അടിസ്ഥാനമാക്കിയും മാതാവിനോടുള്ള സ്തുതിപ്പായും മൂന്നു പാട്ടുകള്‍ എഴുതി. ‘ദി മദര്‍’ ആല്‍ബത്തിലൂടെ 10 മനോഹരമായ പാട്ടുകള്‍ പിറന്നു. പ്രശസ്ത ഗായിക സുജാതയാണ് പാടിയത്.
യൗസേപ്പിതാവിന്റെ വര്‍ഷത്തോടനുബന്ധിച്ച് ഒരു ആല്‍ബം മനോരമ മ്യൂസിക്കിനുവേണ്ടി ചെയ്തു. മലയിലെ പ്രസംഗങ്ങളെ (അഷ്ടഭാഗ്യങ്ങള്‍) അടിസ്ഥാനമാക്കി മനോരമ മ്യൂസിക്കിനായി എട്ട് പാട്ടുകള്‍ എഴുതി. ഇതിനിടയില്‍ 200 പാട്ടുകളോളം ആല്‍ബങ്ങള്‍ക്കായി ചെയ്തു. ക്രിസ്മസ് ഗാനങ്ങള്‍ ചെയ്തു.
ആദ്യ അംഗീകാരം
വാഴക്കുളം ഇന്‍ഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ദിവസവം അന്നത്തെ പ്രിന്‍സിപ്പല്‍ ഫാ. ഓസ്വാള്‍ഡ് ജോണിയോട് പറഞ്ഞു, ‘നാളെകഴിഞ്ഞ് സ്‌കൂളില്‍ ഒരു പ്രോഗ്രാം നടക്കുന്നുണ്ട്. നീ ഒരു പാട്ടു പാടണം.’ ക്ലാസിലേക്കു വന്ന പ്രിന്‍സിപ്പലച്ചന്റെ വാക്കുകേട്ട് ജോണി ഞെട്ടി. വീട്ടിലെ കുടുംബപ്രാര്‍ത്ഥനയിലും വണക്കമാസകാലത്തും പാട്ടു പാടുമായിരുന്നു എന്നതില്‍ കവിഞ്ഞ് സംഗീതത്തിന്റെ ബാക്ക്ഗ്രൗണ്ട് ഉണ്ടായിരുന്നില്ല. അച്ചന്‍ തന്നോട് ഇങ്ങനെ പറഞ്ഞതിന്റെ കാരണം അവന് ആദ്യം പിടികിട്ടിയില്ല.
എല്ലാ ആദ്യവെള്ളിയാഴ്ചകളിലും ആശ്രമത്തിന്റെ ചാപ്പലില്‍ കുട്ടികള്‍ ഒരുമിച്ചുകൂടി കുരിശിന്റെ വഴി നടത്തുന്നത് പതിവായിരുന്നു. അതിന് നേതൃത്വം നല്‍കിയിരുന്ന ജോണിയുടെ ശബ്ദം അച്ചന്‍ കേട്ടിരുന്നു. കുട്ടികളുടെ കലാപരമായ കഴിവുകള്‍ വളര്‍ത്തുന്നതില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ച അധ്യാപകനായിരുന്നു ആ വൈദികന്‍. ആദ്യമായി ഒരു പൊതുമീറ്റിംഗില്‍ പാടാന്‍ അവസരം ലഭിച്ചത് അന്നായിരുന്നു. ആ പ്രോത്സാഹനവും പാട്ടും വഴിത്തിരിവായി. ദൈവത്തിന്റെ ഒരു തിരഞ്ഞെടുപ്പാണ് അന്നു നടന്നതെന്ന് എല്ലാവരും തിരിച്ചറിയാന്‍ പിന്നെയും ഒരുപാടുകാലം കാത്തിരിക്കേണ്ടിവന്നു എന്നുമാത്രം. അതേസമയത്തുതന്നെ ഇടവക ക്വയറില്‍ അന്നത്തെ വികാരിയച്ചന്‍ ചേര്‍ത്തു. അതും പാട്ടു പാടാന്‍ കഴിയുമെന്ന് ആത്മവിശ്വാസം വര്‍ധിപ്പിച്ചു.
അച്ചന്‍ കാനഡയില്‍നിന്നും ഡോ. കെ.ജെ യേശുദാസിനെ വിളിച്ചു. കോതമംഗലം രൂപതക്കാരനായ വൈദികനാണെന്നു പറഞ്ഞ് പരിചയപ്പെടുത്തിയിട്ട് തന്റെ ആവശ്യം അറിയിച്ചു. അച്ചനാണോ ഗാനമേളട്രൂപ്പുമായി തൊടുപുഴയില്‍ ഉണ്ടായിരുന്നത് എന്നായിരുന്നു തിരിച്ചുള്ള ചോദ്യം. അതോടെ കാര്യങ്ങള്‍ എളുപ്പമായി.
സെമിനാരിയിലെ
ക്വയര്‍ മാസ്റ്റര്‍
മൂവാറ്റുപുഴ നിര്‍മല കോളജിലായിരുന്നു പ്രീ-ഡിഗ്രി. സംഗീതമത്സരങ്ങളിലും പരിപാടികളിലും സ്ഥിരസാന്നിധ്യമായിരുന്നു. തുടര്‍ന്ന് സെമിനാരിയില്‍ ചേര്‍ന്നു. സെമിനാരിയിലെ എല്ലാ പ്രോഗ്രാമുകളിലും ബ്രദര്‍ ജോണിന്റെ പാട്ട് ഉണ്ടാകുമായിരുന്നു. അന്നത്തെ റെക്ടര്‍ ഫാ. വര്‍ഗീസ് പൊത്തന്‍കുന്നേല്‍ പുറത്തുനടക്കുന്ന പ്രോഗ്രാമുകള്‍ക്ക് കൂടെ കൊണ്ടുപോകുമായിരുന്നു. ഞങ്ങളുടെ പുതിയ യേശുദാസാണ് എന്നുപറഞ്ഞാണ് എല്ലാവര്‍ക്കും പരിചയപ്പെടുത്തിയിരുന്നത്. വടവാതൂര്‍ സെമിനാരിയില്‍ പഠിച്ച ഏഴുവര്‍ഷവും അവിടുത്തെ ക്വയര്‍ മാസ്റ്റര്‍ ആയിരുന്നു. വടവാതൂര്‍ സെമിനാരിയില്‍ തിയോളജി പഠിക്കുമ്പോള്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ പാടാന്‍ അവസരം ലഭിച്ചു. വോയ്‌സ് ടെസ്റ്റ് നടത്തിയാണ് തിരഞ്ഞെടുത്തത്. അന്നവിടെ ചാര്‍ജ് വഹിച്ചിരുന്നത് പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്, എം.ജി രാധാകൃഷ്ണന്‍ തുടങ്ങിയ പ്രഗത്ഭരായ സംഗീതജ്ഞരായിരുന്നു. ലളിതഗാനങ്ങളായിരുന്നു ആലപിച്ചിരുന്നത്. തിയോളജി വിദ്യാര്‍ത്ഥിയായിരുന്ന സമയത്ത് പാട്ടുകള്‍ എഴുതി പുറത്തുനിന്ന് സംഗീതസംവിധായകരെ കൊണ്ടുവന്ന് ട്യൂണ്‍ ചെയ്യിക്കാനുള്ള അവസരവും ലഭിച്ചു.
‘നീ എന്റെ പ്രാര്‍ത്ഥന കേട്ടു,
നീ എന്റെ മാനസം കണ്ടു’
അക്കാലത്ത് ക്രിസ്ത്യന്‍ ആര്‍ട്‌സ് കമ്യൂണിക്കേഷന്‍സ് എന്ന പേരില്‍ ചെന്നൈയില്‍ ഒരു സംഘടന ഉണ്ടായിരുന്നു. സിഎസ്‌ഐ പാസ്റ്റര്‍ ഡോ. മുത്തു നേതൃത്വം നല്‍കിയിരുന്ന അവര്‍ക്ക് ഗാനമേളട്രൂപ്പ് സ്റ്റുഡിയോയും ഉണ്ടായിരുന്നു. അവരുടെ ക്ഷണപ്രകാരം ശ്രീലങ്ക പ്രക്ഷേപണ നിലയത്തില്‍നിന്നും പ്രക്ഷേപണം ചെയ്യുന്ന റേഡിയോ പ്രോഗ്രാമുകള്‍ക്കുവേണ്ടി പാടാന്‍ അവസരം ലഭിച്ചു. പീറ്റര്‍ രൂപക് എന്ന അക്കാലത്തെ പ്രശസ്ത സംഗീത സംവിധായകനായിരുന്നു നേതൃത്വം നല്‍കിയിരുന്നത്. ഇപ്പോഴും മലയാളികള്‍ പാടുന്ന, ‘നീ എന്റെ പ്രാര്‍ത്ഥന കേട്ടു, നീ എന്റെ മാനസം കണ്ടു’ മേരി ഷൈല എന്ന ഗായിക പാടിയ ഗാനത്തിന് ഈണം നല്‍കിയത് പീറ്റര്‍ രൂപക് ആയിരുന്നു. അവിടെ ബ്രദര്‍ ജോണിന് വരികള്‍ പറഞ്ഞുകൊടുത്ത് മേരി ഷൈല ആയിരുന്നു. റെക്കോഡിംഗ് സമയത്തൊക്കെ നന്നായി പ്രോത്സാഹിപ്പിച്ചു.
ഇടുക്കി രൂപതയില്‍ വരുന്ന അടിമാലിക്കടുത്തുള്ള തോക്കുപാറ ഇടവകയില്‍ മാത്യു-മേരി ദമ്പതികളുടെ ആറുമക്കളില്‍ രണ്ടാമത്തെ മകനാണ്. 1978 മാര്‍ച്ച് ആറിന് മുന്‍ കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലില്‍നിന്നും വൈദികപട്ടം സ്വീകരിച്ചു. മലയാളത്തില്‍ ബിരുദാനന്തര ബിരുദധാരിയായ ഫാ. ജോണ്‍ പിച്ചാപ്പിള്ളിയെ അധികം കഴിയുന്നതിനുമുമ്പ് ഇടുക്കി ജില്ലയിലെ കുഞ്ചിതണ്ണിയില്‍ കോതമംഗലം രൂപതയുടെ നേതൃത്വത്തിലുള്ള പാരലല്‍ കോളജായ ലൂമെന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വൈസ് പ്രിന്‍സിപ്പലായി നിയമിച്ചു. ആ കാലത്ത് അവിടെ മറ്റു കോളജുകള്‍ ഉണ്ടായിരുന്നില്ല. എസ്എസ്എല്‍സി കഴിഞ്ഞും പഠിക്കാനുള്ള അവസരം സൃഷ്ടിക്കുകയായിരുന്നു അതുവഴി.
മിമിക്‌സ് പരേഡ്
മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം തൊടുപുഴക്കടുത്തുള്ള മുതലക്കോടത്തേക്ക് മാറ്റം ലഭിച്ചു. ഇടവകയോടൊപ്പം അവിടുത്തെ സ്വകാര്യ കോളജിലെ അധ്യാപകനും ആയിരുന്നു. അക്കാലത്താണ് ഗാനമേള ട്രൂപ്പ് ആരംഭിക്കാന്‍ യുവജനങ്ങള്‍ നിര്‍ബന്ധിച്ചത്. അന്നത്തെ പ്രശസ്തമായ ട്രൂപ്പായിരുന്നു മൂവാറ്റുപുഴ എയ്ഞ്ചല്‍ വോയ്‌സ്. ഇങ്ങനെ പല ഭാഗങ്ങളില്‍നിന്നും നിര്‍ദേശം വന്നപ്പോള്‍ എയ്ഞ്ചല്‍ വോയ്‌സിന്റെ സ്ഥാപകനായ ഫാ. കുര്യാക്കോസ് കച്ചിറമറ്റം അച്ചനെ വിളിച്ചു. ഇങ്ങനെയൊരു പദ്ധതി ഉണ്ട്. അത് തുടങ്ങിയാല്‍ എയ്ഞ്ചല്‍ വോയ്‌സിനെ ഏതെങ്കിലും രീതിയില്‍ ബാധിക്കുമോ എന്ന് അന്വേഷിച്ചു. കുറച്ചു കലാകാരന്മാര്‍ക്ക് പ്രയോജനം ലഭിക്കുന്ന കാര്യമല്ലേ, ധൈര്യമായി തുടങ്ങാനായിരുന്നു മറുപടി കിട്ടിയത്. അങ്ങനെ തൊടുപുഴയില്‍ വീട് വാടകയ്‌ക്കെടുത്തു. 25-ഓളം കലാകാരന്മാരെ കോര്‍ത്തിണക്കി. തുടക്കത്തില്‍ നേരിട്ടത് വലിയ വെല്ലുവിളികളായിരുന്നു. ഉപകരണങ്ങള്‍, സൗണ്ട് സിസ്റ്റം എല്ലാം വാങ്ങണം. അതിന് സാമ്പത്തികം വലിയ പ്രശ്‌നമായിരുന്നു. തൊടുപുഴയില്‍ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ സഹായിച്ചു.
സിംഗപ്പൂരില്‍നിന്നും ഓര്‍ഗണ്‍, സൗണ്ട് സിസ്റ്റം തുടങ്ങിയവ വാങ്ങി. സരിഗക്ക് പ്രോഗ്രാം ഇല്ലാത്ത ദിവസങ്ങളില്‍ എയ്ഞ്ചല്‍ വോയ്‌സിന് സൗണ്ട് സിസ്റ്റവും എഞ്ചിനീയറിനെയും വിട്ടുനല്‍കിയിരുന്നു. കലാകാരന്മാര്‍ക്ക് ആര്‍ക്കെങ്കിലും അസൗകര്യങ്ങളോ രോഗങ്ങളോ വന്നാല്‍ രണ്ടു ട്രൂപ്പുകളും കലാകാരന്മാരെ പരസ്പരം വിട്ടുനല്‍കുമായിരുന്നു. തുടര്‍ന്ന് മിമിക്‌സ് പരേഡ് ട്രൂപ്പ് ആരംഭിച്ചു.
ആ ട്രൂപ്പില്‍ ഉണ്ടായിരുന്ന കാലകാരനാണ് സിനിമാതാരമായി മാറിയ അന്തരിച്ച അബി. അന്ന് ടീമില്‍ ഉണ്ടായിരുന്ന എല്ലാവരും പ്രൊഫഷണല്‍സായിരുന്നു. ട്രൂപ്പ് നിര്‍ത്തിയപ്പോള്‍ ഉപകരണങ്ങള്‍ മിക്കതും കലാകാരന്മാര്‍ക്ക് സൗജന്യമായി നല്‍കി.
കാനഡയില്‍ ചെന്നതിനുശേഷമുള്ള അടുത്ത 15 വര്‍ഷങ്ങള്‍ നിശബ്ദതയുടെ കാലമായിരുന്നു. വായനക്കു മാത്രം അവധി നല്‍കിയില്ല. അതിന്റെ ആകെത്തുകയായി ഒമ്പത് പുസ്തകങ്ങള്‍ ഇംഗ്ലീഷില്‍ പബ്ലിഷ് ചെയ്തു. അതില്‍ ആറെണ്ണം ആത്മീയ പുസ്തകങ്ങളാണ്. മൂന്ന് പുസ്തകങ്ങളുടെ പണിപ്പുരയിലാണ് ഇപ്പോള്‍. ആത്മീയ ഗാനങ്ങളില്‍ ആത്മാവിന്റെ സ്പര്‍ശനം അനുഭവപ്പെടണം എന്നാണ് ഫാ. ജോസഫ് പിച്ചാപ്പിള്ളില്‍ പറയുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *