ജിംബിള്‍ തുരുത്തൂര്‍
‘എനിക്ക് ഇവനെ ഇനി വേണ്ട സാറേ, ഇവന്‍ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ.’ പോലീസ് സ്റ്റേഷനു മുന്നില്‍ മകന്റെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് അധ്യാപികയായ അമ്മയുടെ കണ്ഠമിടറിയ വിങ്ങലുകള്‍ ഇപ്പോഴും എന്റെ ചെവിയില്‍ മുഴങ്ങുന്നുണ്ട്. മികച്ച അധ്യാപികയെന്ന പേരെടുത്ത ആ അമ്മ, വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ അഭാവത്തിലും മകനെയും മകളെയും മികച്ചവരായി വളര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മക്കളെ ഇത്രയധികം സ്‌നേഹിക്കരുതെന്ന് സഹപ്രവര്‍ത്തകര്‍ പോലും പലപ്പോഴും ഓര്‍മപ്പെടുത്തിയിട്ടുണ്ട്. പക്ഷേ അവര്‍ അതൊന്നും കാര്യമാക്കിയില്ല. ഒരു സായംസന്ധ്യയില്‍ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള വിളി കേട്ട് സ്റ്റേഷനില്‍ ഓടിക്കിതച്ചെത്തിയപ്പോള്‍ അമ്മ കണ്ടത് സ്റ്റേഷന്റെ ഒരു കോണില്‍ തല താഴ്ത്തി നില്‍ക്കുന്ന മകനെയും രണ്ടു കൂട്ടുകാരെയുമായിരുന്നു.
ബീച്ചില്‍ നിന്ന് കൂട്ടുകാരോടൊപ്പം കഞ്ചാവ് പൊതികളുമായി പിടിച്ച് സ്റ്റേഷനില്‍ കൊണ്ടുവന്നതാണെന്ന് പറഞ്ഞപ്പോള്‍ അവരുടെ ആദ്യ പ്രതികരണം ഞങ്ങളെയും ഞെട്ടിക്കുന്നതായിരുന്നു. ‘ഇല്ല, എന്റെ മകന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല. അവനെ ഞാന്‍ അങ്ങനെയാണ് വളര്‍ത്തിയത്.’ നീ ചെയ്‌തോ മോനെ എന്ന അമ്മയുടെ ചോദ്യത്തിന് മുന്നില്‍ മകന്‍ മറുപടി ഇല്ലാതെ തലകുനിച്ചുനില്‍ക്കുന്നത് കണ്ടപ്പോള്‍ ആ അമ്മയ്ക്ക് ഏറെക്കുറെ കാര്യങ്ങള്‍ മനസിലായി.
ഒരു അധ്യാപിക എന്ന നിലയില്‍ തന്റെ കുട്ടികളുടെ നല്ല ഭാവിക്കുവേണ്ടി ആത്മാര്‍ത്ഥമായി ശ്രമിച്ചുകൊണ്ടിരിക്കെ സ്വന്തം മകനെ നേര്‍വഴിക്ക് നയിക്കാന്‍ സാധിച്ചില്ലെന്നത് ആ അമ്മയ്ക്ക് സഹിക്കാവുന്നതില്‍ അപ്പുറമായിരുന്നു.
ഭീതിപ്പെടുത്തുന്ന
വാര്‍ത്തകള്‍
ഈ അമ്മ കേരളത്തിലെ ഒരുപിടി അമ്മമാരുടെ പ്രതീകമാണ്. സമീപകാല പത്രവാര്‍ത്തകള്‍ എല്ലാം തന്നെ മനസില്‍ ഭീതി ഉളവാക്കുന്നതും പേടിപ്പെടുത്തുന്നതുമാണ്. സുരക്ഷിതമാണെന്ന് നാം കരുതുന്ന സ്വന്തം ഭവനങ്ങള്‍ ശവപ്പറമ്പുകളാകുന്ന സംഭവങ്ങള്‍. മാതാപിതാക്കളെയോ സഹോദരങ്ങളെയോ തിരിച്ചറിയാനാവാതെ കൊലക്കത്തിയുമായി പാഞ്ഞടുക്കുന്ന കൗമാരം. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് പറയുന്നവരെ നിഷ്‌കരുണം കുത്തിമലര്‍ത്തുന്ന യുവത്വം. ലഹരി മൂത്ത് അയല്‍വാസികളെ കല്ലിനിടിച്ചു കൊന്ന് അനാഥ ബാല്യങ്ങളെ സൃഷ്ടിക്കുന്നവര്‍. അങ്ങനെ എവിടെനിന്നും എന്നും കേള്‍ക്കുന്നത് ചോര മണക്കുന്ന വാര്‍ത്തകള്‍ മാത്രം. സഹപാഠിയെ നിഷ്‌കരുണം അടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയ പത്താംതരക്കാരുടെ കുറ്റകൃത്യ ങ്ങള്‍ക്കുശേഷമുള്ള ചാറ്റുകള്‍ കേട്ട് മലയാളികള്‍ ഞെട്ടി. ഇത്രയ്ക്ക് നിസാരമായി ഒരു കൊലപാതകത്തെ കാണാന്‍ പറ്റുമോ എന്ന് മുതിര്‍ന്നവര്‍പോലും ചിന്തിച്ചു.
കൂടെ പഠിക്കുന്നവന്റെ ശരീരത്തില്‍ കൂര്‍ത്തുമൂര്‍ത്ത കോമ്പസ് വച്ചു വരഞ്ഞ് മുറിച്ച് ആഹ്ലാദം കണ്ടെത്തിയ യുവത്വത്തെ ഭയത്തോടെ നാം നോക്കി കണ്ടു. കത്തിത്തുമ്പില്‍ ചോര ചീറ്റിത്തെറിക്കുന്ന ഭീകര കാഴ്ചകള്‍ കാണാന്‍ സിനിമ തിയേറ്ററിലേക്ക് കൊതിയോടെ ഒരു കൂട്ടം ഓടിയടുത്തപ്പോള്‍ സിനിമ കൊട്ടകകളില്‍ ഹിറ്റുകള്‍ പിറക്കുകയായിരുന്നു. സിനിമയിലെ സംഘട്ടന രംഗങ്ങള്‍പോലും കാണാനാവാതെ കണ്ണുകളും ശബ്ദം കേള്‍ക്കാതിരിക്കാന്‍ കാതുകളും ചേര്‍ത്തടച്ചിരുന്ന നമ്മുടെ ബാല്യകാലത്തിന് ഒത്തിരി മാറ്റങ്ങള്‍ വന്നുഭവിച്ചിരിക്കുന്നു. ഇതിന്റെയെല്ലാം പിന്നാമ്പുറങ്ങളില്‍ അന്വേഷിച്ചു ചെല്ലുമ്പോള്‍ ചെന്നുനില്‍ക്കുന്നത് ലഹരിയുടെ ഉന്മാദത്തിലാണ്.
കാറിലിരുന്ന് അസഭ്യം പറഞ്ഞ പെണ്‍കുട്ടി
ഒരു പെണ്‍കുട്ടി കാറിലിരുന്ന് റോഡിലൂടെ പോകുന്നവരെ അസഭ്യം വിളിക്കുന്നു എന്നറിഞ്ഞ് ചെന്നപ്പോള്‍ കണ്ടത് ഡ്രൈവിംഗ് സീറ്റില്‍ കുഴഞ്ഞിരിക്കുന്ന യുവാവിനെയും ഉന്നത കുടുംബത്തില്‍ ജനിച്ച ഒരു പെണ്‍കുട്ടിയേയുമായിരുന്നു. ചോദ്യം ചെയ്തതില്‍ രണ്ടുപേരും ലഹരിക്ക് അടിമയാണെന്ന് വ്യക്തമായി. കൂടെയുണ്ടായിരുന്ന യുവാവിന്റെ വിവാഹം ഒരു മാസത്തിനുശേഷം മറ്റൊരു പെണ്‍കുട്ടിയുമായി ഉറപ്പിച്ചുവച്ചിരിക്കുന്നതാണെന്ന് അറിഞ്ഞപ്പോള്‍ നമ്മുടെ പുതിയ തലമുറയ്ക്ക് ധാര്‍മികതയെല്ലാം നഷ്ടമായോ എന്ന് ശങ്കിച്ചു.
നിരവധി വധശ്രമ കേസുകളിലും ലഹരി കേസുകളിലും പ്രതിയായവന്റെ അവസാന കോള്‍ വിവരങ്ങള്‍ പരിശോധിച്ചതില്‍ കിട്ടിയ നമ്പറില്‍ വിളിച്ചപ്പോള്‍ കിട്ടിയ പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞത് വേദനിപ്പിക്കുന്ന കഥയാണ്. ബംഗളൂരുവില്‍ നഴ്‌സിങ്ങിന് പഠിക്കുന്ന മകള്‍ ഉപയോഗിച്ചിരുന്ന നമ്പറാണ്. വെള്ളപ്പൊക്കത്തിനിടെ അവനുമായി രണ്ടുദിവസത്തെ പരിചയം. പരിചയം പ്രണയമായി. ഒടുവില്‍ വീട്ടില്‍ അറിഞ്ഞപ്പോള്‍ പഴയ നമ്പര്‍ മാറ്റി പുതിയ നമ്പര്‍ മകള്‍ക്ക് വാങ്ങി കൊടുത്തപ്പോള്‍ മകള്‍ ആദ്യം വിളിച്ചത് അവനെ തന്നെ. തന്റെ മകളെ എങ്ങനെയെങ്കിലും രക്ഷിക്കണം എന്ന അമ്മയുടെ രോദനം ഇന്നും മറക്കാന്‍ പറ്റുന്നില്ല. പിന്നീടും പല കേസുകളിലും പ്രതിയായി അവന്‍ ജയിലില്‍ പോകുന്നത് കാണാനും അവസരമുണ്ടായി.
അമ്മയുടെ കഴുത്തു മുറിച്ച മകന്‍
ലഹരിയുടെ ഉന്മാദത്തില്‍ ഇറച്ചിക്കറി വേണമെന്ന് ശഠിച്ച് അമ്മയുടെ കഴുത്തു മുറിച്ച യുവാവിന്റെ മുന്‍കാലത്തെപ്പറ്റി അന്വേഷിച്ചപ്പോള്‍ 17-ാം വയസില്‍ കഞ്ചാവ് ബീഡി വാങ്ങി കൊടുക്കാത്തതിന് സ്വന്തം പിതാവിന്റെ വയറ്റില്‍ കത്തി കുത്തിയിറക്കിയ മുന്‍കാല അനുഭവവും പറഞ്ഞുകേട്ടു. അന്ന് മകനോടുള്ള വാത്സല്യത്താല്‍ കേസ് വേണ്ട എന്നു പറഞ്ഞതിന് കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ അവന്‍ അമ്മയുടെ കഴുത്ത് മുറിച്ചു സ്‌നേഹം തിരിച്ചു കാണിച്ചു. ലഹരിയുടെ പാരമ്യത്തില്‍ അവന് മുന്നില്‍ കാണുന്നവരെല്ലാം ശത്രുക്കളാണ്, സ്വന്തം അച്ഛനും അമ്മയുംപോലും.
ലഹരിയുടെ ആലസ്യത്തില്‍ മുന്നില്‍കണ്ട സഹോദരിയെ തിരിച്ചറിയാനാവാതെ അവളില്‍ കാമുകിയെ കണ്ടവന്‍ ജയിലില്‍നിന്ന് ഇറങ്ങാന്‍ ഇനിയും നാളുകള്‍ ഏറെ. സ്വന്തം മകളുടെ ഗര്‍ഭത്തിന് ഉത്തരവാദിയായ ലഹരിക്കടിമയായ അച്ഛന്‍ കാരാഗ്രഹത്തിലെങ്കിലും ആയി എന്നത് ആശ്വാസം.
അടുത്തദിവസം കാണാതായ 19 കാരിയുടെ മുറി പരിശോധിച്ചപ്പോള്‍ വീട്ടുകാരും പോലീസും ഞെട്ടി. മുറിക്കുള്ളില്‍ കഞ്ചാവു ബീഡിയും എംഡിഎംഎ പാക്കറ്റും. ഇന്‍സ്റ്റഗ്രാമില്‍ ഒരു മാസത്തെ പരിചയമുള്ളവന്റെ കൂടെ വീട്ടുകാര്‍ അറിയാതെ ഇറങ്ങിത്തിരിച്ച അവളും അവനും എംഡിഎംഎയുടെ സന്തത സഹചാരികള്‍ ആണെന്ന് പിന്നീട് അറിഞ്ഞു.
രാസലഹരികള്‍ കൊടുംഭീകരന്മാര്‍
എംഡിഎംഎ പോലുള്ള രാസലഹരികളുടെ തുടര്‍ച്ചയായ ഉപയോഗം മനുഷ്യ ശരീരത്തില്‍ ശാരീരികവും മാനസികവുമായി ഒത്തിരി ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം താളംതെറ്റുന്നു, ഉല്‍ക്കണ്ഠ, ആത്മഹത്യാ പ്രവണത, മുറിക്കുള്ളില്‍ അടച്ചിരിക്കുന്ന പ്രവണത, പെട്ടെന്ന് ദേഷ്യപ്പെടുക, സാധാരണയില്‍ കവിഞ്ഞ് ഊര്‍ജ്ജസ്വലന്‍ ആവുക, സാധാരണയില്‍ കവിഞ്ഞ് പെട്ടെന്ന് തളര്‍ന്ന അവസ്ഥയില്‍ ആവുക, പല്ലുകളും എല്ലുകളും പൊടിയുക എന്നിങ്ങനെ ലഹരി ഉപയോഗക്കാരെ ബാധിക്കുന്ന പാര്‍ശ്വഫലങ്ങള്‍ നിരവധി. അതോടൊപ്പം സമൂഹത്തിന് അവര്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ വേറെ.
ലഹരി കേസുകളില്‍ പലവട്ടം പിടിക്കപ്പെട്ട ഒരു ചെറുപ്പക്കാരന്‍ കഴിഞ്ഞ തവണ പറഞ്ഞത്, സാറേ എന്റെ പല്ലുകള്‍ പൊടിഞ്ഞു തുടങ്ങി എന്നാണ്. ഉപയോഗിച്ചു തുടങ്ങിയാല്‍ രണ്ടോ മൂന്നോ തവണയ്ക്കുശേഷം തിരിച്ചുവരാന്‍ ആവാത്ത വിധം രാസലഹരി മനുഷ്യനെ അടിമയാക്കുന്നു. പിന്നീട് അത് ലഭിക്കുന്നതിനുവേണ്ടി എന്ത് കുറ്റകൃത്യങ്ങള്‍ ചെയ്യാനും അവനു മടിയില്ല. ലഹരിക്കുവേണ്ടി സ്വന്തം സഹോദരിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കാന്‍ ആവശ്യപ്പെട്ട ലഹരി വിതരണക്കാരനുവേണ്ടി ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ പിടിക്കപ്പെട്ട കൗമാരക്കാരനും വേദനിപ്പിക്കുന്ന ഓര്‍മയാണ്.
ഇനിയും പറഞ്ഞാല്‍ തീരാത്ത ഒത്തിരി അനുഭവങ്ങള്‍. തീരാത്ത കണ്ണീരിന്റെ വേദനയുമായി ഒത്തിരി കുടുംബങ്ങള്‍. അതിന് ആണ്‍കുട്ടിയെന്നോ പെണ്‍കുട്ടിയെന്നോ ഭേദമില്ല. ലഹരിയുടെ പാരമ്യത്തില്‍ ലൈംഗിക വൈകൃതങ്ങള്‍ അരങ്ങേറുന്ന ലഹരി കൂട്ടങ്ങളില്‍പെടുന്നവര്‍ പലരും പിന്നീട് അഭയം പ്രാപിക്കുന്നത് ആത്മഹത്യയിലാണ്.
ഇനിയും പ്രതികരിച്ചില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും. ലഹരിക്കെതിരെ നമുക്ക് കൈപിടിച്ച് ഒരുമിച്ച് മുന്നേറാം. മക്കളെ ഉപദേശിക്കാന്‍ ഇറങ്ങുമ്പോള്‍ മാതാപിതാക്കളും ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ധാര്‍മികമായി മക്കളെ ഉപദേശിക്കണമെങ്കില്‍ മാതാപിതാക്കളും ലഹരിയില്‍നിന്ന് അകന്നു നില്‍ക്കുന്നവരാകണം. പ്രിയപ്പെട്ട കുട്ടികളും യുവജനങ്ങളും ഒരു കാര്യം ഓര്‍ക്കണം. ദൈവം തന്ന സുബോധം നശിപ്പിക്കുന്ന, നമ്മളറിയാതെ നമ്മെ കൊലയാളികളും കുറ്റവാളികളുമാക്കുന്ന, വീടിനെയും നാടിനെയും കണ്ണീരിലാഴ്ത്തുന്ന, നാട്ടിലും വീട്ടിലും നമ്മെ പരിഹാസ്യരാക്കുന്ന, ലഹരിയോട് ഒരുവിധത്തിലും സന്ധിചെയ്യരുത്. അതു നമ്മെ നശിപ്പിക്കുമെന്നത് തീര്‍ച്ചയാണ്.
Leave a Comment
Your email address will not be published. Required fields are marked with *